എൽ.പി.ജി ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾ ഇലക്ട്രോണിക് കെവൈസി എന്ന മാസ്റ്ററിംഗ് ഏർപ്പാട് നടത്തണം എന്ന കേന്ദ്രസർക്കാരിൻറെ നിർദ്ദേശം വന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിട്ടുള്ള വ്യാപകമായ വാർത്തകൾ ഉപഭോക്താക്കളെ പരിഭ്രാന്തിയിൽ ആക്കിയിരിക്കുകയാണ്. ഉപഭോക്താക്കൾ ഗ്യാസ് വിതരണം നടത്തുന്ന ഏജൻസികളിൽ നേരിട്ട് എത്തി ആവശ്യമായ രേഖകൾ സമർപ്പിച്ച് കെ വൈ സി പുതുക്കുന്ന രീതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇത് നടത്തിയില്ല എങ്കിൽ അടുത്തമാസം മുതൽ ഉപഭോക്താക്കൾക്ക് സിലിണ്ടർ വിതരണം ചെയ്യില്ല എന്ന രീതിയിലുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ കാര്യത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര പെട്രോളിയം മന്ത്രിക്ക് നൽകിയ കത്തിന് ലഭിച്ചിട്ടുള്ള മറുപടിയിലാണ് ഗ്യാസ് കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്ന കാര്യത്തിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല എന്ന് മന്ത്രി അറിയിച്ചിട്ടുള്ളത്.
കേരളത്തിലെ ഗ്യാസ് ഏജൻസികളുടെ ഓഫീസുകളിൽ രണ്ടാഴ്ചയിൽ അധികമായി നീണ്ട ക്യൂ ആണ്. ഗ്യാസ് മസ്റ്ററിംഗ് നടത്തുന്നതിന് ഉപഭോക്താക്കൾ വലിയതോതിൽ എത്തുന്നതോടുകൂടി ഇവിടെയെല്ലാം നീണ്ട ക്യൂ രൂപപ്പെടുകയാണ്. രാവിലെ എത്തിയാൽ നടപടികൾ പൂർത്തിയാക്കി ആൾക്കാർക്ക് പിരിയാൻ കഴിയുന്നത് വൈകുന്നേരം ആയിരിക്കും. ഇതാണ് കേരളത്തിൽ എല്ലായിടത്തും ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അനുഭവം വ്യാപകമായതോടുകൂടി ആണ് വ്യക്തതക്കുവേണ്ടി പ്രതിപക്ഷനേതാവ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിക്ക് കത്ത് അയക്കുകയും മറുപടിയിൽ മന്ത്രി കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നത്.
ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള യഥാർത്ഥ ഉപഭോക്താക്കൾ തന്നെയാണോ ഗ്യാസ് ഉപയോഗിക്കുന്നത് എന്ന തിരിച്ചറിയുന്നതിന് വേണ്ടിയാണ് മസ്റ്ററിങ് സമ്പ്രദായം ഏർപ്പെടുത്തിയത്. എന്നാൽ ഈ തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന്റെ പേരിൽ ഉപഭോക്താക്കൾ വലിയ തോതിലുള്ള വിഷമതകൾ ആണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കളിൽ ഭൂരിഭാഗം ആൾക്കാരും 65 വയസ്സിന് മുകളിൽ പ്രായമുള്ള വൃദ്ധരായ ആൾക്കാരാണ്. ഇവരുടെ കുടുംബജീവിതം ആരംഭിച്ച കാലത്ത് എടുത്ത ഗ്യാസ് കണക്ഷൻ പേരിലാണ് മാസ്റ്ററിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രായത്തിൽ എത്തിയ വൃദ്ധരായ ആൾക്കാർക്ക് പകൽ മുഴുവൻ ഏജൻസി ഓഫീസുകൾക്ക് മുന്നിൽ കാത്തുനിൽക്കേണ്ടി വരിക എന്നത് ദുസഹമായ കാര്യമാണ്.
ഏതായാലും മസ്റ്ററിങ് കാര്യത്തിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നും മസ്റ്ററിംഗ് പൂർത്തിയാക്കാത്തത് പേരിൽ ഏതെങ്കിലും ഉപഭോക്താവിന് ഗ്യാസ് സിലിണ്ടർ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകില്ല എന്നും കൃത്യമായി ഉപഭോക്താക്കളെ അറിയിക്കുന്നതിനായി പെട്രോളിയം കമ്പനികൾക്ക് കേന്ദ്ര മന്ത്രി നിർദേശം നൽകിയത് ആയിട്ടും അറിയുന്നുണ്ട്.
രാജ്യത്തെ മൂന്ന് എണ്ണ കമ്പനികൾ ആണ് പെട്രോൾ ഡീസൽ ഗ്യാസ് എന്നിവ വിതരണം ചെയ്യുന്നത്. കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണെങ്കിലും ഇന്ധനങ്ങളുടെ വില സംബന്ധിച്ച തീരുമാനം എടുക്കുവാനുള്ള അധികാരം പൂർണമായും എണ്ണ കമ്പനികൾക്ക് സർക്കാർ നൽകിയിരിക്കുകയാണ്. ഈ അവസരം ഉപയോഗിച്ചുകൊണ്ടാണ് പെട്രോൾ ഡീസൽ ഗ്യാസ് എന്നിവയ്ക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ എണ്ണ കമ്പനികൾ വിലവർധന നടപ്പിലാക്കി കൊണ്ടിരുന്നത്. ഇപ്പോഴും പെട്രോൾ ഡീസൽ എന്നിവയ്ക്കും ഗ്യാസിനും ഭീകരമായ വിലയാണ് കമ്പനികൾ ഈടാക്കി കൊണ്ടിരിക്കുന്നത്.
രാജ്യത്ത് പല അത്യാവശ്യ സേവന മേഖലകളിലും സ്വകാര്യ പങ്കാളിത്തം കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണ കാര്യത്തിലും സ്വകാര്യ കമ്പനികൾ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ പണ്ടുകാലം മുതൽ നിലനിന്നു വരുന്ന ഇന്ത്യൻ ഓയിൽ കമ്പനി ഭാരത് പെട്രോളിയം കമ്പനി തുടങ്ങിയവ ഇപ്പോഴും 90 ശതമാനം ഇന്ധനവിതരണവും കയ്യടക്കി വെച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയ്ക്ക് കൂടി പങ്കാളിത്തം ഉള്ള ഈ രംഗത്ത് എന്തിനാണ് പണ്ടുകാലത്ത് നടപ്പിലാക്കിയ കർശന നിയമങ്ങൾ ഇപ്പോഴും തുടരുന്നത് എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. കണക്ഷനും ഗ്യാസ് സിലിണ്ടറിനും വേണ്ടി ആവശ്യപ്പെടുന്ന തുക നൽകി ഉപഭോക്താവ് വാങ്ങുന്ന സിലിണ്ടർ ഏത് വിധത്തിൽ ഉപയോഗിക്കണം എന്നതിനുള്ള അവകാശം ഉപഭോക്താവിന് ഉള്ളതാണ്. ഒരു വീട്ടിൽ ഗൃഹനാഥൻ പേരിൽ എടുത്ത ഗ്യാസ് കണക്ഷൻ മക്കൾ ഉപയോഗിച്ചാൽ അതിൽ എന്ത് തെറ്റാണ് ഉള്ളത്. യഥാർത്ഥ കണക്ഷൻ അവകാശി തന്നെ എല്ലാ രേഖകളും ആയി മാസ്റ്ററിംഗ് നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ഗ്യാസ് കണക്ഷൻ തുടയില്ല എന്ന് പറയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എന്ത് അധികാരമാണ് എണ്ണ കമ്പനികൾക്ക് ഉള്ളത്. പൊതുജനം നിർദ്ദേശിക്കുന്ന പണം നൽകി വാങ്ങുന്ന ഉൽപ്പന്നം ഏതുതരത്തിൽ ആര് ഉപയോഗിക്കണം എന്നത് ഉപഭോക്താവ് തീരുമാനിക്കുന്ന സ്ഥിതി ഉണ്ടാകണം. ഒരു കിലോ പഞ്ചസാര വില കൊടുത്ത് വാങ്ങിയാൽ അത് വാങ്ങിയ ആൾ തന്നെ ഉപയോഗിക്കണം എന്ന് നിർദ്ദേശിക്കാൻ ഏത് അധികാരിക്കാണ് കഴിയുക. മാത്രവുമല്ല നിലവിലുള്ള രാജ്യത്തിൻറെ ഉപഭോക്തൃ നിയമപ്രകാരം ഗ്യാസ് കമ്പനികളും ഏജൻസികളും നടത്തുന്ന അന്യായമായ മസ്റ്ററിങ് പോലെയുള്ള ഏർപ്പാടുകൾ അവസാനിപ്പിക്കുവാൻ കേന്ദ്രസർക്കാർ തന്നെയാണ് മുൻകൈ എടുക്കേണ്ടത്.