സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എംഎൽഎ ബേദി റാമിന്റെ പേരും നീറ്റ് കേസിൽ ഉയർന്നുകേൾക്കുന്നു. ഇദ്ദേഹം മറ്റ് നിരവധി പേപ്പർ ചോർച്ച അഴിമതികളിൽ ഉൾപ്പെട്ടിട്ടുണ്ട്.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ എട്ടെണ്ണവും പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടതാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പോലീസിലേക്കും റെയിൽവേയിലേക്കുമുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷാ പേപ്പറുകൾ ചോർന്നതിന് ബേദി റാമിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2009ൽ, റെയിൽവേ റിക്രൂട്ട്മെൻ്റ് പേപ്പർ ചോർച്ച കേസിൽ ജയ്പൂരിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ബേദി റാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പേപ്പർ ചോർച്ച കേസിൽ ഭോപ്പാലിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) ഇയാൾക്കെതിരെ രണ്ട് എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2006ൽ റെയിൽവേയിലെ റിക്രൂട്ട്മെൻ്റിനുള്ള ചോദ്യപേപ്പർ ചോർത്തിയതിന് ബേദി റാമിനെതിരെ ഗുണ്ടാനിയമം ചുമത്തി. രണ്ട് വർഷത്തിന് ശേഷം ഗോമതി നഗറിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു.
2010-ൽ, പോലീസ് റിക്രൂട്ട്മെൻ്റ് പരീക്ഷ പേപ്പർ ചോർന്നതിന് ജൗൻപൂരിലെ മദിയാഹുവിൽ ബേദി റാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2014ൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മത്സര പരീക്ഷകളിൽ വിജയിക്കാൻ നിരവധി ഉദ്യോഗാർത്ഥികളെ സഹായിച്ചതായി സുഭാഷ്പ എംഎൽഎ അവകാശപ്പെടുന്ന വീഡിയോ വൈറലായതിന് പിന്നാലെ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെതിരെ കോൺഗ്രസ് ആഞ്ഞടിച്ചു.