കേസ്കെട്ടുകളുമായി കോടതി വരാന്ത നിരങ്ങുന്നതിൽ സന്തോഷം കണ്ടിരുന്ന പഴയ തലമുറയിലെ ചില കാരണവന്മാർ ഉണ്ടായിരുന്നു. ഇവരെ ശല്യക്കാരായ വ്യവഹാരികൾ എന്നാണ് കോടതി പോലും വിശേഷിപ്പിക്കാറുള്ളത്. ഈ ശല്യക്കാരായ വ്യവഹാരികളുടെ അതേ സ്ഥിതിയിലാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. എന്തെങ്കിലുമൊക്കെ നിത്യേന വിളിച്ചു പോയി പാർട്ടിക്കും കോൺഗ്രസ് നേതാക്കൾക്കും തലവേദന ഉണ്ടാക്കുന്ന സ്ഥിരം ആളായി സുധാകരൻ മാറിയിരിക്കുന്നു എന്നാണ് പാർട്ടിയുടെ നേതാക്കളിൽ ഉള്ള അഭിപ്രായം വിലയ്ക്കെടുക്കാൻ സുധാകരൻ തയ്യാറായിട്ടില്ല. കണ്ണൂര് രാഷ്ട്രീയത്തിലെ നേതാക്കന്മാരുടെ ഒരു സ്വഭാവമാണ് ഇത്. ശാഠ്യക്കാരനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഒപ്പം നിൽക്കാവുന്ന സ്വഭാവക്കാരൻ ആണ് സുധാകരൻ. ഏതായാലും ഇപ്പോൾ വയനാട് പ്രകൃതിദുരന്തത്തിന്റെ ആശ്വാസ നടപടികൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രവർത്തനമാരംഭിക്കുകയും പൊതു ജനങ്ങളോട് സംഭാവന ആവശ്യപ്പെടുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെയാണ് സുധാകരൻ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. കേരളം ഒരു മഹാദുരന്തത്തിൽപ്പെട് വിറങ്ങലിച്ചു നിൽക്കുമ്പോൾ അവിടേക്ക് സഹായവുമായി എത്തേണ്ടത് എല്ലാരുടെയും ബാധ്യതയാണ് എന്നും ഇപ്പോൾ സർക്കാർ വിമർശനത്തിന് പറ്റിയ സമയമല്ല എന്നും കോൺഗ്രസ് നേതാക്കൾ പലതവണ പറഞ്ഞെങ്കിലും കെ സുധാകരൻ തൻറെ അഭിപ്രായം വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് നേതാക്കൾക്ക് വലിയ തലവേദനയായി മാറിക്കഴിഞ്ഞു.
കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളും മുഖ്യമന്ത്രിയുടെ നിധിയിലേക്ക് ദുരിതാശ്വാസം കൊടുക്കേണ്ട കാര്യമില്ല എന്നും വയനാട് ദുരന്തത്തിന് പേരിൽ സഹായം സ്വരൂപിക്കാൻ കെപിസിസിക്ക് അതിന്റേതായ സംവിധാനം ഉണ്ടെന്നും ആവർത്തിച്ചിരിക്കുകയാണ് സുധാകരൻ. മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുൻ കെപിസിസി പ്രസിഡൻറ് വി എം സുധീരൻ തുടങ്ങിയവരെല്ലാം ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കഴിഞ്ഞു ഇത് തെറ്റായിപ്പോയി എന്ന അഭിപ്രായമാണ് സുധാകരൻ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
നാട്ടിൽ വലിയൊരു ജനത ദുരിതത്തിൽ പെട്ട് കിടക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ് അവരെ സഹായിക്കാൻ ഉപയോഗിക്കേണ്ടി വരിക എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് തെറ്റല്ല എന്നും പരമാവധി ആൾക്കാർ നിധിയിലേക്ക് ആവുന്നത്ര സംഭാവനകൾ ചെയ്യണമെന്നും ആണ് രമേശ് ചെന്നിത്തല ഈ കാര്യത്തിൽ അഭിപ്രായപ്പെട്ടത്. വയനാട് ദുരന്തത്തിൽ ഒരു നാടുമുഴുവൻ കരഞ്ഞു കഴിയുമ്പോൾ അവരെ സഹായിക്കാൻ എല്ലാ ശ്രമവും നടത്തുക സർക്കാരിൻറെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സർക്കാരിനൊപ്പം നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തിപകരണം ഗവൺമെന്റിനെ വിമർശിക്കുന്നത് ഈ സമയത്ത് അല്ല. മറിച്ച് അതിനുള്ള അവസരങ്ങളിൽ പ്രതിപക്ഷം എന്ന നിലയിൽ വിമർശിക്കാൻ നമുക്ക് അവകാശമുണ്ട് അത് ചെയ്യുന്നു മുണ്ട് എന്നാണ് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ പ്രതികരിച്ചത്.
ദുരന്തത്തിനുശേഷം വയനാട് സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരിതത്തിൽ പെട്ടവർക്ക് 100 വീടുകൾ വെച്ചു നൽകും എന്ന് പറഞ്ഞുകൊണ്ടാണ് വയനാട് വിട്ടത്. വയനാട് ജനങ്ങളോട് രാഹുൽ ഗാന്ധി കാണിച്ച അനുഭാവവും അതിൽ കേരളത്തിലെ ജനങ്ങൾ കാണിച്ച സന്തോഷവും ഇല്ലാതാക്കുന്ന പ്രസ്താവനയാണ് കെ സുധാകരൻ്റെ വാക്കുകളിലൂടെ പുറത്തുവന്നത് എന്ന വിമർശനമാണ് കോഴിക്കോട് വയനാട് ജില്ലകളിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. യാതൊരു പക്വതയും ഇല്ലാതെ അവസരോചിതമല്ലാത്ത സുധാകരന്റെ പ്രസ്താവനകളെ തടയണമെന്ന് ഈ രണ്ടു ജില്ലകളിലെയും കോൺഗ്രസ് നേതാക്കൾ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.
കെപിസിസിയുടെ പ്രസിഡണ്ട് പദവി കേൾക്കുന്നതിനു മുൻപും അതിനുശേഷം പാർട്ടിക്ക് നിരന്തരം തലവേദനയായി മാറുന്ന പ്രസ്താവനകളാണ് സുധാകരൻ നടത്തിയിട്ടുള്ളത്. ഏറെ വിവാദമായ കണ്ണൂരിലെ ആർ എസ് എസ് നേതാക്കളെ താൻ സഹായിച്ചിട്ടുണ്ട് എന്ന പ്രസ്താവന പാർട്ടിയിൽ ഉണ്ടാക്കിയ അതൃപ്ത്തി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെയാണ് അടുത്ത ഇടയ്ക്ക് വയനാട്ടിൽ കോൺഗ്രസ് നേതാക്കളുടെ ക്യാമ്പ് നടന്നപ്പോൾ പ്രതിപക്ഷ നേതാവിനെ വിമർശിക്കുന്ന തരത്തിലുള്ള സുധാകരന്റെ പ്രസംഗം ഉണ്ടായത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് സതീശൻ വലിയതോതിൽ എതിർപ്പ് രേഖപ്പെടുത്തുകയും ക്യാമ്പിൽ നിന്നും അവസാന ഘട്ടത്തിൽ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു ഇരുവരും തമ്മിലുള്ള വിവാദം ഇപ്പോഴും തുടരുന്നതായിട്ടാണ് നേതാക്കൾ തന്നെ പറയുന്നത്.
കെപിസിസി പ്രസിഡൻറ് ആയ ശേഷം കേരളത്തിലെ നേതാക്കൾ പാർട്ടിയിൽ ഒന്നും ചെയ്യാൻ തന്നെ അനുവദിക്കുന്നില്ല എന്ന പരിഭവം തുറന്നു പറഞ്ഞതും വലിയ വിവാദം ഉണ്ടാക്കിയിരുന്നു. പ്രസിഡൻറ് പദവി ഏറ്റെടുത്തശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ സെമി കേഡർ പാർട്ടിയാക്കി അടുക്കും ചിട്ടയും ഉണ്ടാക്കും എന്നൊക്കെ സുധാകരൻ പറഞ്ഞു എങ്കിലും ഇതൊന്നും പ്രവർത്തിയിൽ കൊണ്ടു വരാൻ സുധാകരന് കഴിഞ്ഞില്ല.
ഇതിനൊക്കെ പുറമെയാണ് വിവാദമായ പുരാവസ്തു കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി സുധാകരന് അടുത്ത ബന്ധം ഉണ്ടായതും വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയതും സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ പാർട്ടിയെയും നേതാക്കളെയും മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു. ഇത് മാത്രവുമല്ല പുതിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ വിജയം കണ്ട ലോകസഭാ അംഗമായി മാറിയെങ്കിലും ആരോഗ്യപരമായി നിരവധി പ്രശ്നങ്ങൾ സുധാകരനെ അലട്ടുന്നുണ്ട്. പ്രസിഡൻറ് പദവി ഉപയോഗിച്ചു സംസ്ഥാനത്തോട്ടാകെ പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകാൻ സുധാകരന് ഇപ്പോൾ ആരോഗ്യപരമായി കഴിയുന്നില്ല എന്നതും കേരളത്തിലെ പാർട്ടിയിൽ ഒരു പ്രതിസന്ധിയായി നിൽക്കുകയാണ്.
കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഗ്രൂപ്പ് വഴക്കുകളും നേതാക്കന്മാരുടെ തമ്മിലടിയും ഒരു പുതിയ അനുഭവം അല്ല. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും നേടിയെടുക്കാൻ കഴിഞ്ഞ വലിയ വിജയം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അതിനുശേഷം 2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുന്നതിനുള്ള വിധത്തിൽ പാർട്ടിയെ സജ്ജമാക്കണം എന്ന നിർദ്ദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിരന്തരം നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ ഈ അഭിപ്രായങ്ങൾക്ക് പോലും ഒരു വിലയും കൽപ്പിക്കാത്ത പ്രവർത്തന ശൈലിയും ആയിട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുന്നോട്ടുപോകുന്നത്. പാർട്ടിയിൽ ഐക്യം ഉണ്ടാക്കുകയും അത് താഴെത്തട്ടിൽ വരെ എത്തിച്ച് പ്രവർത്തകരെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജ്ജരാക്കുകയും ചെയ്യണം എന്ന അഭിപ്രായമാണ് ഹൈക്കമാന്റിന് ഉള്ളതെങ്കിലും ഇതെല്ലാം കേരളത്തിന്റെ കാര്യത്തിൽ നടക്കുമോ എന്ന ആശങ്ക മുഴുവൻ പ്രവർത്തകരിലും ഉണ്ട് എന്നതാണ് വാസ്തവം.