സതീശൻ്റെ പ്രതിപക്ഷ കസേര തെറിക്കുമോ ?

സതീശൻ കോൺഗ്രസിലെ പിണറായി എന്ന് ആക്ഷേപം

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പരമോന്നത സമിതിയാണ് കെ പി സി സി നേതൃത്വം. ഈ നേതൃത്വം ആണ് പാർട്ടിയുടെ ഏതുകാര്യത്തിലും അവസാന തീരുമാനം എടുക്കുക. എന്നാൽ കേരളത്തിൽ ഇപ്പോൾ പാർട്ടിക്ക് അകത്ത് തീരുമാനങ്ങൾ കെപിസിസി പ്രസിഡന്റിന്റെ വകയല്ല. എല്ലാം പ്രതിപക്ഷ നേതാവിന്റെ ഉത്തരവുകളാണ് എന്ന പരാതി മുതിർന്ന നേതാക്കൾ ഉയർത്തിയിരിക്കുന്നു. നേതാക്കളോടും പാർട്ടി കമ്മിറ്റികളോടും പുച്ഛത്തോടെ കൂടി പെരുമാറിക്കൊണ്ട് സ്വന്തമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന പ്രതിപക്ഷ നേതാവ് സതീശന്റെ മേൽ നിയന്ത്രണം ആവശ്യപ്പെട്ടു കൊണ്ടാണ് മുതിർന്ന നേതാക്കൾ വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

കെപിസിസി പ്രസിഡണ്ടായ കെ സുധാകരനെതിരെ പ്രതിപക്ഷ നേതാവ് നീക്കം നടത്താൻ തുടങ്ങിയിട്ട് ഏറനാളായി. തെരഞ്ഞെടുപ്പ് അവസരങ്ങളിൽ പാർട്ടിയെ മാത്രമല്ല യുഡിഎഫിനെ വരെ നയിക്കുന്നത് താനാണെന്നും തൻറെ തീരുമാനങ്ങളാണ് നടപ്പിലാക്കേണ്ടത് എന്നും എന്ന രീതിയിലുള്ള ശൈലിയാണ് പ്രതിപക്ഷ നേതാവ് പുലർത്തിയിരുന്നത്.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഐക്യം നിലനിർത്തുന്നതിനും നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലോകസഭാ തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി നേതാക്കൾക്ക് വേണ്ടി ഒരാഴ്ച മുമ്പ് വയനാട്ടിൽ നേതൃത്വ ക്യാമ്പ് നടത്തിയത്. എന്നാൽ ഈ ക്യാമ്പിൽ കെപിസിസി പ്രസിഡണ്ട് അടക്കം തനിക്ക് ഇഷ്ടമല്ലാത്ത നേതാക്കൾക്കെതിരെ പരസ്യമായി തന്നെ പരാതികൾ പറയാനുള്ള അവസരമായിട്ടാണ് ക്യാമ്പിനെ പ്രതിപക്ഷ നേതാവ് ഉപയോഗിച്ചത്. വളരെ നല്ല രീതിയിൽ നടന്ന ക്യാമ്പിൽ നേതാക്കൾ മനസ്സു തുറന്നുള്ള വിമർശനങ്ങൾ നടത്തി എന്നും ഇതിനെയെല്ലാം പുച്ഛത്തോടെ കണ്ടുകൊണ്ട് ക്യാമ്പ് വെറും വിഴുപ്പലക്കലിന്റെ അവസരമായിരുന്നു എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് സതീശൻ മറ്റു നേതാക്കളോട് വിശദീകരിച്ചത്. ഇതിലുള്ള പ്രതിഷേധമാണ് ഇപ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും വലിയ നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞത് ഏത് സാഹചര്യത്തിൽ ആയിരുന്നു എന്ന് വയനാട് ക്യാമ്പിൽ തുറന്ന ചർച്ച നടത്തുകയുണ്ടായി. കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും പ്രവർത്തന മികവു കൊണ്ടല്ല. നിലവിൽ കേരളത്തിൽ ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ ശൈലിയ്ക്കെതിരെയും ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചത് കൊണ്ടാണ് യുഡിഎഫ് നേട്ടം ഉണ്ടാക്കിയത് എന്ന് പല മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടു. മാത്രവുമല്ല യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ മണ്ഡലം തലത്തിൽ ശക്തമാക്കുന്നതിനോ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ പ്രവർത്തനവും നടത്തിയില്ല എന്ന വിമർശനവും ഉണ്ടായി. മാത്രവുമല്ല ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികൾ വലിയ വിജയം നേടുന്നത് കണ്ട് ആ നേട്ടം തൻറെ പ്രവർത്തന മികവാണെന്ന് വരുത്തി തീർക്കുന്ന വിധത്തിലുള്ള പ്രസ്താവന ഇറക്കാനും സതീശൻ തയ്യാറായി എന്ന വിമർശനവും ഉയർന്നിരുന്നു.

പ്രതിപക്ഷ നേതാവായ വി ഡി സതീശൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് പഠിക്കുകയാണെന്നും ആരെയും അംഗീകരിക്കാതെയും നേതാക്കളുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കാതെയും കേരളത്തിലെ പ്രതിപക്ഷം താൻ മാത്രമാണ് എന്ന രീതിയിൽ തികഞ്ഞ ധാർഷ്ട്രീയത്തോടെ സതീശൻ പ്രവർത്തിക്കുകയാണെന്നും നേതാക്കൾക്ക് പരാതിയുണ്ട്. കോൺഗ്രസ് പാർട്ടിക്ക് അകത്തും യുഡിഎഫിന് അകത്തും ചർച്ചചെയ്ത് എടുക്കേണ്ട തീരുമാനങ്ങൾ സ്വന്തമായി സതീശൻ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് അനുവദിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് നേതാക്കൾ.

കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കെതിരെ ഉള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അതിനുവേണ്ടി കെപിസിസി പ്രസിഡണ്ടായ സുധാകരനെ ഒപ്പം നിർത്തി മുന്നോട്ടു നീങ്ങിയ സതീശൻ ആ സമയത്ത് പാർട്ടിയിലെ ഗ്രൂപ്പായ എ വിഭാഗം നേതാക്കളുമായും അടുപ്പം പുലർത്തി നീങ്ങിയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പാക്കിയ ശേഷം മുന്നോട്ടുള്ള നീക്കങ്ങളിൽ സുധാകരനെ മാത്രമല്ല. എ ഗ്രൂപ്പ് നേതാക്കളെയും മനപൂർവ്വമായി അവഗണിക്കുന്ന ശൈലിയും സതീശൻ സ്വീകരിച്ചിരുന്നു. പാർട്ടി പുനഃസംഘടനയുടെ പേര് പറഞ്ഞു കൊണ്ട് ഡിസിസി കളിലും അതിന് താഴെയുള്ള പാർട്ടി കമ്മിറ്റികളിലും സ്വന്തക്കാരായ ആൾക്കാരെ തിരികെ കയറ്റാനും സതീശൻ തന്ത്രപരമായ ഇടപെടലുകൾ നടത്തി. കേരളത്തിൽ നിന്നും കോൺഗ്രസിൻറെ ദേശീയ രാഷ്ട്രീയത്തിൽ ശക്തനായി മാറിയ കെ സി വേണുഗോപാലുമായി ഒരു ഘട്ടത്തിൽ വലിയ അടുപ്പം പുലർത്തിയ സതീശൻ പിന്നീട് ആ ബന്ധവും അകറ്റി കേരളത്തിൽ തൻറെ കഴിവുകളാണ് പാർട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയത്തിൽ വരെ എത്തിച്ചത് എന്നുള്ള അവകാശവാദങ്ങൾ കോൺഗ്രസ് ഹൈക്കമാൻ്റിനു മുന്നിൽ നിരത്താനും സതീശൻ മടിച്ചില്ല.

ഏതായാലും കേരളത്തിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്ന സതീശൻ കോൺഗ്രസ് പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സതീശന്റെ ഏകാധിപത്യ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി പാർട്ടിയുടെ കേന്ദ്ര നേതൃത്വമായ ഹൈക്കമാന്റിൽ പരാതി സമർപ്പിക്കാനാണ് സതീശൻ വിരുദ്ധ ചേരിയിലുള്ള മുതിർന്ന നേതാക്കൾ അടക്കം നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. വെറുതെ പരാതിപ്പെടുകയല്ല ജനകീയ അടിത്തറയും സാധാരണ പ്രവർത്തകരുമായി നിരന്തരം സഹകരിക്കുകയും ചെയ്യുന്ന ഒരു നേതാവിന് കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പദവി കൈമാറണം എന്ന ആവശ്യം ഈ നേതാക്കൾ മുന്നോട്ടുവയ്ക്കും എന്നാണ് അറിയുന്നത്.