ചാനൽ മുതലാളിമാർ എല്ലാം പരിഭ്രാന്തിയിൽ

പരസ്യങ്ങൾ കുറയുന്നു വരുമാനം ഇടിയുന്നു

ദേശീയതലത്തിൽ പരിശോധിച്ചാൽ ടെലിവിഷൻ ചാനലുകൾക്ക് പിറകെ പോകുന്ന കാഴ്ചക്കാർ ഏറ്റവും കൂടുതലുള്ള സമൂഹമാണ് മലയാളികൾ. നിരവധി ചാനലുകളാണ് മലയാളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പലതും സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയപ്പോൾ പുതിയ പുതിയ ചാനലുകളുമായി രംഗത്ത് വരാൻ ആൾക്കാർ ഉണ്ടാകുന്നു എന്നത് അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്. മലയാളത്തിൽ പ്രവർത്തിച്ചുവരുന്ന ന്യൂസ് ചാനലുകളും എന്റർടൈൻമെന്റ് ചാനലുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ചാനലുകളിൽ പലതിന്റെയും കാഴ്ചക്കാരുടെ എണ്ണം ഇടിഞ്ഞു കൊണ്ടിരിക്കുന്നതും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ചാനലുകൾക്ക് സാധാരണഗതിയിൽ പരസ്യങ്ങൾ സുലഭമായി ലഭിക്കുന്നത് അവർക്ക് കിട്ടുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ്. ഈ റേറ്റിംഗ് കണക്കാക്കുന്നത് ബാർക്ക് റേറ്റ് അടിസ്ഥാനത്തിലാണ്. ഈ കണക്കുപ്രകാരം മലയാളത്തിലെ വാർത്ത ചാനലുകളും എന്റർടൈൻമെന്റ് ചാനലുകളും അടുത്ത കാലത്ത് വളരെ പിന്നോക്കം പോയിക്കൊണ്ടിരിക്കുന്നു എന്നതാണ്.

സാധാരണ നിലയിൽ കൂടുതൽ ജനശ്രദ്ധ നേടാറുള്ളത് വാർത്ത ചാനലുകളാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം സർവ്വേ ഫലം പ്രഖ്യാപനങ്ങളും ഒടുവിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന കാലത്തും ന്യൂസ് ചാനലുകൾക്ക് പ്രേക്ഷകർ കൂടുതലായി ഉണ്ടായിരുന്നു. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അവസാനിച്ചതോടുകൂടി പാർത്താ ചാനലുകളിൽ കണ്ണുറപ്പിക്കുന്ന പ്രേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

സംപ്രേഷണം നടത്തുന്ന ചാനലുകൾക്ക് എത്ര അധികം കാഴ്ചക്കാർ ഉണ്ടാകുന്നു എന്നത് പരിശോധിച്ച് ആഴ്ചതോറും അതിന്റെ കണക്ക് പുറത്തുവിടുന്നത് ബാർക്ക് ആണ്. കഴിഞ്ഞ കുറെ ആഴ്ചകളായി മലയാളത്തിലെ ന്യൂസ് ചാനലുകളും എന്റർടൈൻമെന്റ് ചാനലുകളും പാർക്ക് റേറ്റ് പ്രകാരം പ്രേക്ഷകരുടെ കാര്യത്തിൽ പിറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വാർത്താചാനലുകളിൽ കാര്യമായ ആഘാതം കേൾക്കാതെ പിടിച്ചു നിൽക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്. വാർത്താചാനലുകളിൽ പ്രമുഖരായി നിൽക്കുന്ന ചാനലുകളിൽ 24 ചാനലാണ് തൊട്ടു പിറകിൽ നിൽക്കുന്നത്, മനോരമ ന്യൂസ് മൂന്നാം സ്ഥാനത്തും, മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തും, നിൽക്കുന്നതായിട്ടാണ് ബാർക്ക് കണക്കിൽ പറയുന്നത്. ഇവരുടെ കണക്കുപ്രകാരം റിപ്പോർട്ടർ ചാനൽ അഞ്ചാം സ്ഥാനത്തും, കൈരളി ന്യൂസ് ആറാം സ്ഥാനത്തും, ജനം ടിവി ഏഴാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

എന്റർടൈൻമെന്റ് ചാനലുകളുടെ ബാർക്ക് റേറ്റിംഗ് കണക്കുപ്രകാരം ഏഷ്യാനെറ്റ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മഴവിൽ മനോരമ നാലാം സ്ഥാനത്തും, ഫ്ലവേഴ്സ് ടിവി മൂന്നാം സ്ഥാനത്തും, സൂര്യ ടിവി അഞ്ചാം സ്ഥാനത്തും, അമൃത ടിവി പന്ത്രണ്ടാം സ്ഥാനത്തും നിൽക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

കാഴ്ചക്കാരുടെ റേറ്റിങ്ങിൽ വലിയതോതിൽ ഇടിവ് അനുഭവപ്പെടുന്നത് മൂലം പല ചാനലുകളിലും പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ വാദങ്ങൾ ഉയർത്തി മുന്നിലെത്തി എന്ന് പറയുന്ന എന്റർടൈൻമെന്റ് ചാനലുകൾ പലതും യഥാർത്ഥത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി നിൽക്കുകയാണ്. വമ്പൻ താരങ്ങളെ അണിനിരത്തി പല പരിപാടികളും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീകണ്ഠൻ നായരുടെ ഫ്ലവേഴ്സ് ടിവി മുമ്പെങ്ങും ഉണ്ടാവാത്ത വിധത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുകയാണ്. സാധാരണ വർഷത്തിൽ മൂന്നും നാലും തവണ സൂപ്പർതാരങ്ങളെ വരെ അണിനിരത്ത് മെഗാ ഷോകൾ നടത്തിയിരുന്ന ഫ്ലവേഴ്സ് ചാനൽ അതിൽ നിന്നെല്ലാം പിന്നോട്ട് അടിച്ചതിന്റെ കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.

മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള മഴവിൽ മനോരമയുടെ സാമ്പത്തിക സ്ഥിതിയും പ്രതിസന്ധിയിൽ ആണ് പരസ്യ വരുമാനങ്ങളിൽ ഉണ്ടായിട്ടുള്ള വലിയ തോതിലുള്ള ഇടിവാണ് ചാനലിന് വിഷമത്തിൽ ആക്കിയിട്ടുള്ളത്. എന്നാൽ ഏഷ്യാനെറ്റ് അടക്കമുള്ള മറ്റു പല ചാനലുകൾക്കും സാമ്പത്തിക അഡ്ജസ്റ്റ്മെന്റുകൾ നടത്താൻ മറ്റു സ്ഥാപനങ്ങൾ ഇല്ലാത്ത സ്ഥിതി ഉണ്ടെങ്കിൽ മഴവിൽ മനോരമ മനോരമ ഗ്രൂപ്പിൻറെ കീഴിൽ ആയതിനാൽ പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷത്തിൽ അനുഭവപ്പെടില്ല.

പ്രമുഖ മലയാള ദിനപത്രത്തിന്റെ ഉടമകളായ മാതൃഭൂമിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മാതൃഭൂമി ന്യൂസ് എന്ന വാർത്ത ചാനൽ. ഇവർക്ക് ന്യൂസ് ചാനൽ അല്ലാതെ എന്റർടൈൻമെന്റ് ചാനൽ ഒന്നും ഇല്ല എങ്കിൽ കൂടിയും മാതൃഭൂമി കമ്പനിയുടെ ന്യൂസ് ചാനൽ പതിവില്ലാത്ത വിധത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു എന്നാണ് അറിയുന്നത്. ജീവനക്കാരുടെ ഉയർന്ന നിരക്കിലുള്ള ശമ്പളവും ജീവനക്കാരുടെ എണ്ണ കൂടുതലും മാതൃഭൂമി ചാനലിനെ പ്രതിസന്ധിയിലാക്കി എന്ന വിമർശനവും മുൻപ് ഉയർന്നിരുന്നു.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടി വരുന്ന ഒരു കാര്യം രണ്ടര പതിറ്റാണ്ടിനിടയിൽ കേരളത്തിൽ ഏറ്റവും വലിയ സ്വാധീനം ഉണ്ടാക്കിയ ടെലിവിഷൻ ചാനലുകൾ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും വലിയ പ്രശ്നങ്ങളില്ലാതെ അച്ചടി മാധ്യമങ്ങൾ നിലനിൽക്കുന്നു എന്നതാണ്. പ്രചാരത്തിൽ ഇപ്പോഴും കുതിപ്പുമായി മലയാള മനോരമ നിലനിൽക്കുന്നുണ്ട് തൊട്ടു പുറകിൽ മാതൃഭൂമി ദിനപത്രവും നിൽക്കുന്നു. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും പിന്തുണ കൊണ്ടാണെങ്കിലും സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ക്ഷീണം ഉണ്ടാകാതെ പ്രവർത്തിച്ചു പോകുന്നുണ്ട് ഇതുപോലെ തന്നെ സാമുദായികമായ പിൻബലത്തിൽ പ്രവർത്തിക്കുന്ന ചില പത്രങ്ങളും ക്ഷീണം ഇല്ലാതെ നീങ്ങുന്നുണ്ട്.

ഏതായാലും മലയാളികൾക്കിടയിൽ വലിയതോതിൽ സ്വാധീനം ഉണ്ടാക്കിയെടുത്ത മലയാളത്തിലെ വാർത്താ ചാനലുകളും എന്റർടൈൻമെന്റ് ചാനലുകളും നടത്തിക്കൊണ്ടു പോകുന്നതിന് ഉടമസ്ഥർ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഈ നില തുടർന്നാൽ സമീപകാലത്ത് മറ്റു പല ചാനലുകളും അടച്ചുപൂട്ടിയ അവസ്ഥ മറ്റു ചില ചാനലുകളിലേക്കും കൂടി വ്യാപിക്കും എന്ന ഭയവും ഈ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഉണ്ട്.