ലോകത്തിൻറെ ഏതു കോണിൽ തൊഴിലില്ലായ്മ ഉണ്ടായാലും ഒരു മലയാളിയെങ്കിലും ദുരിതത്തിൽ ആവുന്ന സാഹചര്യം ഏറെ കാലമായി നിലനിൽക്കുന്നതാണ്. കേരളത്തിൻറെ അയൽ സംസ്ഥാനമായ കർണാടകത്തിൽ ആണ് രാജ്യത്ത് തന്നെ ആദ്യമായി ഐടി നഗരം എന്ന നിലവാരത്തിൽ ബാംഗ്ലൂർ മാറ്റി രൂപപ്പെടുത്തിയത്. 10000 കണക്കിന് പുതിയ തൊഴിൽ അവസരം ഉറപ്പാക്കുന്ന സാങ്കേതിക വിദ്യകളുടെ തലസ്ഥാനമായി മാറുകയായിരുന്നു കർണാടകത്തിന്റെ ഹൃദയ നഗരമായ ബംഗളൂരു. രാജ്യത്തെ ആദ്യത്തെ ഐടി നഗരമായ ബംഗളൂരുവിൽ അതുകൊണ്ടുതന്നെ തൊഴിൽ തേടി എത്തിയവരിൽ ഭൂരിഭാഗവും കേരളീയർ ആയിരുന്നു. നൂറുകണക്കിന് വിദേശ കുത്തക കമ്പനികൾ വരെ ബംഗളൂരുവിൽ അവരുടെ സ്ഥാപനങ്ങൾ തുടങ്ങുകയും അങ്ങനെ വലിയതോതിൽ തൊഴിൽ സാധ്യത ഉണ്ടാവുകയും ചെയ്തു. ജോലി ലഭിക്കുന്നു എന്നത് മാത്രം ആയിരുന്നില്ല. അവിശ്വസനീയമായ വിധത്തിൽ വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഐടി മേഖല യുവതി യുവാക്കളെ അങ്ങോട്ടേക്ക് ആകർഷിക്കുന്ന തിരിയും ഉണ്ടായി. നിലവിലെ ഏകദേശം കണക്കുകൾ പ്രകാരം പത്തു ലക്ഷത്തിലധികം മലയാളികളായ യുവതി യുവാക്കൾ ആണ് ബംഗളൂരുവിൽ മാന്യമായ ജോലി നേടി ജീവിതം സുരക്ഷിതമായി എന്ന ഉറപ്പോടുകൂടി മുന്നോട്ട് പോകുന്നത്.
ഈ പറയുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളി ജോലിക്കാരെ അങ്കലാപ്പിലാക്കിയ പുതിയ ഒരു തീരുമാനം കർണാടക നിയമസഭയും സർക്കാരും മുന്നോട്ടു കൊണ്ടു വരികയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാശിയോടുകൂടി നിയമസഭയിൽ കൊണ്ടുവന്ന തൊഴിൽ സംവരണ ഭേദഗതി നിയമം മലയാളികളായ ബംഗളൂരു ജീവനക്കാർക്ക് ഭാവിജീവിതം അപകടത്തിൽ ആക്കുന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുകയാണ്. നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ശുപാർശ ചെയ്യുന്ന കാര്യം നിയമമായി മാറിയാൽ ബംഗളൂരുവിൽ ജോലി ചെയ്യുന്ന മുഴുവൻ ആൾക്കാർക്കും തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകും ബംഗളൂരു നഗരത്തിൽ മാത്രമല്ല കർണാടക സംസ്ഥാനത്തിൽ എവിടെ ജോലി ചെയ്യുന്ന മലയാളിക്കും ഈ നിയമം ഭീഷണിയായി മാറുകയാണ്.
കർണാടക സംസ്ഥാനത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരിൽ മാനേജ്മെൻറ് തസ്തികകളിൽ 50 ശതമാനവും മറ്റു തസ്തികകളിൽ 70% വും നിർബന്ധമായും കർണാടകക്കാർ ആയിരിക്കണമെന്നും കന്നഡ ഭാഷ അറിയാവുന്നവർ ആയിരിക്കണം എന്നും ആണ് പുതിയ നിയമം നിർദ്ദേശിക്കുക. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ അതിൻറെ ആഘാതം പ്രത്യക്ഷത്തിൽ മലയാളികളെ ആയിരിക്കും കൂടുതൽ ബാധിക്കുക എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
കർണാടക സംസ്ഥാനം നമ്മുടെ കേരളത്തെ പോലെയല്ല വലിയതോതിൽ ബഹുരാഷ്ട്ര കമ്പനികളും സർക്കാർ ഉടമസ്ഥതയിലുള്ള വൻകിട ഫാക്ടറുകളും അതുപോലെതന്നെ നിരവധി ഐ ടി ഹബ്ബുകളും പ്രവർത്തിക്കുന്ന സംസ്ഥാനമാണ്. കേരളം യഥാർത്ഥത്തിൽ വിവരസാങ്കേതിക വിദ്യ വികസിച്ച തോടുകൂടി കേരളത്തിലെ യുവതി യുവാക്കൾ വിദ്യാഭ്യാസം ഈ മേഖലയിലൂടെ നടത്തുകയും ഉന്നത ബിരുദം നേടുകയും ചെയ്തപ്പോൾ ബംഗളൂരു അടക്കമുള്ള കർണാടക നഗരങ്ങളിൽ മലയാളികൾക്ക് വലിയതോതിൽ തൊഴിൽ സാധ്യത ഉണ്ടായി. ഈ അവസരം മുതലെടുത്ത് യുവതി യുവാക്കൾ ഭാവി സുരക്ഷിതമായി എന്ന് കരുതി മുന്നോട്ടു നീങ്ങുമ്പോൾ ആണ് കർണാടക സർക്കാരിൻറെ പുതിയ ഇരുട്ടടി വന്നിരിക്കുന്നത്.
തൊഴിൽ സംവരണം കർണാടകക്കാർക്ക് മാത്രമായി ഉറപ്പാക്കുന്ന നിർദ്ദേശം അടങ്ങിയ ബില്ല് കർണാടക നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് ഭരണ സർക്കാരിനെതിരെ ഈ നീക്കത്തിൻ്റെ പേരിൽ പ്രതിഷേധം ഉയർന്നു. പ്രതിഷേധത്തിന്റെ പേരിൽ ബില്ല് തൽക്കാലത്തേക്ക് നിയമസഭ പിൻവലിച്ചു എന്നാൽ പ്രതിഷേധം കൊണ്ടല്ല നിയമം ആക്കപ്പെടുന്ന ബില്ല് ചില ഭേദഗതികളോട് അവതരിപ്പിക്കുന്നതിന് പിൻവലിക്കുകയാണ് ചെയ്തത് എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതാണ് മലയാളികളെ കൂടുതൽ ആശങ്കയിൽ ആക്കിയിരിക്കുന്നത്.
കർണാടക സർക്കാരിൻറെ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ബംഗളൂരു നഗരം കേന്ദ്രീകരിച്ച് മാത്രം തൊഴിൽ ചെയ്തുവരുന്ന പത്തുലക്ഷത്തിലധികം മലയാളികളായ യുവതി യുവാക്കൾ തൊഴിൽ ഇല്ലാത്തവരായി മാറും എന്നത് വ്യക്തമാണ്. കേരളത്തിലേക്ക് മടങ്ങിയെത്തിയാൽ ഇവിടെ ഒരു തൊഴിൽ സാധ്യതയും ഇല്ല എന്ന വാസ്തവം ഇവരെ കൂടുതൽ ഭയപ്പെടുത്തുന്നുണ്ട്. കർണാടകയിൽ കോൺഗ്രസ് സർക്കാരും കോൺഗ്രസിനെ എതിർക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിലും നിലനിൽക്കുന്നത് കൊണ്ട് സർക്കാർതലത്തിൽ ഒരു ഇടപെടൽ ഉണ്ടായി മലയാളികൾക്ക് അനുകൂലമായ നിലപാട് കർണാടക സർക്കാരിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാനും കഴിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ഏതാണ്ട് 30 ലക്ഷത്തിലധികം ആൾക്കാർ തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. ഇതിനുപുറമേ 10 ലക്ഷത്തിലധികം അന്യസംസ്ഥാന മലയാളികൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന സ്ഥിതിവുണ്ടായാൽ കേരളത്തിലെ സാമൂഹിക സ്ഥിതി തന്നെ അപകടത്തിൽ ആവും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ലോകത്ത് കോവിഡ് മഹാമാരി വന്നതിനുശേഷം ഗൾഫ് രാജ്യങ്ങളിൽ അടക്കം തൊഴിൽ മേഖല അടച്ചിടുന്ന സ്ഥിതി ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് മലയാളികളാണ് വിദേശരാജ്യങ്ങളിൽ നിന്നും ആ ഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി എത്തിയത്. ഇവരെല്ലാം ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലും ദുരിതത്തിലും ആണ് എന്ന് പ്രവാസി മലയാളി സംഘടനകൾ പറയുന്നുണ്ട്. ഇതിനു പുറമേ കർണാടകത്തിലുള്ള മലയാളികൾ കൂടി തൊഴിൽരഹിതരായി കേരളത്തിലേക്ക് എത്തിയാൽ കേരളത്തിൻറെ സാമ്പത്തിക ഘടനയും തകർന്നടിയുന്ന സ്ഥിതി ഉണ്ടാകും.