CPI ജില്ലാ കൗണ്‍സില്‍ അംഗം ജോര്‍ജ് തച്ചമ്ബാറ ബി.ജെ.പി.യില്‍ ചേര്‍ന്നു

തച്ചമ്ബാറ ഗ്രാമപ്പഞ്ചായത്ത് അംഗവും സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവുമായ ജോർജ് തച്ചമ്ബാറ പഞ്ചായത്തംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു.

പാലക്കാട്: തച്ചമ്ബാറ ഗ്രാമപ്പഞ്ചായത്ത് അംഗവും സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവുമായ ജോർജ് തച്ചമ്ബാറ പഞ്ചായത്തംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് പാലക്കാട്ടുവെച്ച്‌ അദ്ദേഹം ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.

തച്ചമ്ബാറ പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി അംഗമായ ഇദ്ദേഹം നാലാംവാർഡായ കോഴിയോടില്‍നിന്നാണ് എല്‍.ഡി.എഫ്. സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ആറ് അംഗങ്ങളാണ് ഇരുമുന്നണികള്‍ക്കും പഞ്ചായത്തില്‍ ഉള്ളത്. എല്‍.ഡി.എഫ്. അംഗമായിരുന്ന പി.സി. ജോസഫ് അന്തരിച്ചതോടെയാണ് ഇരുമുന്നണികള്‍ക്കും തുല്യനില വന്നത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് അഞ്ചും സി.പി.ഐ.ക്ക് ഒന്നും എന്നതാണ് നിലവിലെ കക്ഷിനില.

ജോർജ് മുന്നണിധാരണയ്ക്കു വിരുദ്ധമായി നിരന്തരം പ്രവർത്തിച്ചുവരികയായിരുന്നെന്ന് സി.പി.െഎ. കോങ്ങാട് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പാർട്ടിയുടെ തീരുമാനമില്ലാതെ യു.ഡി.എഫിനൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരസ്യപ്രതികരണം നടത്തുകയും അവിശ്വാസപ്രമേയത്തിന് അനുകൂലമായി നിലകൊള്ളുകയും ചെയ്തു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തില്‍ ജൂണ്‍ 22-ന് ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ ജോർജിനെ സംഘടനാചുമതലകളില്‍നിന്ന് നീക്കംചെയ്തിരുന്നെന്നും വ്യാഴാഴ്ച ചേർന്ന യോഗത്തില്‍ ഇദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതായും മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.