ഭഗവാൻ ശ്രീരാമനെയും പറ്റിച്ചു

അയോധ്യ രാമക്ഷേത്രത്തിന്റെ നെറുകയിൽ ചോർച്ച

 

അയോധ്യയിൽ പുതിയതായി നിർമ്മിച്ച ശ്രീരാമ ക്ഷേത്രത്തിൽ ചോർച്ച ഉള്ളതായി വാർത്ത പുറത്തുവന്നിരിക്കുന്നു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് ഇത് സംബന്ധിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ സ്ഥിതി തുടർന്നാൽ മഴ പെയ്യുന്ന പക്ഷം പൂജ മുടങ്ങും എന്നും മുഖ്യപുരോഹിതൻ പറഞ്ഞിട്ടുണ്ട്. അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ട അതിനുശേഷം രാജ്യം മുഴുവൻ വലിയ കലാപം ഉണ്ടായതാണ് ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ഏറ്റുമുട്ടുകയും വലിയതോതിൽ ജീവഹാനി ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവം തർക്കത്തിൽ എത്തിയപ്പോൾ നിരവധി വർഷങ്ങൾക്കുശേഷം സുപ്രീംകോടതി അവസാന വിധി പറയുകയും ആ വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യ ശ്രീരാമ ക്ഷേത്രം നിർമ്മാണ ട്രസ്റ്റ് ക്ഷേത്രം പുതിയതായി നിർമ്മിക്കുകയും ആണ് ഉണ്ടായത്.

നിർമ്മാണം പൂർത്തിയായ അയോധ്യയിലെ ശ്രീരാമക്ഷേത്രം രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ഒരു ക്ഷേത്രമായാണ് പരിഗണിക്കപ്പെട്ടത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പ്രധാനമന്ത്രിയാണ് ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കർമ്മം നിർവഹിച്ചത് ഈ ഉദ്ഘാടന കർമ്മത്തിന് ശേഷമാണ്. ക്ഷേത്രത്തിലെ ഭക്തന്മാർക്ക് പ്രവേശനം നൽകിയത് രാജ്യത്ത് മാത്രമല്ല പുറം ലോകത്തും ഏറ്റവും വലിയ പ്രചാരം നേടിയ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ദിവസേന ലക്ഷക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ക്ഷേത്രം നിർമ്മിക്കുന്നതിന് അനുമതി നൽകിയതിന്റെ പേരിൽ നിർമാണപ്രക്രിയ നടത്തുന്നതിന് വേണ്ടി ഹൈന്ദവ സംഘടനകളുടെ പ്രമുഖർ അടങ്ങുന്ന ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ഇതിന് ആർ എസ് എസ്, മറ്റ് സംഘപരിവാർ സംഘടനകളും ബിജെപിയും എല്ലാ പിന്തുണയും നൽകുകയും ചെയ്തിരുന്നു. 1500 കോടിയോളം രൂപ മുതൽമുടക്കിൽ മഹാക്ഷേത്രം നിർമ്മിക്കുക എന്ന പദ്ധതി ആവിഷ്കരിച്ച് അതിനു വേണ്ടി ഭക്തന്മാരിൽ നിന്നും സംഭാവനകൾ സ്വീകരിക്കുകയാണ് അന്ന് ട്രസ്റ്റ് ചെയ്തത്. എന്നാൽ അത്ഭുതകരം എന്നോണം ക്ഷേത്രം നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ നിർമ്മാണ ഫണ്ടിലേക്ക് 2500 കോടിയിലധികം രൂപ സംഭാവനയായി ലഭിക്കുകയുണ്ടായി ക്ഷേത്രനിർമ്മാണ ട്രസ്റ്റ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

വലിയ പ്രശസ്തരും പ്രഗൽഭരുമായ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ പ്രസിദ്ധരായ ശില്പികളും നിർമ്മാണ തൊഴിലാളികളും പങ്കെടുത്തുകൊണ്ടാണ് ക്ഷേത്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇത്തരത്തിൽ വളരെ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടന്ന ക്ഷേത്രത്തിൻറെ ശ്രീ കോവിലിൻ്റെ നെറുകയിൽ ചോർച്ച ഉണ്ടായിരിക്കുന്നു എന്നത് നിസ്സാരമായി കാണേണ്ട കാര്യമല്ല. മാത്രവുമല്ല വാസ്തുവിദ്യയും തച്ചുശാസ്ത്രവും എല്ലാം ചേർത്തുവച്ചുകൊണ്ടാണ് ക്ഷേത്രനിർമ്മാണം നടത്തിയിട്ടുള്ളത്. എല്ലാവിധത്തിലുള്ള സൂക്ഷ്മമായ നിരീക്ഷണത്തോടെ നടന്ന നിർമ്മാണത്തിൽ എങ്ങനെയാണ് അതീവരവുമായ ചോർച്ച എന്ന പിഴവ് ഉണ്ടായത് എന്ന കാര്യം അന്വേഷിക്കപ്പെടേണ്ടതാണ്.

അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടായതായി വെളിപ്പെടുത്തിയത്. മറ്റൊരു പ്രതിസന്ധി ഇത്തരത്തിൽ ചോർച്ചയിലൂടെ വരുന്ന വെള്ളം പുറത്തേക്ക് ഒഴുക്കി കളയ ശ്രീകോവിലിനകത്ത് മാർഗ്ഗം ഇല്ലാത്തതാണ്.
ശക്തമായ മഴ ഉണ്ടാകുന്ന അവസരത്തിൽ ക്ഷേത്രത്തിൽ പൂജ മുടങ്ങും എന്ന മുന്നറിയിപ്പും സത്യേന്ദ്ര ദാസ് പറഞ്ഞിട്ടുണ്ട്. ശ്രീരാമ ക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിലിന്റെ മേൽക്കൂരയിൽ ആണ് ചോർച്ച ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ലോക ശ്രദ്ധ നേടിയ വിഷയം ആയിരുന്നു. ഇന്ത്യക്കാരും വിദേശികളുമായ ശ്രീരാമ ഭക്തർ വലിയതോതിൽ ക്ഷേത്രനിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് 1500 കോടിയുടെ ബഡ്ജറ്റ് ഇട്ട് തുടങ്ങിയ ക്ഷേത്രത്തിൻറെ നിർമ്മാണത്തിന് 2500 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചത്. ഇത്തരത്തിൽ ആവശ്യത്തിലധികം തുക ഭക്തജനങ്ങളിൽ നിന്നും ലഭിച്ചിട്ടും നിർമ്മാണം പൂർത്തിയാക്കിയ ക്ഷേത്രം ചുരുങ്ങിയ മാസത്തിനുള്ളിൽ ചോർന്ന് ഒലിക്കുന്നസ്ഥിതിയിൽ എത്തിയെങ്കിൽ, ഇതിൻറെ പിന്നിൽ നേരല്ലാത്ത മറ്റെന്തൊക്കെയോ നടന്നിട്ടുണ്ട്. അയോധ്യ ശ്രീ രാമക്ഷേത്ര നിർമ്മാണത്തിന്റെ ധന വിനിയോഗത്തിൽ പുറമേ നിന്നും കൈകടത്തൽ ഉണ്ടായിട്ടുണ്ടോ എന്നതും നിർമ്മാണ പ്രവർത്തനത്തിനിടയിൽ കൃത്യമായ നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ളതും എല്ലാം അന്വേഷിക്കപ്പെടേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. കാരണം ലോകത്തിൻറെ മുഴുവൻ ശ്രദ്ധയിൽ എത്തിയ ഒരു മഹാക്ഷേത്രത്തിന്റെ നിർമ്മാണം നടന്ന ശേഷം ചുരുങ്ങിയ കാലത്തിനിടയിൽ ക്ഷേത്രത്തിൽ അപാകത കണ്ടുപിടിക്കപ്പെടുന്നത് എന്തെങ്കിലും തരത്തിലുള്ള ക്രമം വിട്ട പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടാകും എന്നുകൂടി വെളിപ്പെടുത്തുന്നതാണ്.