ഉമ്മൻചാണ്ടിയുടെ മകൻ എം എൽ എ ചാണ്ടി ഉമ്മൻ നടത്തിയ പിണറായി സ്തുതിയിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം. അന്തരിച്ച ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിലെ ഒരു അനുസ്മരണ സമ്മേളനത്തിലാണ് ചാണ്ടി ഉമ്മൻ പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് പ്രസംഗം നടത്തിയത്.
ഇത് വാർത്തയായപ്പോഴാണ് കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്.
സിപിഎം പ്രവർത്തകരുടെ പോലും മുഖ്യശത്രുവായ പിണറായി വിജയനെ ഉമ്മൻചാണ്ടിയുടെ മകൻ പുകഴ്ത്തി സംസാരിച്ചത് കോൺഗ്രസ് പ്രവർത്തകരിൽ മാത്രമല്ല പൊതുസമൂഹത്തിലും എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
പ്രസംഗം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് പറഞ്ഞുകൊണ്ട് ചാണ്ടി ഉമ്മൻ രംഗത്ത് വന്നു.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പൊതു പ്രവർത്തകർക്കുള്ള പ്രഥമ പുരസ്കാര വിതരണ ചടങ്ങിൽ ആണ് വിവാദ പ്രസംഗം ചാണ്ടി ഉമ്മൻ നടത്തിയത്. പിതാവായ ഉമ്മൻചാണ്ടിയുടെ രോഗ ചികിത്സാ സമയത്ത് ഏറ്റവും വലിയ ശ്രദ്ധയും സഹായവും നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു എന്നും തനിക്കും തൻറെ കുടുംബത്തിനും പിണറായി വിജയനെ മറക്കാൻ കഴിയില്ല എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.