രാജ്യത്ത് പ്രവർത്തിച്ചുവന്ന മരുന്ന് ഉൽപാദക കമ്പനികളിൽ കേന്ദ്രസർക്കാർ നടത്തിയ പരിശോധനയിൽ വലിയ പാകപ്പിഴകളും തട്ടിപ്പുകളും കണ്ടെത്തി. കേന്ദ്രസർക്കാരിനിലുള്ള ഡ്രഗ്സ് കൺട്രോൾ വിഭാഗമാണ് വ്യാപകമായി ഔഷധ നിർമ്മാണ ശാലകളിൽ നേരിട്ട് പരിശോധന നടത്തിയത്. 400 ൽ അധികം മരുന്ന് കമ്പനികളിൽ പരിശോധന നടത്തിയതിൽ വലിയ തകരാറുകൾ ആണ് സംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 144 മരുന്നു ഉൽപാദക കമ്പനികൾ അധികൃതർ അടച്ചുപൂട്ടി.
നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിച്ച ചില, ചുമ നിവാരണ ഔഷധങ്ങൾ കഴിച്ചതിന്റെ പേരിൽ വിദേശത്ത് മരണം വരെ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ടായപ്പോൾ ആണ്, കേന്ദ്ര ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി രംഗത്തുവന്നത്. വ്യാപകമായി നടത്തിയ പരിശോധനയിൽ വളരെ കുറച്ച് ഔഷധ നിർമ്മാണ കമ്പനികൾ മാത്രമാണ് ഗുണനിലവാരം നിലനിർത്തുന്നത് എന്നും, ഇത്രയും കമ്പനികളിൽ മാത്രമാണ് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അടക്കം പാലിക്കപ്പെടുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത വിധത്തിൽ ഔഷധ നിർമ്മാണ കമ്പനികൾ ഇന്ത്യയിൽ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. ലോകത്തിൻറെ ഫാർമസി എന്നാണ് ഇന്ത്യയുടെ ഔഷധ നിർമ്മാണ മേഖലയെ പരിഗണിച്ച് പറയുന്നത്. ഈ വലിയ അന്തർദേശീയ പരിഗണന നിലനിൽക്കുമ്പോൾ ഗുണനിലവാരം ഇല്ലാത്ത വിധത്തിൽ ഔഷധങ്ങൾ നിർമ്മിച്ച വിപണിയിൽ ഇറക്കിയാൽ ഇന്ത്യൻ വിപണിയിലെ തിരിച്ചടി വലിയ ആഘാതം ഉണ്ടാകും എന്നുകൂടി പരിഗണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യാപക പരിശോധന ഇറങ്ങിയത്.
ലോകത്ത് എവിടെയും പ്രവർത്തിക്കുന്ന ഔഷധ നിർമ്മാണ കമ്പനികൾ പാലിക്കപ്പെടേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടന പുറത്തിറക്കിയിട്ടുള്ളതാണ്. ഈ നിബന്ധനകളെ അവഗണിച്ചുകൊണ്ടാണ് പല മരുന്ന കമ്പനികളും ഇന്ത്യയിൽ പ്രവർത്തിച്ചുവന്നിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടത്തിയ മരുന്നു നിർമ്മാണ കമ്പനികൾക്ക് ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ അനുസരിച്ച് മാത്രമേ ‘മരുന്നു നിർമ്മാണം നടത്താവൂ എന്നും ഡ്രസ്സ് കൺട്രോൾ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലുള്ള ഡ്രഗ്സ് കൺട്രോൾ വിഭാഗം പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ദേശീയതലത്തിൽ ഉത്പാദിപ്പിക്കുന്ന ഔഷധങ്ങളിൽ നല്ലൊരു പങ്ക് വില്പനയ്ക്കായി എത്തുന്നത് നമ്മുടെ കേരളത്തിൽ ആണ്. ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായി ഉള്ളത് കേരളത്തിലാണ്. ഇത്തരം രോഗങ്ങൾ ഉള്ള ആളുകൾ രോഗശമനത്തിനായി സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ട്. അതുകൊണ്ടാണ് ഔഷധ ഉപയോഗത്തിന്റെ കാര്യത്തിൽ കേരളീയർ മുന്നിൽ എത്തിനിൽക്കുന്നതിന് കാരണം ജീവിതശൈലി രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നുകളാണ്. ഔഷധ നിർമ്മാണ കമ്പനികളിൽ പലതും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി വൻതോതിൽ എത്തിച്ചു കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ വ്യാപകമായി ലഭിക്കുന്ന മരുന്നുകൾ പലതും ഗുണനിലവാരത്തിൽ താഴെയാണ് എന്ന കണ്ടെത്തലും പരിശോധനയിലൂടെ പുറത്തു വന്നിട്ടുണ്ട്.
ഏതായാലും കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ഡ്രഗ്സ് കൺട്രോൾ വിഭാഗം ഇപ്പോൾ നടത്തിയ പരിശോധനകളും കണ്ടെത്തലുകളും അതിൻറെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള മുന്നറിയിപ്പുകളും ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് കേരളീയരുടെ കാര്യത്തിൽ ആയിരിക്കും എന്ന് ആശ്വസിക്കാം.