കെ മുരളീധരൻ കോൺഗ്രസ് വിടുന്നു

പഴയ ഡി ഐ സി പാർട്ടി വീണ്ടും വരുന്നു

കേരളത്തിൻറെ രാഷ്ട്രീയ ഭീഷ്മാചാര്യൻ എന്ന വിളിപ്പേര് സ്വന്തമാക്കിയ ജനകീയ നേതാവാണ് കെ കരുണാകരൻ. കരുണാകരന്റെ മകനായ കെ മുരളീധരൻ ഇന്നും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള ആളാണ്. കെപിസിസി പ്രസിഡണ്ട് സുധാകരനും പ്രതിപക്ഷ നേതാവ് സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒക്കെ നേതൃനിരയിൽ നിൽക്കുന്നുണ്ടെങ്കിലും സ്വന്തം അണികൾ എന്ന ഉറപ്പിച്ച് വിശ്വാസത്തോടെ എല്ലാ ജില്ലകളിലും പാർട്ടി പ്രവർത്തകരെ സ്വന്തം ചിറകിൽ ഒതുക്കി കൊണ്ടുനടക്കുന്ന ഒരു നേതാവാണ് മുരളീധരൻ. മുരളീധരൻ എന്ന കോൺഗ്രസ് നേതാവ് കുറച്ചുകാലമായി പാർട്ടിയിൽ നിന്നും ഉണ്ടാകുന്ന വലിയ അവഗണനയിൽ മനസ്സ് നൊന്ത് കഴിയുകയാണ്. ഇത്തരം ദുരനുഭവങ്ങളുടെ അവസാന രംഗമായിരുന്നു തൃശ്ശൂരിൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വന്ന സാഹചര്യം. വടകരയിൽ എംപി എന്ന നിലയിൽ വലിയ ജനകീയനായി നിലയുറപ്പിച്ചിരുന്ന മുരളീധരനെ അവിടെനിന്ന് തട്ടിമാറ്റി പാർട്ടി ഗ്രൂപ്പുകളികളുടെ ആസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹത്തെ ഒതുക്കാൻ വേണ്ടി ആയിരുന്നു എന്ന പ്രചരണം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. അവസരം കിട്ടുമ്പോൾ എല്ലാം കേരളത്തിലെ കോൺഗ്രസിന്റെ നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളെയും മറ്റും വിമർശിക്കുന്ന മുരളീധരൻ തനിക്ക് ഇനി സ്ഥാനമാനങ്ങൾ വേണ്ട എന്ന് പരസ്യമായി പറയേണ്ട സ്ഥിതി വരെ ഉണ്ടായി. തൻറെ പിതാവ് കരുണാകരൻ നേതൃത്വം കൊടുത്ത് രൂപീകരിച്ച ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് അഥവാ ഡി ഐ സി എന്ന പാർട്ടിയെ പുനരുജീവിപ്പിച്ച് ശക്തിപ്പെടുത്താനുള്ള ആലോചനകളിൽ മുരളീധരൻ എത്തിച്ചേർന്നതായി അറിയുന്നുണ്ട്. എല്ലാകാലത്തും ലീഡർ കരുണാകരനും പിന്നീട് മുരളീധരനും ഒപ്പം നിന്നിട്ടുള്ള വിവിധ ജില്ലകളിൽ നിന്നും ഉള്ള മുതിർന്ന നേതാക്കളുടെ സമ്മർദ്ദം ആണ് മുരളീധരൻ ഇത്തരത്തിൽ ഒരു ആലോചനയിലേക്ക് എത്താൻ കാരണം എന്നാണ് അറിയുന്നത്.

നേതൃനിരയിൽ നിൽക്കുന്ന മുരളീധരൻ മാത്രമല്ല പാർട്ടിയുടെ ജില്ലാ ഘടകങ്ങളിൽ ഡി ഐ സി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന പഴയ നേതാക്കളോടും കോൺഗ്രസ് നേതാക്കൾ വലിയ അവഗണന കാണിക്കുന്നു എന്ന് പരാതി ഏറെനാളായി കേട്ടുവരുന്നതാണ്. ഇത്തരത്തിൽ അവഗണന അനുഭവിക്കുന്ന ജില്ലാ നേതാക്കൾ കഴിഞ്ഞദിവസം തൃശ്ശൂരിൽ രഹസ്യയോഗം ചേരുകയും യോഗത്തിന്റെ അവസാന ഘട്ടത്തിൽ എത്തിച്ചേർന്ന മുരളീധരനോട് ചില നേതാക്കൾ കരഞ്ഞുകൊണ്ട് പരാതികൾ പറഞ്ഞു എന്നും ആണ് പുറത്തുവരുന്ന വാർത്തകൾ. പല നേതാക്കളും കോൺഗ്രസ് പാർട്ടിയിൽ വലിയ അവഗണന നേരിടുന്നതായിട്ടാണ് പരാതി ഉയർന്നത്. യോഗത്തിന് എത്തിയ എല്ലാ നേതാക്കളും ഈ പാർട്ടിയിൽ തുടരുന്നതിൽ കാര്യമില്ല എന്നും പഴയ ഡി ഐ സി ശക്തിപ്പെടുത്തി ഏതെങ്കിലും സഹകരിക്കുന്ന മുന്നണിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കണമെന്ന് ആവശ്യം ഏകകണ്ഠമായി ഉയർന്ന തോടുകൂടിയാണ് മുരളീധരൻ കോൺഗ്രസ് വിടാനും ഡി ഐ സി വീണ്ടും ശക്തിപ്പെടുത്താനും ഏകദേശ സമ്മതം മൂളിയത് എന്നാണ് അറിയുന്നത്.

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ രണ്ടു ദിവസ ക്യാമ്പ് കഴിഞ്ഞദിവസം വയനാട് ബത്തേരിയിൽ നടന്നിരുന്നു. ഈ യോഗത്തിലും ചുരുക്കം ചില ഗ്രൂപ്പ് നേതാക്കളുടെ താൽപര്യങ്ങളും അവരുടെ പ്രാധാന്യങ്ങളും ആണ് അരങ്ങേറിയത്. മുൻ കെപിസിസി പ്രസിഡണ്ട് മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ വി എം സുധീരൻ തുടങ്ങിയ നേതാക്കളെ ക്യാമ്പ് സംഘടിപ്പിച്ചവർ മനപൂർവ്വമായി അവഗണിച്ചത് ക്യാമ്പിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും മികച്ച വിജയം നേടാൻ കഴിഞ്ഞതിന്റെ അഹങ്കാരത്തിലും ധിക്കാരത്തിലും ആണ് ക്യാമ്പിൽ എത്തിയ നേതാക്കൾ പെരുമാറിയത് എന്ന പരാതിയും ഉണ്ട്. ഈ തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തന മികവുകൊണ്ടല്ല മറിച്ച് പിണറായി നയിക്കുന്ന ഇടതു സർക്കാരിൻറെ കാര്യത്തിൽ ഭരണ വിരുദ്ധ വികാരം ജനങ്ങളിൽ കാര്യമായി ഉണ്ടായതാണ് കാരണമായത് എന്നാണ് വിമർശിക്കുന്നവർ അഭിപ്രായപ്പെടുന്നത്.

മുൻ പിസിസി പ്രസിഡണ്ടും പാർട്ടിയുടെ പല പദവികളും അലങ്കരിച്ചിട്ടുള്ള ആളുമായ മുരളീധരനെയും വയനാട് നേതൃ ക്യാമ്പിൽ നേതൃത്വം തഴയുന്ന സ്ഥിതിയാണ് ഉണ്ടായത്. ക്യാമ്പിൽ നിന്നും വിട്ടുനിന്ന മുരളീധരൻ ക്യാമ്പ് നടത്തിയാൽ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കില്ല എന്നും പാർട്ടിയുടെ വാർഡ് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും പ്രവർത്തിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് ജനങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളൂ എന്നും തുറന്നടിച്ചിരുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രമായ മണ്ഡലം കമ്മിറ്റികളും വാർഡ് കമ്മിറ്റികളും നിർജീവമായി കിടക്കുന്നത് പരിഹരിക്കുന്നതിന് നേതാക്കൾക്ക് ഒരു താൽപര്യവും ഇല്ല എന്നും ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നവരെ പാർട്ടി വിരുദ്ധരും എതിരാളികളും ആണ് എന്ന് ചിത്രീകരിക്കാനാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ഒക്കെ ശ്രമിക്കുന്നത് എന്ന വിമർശനവും മുരളീധരൻ നടത്തിയിരുന്നു.

ഏതായാലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഏറ്റവും ശക്തമായ പ്രവർത്തകരുടെ അടിത്തറയുള്ള ഒരു നേതാവാണ് കരുണാകരന്റെ മകനായ മുരളീധരൻ. മുരളീധരൻ കോൺഗ്രസ് നേതാക്കളിൽ നിന്നും കിട്ടുന്ന അവഗണന അതിൻറെ പാരമ്യത്തിൽ എത്തിനിൽക്കുന്ന അവസരത്തിലാണ് വീണ്ടും ഒരിക്കൽ കൂടി കോൺഗ്രസ് പാർട്ടിയോട് വിട പറയുവാനും പഴയ ഡി ഐ സി എന്ന പാർട്ടിയെ പുനരുജീവിപ്പിച്ച് ശക്തിപ്പെടുത്തുവാനും ആലോചിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ ഇനി നടക്കാനിരിക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിനു മുൻപായി ഡി ഐ സി സംസ്ഥാന മൊട്ടാതെ വളർത്തിയെടുത്ത് സാധാരണ പ്രവർത്തകർക്ക് ഭരണപങ്കാളിത്തം കിട്ടുന്ന തെരഞ്ഞെടുപ്പിൽ ഡി ഐ സി പ്രവർത്തകർക്ക് മത്സരിക്കാൻ സാധ്യത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ നീക്കം എന്നാണ് അറിയുന്നത്. പാർട്ടിയെ പഴയ രീതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തനസജ്ജമാക്കി ഏതെങ്കിലും മുന്നണിയിൽ ധാരണകൾ ഉണ്ടാക്കി മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് മുരളീധരൻ രൂപപ്പെടുത്തുന്നത്.