സ്വന്തം പിതാവ് ബോംബ് സ്ഫോടനത്തിൽ ചിന്നി ചിതറിയപ്പോൾ കരഞ്ഞുനിന്ന രാഹുൽ. പിന്നീട് സ്വന്തം അമ്മ പാർട്ടിയിലേക്കും മറ്റു പദവികളിലേക്കും ഉയർന്നപ്പോൾ കണ്ടുനിന്ന രാഹുൽ. ഒടുവിൽ സ്വന്തം ചുമരിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ അധ്യക്ഷ പദവിയും പ്രതിപക്ഷത്തെ നയിക്കാനുള്ള ചുമതലയും ഏറ്റുവാങ്ങേണ്ടി വന്ന രാഹുൽ ഗാന്ധി എന്ന ചെറുപ്പക്കാരൻ സജീവ രാഷ്ട്രീയത്തിന്റെ ചുറ്റുവട്ടത്തിൽ രാഹുൽ ഗാന്ധി കഴിഞ്ഞ പത്ത് വർഷക്കാലം അനുഭവിച്ചത് പീഡന കാലത്തിൻറെ ദുരനുഭവം ആയിരുന്നു. എന്നാൽ ഇപ്പോൾ അനുഭവങ്ങളുടെ തീചൂളയിൽ നിന്നും കരുത്ത് നേടിയ രാഹുൽഗാന്ധിയെ ഇന്ത്യയുടെ ജനാധിപത്യ ശ്രീകോവിലായ ലോകസഭയ്ക്കുള്ളിൽ കാണുന്നത് രാഹുൽ ഗാന്ധിയിൽ ഉണ്ടായിരിക്കുന്ന മാറ്റം ഇന്ത്യൻ ജനത ഒരുപക്ഷേ താല്പര്യപൂർവ്വം നോക്കി കാണുന്നുണ്ടാകാം. എന്നാൽ അതിനു വിരുദ്ധമായി ഒരു ഭീഷണി പോലെ അങ്കലാപ്പോടെ രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ നോക്കിക്കാണുന്ന ഒരാൾ ഉണ്ട് അത് മൂന്നാമതും പ്രധാനമന്ത്രി പദത്തിൽ എത്തിയ നരേന്ദ്ര മോദി ആണ്.
ആകെയുള്ള 540 സീറ്റിൽ 410 സീറ്റുകളും നേടിയെടുത്ത് രാജ്യ ഭരണത്തിൽ എത്തിയ ഒരു കോൺഗ്രസ് പാർട്ടി ഉണ്ടായിരുന്നു. ഹിമാലയ പർവതം കണക്കെ അത്യുന്നതങ്ങളിൽ എത്തി നിന്ന ആ പാർട്ടി, പിന്നീട് വട്ടപ്പാത്രത്തിൽ ഒതുങ്ങുന്ന ഗോതമ്പുണ്ട പോലെ ചെറുതാവുന്നത് നമ്മൾ കണ്ടു. തുടർച്ചയായ തോൽവിയിൽ പാർട്ടി വെറും 42 സീറ്റുകളുടെ പാർട്ടിയായി മാറി. പാർട്ടിയെ നയിച്ച രാഹുൽ ഗാന്ധി നിരാശനായി പാർട്ടിയുടെ പ്രസിഡൻറ് പദവി ഉപേക്ഷിച്ചു. ഒപ്പം നിന്നിരുന്ന കോൺഗ്രസ് പാർട്ടിയിലൂടെ സർവ്വതും നേടിയെടുത്ത മുതിർന്ന നേതാക്കൾ വരെ പാർട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ട് ബിജെപിയിൽ അടക്കം കടന്നുകൂടി പാർട്ടിയെ നയിച്ച നേതാവ് എന്ന നിലയിൽ പാർട്ടിക്ക് ഉണ്ടായ ക്ഷീണത്തിന്റെ പേരിൽ ഭരണകക്ഷികളിൽ നിന്നും ഭരണകൂടത്തിൽ നിന്നും നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ രാഹുൽ ഗാന്ധി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. എന്നാൽ എടുത്തു പറയേണ്ട മറ്റൊരു വസ്തുത എല്ലാത്തരത്തിലും തകർച്ചയിലേക്ക് വീഴുന്ന സാഹചര്യത്തിലും കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന് വേണ്ടി നിരന്തരം പ്രയത്നിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നു എന്നതാണ്.
കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷീണാവസ്ഥയെ നേരിട്ടത് കഴിഞ്ഞ 10 വർഷങ്ങളിൽ ആയിരുന്നു. പാർട്ടിയിൽ നിന്നും നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും നിയമസഭകളിലേക്കും മറ്റും നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ സ്ഥിരമായ തോൽവിയും കോൺഗ്രസ് വിരോധികൾക്ക് വലിയ സന്തോഷത്തിന് വക നൽകി കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കും എന്ന് ബിജെപിയുടെ നേതാക്കളും പ്രധാനമന്ത്രിയും പറഞ്ഞുകൊണ്ടിരുന്നു. മാത്രവുമല്ല എന്തുതന്നെ പരാതികളും വിമർശനങ്ങളും പറഞ്ഞാലും നെഹ്റു കുടുംബം കോൺഗ്രസ് പാർട്ടിയുടെ ഒരു അഭയകേന്ദ്രമാണ്. അത് വെറുതെ ആരെങ്കിലും ഉണ്ടാക്കിയതല്ല രാജ്യത്തിൻറെ സ്വാതന്ത്ര്യ അനന്തര വളർച്ചയിൽ ജവഹർലാൽ നെഹ്റു ആ കുടുംബവും സമർപ്പിച്ചത് യഥാർത്ഥ ത്യാഗത്തിന്റെ ചരിത്രം ആയിരുന്നു. മകളായ ഇന്ദിരാഗാന്ധിയും ഇന്ദിരയുടെ മകനായ രാജീവ് ഗാന്ധിയും രാജ്യം ഭരിക്കുന്ന പദവിയിൽ എത്തിയവരാണ് ആരെങ്കിലും എടുത്തിരുത്തിയതല്ല മറിച്ച് ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ വിജയിച്ച ഇവർ അധികാരത്തിൽ എത്തുകയായിരുന്നു.
രാഷ്ട്രീയപാർട്ടികൾക്ക് മാത്രമല്ല ഏത് സംഘടനയ്ക്കും കാലപ്പഴക്കം മൂലം ക്ഷീണം സംഭവിക്കുക സ്വാഭാവികമാണ്. അതു തന്നെയാണ് കോൺഗ്രസിന്റെ കാര്യത്തിലും ഉണ്ടായത്. പാർട്ടിയുടെ ക്ഷീണകാലത്ത് പാർട്ടിയെ തള്ളിപ്പറഞ്ഞു അക്കരപ്പച്ച തേടി പുറത്തു പോകാനും നേതാക്കൾ മത്സരിക്കുന്ന ഒരു സ്ഥിതി ഉണ്ടായിരുന്നു. എല്ലാത്തരത്തിലും തകർച്ചയിൽ എത്തിയ ഒരു പാർട്ടിയുടെ വട്ടപ്പൂജ്യം എന്ന ദുരന്ത അവസ്ഥയിൽ നിന്നാണ് കോൺഗ്രസ് പാർട്ടിയെ ഇന്ന് കാണുന്ന ഉണർന്നെഴുന്നേൽക്കലിൻ്റെ പുതിയ അവസ്ഥയിലേക്ക് രാഹുൽഗാന്ധി എത്തിച്ചിരിക്കുന്നത്. ജനാധിപത്യത്തിൻറെ ഒരു സാമാന്യ നീതിയുടെ ഭാഗം എന്ന നിലയ്ക്ക് പാർലമെൻറിലെ സംഖ്യ കുറഞ്ഞെങ്കിലും വലിയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ നൽകേണ്ടിയിരുന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും വെട്ടി മാറ്റി നിർദ്ദയം രാഹുലിനെ ആക്രമിക്കാൻ നരേന്ദ്രമോദിക്കും കൂട്ടർക്കും ഒരു മടിയും ഉണ്ടായിരുന്നില്ല. ഇതിന് കാരണം കോൺഗ്രസ് നാമാവശേഷമായി എന്നും ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്നും ഉള്ള ധാരണ ആയിരുന്നു.
മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവ് കാൽനടയായി രാജ്യത്തിൻറെ നടുവിലൂടെ നടന്നു നീങ്ങിയത് രാഹുൽ ഗാന്ധി ആയിരുന്നു. പദവികളും ആദരങ്ങളും ഇല്ലാത്ത വെറും ഒരു ഇന്ത്യൻ പൗരൻ എന്ന പരിവേഷത്തോടെ ആയിരുന്നു രാഹുൽഗാന്ധി രണ്ട് യാത്രകളും നടത്തിയത്. ഓരോ യാത്രകളും ഓരോ ദിവസവും പിന്നിട്ടു കൊണ്ട് മുന്നോട്ടുപോയപ്പോൾ നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും ഒഴുകിയെത്തിയ ജനങ്ങൾ എല്ലാവരെയും അതിശയപ്പെടുത്തി മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹത്തിനായി ദണ്ഡിയാത്ര നടത്തിയപ്പോൾ ഒഴുകിയെത്തിയ ജനങ്ങളുടെ മറ്റൊരു മാതൃക ആയിരുന്നു രാഹുലിന്റെ യാത്രയിലും അരങ്ങേറിയത്. ഈ യാത്രയെപ്പോലും ആക്ഷേപവാക്കുകൾ ഉപയോഗിച്ചുകൊണ്ട് വിവരിക്കാൻ ബിജെപി നേതാക്കൾ തയ്യാറായി പപ്പു മോൻറെ പിടിവിട്ട വെറും തമാശകൾ എന്ന രീതിയിൽ വരെ യാത്രയെ കാണുന്നവർ ഉണ്ടായി. ഭരണകൂടത്തിനെതിരെ രാഹുൽ നടത്തിയ വിമർശനങ്ങൾ തകർക്കാൻ സ്ഥിരമായി പപ്പു മോൻ പരിഹാസം ബിജെപി നേതാക്കൾ ആവർത്തിച്ചു കൊണ്ടിരുന്നു.
എന്നാൽ ഇത്തരം ആക്ഷേപങ്ങളെയോ എതിർപ്പുകളെയോ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം നിലപാടുകളുമായി രാഹുൽഗാന്ധി മുന്നോട്ടു നീങ്ങി ഭരണകൂടത്തിന്റെ അഴിമതികളും കോർപ്പറേറ്റ് മുതലാളിത്തവും ആയി നടത്തുന്ന അവിഹിത ബന്ധങ്ങളും ഭരണഘടനയെ തള്ളി മാറ്റി നടത്തിക്കൊണ്ടിരുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളും രാഷ്ട്രീയനേട്ടത്തിനായി നടത്തിയ വിദ്വേഷ മത പ്രചരണങ്ങളും ജനങ്ങളുടെ മുമ്പിൽ തുറന്നു കാണിക്കാൻ രണ്ടു യാത്രകളിലൂടെ രാഹുൽഗാന്ധിക്ക് കഴിഞ്ഞു എന്നതിൻറെ തെളിവാണ് ഭരണകൂടത്തിന് എതിരായ ലോകസഭാ തെരഞ്ഞെടുപ്പ് വിധിയിലൂടെ പുറത്തുവന്നത്.
നിയമപരമായ പ്രതിപക്ഷ നേതാവിന്റെ പദവിയും ആനുകൂല്യങ്ങളും സ്വന്തമാക്കി പുതിയ ലോകസഭയിൽ പ്രതിപക്ഷ നേതാവ് എന്ന തലപ്പാവുമായി ഇപ്പോൾ രാഹുൽഗാന്ധി കടന്നുചെന്നിരിക്കുന്നു. വെറും പപ്പു മോൻ എന്ന ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു നേതാക്കളും ഇപ്പോഴത്തെ രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കും നോക്കുകൾക്കും ഭയപ്പെടുന്ന സ്ഥിതി വന്നിരിക്കുന്നു. വിരലിൽ എണ്ണി തീർക്കാവുന്ന അംഗങ്ങൾ മാത്രമുള്ള ഒരു പാർട്ടിയായി ഒതുങ്ങിയ അവസരത്തിലാണ് കോൺഗ്രസ് നേതാവായ രാഹുലിനെ ബിജെപി നേതാക്കൾ അധിക്ഷേപിച്ചിരുന്നത്. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. പാർലമെന്റിനകത്ത് കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം വളരെ ശക്തമായ അംഗബലത്തിൽ എത്തിയിരിക്കുന്നു. അങ്ങനെ ശക്തമായ ഒരു പ്രതിപക്ഷത്തിന് നേതാവായി മാറിയ രാഹുൽ ഗാന്ധി ഇപ്പോൾ വെറും പപ്പുമോൻ അല്ല മറിച്ച് അധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ച എന്തും ചെയ്യാൻ തയ്യാറായി നിന്ന ബിജെപി ഭരണകൂടത്തിന്റെ കഴുത്തറുക്കാൻ കൈപ്പുള്ള സംഹാരമൂർത്തിയായ സാക്ഷാൽ പരമശിവൻ്റെ പുതിയ രൂപമായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ലോകസഭയും പുതിയ മന്ത്രിസഭയും ആണ് ഇപ്പോൾ നിലവിലുള്ളത്. കഴിഞ്ഞ പത്ത് വർഷക്കാലം ഒറ്റപ്പാർട്ടിയുടെ ശക്തിയിൽ എന്തും ചെയ്യാൻ തയ്യാറായി ഭരണം നടത്തിയ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഇപ്പോൾ കഴിയാതെ വന്നു മറ്റു പാർട്ടികളെ ചേർത്തുനിർത്തി മുന്നണി ഭരണമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ഭരണമുന്നണിയും പ്രതിപക്ഷമുന്നണിയും ഏതാണ്ട് തുല്യതലത്തിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ പാർലമെൻറിനകത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി നടത്തുന്ന ഇടപെടലുകളും പ്രസ്താവനകളും ഭരണകൂടത്തെ വിറപ്പിച്ചു തുടങ്ങി എന്നതാണ് വാസ്തവം.
ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ള ശക്തിയും തന്ത്രങ്ങളും നിലനിർത്തിക്കൊണ്ട് പാർട്ടിയിലും തീരുമാനമെടുക്കലുകളിലും ഒരു കാരണവശാലും ഉപജാപക വൃന്ദത്തിന്റെ ഇടപെടലുകൾക്ക് അനുവദിക്കാതെയും മുന്നോട്ടു നീങ്ങിയാൽ രാഹുൽ ഗാന്ധി എന്ന നേതാവ് നെഹ്റു കുടുംബത്തിലെ ചരിത്രം തിരുത്തി എഴുതിയ ഒരു നേതാവായി മാറും എന്ന കാര്യത്തിൽ തർക്കമില്ല.