ബോണറ്റില്‍ അള്ളിപ്പിടിച്ച്‌ കിടന്നു, മുന്നില്‍ മരണം;

പരിഹാസത്തോടെ ചിരിച്ച്‌ കാറിനുള്ളില്‍ പോലീസുകാരൻ

ബോണറ്റില്‍ അള്ളിപ്പിടിച്ച്‌ കിടന്നു, മുന്നില്‍ മരണം; പരിഹാസത്തോടെ ചിരിച്ച്‌ കാറിനുള്ളില്‍ പോലീസുകാരൻ

ജീവൻ കൈയില്‍ പിടിച്ച്‌ കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന നിമിഷങ്ങള്‍ ഓർത്ത് ഞായറാഴ്ച രാത്രി കണ്ണുചിമ്മാനായില്ലെന്ന് അനില്‍കുമാർ.

ബോണറ്റില്‍ അള്ളിപ്പിടിച്ച്‌ കിടന്നപ്പോള്‍ മരണം മുഖാമുഖം കണ്ടതായി അനില്‍കുമാർ പറഞ്ഞു. നാലുതവണ കാർവെട്ടിച്ച്‌ വീഴ്ത്താൻ ശ്രമിച്ചു. പൊടുന്നനെ ബ്രേക്കിട്ടു. എന്നിട്ടും പ്രാണരക്ഷാർഥം പിടിവിട്ടില്ല. കൊടും ക്രൂരത കാണിക്കുമ്ബോഴും പോലീസുകാരൻ പരിഹാസത്തോടെ ചിരിക്കുകയായിരുന്നു. ഒടുവില്‍ ട്രാഫിക് പോലീസ് സ്റ്റേഷനകത്ത് ചെന്ന് കാർ നിർത്തിയപ്പോഴാണ് ഹൃദയമിടിപ്പ് നിന്നിട്ടില്ലെന്ന് അനില്‍കുമാറിന് ബോധ്യമായത്. കൈകാലുകള്‍ തളർന്നിരുന്നു. ട്രാഫിക് സ്റ്റേഷനിലെ പോലീസുകാർ ആശ്വസിപ്പിച്ചെങ്കിലും മനസ്സ് മരവിച്ചപോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

24 വർഷം വിദേശത്ത് ജോലിചെയ്തിട്ടും കാര്യമായൊന്നും സന്പാദിക്കാനായില്ല. അതേതുടർന്നാണ് ഒരുവർഷം മുൻപ് തളാപ്പിലുള്ള പെട്രോള്‍പമ്ബില്‍ ജോലിക്കെത്തിയത്. അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അനില്‍കുമാറിന്റെ കുടുംബം. ഞായറാഴ്ച രാത്രി വീട്ടിലാർക്കും ഉറങ്ങാനായില്ല. അമ്മയും ഭാര്യയും ജോലിനിർത്താൻപോലും ആവശ്യപ്പെട്ടു. രാത്രിമുഴുവനും ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നൂറിലധികം ഫോണ്‍വിളികള്‍ എത്തി. ആശ്വാസവാക്കുകളായിരുന്നു ഏറെയും. ജീവനുവേണ്ടി കേണുകിടന്ന നിമിഷങ്ങള്‍ ഈ ആയുസ്സില്‍ മറക്കാനാകില്ല -അനില്‍കുമാർ പറഞ്ഞു.

സന്തോഷിനെതിരേ മുമ്ബും പരാതി:പെട്രോള്‍ പമ്പ്‌ ജീവനക്കാരനെ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂടി ആണ് എ.എസ്.ഐ. കെ. സന്തോഷ് കുമാർ, മുമ്പും പരാതി. കാള്‍ടെക്സ് ജങ്ഷനില്‍ ബാരിക്കേട് തകർത്ത് പെട്രോള്‍പമ്ബിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറ്റിയ സംഭവത്തില്‍ ഒന്നാം പ്രതി സന്തോഷ്കുമാറായിരുന്നു.

2023 ഒക്ടോബർ 15-നാണ് കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍പന്പിലേക്ക് ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ജീപ്പ് ഇടിച്ചുകയറ്റിയത്. ഇന്ധനം നിറയ്ക്കാൻ എത്തിയ കാർ തകർത്ത് ഇന്ധനം നിറയ്ക്കുന്ന യന്ത്രം ഉള്‍പ്പെടെ തകർത്താണ് ജീപ്പ് നിന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തിയെങ്കിലും മെമ്മോ മാത്രം നല്‍കി കേസ് ഒതുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.