റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസിയത്തിൽ ‘കുഞ്ഞിന്റെ ഘാതകൻ PWDയാണെന്ന’ ആരോപണവുമായി പ്രതിപക്ഷം

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച്‌ പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമർശനവുമായി പ്രതിപക്ഷം.

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച്‌ പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമർശനവുമായി പ്രതിപക്ഷം.

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശം സർക്കാർ നിഷേധിച്ചുവെന്ന് നജീബ് കാന്തപുരം എം.എല്‍.എ മന്ത്രിയെ കുറ്റപ്പെടുത്തി. മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയും ചെയ്തു.

എല്ലൊടിയാനാകാതെ സഞ്ചരിക്കാനാവുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഭാവിയില്‍ റോഡുകള്‍ നന്നാകുമെന്നാണ് മന്ത്രി ഇപ്പോള്‍ പറഞ്ഞത്. എന്നാണ് ആ ഭാവി ഉണ്ടാവുക. ഇന്ന് യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയല്ലേ ആളുകള്‍ റോഡിലേക്ക് പോകുന്നത്. ജീവൻ കിട്ടിയാല്‍ കിട്ടി. തിരിച്ചുവന്നാല്‍ വന്നു. എന്ത് ഉറപ്പാണ് റോഡ് വഴിയുള്ള യാത്രകള്‍ക്കുള്ളത് എന്ന് നജീബ് കാന്തപുരം മന്ത്രിയെ കുറ്റപ്പെടുത്തി.

മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ചെമ്ബരത്തിപ്പൂ ചെവിയില്‍വെച്ച്‌ ചാടിച്ചാടി പോകേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക് ഇപ്പോലുള്ളതെന്നും 2023-ല്‍ മാത്രം 4,110 പേർക്ക് റോഡ് അപകടങ്ങളില്‍ ജീവൻ നഷ്ടപ്പെട്ടുവെന്നും എത്ര മനുഷ്യരുടെ നട്ടെല്ല് ഒടിഞ്ഞുവെന്നും പരിഹസിച്ചു.

അതിനിടെ നജീബ് കാന്തപുരത്തിന്റെ നോട്ടീസ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിച്ച ഭരണപക്ഷത്തെ സ്പീക്കർ എ.എൻ. ഷംസീർ ശകാരിച്ചു.