മോദിയുടെ ഗ്യാരണ്ടി തിരഞ്ഞു ബിജെപി നേതാക്കൾ

ഗ്യാരണ്ടി പോയിട്ട് ഒരു പൊതി കപ്പലണ്ടി പോലും കിട്ടാത്ത കേരളം

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി കസേരയിൽ ഇരുന്നിരുന്ന നരേന്ദ്രമോദി രാജ്യത്ത് എല്ലായിടത്തും ഓടിനടന്ന ആവശ്യാനുസരണം ഗ്യാരണ്ടി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ബിജെപിയുടെ ഒന്നാം തരം നേതാവാണെങ്കിലും അതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രി ആണല്ലോ നരേന്ദ്രമോദി. അദ്ദേഹം വാക്കു പറഞ്ഞാൽ അത് വിശ്വസിക്കാനുള്ള സാമാന്യബുദ്ധി ഇന്ത്യയിലെ ജനങ്ങൾ കാണിക്കുകയും ചെയ്തു. രണ്ടുതവണ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കി മൂന്നാം തെരഞ്ഞെടുപ്പിലേക്ക് കടന്നപ്പോൾ എല്ലാ കണക്കുകൂട്ടലുകളും മറികടന്നു കൊണ്ട് 400 സീറ്റിൽ ഭൂരിപക്ഷം എന്ന വീരവാദം ആയിരുന്നു നരേന്ദ്രമോദി ആവർത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണി കഴിഞ്ഞപ്പോൾ നാനൂറിന് അടുത്ത് എത്തിയില്ല എന്ന് മാത്രമല്ല. അധികാരത്തിൽ തുടരാൻപുറമ്പോക്കിൽ തള്ളിയിരുന്ന ചില പാർട്ടിയുടെ നേതാക്കന്മാർക്ക് മുന്നിൽ മുട്ടുമടക്കേണ്ട ഗതികേടും നരേന്ദ്രമോദിക്ക് ഉണ്ടായി. രാജ്യത്ത് എല്ലായിടത്തും റോഡ് ഷോയും ആഘോഷവും പ്രസംഗവും നടത്തിയ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് അവസരത്തിൽ കേരളത്തിലും എത്തി കുറേ ഗ്യാരണ്ടികൾ വിളമ്പിയിരുന്നു. നരേന്ദ്രമോദിയുടെ ഈ വിളമ്പലിൽ മയങ്ങ വീണ പാവം ജനം കാര്യമായി ഒന്നും നൽകിയില്ലെങ്കിലും, തൃശ്ശൂരിൽ നിന്നും ഒരു എംപിയെ പാർട്ടിക്ക് സമ്മാനിച്ചു രാഷ്ട്രീയത്തേക്കാൾ ഉപരിയായി മനുഷ്യത്വം ഉള്ള ഒരു സിനിമക്കാരൻ എന്ന പരിഗണന കൂടി വെച്ചുകൊണ്ടാണ് തൃശ്ശൂര് കാർ സുരേഷ് ഗോപിയെ വിജയിപ്പിച്ച് വിട്ടത്. ഡൽഹിയിൽ എത്തിയ സുരേഷ് ഗോപി രണ്ടാം തരം കേന്ദ്രമന്ത്രിയായി മാറുകയും ചെയ്തു.

നരേന്ദ്ര മോദി എന്ന ബിജെപി തലവന്റെ മൂന്നാം സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ ആഴ്ച കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാ രാമൻ സർക്കാരിൻറെ പുതിയ ബജറ്റ് അവതരിപ്പിച്ചു. സാധാരണഗതിയിൽ വാർഷിക ബജറ്റ് അവതരിപ്പിക്കുമ്പോൾ ആ ബജറ്റിലൂടെയാണ് സംസ്ഥാനങ്ങൾക്കും മറ്റും കേന്ദ്രം അനുവദിക്കുന്ന പദ്ധതികളും സാമ്പത്തിക സഹായങ്ങളും ഒക്കെ വാഗ്ദാനം ചെയ്യുക പുതിയ ബജറ്റ് കേന്ദ്രമന്ത്രി അവതരിപ്പിക്കുമ്പോൾ അതുവരെ കേരളത്തിലെ ബിജെപി നേതാക്കളും രണ്ട് കേന്ദ്രമന്ത്രിമാരും പറഞ്ഞിരുന്നതുപോലെ കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് പദ്ധതികളും പണവും പരിവാരങ്ങളും ഒഴുകിയെത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഒന്നരമണിക്കൂർ നീണ്ടുനിന്ന ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം പൂർത്തിയായപ്പോൾ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിക്കസേരയിൽ ഇരുന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മാത്രമല്ല വലിയ വീരവാദങ്ങൾ നിരത്തിയ കേരളത്തിലെ ബിജെപി നേതാക്കളും തലകുനിച്ച് ഇരിക്കേണ്ട ഗതികേടിലേക്ക് എത്തി.

ബിജെപിയുടെ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ആണ് ഇദ്ദേഹത്തെ കൂടാതെ ടെലിവിഷൻ ചർച്ചകളിൽ ്് നിരന്നിരുന്ന് നരേന്ദ്രമോഡി ഭരണത്തിന്റെ മഹാത്ഭുതങ്ങൾ വിളിച്ചുപറയുന്ന നേതാക്കൾ അടക്കം ബജറ്റ് അവതരണത്തിനു ശേഷം സന്യാസത്തിലേക്കും മൗനത്തിലേക്കും മാറുന്ന കാഴ്ചയാണ് ഉണ്ടായത്. ഒരാഴ്ചത്തെ മൗന വൃതത്തിനു ശേഷം ഏതായാലും സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ രംഗത്ത് വന്നത് ആശ്വാസമായി ഒരാഴ്ച കുത്തിയിരുന്ന് ബജറ്റ് മുഴുവൻ തപ്പി പെറുക്കി കണ്ടുപിടിച്ചതാണ് 3000 കോടിയുടെ പദ്ധതികൾ. കേരളത്തിനായി കേന്ദ്ര ബജറ്റിൻ്റെ താളുകളിൽ അവിടവിടെയായി കുരങ്ങിക്കിടക്കുന്നുണ്ട് എന്നത് ഇതൊക്കെ കണ്ടുപിടിക്കണമെങ്കിൽ അതിനായി ഒരു മഹാ യജ്ഞം സംഘടിപ്പിക്കേണ്ടി വരും. കാരണം ഒന്നര മണിക്കൂറോളം വായിച്ചു തീർക്കേണ്ടി വന്ന കേന്ദ്ര ബജറ്റിൽ എവിടെയാണ് ഈ 3000 കോടി കിടക്കുന്നത് എന്നത് കണ്ടുപിടിക്കുക അല്പം വിഷമമുള്ള കാര്യം ആണല്ലോ.

ഇവിടെ ചോദ്യം അതൊന്നുമല്ല. മൂന്നാം സർക്കാരിന് വേണ്ടി തനിക്ക് അവസരം തന്നാൽ കേരളത്തിൽ കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ് അടക്കം റെയിൽവേയിലും ആരോഗ്യ രംഗത്തും വ്യവസായ രംഗത്തും നിരവധി പദ്ധതികൾ കേരളത്തിന് തന്നിരിക്കും എന്നായിരുന്നു മോദിയുടെ ഗ്യാരണ്ടി. എനിക്ക് എംപിമാരെ തരൂ. ഞാൻ കേരളത്തിന് എല്ലാം തന്നിരിക്കും ഇതായിരുന്നു പ്രധാനമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ഗ്യാരണ്ടി. കേരളത്തെപ്പറ്റി മാത്രമല്ല രാജ്യത്തെ മൊത്തത്തിൽ തന്നെ പറഞ്ഞുകൊണ്ട് എണ്ണിയാൽ തീരാത്തത്ര ഗ്യാരണ്ടികളാണ് തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്.

മൂന്നാമതും അധികാരത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് പറയാതിരുന്നത് ഇപ്പോൾ ജനങ്ങൾ തിരിച്ചറിയുന്നതുമായ ഒരു ഗ്യാരണ്ടി ഉണ്ട്. അത് ഇന്ത്യൻ ജനതയ്ക്ക് വേണ്ടി നരേന്ദ്രമോദി പറഞ്ഞുവെച്ച ഗ്യാരണ്ടി അല്ല. പകരം മൂന്നാമത്തെ കേന്ദ്രസർക്കാർ രൂപീകരിക്കാൻ കൃത്യമായ ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ ആ സർക്കാർ രൂപീകരണത്തിന് സഹായിച്ച തെലുങ്കുദേശം പാർട്ടിയുടെയും ബീഹാർ ജെ ഡി യു വിൻ്റെയും നേതാക്കൾക്ക് കൊടുത്ത ഗ്യാരണ്ടിയാണ്. ആ ഗ്യാരണ്ടിയാണ് ഒരു വർഷത്തെ കേന്ദ്ര ബജറ്റിലൂടെ ധനകാര്യ മന്ത്രി കൃത്യമായി നടപ്പിലാക്കിയത്. സർക്കാരിനെ ഗതികേട്കാലത്ത് സഹായിച്ചു എന്നതിന് പ്രത്യുപകാരം ആയി നരേന്ദ്രമോദി വാരിക്കോരി കൈമാറിയത് ഈ രണ്ടു നേതാക്കളുടെയും സംസ്ഥാനങ്ങൾക്ക് മാത്രം ആയിരുന്നു.

ഏതായാലും ഇന്ത്യയിലെ ജനങ്ങൾ മൂന്നാം ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് മോദി ഗ്യാരണ്ടി എവിടെയെത്തി എന്നത്. രാജ്യത്ത് കേന്ദ്രസർക്കാരിൽ നിന്നും പ്രത്യക്ഷത്തിൽ തന്നെ സഹായം പ്രതീക്ഷിക്കുന്ന വലിയ ജനവിഭാഗങ്ങൾ ഉണ്ട്. 40 കോടിയോളം യുവാക്കളാണ് രാജ്യത്ത് തൊഴിൽ അന്വേഷിച്ച് നടക്കുന്നത്. കോടി കണക്കിനു വരുന്ന രാജ്യത്തിൻറെ നട്ടെല്ലുകൾ ആയ കർഷകർ ആത്മഹത്യയിൽ അഭയം തേടുന്ന സ്ഥിതി നിലനിൽക്കുന്നു. വ്യവസായരംഗത്തും വാണിജ്യരംഗത്തും മരവിപ്പ് ഉണ്ടായതോടുകൂടി തൊഴിൽ രംഗത്ത് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നു. ഇത്തരത്തിൽ പൊതുജനങ്ങളെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും ഒരു പരിഹാരം മോദി ഗ്യാരണ്ടിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

ഏതായാലും ഇപ്പോൾ രാജ്യം എത്തിനിൽക്കുന്ന സ്ഥിതി വെച്ച് പരിശോധിക്കുമ്പോൾ മോദിയുടെ ഗ്യാരണ്ടി മോദിക്കു വേണ്ടിയുള്ള ഗ്യാരണ്ടി മാത്രമായിരുന്നു എന്നും ഇന്ത്യയിലെ 135 കോടിയോളം വരുന്ന പൊതുജനത്തിനു വേണ്ടി ഒരു ഗ്യാരണ്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യിൽ ഇല്ല എന്നും വ്യക്തമായിരിക്കുകയാണ്. പുതിയതായി അധികാരത്തിലേറിയ നരേന്ദ്രമോദി ഇനിയും ഗ്യാരണ്ടിയുടെ പെട്ടി തുറക്കുക സർക്കാരിനെ താങ്ങി നിർത്തുവാൻ സഹായിക്കുന്ന പാർട്ടികൾക്കും ആ പാർട്ടികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങൾക്കും മാത്രമായിരിക്കും എന്ന കാര്യം കൃത്യമാണ്.