തമിഴ് – മലയാളം സിനിമ ലോകം തകർച്ചയിലേക്ക്… താരങ്ങളുടെ ഭാരം താങ്ങി തളരുന്ന നിർമ്മാതാക്കൾ

നിർമ്മാണം നിർത്തിവയ്ക്കാൻ സംഘടനാ തീരുമാനം

ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത ഗുരുതരമായ പ്രതിസന്ധിയിലാണ് തെക്കേ ഇന്ത്യൻ സിനിമ ലോകം എത്തിപ്പെട്ടിരിക്കുന്നത്. മലയാളം തമിഴ് സിനിമ മേഖല പൂർണമായും നിലക്കുന്ന സ്ഥിതിയിലേക്ക് എത്തുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മലയാളം ചലച്ചിത്ര മേഖല കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വലിയ തോതിലുള്ള വളർച്ചയിലേക്ക് എത്തിയെങ്കിൽ ഇപ്പോൾ സ്ഥിതി തലകുത്തി മറിഞ്ഞ അവസ്ഥയിലാണ്. തമിഴ് സിനിമ ലോകവും കടുത്ത പ്രതിസന്ധിയെയാണ്. നേരിട്ടുകൊണ്ടിരിക്കുന്നത് രണ്ട് സിനിമ മേഖലയിലെയും നിർമ്മാതാക്കളുടെ സംഘടനകൾ ഉയർത്തിക്കാട്ടുന്ന കാരണം മലയാളം തമിഴ് സിനിമ ലോകത്ത് അഭിനേതാക്കളായി വരുന്ന ആൾക്കാർ ഉന്നയിക്കുന്ന യാതൊരു നീതീകരണവും ഇല്ലാത്ത പ്രതിഫലം തന്നെയാണ്. രണ്ട് ഭാഷ സിനിമ വേദിയിലും സൂപ്പർതാരങ്ങൾ മെഗാസ്റ്റാറുകൾ തുടങ്ങിയവരാണ് സിനിമകളെ അടക്കിഭരിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർതാരങ്ങളും മറ്റും ആവശ്യപ്പെടുന്ന പ്രതിഫലം കോടികൾ ആണ് ഇതേ സാഹചര്യം മലയാള സിനിമ ലോകത്തേക്കും പടർന്നതോടുകൂടിയാണ് മലയാള സിനിമാ വേദിയിൽ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

നിർമ്മാതാക്കളുടെയും സംവിധായകരുടെയും കാലുപിടിച്ച് നടന്ന് ഒന്ന് രണ്ട് സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടുകയും ഏതെങ്കിലും ഒരു സിനിമ കാര്യമായ പ്രദർശന വിജയം നേടുകയും ചെയ്തു കഴിഞ്ഞാൽ ആ കാലുപിടിച്ചു നടന്ന താരം തന്നെ സ്വന്തം റേറ്റ് അതിഭീകരമായി ഉയർത്തുന്നു. ഇത് നൽകിയില്ലെങ്കിൽ അഭിനയിക്കില്ല എന്ന നിലപാട് വരെ സ്വീകരിക്കുന്ന പുതുമുഖ താരങ്ങൾ നിരവധിയാണ്.

നാലും അഞ്ചും ലക്ഷം രൂപ പ്രതിഫലം വാങ്ങി അഭിനയിച്ചിരുന്ന മലയാളത്തിലെ പുതുമുഖ താരങ്ങളും പഴയ താരങ്ങളും യാതൊരു കയ്യും കണക്കും ഇല്ലാതെ അഭിനയത്തിനുള്ള പ്രതിഫലം വർദ്ധിപ്പിച്ചിരിക്കുകയാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും എണ്ണിയാൽ തീരാത്ത കോടികളുടെ പ്രതിഫലമാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഒരു സിനിമ നിർമ്മാണത്തിന് മൊത്തത്തിൽ വരുന്ന ചെലവിന്റെ ഇരട്ടിയോളം ആണ് സൂപ്പർസ്റ്റാറിന് മാത്രമായി നിർമ്മാതാവ് നൽകേണ്ടിവരുന്നത്. അങ്ങനെ സിനിമ എടുത്താൽ അത് വിജയിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാത്ത സ്ഥിതിയും നിലനിൽക്കുന്നുണ്ട്. അടുത്തകാലത്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയം കണ്ടില്ല മമ്മൂട്ടിയുടെ ചില ചിത്രങ്ങളുടെ കാര്യവും മറിച്ചൊന്നും അല്ല.

കലാപരമായ താൽപര്യവും സിനിമ മോഹവും ഒരുമിച്ച് ചേരുന്ന പണക്കാരായ ചിലരാണ് മലയാള സിനിമാ രംഗത്തേക്ക് പുതുമുഖ നിർമ്മാതാക്കളായി കടന്നുവന്നത്. ചെറിയ ബജറ്റിൽ തിരക്കില്ലാത്ത നടന്മാരെ വെച്ച് പടം നിർമ്മിച്ച് മുടക്കുമുതലും ചെറിയ ലാഭവും ഉണ്ടാക്കിയിരുന്ന നിർമാതാക്കൾക്ക് അതിനുള്ള സാഹചര്യം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. മൂന്നും നാലും പടങ്ങളിൽ മാത്രം അഭിനയിച്ച പുതുമുഖ താരങ്ങൾ പോലും 50 ലക്ഷത്തിനും മേൽ പ്രതിഫലം ആവശ്യപ്പെടുകയാണ്.

പുറത്തുവന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടുമാസമായി മലയാളത്തിൽ പുതിയ ചിത്രങ്ങൾക്കുള്ള രജിസ്ട്രേഷൻ പകുതിയിൽ അധികം കുറഞ്ഞിരിക്കുകയാണ്. മാസത്തിൽ ശരാശരി 20 പുതിയ ചിത്രങ്ങൾക്കുള്ള നിർമ്മാണ രജിസ്ട്രേഷൻ നടന്നിരുന്ന സ്ഥലത്ത് കഴിഞ്ഞ മാസത്തിൽ പത്തിൽ താഴെ സിനിമകളുടെ രജിസ്ട്രേഷൻ ആണ് നടന്നത്.

മലയാളത്തിൽ വർഷത്തിൽ 100 സിനിമകൾ ഇറങ്ങുന്നു എങ്കിൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇരുന്നൂറും 300 ഉം സിനിമകളാണ് ഓരോ വർഷവും പുറത്തിറങ്ങുന്നത്. ഇത്തരത്തിൽ സിനിമ മേഖല വലിയതോതിൽ വളർച്ചയിൽ നിന്ന തമിഴ് സിനിമാലോകവും വലിയ പ്രതിസന്ധിയിലേക്ക് എത്തിയിരിക്കുന്നു. താരങ്ങളുടെ ഭീമമായ പ്രതിഫലം മാത്രമല്ല സമ്മതിച്ചുകൊണ്ട് വലിയ തുക അഡ്വാൻസ് കൈപ്പറ്റുന്ന ചില സൂപ്പർതാരങ്ങൾ പണം കൈപ്പറ്റിയശേഷം മറ്റു സിനിമകളിലേക്ക് മാറുന്ന സ്ഥിതിയും നിർമാതാക്കളെ വിഷമിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

വരുന്ന നവംബർ മാസം ഒന്നാം തീയതി മുതൽ തമിഴിൽ സിനിമാ നിർമ്മാണം നിർത്തിവയ്ക്കുന്നതിന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു. നിർമാതാക്കളുടെ സംഘടന മാത്രമല്ല. കഴിഞ്ഞദിവസം നിരവധി സംഘടനകളുടെ നേതാക്കൾ യോഗം ചേർന്നു കൊണ്ടാണ് നിർമ്മാണം നിർത്തിവയ്ക്കുന്ന പ്രമേയം പാസാക്കിയത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ തമിഴ് സിനിമ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തമിഴ് സിനിമ തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ തമിഴ് മൾട്ടിപ്ലക്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതാക്കളാണ് യോഗം ചേർന്ന് താരങ്ങളുടെ അന്യായമായ പ്രതിഫലം കണക്കിന്റെ പേരിൽ നിർമ്മാണം നിർത്തിവയ്ക്കുന്നതിന് തീരുമാനം എടുത്തത്. തമിഴിലെ പ്രമുഖ താരമായ ധനുഷ് ഒരു നിർമ്മാതാവിൽ നിന്നും വലിയ തുക അഡ്വാൻസ് കൈപ്പറ്റ ശേഷം കബളിപ്പിച്ച അനുഭവം ഈ യോഗത്തിൽ പരസ്യമായി പറഞ്ഞതോടെ ആണ് ഈ നീക്കത്തിന് കാരണമായത്.

തമിഴ് സിനിമ നിർമാതാക്കളുടെ പ്രതിഷേധ തീരുമാനം പുറത്തുവന്നതോടുകൂടി തമിഴിലെ സിനിമാതാരങ്ങളുടെ സംഘടന പ്രതിഷേധവുമായി രംഗത്തുവന്നതായും റിപ്പോർട്ട് ഉണ്ട്. തമിഴ് നടികർ സംഘമാണ് ഈ പ്രതിഷേധവുമായി വന്നത് നിർമ്മാതാക്കളുടെ ഈ തീരുമാനം തമിഴ് സിനിമ ലോകത്തെ തകർക്കുമെന്ന് നടി കർ സംഘം ഭാരവാഹികൾ പ്രസ്താവന ഇറക്കിയെങ്കിലും താരങ്ങളുടെ യാതൊരു സഹകരണവും ഇല്ലാത്ത പ്രവർത്തന ശൈലിയിൽ മനസ്സുമെടുത്ത നിർമ്മാണ കമ്പനി ഉടമകളുടെ സംഘടന ഒട്ടും അയഞ്ഞതായി റിപ്പോർട്ട് ഇല്ല. ഈ സ്ഥിതി തുടർന്നാൽ തെന്നിന്ത്യൻ സിനിമാലോകം നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകും പതിനായിരക്കണക്കിന് ആൾക്കാർക്കാണ് മലയാളം തമിഴ് സിനിമ മേഖലയിൽ തൊഴിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് താരങ്ങളും സാങ്കേതിക വിദഗ്ധരും മാത്രമല്ല നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ആൾക്കാരും കൂടി കൂടിയാൽ വലിയ ഒരു ജനവിഭാഗത്തിന് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാകും ഉണ്ടാവുക.