ഉത്തർപ്രദേശ്: അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയാണെന്ന് ഫൈസാബാദില്‍ നിന്നുള്ള ലോക്സഭാംഗം അവധേഷ് പ്രസാദ്.
ലോകമെമ്ബാടുമുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ക്ഷേത്ര നഗരത്തിൻ്റെ അവസ്ഥയിൽ തനിക്ക് ദുഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് എംപി ഇക്കാര്യം പറഞ്ഞത്.
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യയില്‍ മാലിന്യം നിറഞ്ഞിരിക്കുന്നെന്നും ബിജെപി ശ്രീരാമൻ്റെ അന്തസ്സ് കുറയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയില്‍ വെള്ളക്കെട്ടും രാം പഥില്‍ കുഴികളും ഉണ്ടായ സാഹചര്യത്തിലാണ് പ്രസാദിൻ്റെ പരാമർശം.
‘മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന റോഡുകളുടെ അവസ്ഥ കാണുന്നതില്‍ തനിക്ക് വേദനയുണ്ട്. ഇത് കണ്ടാല്‍ ലോകത്തെ മുഴുവൻ മാലിന്യവും അയോധ്യയിലാണെന്ന് തോന്നും.’- അവധേഷ് പ്രസാദ് പറഞ്ഞു.
ആറുമാസം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയില്‍വേ സ്‌റ്റേഷന്റെ മതിലും മഴയില്‍ 20 മീറ്റർ നീളത്തിൽ നേരത്തെ തകർന്നുവീണിരുന്നു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയില്‍വേ സ്റ്റേഷൻ പുതുക്കി പണിതത്.