തെരഞ്ഞെടുപ്പിന് ശേഷം പുതിയ ലോകസഭയും പുതിയ സർക്കാരും നിലവിൽ വന്നു കഴിഞ്ഞപ്പോൾ ലോകസഭ സമ്മേളനവും തുടങ്ങി. പത്തു വർഷത്തെ ഇടവേളക്കുശേഷം ഈ ലോകസഭയിൽ ആണ് പ്രതിപക്ഷ നേതാവ് ഉണ്ടായത്. മുൻപുള്ള രണ്ട് നരേന്ദ്രമോദി സർക്കാരിൻറെ കാലത്തും, ലോകസഭയിൽ പ്രതിപക്ഷ നേതാവ് ആകാൻ ആവശ്യമായ സീറ്റ് പ്രതിപക്ഷ കക്ഷികൾക്ക് ഉണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ ആ സ്ഥിതി മാറി കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി ലോകസഭയിലെ പ്രതിപക്ഷ നേതാവായി മാറി.
കഴിഞ്ഞദിവസം ലോകസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുൽഗാന്ധി ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട ഒരു പ്രസംഗം നടത്തി. പത്തുവർഷക്കാലത്തെ നരേന്ദ്രമോദി സർക്കാരിൻറെ തെറ്റായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും നയങ്ങളും രാഹുൽ ഗാന്ധി എണ്ണി എണ്ണി പറഞ്ഞുകൊണ്ടാണ് പ്രസംഗം നടത്തിയത്. ഇതിനിടയിൽ ചില ദേവന്മാരുടെ ചിത്രം ഉയർത്തിക്കാട്ടി ഹിന്ദു എന്ന വാക്ക് പരാമർശിച്ചുകൊണ്ട് രാഹുൽഗാന്ധി പ്രസംഗിച്ചത് ഇപ്പോൾ വലിയ ചർച്ചയായി നിലനിൽക്കുകയാണ്. ഹിന്ദുക്കൾ എന്ന സ്വയം വിശേഷിപ്പിക്കുന്ന ചിലർ രാവും പകലും ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുകയാണ് എന്നാണ് രാഹുൽ സഭയിൽ പറഞ്ഞത്. ഹിന്ദുക്കൾ ഒരിക്കലും ഭയവും വെറുപ്പും പടർത്തില്ല എന്നും അഹിംസയും ധൈര്യവും ഹിന്ദുക്കളുടെ പ്രത്യേകതയാണ് എന്നും രാഹുൽ പറഞ്ഞു. ഇത് പറയുന്നതിനിടയിലാണ് പരമശിവന്റെയും മറ്റും ചിത്രങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടിയത്. ഇത് മാത്രമായിരുന്നില്ല സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നു, ഓം ബിർള സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദിക്കാൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറുടെ അടുത്തെത്തി രാഹുൽ ഹസ്തദാനം ചെയ്തപ്പോൾ നിവർന്നുനിന്ന സ്പീക്കർ നരേന്ദ്രമോദി കൈ കൊടുത്തപ്പോൾ നട്ടെല്ല് വളച്ച് കുനിഞ്ഞു നിന്നു. ഇത് ശരിയല്ല എന്നും രാഹുൽ ഗാന്ധി സഭയിൽ പ്രസംഗത്തിൽ പറഞ്ഞു. ഈ രണ്ടു സംഭവങ്ങളും ഇപ്പോൾ ലോകസഭയുടെ രേഖകളിൽ നിന്നും മാറ്റുന്നതിന് സ്പീക്കർ തീരുമാനിച്ചതായി വാർത്തയും വന്നു.
സ്പീക്കറുടെ നടപടിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോ അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളോ അല്ല ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിക്ക് മാത്രമല്ല, ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുവാനോ ആ വാക്ക് ഉപയോഗിച്ചുകൊണ്ട് എന്തെങ്കിലും തരത്തിൽ അഭിപ്രായം പറയുവാനും ഒക്കെയുള്ള അവകാശവും അധികാരവും ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ മതവിശ്വാസികളാണ് ഹിന്ദുമതത്തിൽ ഉള്ളത് ഹിന്ദുമത വിശ്വാസികൾക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ താങ്ങും തണലും ആവശ്യമില്ല ഭാരതം എന്നത് ഹൈന്ദവ സംസ്കാരത്തിൻറെ അടിത്തറയുള്ള ഭൂപ്രദേശമാണ്.
രാഹുൽ ഗാന്ധി ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് ഹിന്ദുമത വിശ്വാസികളെ എല്ലാവരെയും അധിക്ഷേപിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്, ബിജെപി നേതാക്കൾ ഇപ്പോൾ തുള്ളി കൊണ്ടിരിക്കുകയാണ്. ഹിന്ദു എന്ന വാക്കും അതിൻറെ പിന്നിൽ അണിനിരന്നിട്ടുള്ള കോടിക്കണക്കിന് വിശ്വാസികളും ബിജെപിയുടെ ചിലവിൽ കഴിയുന്ന ജനസമൂഹം അല്ല. അതുകൊണ്ടുതന്നെ ബിജെപി എന്നല്ല ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആജ്ഞകൾക്ക് അനുസരിച്ച് ജീവിക്കേണ്ട ബാധ്യത ഹിന്ദുക്കൾക്ക് ഇല്ല. മാത്രവുമല്ല ബിജെപി നേതാക്കൾ പറയുന്നത് കേട്ടാൽ ഇന്ത്യയിലെ മുഴുവൻ ഹിന്ദുമത വിശ്വാസികളും ബിജെപിയിൽ പ്രവർത്തിക്കുന്നവരാണ് എന്ന് തോന്നിപ്പോകും.
നമ്മുടെ രാജ്യത്ത് ഹിന്ദുക്കൾ മാത്രം അല്ല ജീവിക്കുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിക്കുകാരും പാഴ്സികളും ഒക്കെ സഹോദര ഭാവത്തോടുകൂടി ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ഇവർക്കിടയിൽ ഹിന്ദു എന്ന വാക്കും വികാരവും ഇളക്കി വിട്ട് ജനങ്ങളെ തമ്മിലടിക്കാൻ അവസരം ഉണ്ടാക്കാൻ ശ്രമിച്ചാൽ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ അതിനെ നേരിടുക തന്നെ ചെയ്യും.
മാത്രവുമല്ല ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യത്തെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു രാജ്യമാണ് അത്തരം ഒരു രാജ്യത്ത് ഭരണത്തിൽ വരുന്നവരോ പ്രതിപക്ഷത്ത് ഇരിക്കുന്നവരോ ഒരു കാരണവശാലും മതപരമായ കാര്യങ്ങളിൽ ഇടപെടൽ നടത്തുവാൻ പാടില്ല എന്നതാണ് മാന്യമായ നിലപാട്.
ഇവിടെ ബിജെപി നേതാക്കൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകൾ കേട്ടാൽ സ്വതന്ത്ര ഭാരതത്തിൽ ഹിന്ദുക്കളെ മുഴുവൻ സംരക്ഷിച്ചത് അവരാണ് എന്ന് തോന്നിപ്പോകും. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നത് 1947ൽ ആയിരുന്നു. അതിനുശേഷം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ പല സർക്കാരുകളും രാജ്യഭരണം നടത്തി ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ബിജെപി എന്ന പാർട്ടി ജന്മം എടുത്തത് 1980 ആണ്. സ്വാതന്ത്ര്യത്തിനു ശേഷം 1980 വരെയുള്ള അര നൂറ്റാണ്ട് കാലം രാജ്യത്ത് കോൺഗ്രസും ജനതാ പാർട്ടിയും ഭരിച്ചതാണ്. ഈ കാലങ്ങളിൽ ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം കരഞ്ഞുകൊണ്ട് ജീവിക്കുകയായിരുന്നു എന്നോ അതല്ല ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇന്ത്യയിലെ ഹിന്ദുക്കൾ പാകിസ്ഥാനിലോ ചൈനയിലോ ജീവിക്കുകയായിരുന്നു എന്നും ഒക്കെ തോന്നിപ്പോകുന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ് നേതാക്കൾ തട്ടിവിടുന്നത്. ഹിന്ദുക്കളുടെ മുതലാളി തങ്ങളാണ് എന്ന രീതിയിലാണ് ബിജെപി നേതാക്കൾ പ്രസ്താവനകൾ നടത്തുന്നത്. 1996ൽ ആണ് വാജ്പേയി ആദ്യമായി ബിജെപി നേതൃത്വം കൊടുത്ത മുന്നണി സർക്കാരിൻറെ പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയത് തികക്കാതെ മൂന്നു തിരഞ്ഞെടുപ്പുകളിൽ വാജ്പേയി പ്രധാനമന്ത്രിയായി ചുമതലയേറ്റു ഈ കാലത്തിനു മുൻപ് ഇന്ത്യയിൽ ഹിന്ദു മത വിശ്വാസികൾ യാതൊരു ഭിന്നതയും ദുരിതവും അനുഭവിക്കാതെ ജീവിച്ചിരുന്നു എന്ന കാര്യത്തിൽ ആരും ഒരു വിശദീകരണം നടത്തേണ്ട കാര്യമില്ല.
1947 ൽ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിൽ പിന്നീട് 50 വർഷക്കാലം കഴിഞ്ഞ ശേഷമാണ് ബിജെപി എന്ന പാർട്ടി പോലും ഉണ്ടാകുന്നത്. ഈ പാർട്ടി ജന്മം എടുക്കുന്നതിനു മുൻപ് ഇന്ത്യയിൽ ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്നും അവരെല്ലാം മറ്റു പ്രതിഷേധങ്ങളും വൈരാഗ്യങ്ങളും ഇല്ലാതെ ജീവിച്ചു എന്നതും മറച്ചുവയ്ക്കരുത്.
ഹിന്ദുമതത്തിന്റെ കീഴിൽ നൂറുകണക്കിന് ജാതികളും ഉപജാതികളും ഒക്കെയുണ്ട്. ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ഈ ഹൈന്ദവ സമൂഹം വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ ഇഷ്ടപ്പെടുകയും അത് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുകയും ഒക്കെ ചെയ്ത പാരമ്പര്യമാണ് ഇവിടെ ഉള്ളത്. അതുകൊണ്ടുതന്നെ ജനാധിപത്യം എന്ന വാക്കിൻറെ അർത്ഥം മനസ്സിലാക്കി ഹിന്ദുക്കളെ ഹിന്ദുക്കൾ ആയി ജീവിക്കാൻ അനുവദിക്കുക ഹിന്ദുക്കളുടെ മൊത്തക്കച്ചവടം ഒരു രാഷ്ട്രീയപാർട്ടിയും നടത്തരുത്. ഹിന്ദുക്കളുടെ മേൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രത്യേകിച്ച് അവകാശവും അധികാരവും ഇല്ല. ഹിന്ദുക്കൾ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള പരമശിവന്റെയും മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും ഭദ്രകാളിയുടെയും ഒക്കെ രൂപങ്ങളും ചിത്രങ്ങളും മനസ്സിൽ കൊണ്ടുനടക്കുവാനും അവയ്ക്ക് മുന്നിൽ പ്രാർത്ഥിച്ചു നിൽക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യം മതവിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. അതിനുമേൽ ഒരു രാഷ്ട്രീയ പാർട്ടിക്കും അധികാരം ഉറപ്പിക്കാൻ ഇന്ത്യൻ ജനാധിപത്യം അനുവദിക്കുന്നില്ല എന്ന കാര്യം എല്ലാ പാർട്ടിക്കാരും ഓർമിച്ചാൽ നല്ലതാണ്.