ന്യൂഡല്‍ഹി: ഇ.വി.എമ്മിൽ ഇപ്പോഴും വിശ്വാസമില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിലും വിജയിക്കാൻ സാധിച്ചാൽ പോലും വോട്ടിങ് യന്ത്രം സംബന്ധിച്ച മുൻ നിലപാടില്‍ മാറ്റമില്ലെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അഖിലേഷ് പാർലമെന്റില്‍ പറഞ്ഞു.
‘ ഇ.വി.എമ്മിനെ കഴിഞ്ഞ കാലങ്ങളില്‍ ഞാൻ വിശ്വസിച്ചിരുന്നില്ല. ഇന്നും ഞാൻ അതിനെ വിശ്വസിക്കുന്നില്ല. ഉത്തർപ്രദേശിലെ 80 സീറ്റുകളില്‍ വിജയിക്കാൻ കഴിഞ്ഞാൽ പോലും ഇ.വി.എമ്മില്‍ വിശ്വാസിക്കില്ല. എക്കാലത്തും ഇത് ഒരു പ്രശ്നമായി നിലനില്‍ക്കും. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ശക്തമായ നിലപാടാണുള്ളത്. അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ ഇ.വി.എം നിർത്തലാക്കും ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെടില്ല’ – എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.വി.എമ്മില്‍ കൃത്രിമം കാട്ടാനും അവ ഹാക്ക് ചെയ്യാനും കഴിയുമെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികള്‍ നേരത്തെ ഇ.വി.എമ്മിനെതിരെ മുന്നോട്ട് വന്നിരുന്നു.