കുരങ്ങിന്റെ കയ്യിലെ പൂമാല എന്നു കേൾക്കാത്തവരുണ്ടാവില്ല. പക്ഷേ മുരിങ്ങക്കോല് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ എന്നു നമുക്കറിയില്ല. മുരിങ്ങക്കോല് നമ്മുടെ കയ്യിൽ കിട്ടിയാലോ , അറഞ്ചം പുറഞ്ചം വെട്ടി സാമ്പാറിലിട്ടു കടിച്ചു വലിക്കും. ദോഷം പറയരുതല്ലോ സാമ്പാറിലെയും അവിയലിലേയുമൊക്കെ അനിഷേധ്യ പച്ചക്കറി തന്നെയാണ് മുരിങ്ങക്കോല്.
മുരിങ്ങയില തോരൻ ചെറിയ ചവർപ്പുണ്ടെങ്കിലും ഭൂരിപക്ഷമാളുകൾക്കും ഇഷ്ടമുള്ള വിഭവമാണ്. പണ്ടൊക്കെ ആവശ്യത്തിന് മുരിങ്ങ ച്ചെടികൾ നമ്മുടെ തൊടിയിൽ ഉണ്ടായിരുന്നു. ഇന്ന് അവ പതിയെ പതിയെ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോൾ മുരിങ്ങക്കായ് കൂടുതലും വരുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ്. സാമ്പാറും ,അവിയലും , മുരിങ്ങ ഇല തോരനും കഴിഞ്ഞാൽ മുരിങ്ങയുമായി ചെറിയ ബന്ധമാണ് നമുക്കുള്ളത്. മുരിങ്ങയുടെ ഗുണ ഗണങ്ങൾ കുറച്ചൊക്കെ കാരണവന്മാരായി പറഞ്ഞറിഞ്ഞ അറിവുകളാണ് താനും. ഇവിടെ നമ്മൾ ഫുൾ സ്റ്റോപ്പിട്ട് നിർത്തിയ മുരിങ്ങയുടെ സാധ്യതകൾ സായിപ്പ് എങ്ങനെ ഉപയോഗിക്കുന്നു എന്നു കേട്ടാൽ ചെറുതായി ഒന്നു ഞെട്ടും.
മുരിങ്ങയുടെ ഗുണഗണങ്ങളെകുറിച്ചല്ല , നമുക്കത്ര കണ്ട് പരിചിതമല്ലാത്ത ആഗോള മുരിങ്ങ വിപണിയെ കുറിച്ചാണ്. രണ്ടായിരത്തി ഇരുപതിലെ കണക്ക് പ്രകാരം മുപ്പത്തി അയ്യായിരം കോടി രൂപാ മൂല്യം. നിലവിലെ വളർച്ചാ നിരക്കും മാർക്കറ്റ് റിപ്പോർട്ടുകളും പറയുന്നത് അടുത്ത അഞ്ചു വർഷംകൊണ്ടത് അറുപതിനായിരം കോടിയിലെത്താമെന്നാണ്. വെറും മുരിങ്ങക്കായും ഇലയും വിറ്റു മാത്രമല്ല മുപ്പത്തയ്യായിരം കോടി വിപണി മൂല്യമുണ്ടായത്. മുരിങ്ങക്കയുടെ ഗുണ മേന്മകൾ തിരിച്ചറിഞ്ഞ അമേരിക്കൻ സായിപ്പ് പതിയെ നമ്മുടെ മുരിങ്ങ ഇലകൾ വാങ്ങാൻ തുടങ്ങി.
അമേരിക്കയിലും യൂറോപ്പിലും എത്തിയ മുരിങ്ങ ഇലയെ അവർ മുരിങ്ങ പൌഡർ , വൈറ്റമിൻ സപ്പ്ളിമെന്റ് , മുരിങ്ങ ഓയിൽ , മുരിങ്ങ ടീ തുടങ്ങി നിരവധി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലിറക്കി. കാൻസർ , ഡയബെറ്റിസ് , ബ്ലഡ് പ്രഷർ, തൈറോയിഡ് എന്ന് വേണ്ട ലോകത്തുള്ള സകലമാന രോഗങ്ങൾക്കുമുള്ള നാച്ചുറൽ മരുന്നായി മുരിങ്ങ എന്ന മിറാക്കിൾ മരത്തെ ബ്രാൻഡ് ചെയ്തു. ഇന്ന് വെയിറ്റ് ലോസ് മരുന്നുകളായും വൈറ്റമിൻ സപ്പ്ളിമെന്റുകളായും അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലുമുള്ള ഫാർമസികളിലും ഓൺലൈൻ സ്റ്റോറുകളിലും ചൂടപ്പം പോലെ വിറ്റഴിയുന്നു മുരിങ്ങ ഉൽപ്പന്നങ്ങൾ…നമ്മൾ ഇപ്പോഴും സാമ്പാർ ,അവിയൽ ,തോരൻ റേഞ്ച് തന്നെ. ലോകത്താവശ്യമായ മുരിങ്ങയുടെ എഴുപതു ശതമാനം ഉല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. റോ മെറ്റീരിയൽസ് നമുക്ക് ലഭ്യമാകുന്നത്ര എളുപ്പത്തിൽ ഒരു സായിപ്പിനും കിട്ടില്ല. നമ്മളാണെങ്കിൽ ഇലയും അല്പം പൊടിയും കയറ്റിവിട്ടു കിട്ടുന്ന ചില്ലറ പോക്കറ്റിലിട്ട് മിണ്ടാതിരിക്കുന്നു. അപവാദമായി ചുരുക്കം ചില ഫാർമ കമ്പനികളും പൌഡർ നിർമാതാക്കളും ഇന്ത്യയിൽ ഉണ്ടെന്നതൊഴിച്ചാൽ സിംഹഭാഗവും വിദേശ ലോബിയുടെ കൺട്രോളിൽ തന്നെയാണ്. ലോകം മുഴുവൻ നടക്കുന്ന കാര്യങ്ങൾ അണുവിട തെറ്റാതെ നിമിഷങ്ങൾക്കുള്ളിൽ അറിയുന്നവരാണ് മലയാളികൾ. ആമസോൺ മഴക്കാടുകളിൽ തീപിടിച്ചാൽ നമുക്ക് ഇരിക്കപ്പൊറുതിയില്ല.
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് ആഗോള സാമ്രാജ്യ ശക്തികൾക്കെതിരെ സമരം ചെയ്യും. ക്രിക്കറ്റ് ദൈവത്തിനെ അറിയില്ല എന്നു പറഞ്ഞ മറിയം ഷറപ്പോവയുടെ പേജിൽ പൊങ്കാലയിടും. പക്ഷേ ഉപയോഗപ്രദമായ കാര്യങ്ങളിലേക്ക് എന്തുകൊണ്ട് വേ ണ്ടത്ര ശ്രദ്ധ പതിയുന്നില്ല? രാഷ്ട്രീയവും ,മതവും കുറച്ചു വിവാദങ്ങളും ഇടകലർന്ന പൊട്ട കിണറ്റിൽ കിടക്കുന്ന തവളകൾ ആണ് നമ്മൾ എന്നു പറഞ്ഞാൽ അതിൽ ഒട്ടും തെറ്റില്ല. പ്രത്യേക ഗുണമൊന്നുമില്ലാത്ത അന്തി ചർച്ചകളും ,വിവാദങ്ങളുമല്ലാതെ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള എന്ത് ചർച്ചകളാണ് നമുക്കു ചുറ്റും നടക്കുന്നത് ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോക വിപണി പിടിച്ചെടുക്കാൻ ഇതര രാജ്യങ്ങൾ കയ്യും മെയ്യും മറന്നു പണിയെടുക്കുമ്പോൾ വിദ്യാസമ്പന്നരുടെ നാടായ, സംസ്കാര സമ്പന്നരെന്നവകാശപ്പെടുന്ന നമ്മൾ പ്രകൃതി വിഭവങ്ങളുടെ അളവറ്റ സാധ്യതകൾ മുന്നിലുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നുണ്ടോ ?
കേരളത്തിന്റെ സ്ഥാനം ഇന്നെവിടെയാണ് ? സർക്കാരിന്റെ മുഖ്യ വരുമാനം കള്ള് കച്ചവടവും ലോട്ടറിയും, പെട്രോളിന്റെ നികുതിയും ആണെന്നറിയുമ്പോൾ മനസിലാക്കാമല്ലോ… നമ്മുടെ പോക്ക് എങ്ങോട്ടെന്ന്. ലോക വിപണിയുടെ സാധ്യതകളെ കർഷകന് അല്ലെങ്കിൽ സംരംഭകന് പരിചയെപടുത്തേണ്ട സർക്കാർ വകുപ്പുകൾ എവിടെ? വിപണി സാദ്ധ്യതകൾ , മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ , മാർക്കറ്റ് ട്രെൻഡുകൾ അറിയാവുന്ന എത്ര പേരുണ്ട് നമ്മുടെ ഭരണ നേതൃത്വത്തിൽ ? മാറ്റം അനിവാര്യമാണ് വിദേശനാണ്യം നേടാനുള്ള വഴികൾ കണ്ടുപിടിക്കാൻ കഴുവുള്ളവരെ കണ്ടെത്തുക, പദ്ധതികൾ ആവിഷ്കരിക്കുക അത്തരം അന്തിചർച്ചകൾക്കു മാത്രം കാതോർക്കുക. ഒപ്പം അവനവനിലെ ഗവേഷണ ത്വര ഉയർത്തുകയും സാധ്യതകൾ തേടി കണ്ടെത്തുകയും ചെയ്യുക. അന്വേഷിച്ചാൽ കണ്ടെത്തും..മുട്ടിയാൽ തുറക്കപ്പെടും. കപ്പലണ്ടിയും ,ചെമ്മീനും ,കയറു പിരിയും മാത്രമായി ചെന്നാൽ വിദേശ വിപണിയിൽ നമ്മുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും എന്നോർമ്മിപ്പിച്ചു കൊണ്ട് നന്ദി നമസ്കാരം.