മുഖ്യമന്ത്രി മോഹവുമായി മൂന്ന് നേതാക്കൾ

ചെന്നിത്തലയുടെ തലകൊയ്യാൻ സതീശൻ്റെ രഹസ്യ നേട്ടങ്ങൾ

 

ലോകസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ മുതിർന്ന നേതാക്കൾ ഭാവി രാഷ്ട്രീയം കണ്ട് വല്ലാതെ കളി തുടങ്ങിയിരിക്കുന്നു. രണ്ടു കൊല്ലത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പാർട്ടിയും യുഡിഎഫും ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നും, ആ സമയത്ത് മുഖ്യമന്ത്രിയാകാൻ കഴിയണമെങ്കിൽ ഇപ്പോൾ മുതൽ അതിനുള്ള ചരട് വലികൾ നടത്തണമെന്നും മുൻകൂട്ടി കണ്ടു കൊണ്ടാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അണിയറയിൽ കളികൾ തുടങ്ങിയിരിക്കുന്നത്.

ലോകസഭ തെരഞ്ഞെടുപ്പിലെ വലിയ വിജയവും സ്ഥാനാർഥികൾക്ക് ലഭിച്ച വൻ ഭൂരിപക്ഷവും, ഒപ്പം ഇടതുമുന്നണിക്ക് ഉണ്ടായ കനത്ത തിരിച്ചടിയും കേരളത്തിലെ തളർന്നു കിടന്ന കോൺഗ്രസ് പ്രവർത്തകരിൽ വലിയ ഊർജ്ജവും ആവേശവും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ പ്രവർത്തകർ കാണിക്കുന്ന ഈ താൽപര്യങ്ങളും പാർട്ടി കൂറും നേതാക്കന്മാർക്കിടയിൽ ഉണ്ടാവുന്നില്ല എന്ന് കരുതാവുന്ന അനുഭവങ്ങളാണ് നേതാക്കൾക്കിടയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

രണ്ടു വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും ഉറപ്പായും ഭൂരിപക്ഷം നേടും എന്ന വിശ്വാസത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ. എന്നാൽ ഈ നേതാക്കൾ മറന്നുപോകുന്ന ഒരു വസ്തുത ഉണ്ട്. 2019 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ ഉണ്ടായതിനെക്കാൾ വലിയ ഭൂരിപക്ഷവും വിജയവും ആണ് യുഡിഎഫ് കോൺഗ്രസ് സ്ഥാനാർത്ഥികൾ നേടിയത്. ആ വമ്പിച്ച വിജയത്തിനുശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടി നൽകുന്നതായിരുന്നു. അന്നത്തെ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 65% സീറ്റുകളിൽ അധികം ഘടകമുന്നണിയാണ് നേടിയത്. അതിനുശേഷം ആണ് 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നയിച്ച ഇടതുപക്ഷ മുന്നണി കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി. തുടർഭരണം സ്വന്തമാക്കി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വലിയ ആവേശത്തിലും അത്യാഗ്രഹത്തിലും നിന്നിരുന്ന കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് പോലുകളിലേക്ക് മാറുകയും പരസ്പരം ചെളി വാരി എറിയുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്.

കേരളത്തിൽ ജനകീയ അടിത്തറയുള്ള രണ്ട് പ്രധാന പാർട്ടികളാണ് കോൺഗ്രസ് പാർട്ടിയും സിപിഎമ്മും. ഇതിൽ കോൺഗ്രസ് പാർട്ടിയിൽ പട്ടാളച്ചിട്ട ഒന്നും ഇല്ല. അതുകൊണ്ടുതന്നെ പ്രവർത്തകർ കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്നുമില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതല്ല സ്ഥിതി. പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റിയിൽ വരെ ഏത് കാലത്തും അടുക്കും ചിട്ടയും ഉള്ള പ്രവർത്തനം ആ പാർട്ടി നിലനിർത്തി പോന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ കനത്ത പരാജയം ഉണ്ടായിക്കഴിയുമ്പോൾ ഉറക്കമുണർന്ന് കാര്യക്ഷമമായി പ്രവർത്തിച്ച വിജയം വീണ്ടെടുക്കാൻ ആ പാർട്ടിക്ക് കഴിയാറുണ്ട്.

ദേശീയതലത്തിൽ തന്നെ കോൺഗ്രസ് പാർട്ടിക്ക് പുത്തൻ ഉണർവ് നൽകുന്ന ഒരു തെരഞ്ഞെടുപ്പ് ഫലമാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. ഉത്തരേന്ത്യയിൽ അടക്കം കോൺഗ്രസിന്റെ പ്രവർത്തകർ മടിയും മരവിപ്പും അവസാനിപ്പിച്ച് ആവേശത്തോടെ പാർട്ടിയുടെ ശക്തിപ്പെടുത്തലിന് രംഗത്തിറങ്ങുന്ന കാഴ്ചകൾ കാണുന്നുണ്ട്. ഉത്തരേന്ത്യയിൽ വരെ ഈ മാറ്റം പ്രത്യക്ഷപ്പെടുമ്പോഴും കേരളത്തിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുവാൻ ഒരു നീക്കം നടത്താനും പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ഇപ്പോഴും വെറും പേരിന് മാത്രമായി നിലനിൽക്കുന്ന സ്ഥിതിയാണ് ഉള്ളത്. നേതാവല്ല പാർട്ടിയാണ് വലുത് എന്ന് ചിന്തിക്കാൻ ഒരു നേതാവും തയ്യാറാകുന്നില്ല.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അതിലെ ഭാവനയിൽ കാണുന്ന വിജയവും ഉന്നം വെച്ചുകൊണ്ട് വലിയ പദവികൾ എങ്ങനെ സ്വന്തമാക്കാൻ എന്നതിന് ഉള്ള കരുക്കൾ നീക്കലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ രാഷ്ട്രീയത്തിൽ മൂലയിൽ ഒതുക്കാൻ എല്ലാ കളികളും പ്രതിപക്ഷ നേതാവ് നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ പോലും അവസരം നൽകാതെ വന്നതിന്റെ പേരിൽ അദ്ദേഹം പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്ന സ്ഥിതിയുണ്ടായി. കേന്ദ്രത്തിൽ ഇപ്പോൾ ശക്തനായ നിൽക്കുന്ന കെ സി വേണുഗോപാൽ വരെ കേരളത്തിലെ ഭാവിയിൽ ഉണ്ടാകുന്ന മുഖ്യമന്ത്രി കസേരയിൽ മോഹം വച്ചുകൊണ്ട് നടക്കുകയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരനും മുഖ്യമന്ത്രി മോഹം ഇല്ലാതില്ല.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകസഭാ തെരഞ്ഞെടുപ്പ് അവസരത്തിൽ എഐസിസി നിയോഗിച്ച പ്രകാരം മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരൻ ആയിരുന്നു. വളരെ വിദഗ്ധമായ കരു നീക്കങ്ങളിലൂടെയും പുതിയ രാഷ്ട്രീയ സഖ്യങ്ങളിലൂടെയും മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ചെന്നിത്തലക്ക് സോണിയാഗാന്ധി അടക്കം വലിയ അഭിനന്ദനമാണ് നൽകിയത്.  ഇതിൽ കേരള നേതാക്കൾ അത്ര രസിചിച്ച മട്ടിൽ അല്ല. അതുകൊണ്ടുതന്നെ മുന്നോട്ട് കയറി വരുന്ന ചെന്നിത്തലയെ ഒതുക്കി ഇല്ലെങ്കിൽ ഭാവിയിൽ മുഖ്യമന്ത്രി കസേര നഷ്ടപ്പെടും എന്ന ആശങ്ക ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സതീശന് ഉണ്ട്.

ഇതിനിടയിലാണ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇല്ല എന്നും മറ്റും ആദർശം പറഞ്ഞുകൊണ്ട് മുഴുവൻ ആൾക്കാരിലും ശ്രദ്ധ നേടുവാൻ കെ. മുരളീധരൻ കളികൾ നടത്തിക്കൊണ്ടിരിക്കുന്നത് മുതിർന്ന മറ്റു കോൺഗ്രസ് നേതാക്കളുടെ നീക്കങ്ങളെയും നിലപാടുകളെയും നോക്കി കണ്ടുകൊണ്ട് വലിയ വിമർശനത്തിന് മുരളീധരൻ തയ്യാറാവുന്നതും തൃശ്ശൂരിലെ വൻ തോൽവിയുടെ പേരിൽ ഇനി തെരഞ്ഞെടുപ്പ് മത്സരത്തിന് ഉടൻ ഇല്ല എന്നും രാഷ്ട്രീയപ്രവർത്തനത്തിലും സജീവമാകില്ല എന്നും ഒക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് അണികളിൽ ആവേശം ഉണ്ടാക്കുവാനും അവരുടെ പിന്തുണ നേടിയെടുക്കുവാൻ ഉള്ള വെറും തന്ത്രങ്ങൾ മാത്രമാണ്.

ലോകസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയതിന്റെ പേരിൽ കേരളത്തിൽ ഇനി നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ വിജയം ആവർത്തിക്കും എന്നുള്ള അമിത വിശ്വാസത്തിലാണ് ഇവിടുത്തെ മുഴുവൻ കോൺഗ്രസ് നേതാക്കളും. രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ഫലങ്ങളും ആരും മുൻകൂട്ടി നിശ്ചയിക്കുന്ന രീതിയിലല്ല സംഭവിക്കുക എന്നതും മുൻകാല ചരിത്രങ്ങൾ അതിന് തെളിവായി ഉണ്ട് എന്നതും ഈ കോൺഗ്രസ് നേതാക്കൾ മനപ്പൂർവ്വം മറക്കുന്നു. അടുത്ത കേരളഭരണത്തിന്റെ സ്വപ്നത്തിൽ മയങ്ങി കഴിയുന്ന നേതാക്കളാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഉള്ളത് എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.