മുന്‍ഗണന രക്ഷാപ്രവര്‍ത്തനത്തിന്;

രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണം: കെ.സുധാകരന്‍ എംപി

രുള്‍പ്പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതയ്ക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മറിച്ചുള്ള അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടല്‍. മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പരിശോധിച്ചാല്‍ അത് ഈ ദുരന്തത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനിറങ്ങിയവര്‍ക്ക് ബോധ്യമാകും.ദുരന്തം ബാക്കിവെച്ച നമ്മുടെ സഹോദരങ്ങളെ വിഭാഗീയതയും വിദ്വേഷവും മറന്ന് ഒരുമിച്ച് നിന്ന് അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് നാം മുന്‍ഗണന നല്‍കേണ്ടത്. അതിനാവശ്യമായ പുനരധിവാസ പാക്കേജിന് രൂപം നല്‍കണം.

വയനാട് ഉരുള്‍പ്പൊട്ടല്‍ വരുത്തിയ നാശനഷ്ടത്തിന്റെ കണക്ക് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ എത്താനുള്ള സാമാന്യ ബോധം രാജ്യത്തിന്റെ പ്രധാനമന്ത്രി കാട്ടേണ്ടതായിരുന്നു. അത് ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്.വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള അധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. ഇപ്പോഴുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്ന് പുനഃപരിശോധിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.