ദുരന്തം മുതലെടുക്കാനും ദുഷ്ട ശക്തികൾ… പിരിവ് വീരന്മാരെ പിടിച്ചു കെട്ടണം…

വയനാട് ദുരന്തത്തിൽ സർവ്വതും മറന്ന് സഹായിക്കുവാൻ ജനങ്ങൾ സന്നദ്ധരായിട്ടുണ്ട്. സമ്പന്നരായ നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക ഇതിനകം തന്നെ കൈമാറി കഴിഞ്ഞു.

വയനാട്ടിലെ മുണ്ടക്കയ്യിൽ ഉണ്ടായ മഹാദുരന്തം കണ്ടം കേട്ടും ഇരിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ദുഃഖവും ഞെട്ടലും ഇപ്പോഴും മാറിയിട്ടില്ല. നൂറുകണക്കിന് ആൾക്കാർ മരണത്തിന് കീഴടങ്ങി 250ലധികം മനുഷ്യരെ ഇതുവരെ കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. ഒരു ഗ്രാമവും ആഗ്രഹത്തിന് നടുവിൽ ഉണ്ടായിരുന്ന ചെറുപട്ടണവും അപ്പാടെ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി ദുരന്തവാർത്ത പുറത്തുവന്ന അവസരം മുതൽ അങ്ങോട്ട് ഓടിയെത്താൻ നല്ല മനസ്സുള്ള മുഴുവൻ മലയാളികളും ഒരുമിക്കുകയായിരുന്നു. ദുരന്തം കഴിഞ്ഞു ഒരാഴ്ച അപ്പോൾ കേരളത്തിനു മുന്നിൽ ഉയർന്നു നിൽക്കുന്ന ചോദ്യം മുണ്ടക്കൈയിലെ ദുരിത ഭൂമിയെ എങ്ങനെ പഴയനിലയിൽ ആക്കും എന്നതും എല്ലാം നഷ്ടപ്പെട്ട അവിടുത്തെ ജനങ്ങളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന ചോദ്യങ്ങളാണ്.

വയനാട് ദുരന്തത്തിൽ സർവ്വതും മറന്ന് സഹായിക്കുവാൻ ജനങ്ങൾ സന്നദ്ധരായിട്ടുണ്ട്. സമ്പന്നരായ നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക ഇതിനകം തന്നെ കൈമാറി കഴിഞ്ഞു. നിരവധി സംഘടനകൾ പലതരത്തിലുള്ള സഹായവാഗ്ദാനങ്ങളുമായി ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഇതൊക്കെ നല്ല മനസ്സുള്ള മനുഷ്യരുടെ കൂട്ടായ്മയുടെ ഫലമായി നാം കാണുമ്പോൾ ഈ ദുരന്തത്തെ മുതലെടുക്കാൻ ചുരുക്കം ചിലർ ശ്രമങ്ങൾ നടത്തുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. വയനാട്ടിലെ ദുരന്തത്തിന് സഹായം ഉണ്ടാക്കാൻ പലരും പുതിയ ബാങ്ക് അക്കൗണ്ടുകളും ആയി ധനശേഖരണത്തിന് ഇറങ്ങിയിരിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. ഇത് ഒരു കാരണവശാലും അനുവദിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല വയനാട് ദുരന്തത്തിന് പരിഹാരം കണ്ടെത്താനുള്ള ബാധ്യത സംസ്ഥാന സർക്കാരിന്റേതാണ് അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വയനാട് മുണ്ടക്കൈയിലെ പുനർനിർമ്മിതിക്കായി സജ്ജമാക്കിയിരിക്കുന്നത്.

വയനാട് ദുരന്തത്തിന്റെ വിലാപം കെട്ടിടങ്ങുന്നതിനു മുൻപ് തന്നെ ദുരിതാശ്വാസത്തിന് ആവേശമുദ്രാവാക്യവുമായി ചിലർ തന്ത്രപരമായി രംഗത്ത് വന്നിട്ടുണ്ട്. ഇത് തടഞ്ഞെ മതിയാകൂ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു സവിശേഷത ഉള്ളത് വയനാട് ദുരന്തം പോലെ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ എല്ലാ തർക്കങ്ങളും മാറ്റിവെച്ചത് സഹായ മനസ്സുമായി ഓടിയെത്തുക എന്നതാണ് ഈ മലയാളിയുടെ ദൗർബല്യമാണ് ചിലർ മുതലെടുക്കാൻ ശ്രമിക്കുന്നത്. ഇവിടെ ജാഗ്രത കാണിക്കേണ്ടത് മലയാളികൾ തന്നെയാണ് ഒരു രൂപ മാത്രമേ നൽകുവാൻ ഉള്ളൂ എങ്കിലും ആ ഒരു രൂപ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സജ്ജമാണ്.

ഇതുപോലെ തന്നെയാണ് ചിലരുടെയെല്ലാം സാമ്പത്തികം അല്ലാത്ത സഹായങ്ങളുടെ വാഗ്ദാന പെരുമഴ ഓരോ ദിവസവും പുറത്തുവരുന്ന പത്രവാർത്തകൾ പരിശോധിച്ചാൽ വയനാട്ടിലെ മുണ്ടക്കൈ മാത്രമല്ല. കേരളത്തിൽ മൊത്തം പുനർനിർമ്മിക്കാൻ കഴിയുന്നത്ര വീടുകളും സ്ഥാപനങ്ങളും ഉണ്ടാക്കുവാൻ ആൾക്കാർ തയ്യാറാണ് എന്ന തരത്തിലുള്ള സഹായ കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദുരന്തം ഉണ്ടായ ശേഷം വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധി 100 വീടുകൾ പണിത് നൽകുന്നു എന്ന വാഗ്ദാനം നൽകി തൊട്ടു പിറകെ കത്തോലിക്കാ സഭ 25 വീടുകളുമായി രംഗത്തുവന്നു. അതുപോലെതന്നെ വയനാട്ടിലെ മരം മുറി കേസിലെ പ്രതികളായ കോടീശ്വരന്മാർ തട്ടിപ്പിന്റെ ഭാഗമായി 150 ഏക്കർ വസ്തുവും 100 വീടുകളും വാഗ്ദാനം ചെയ്തു ഓരോ ദിവസവും നിരവധി വീടുകളുടെ എണ്ണം പറഞ്ഞു കൊണ്ടുള്ള സഹായ വാഗ്ദാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് ഇതെല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണോ അതോ യാഥാർത്ഥ്യമാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ഏതായാലും വയനാട്ടിലെ മുണ്ടക്കൈയിലെ ദുരന്തത്തിന്റെ ശേഷപത്രമായി നടക്കുന്ന കാര്യങ്ങളിൽ സുതാര്യതയും വ്യക്തതയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ ഹൈക്കോടതിയിൽ ഹർജിയുമായി എത്തി ഹർജി ഹൈക്കോടതി ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ചട്ടങ്ങൾ വേണം എന്നും സർക്കാർ അനുമതിയോടെ മാത്രമേ ഫണ്ട് ശേഖരണം നടത്താവൂ എന്നും ഈ ധനശേഖരണ തുക വിനിയോഗിക്കുന്ന കാര്യത്തിൽ നിരീക്ഷണം ഉണ്ടാകണമെന്നും ദുരന്ത മേഖലയുടെ പുനർ നിർമ്മാണത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാർ ഏജൻസി വഴി ആയിരിക്കണം എന്നും ഏതു സംഘടന ദുരിതാശ്വാസ സഹായം സ്വീകരിച്ചാലും അതെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് വഴി ആയിരിക്കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തകർച്ച നേരിട്ട മുണ്ടക്കയിൽ ഭവന നിർമ്മാണം മുഖ്യ ഘടകമായി നിലനിൽക്കുകയാണ്. രാഷ്ട്രീയപ്പാർട്ടികൾ സമുദായ സംഘടനകൾ സന്നദ്ധ സംഘടനകൾ സമ്പന്ന വ്യക്തികൾ തുടങ്ങിയവർ വീട് വെച്ച് നൽകുന്നതിന് വാഗ്ദാനവുമായി വന്നിട്ടുണ്ട്. എന്നാൽ ഇത് നടപ്പിൽ വരുത്താൻ അവരവരെ സമ്മതിച്ചാൽ ഓരോരുത്തരും ഓരോരുത്തരുടെ സംഘടന പരമായും വ്യക്തിപരമായും ഉള്ള പബ്ലിസിറ്റിക്ക് വേണ്ടി ഭവന നിർമ്മാണം ഉപയോഗപ്പെടുത്തും മാത്രമല്ല, ദുരന്തത്തിൽ പെട്ടവർക്ക് പലവിധത്തിലുള്ള ഭവനങ്ങൾ ആയിരിക്കും നിർമ്മിക്കപ്പെടുക ഒരു ദുരന്തത്തിൽ അവശേഷിക്കപ്പെട്ട ജീവനുകളുമായി തിരികെയെത്തുന്ന ആൾക്കാരെ പലതരത്തിൽ ആയി തരംതിരിക്കുന്ന ഒരു സംവിധാനമായി ഭവന നിർമ്മാണം മാറും. ഇത് ഒഴിവാക്കണമെങ്കിൽ സഹായ ധനമായി ആര് നൽകുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കേന്ദ്രീകരിച്ച് സർക്കാർ ഏജൻസി വഴി ടൗൺഷിപ്പ് നിർമ്മാണവും ഭവന നിർമ്മാണവും അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കപ്പെടുക തന്നെ വേണം. ഈ കാര്യം സർക്കാർ തന്നെയാണ് ഗൗരവത്തിൽ എടുത്തു കൊണ്ട് ഹൈക്കോടതിയിൽ എത്തിയിട്ടുള്ള ഹർജിയുമായി സഹകരിച്ച് മുന്നോട്ട് പോകണം. അതാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന കാര്യത്തിൽ തർക്കമില്ല. എന്തുതന്നെ നടന്നാലും ശരി ഒരു മഹാദുരന്തത്തിൻ്റെ ഭാരം താങ്ങി തളർന്നു നിൽക്കുന്ന മുണ്ടക്കയ്യിലെ ജനങ്ങളെ സഹായിക്കുന്നതിന് പകരം ദുരന്തം മുതലെടുത്ത് ധനസമ്പാദനത്തിന് ആരെങ്കിലും ശ്രമം നടത്തിയാൽ അത് കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുവാൻ കൂടി സർക്കാർ ശ്രദ്ധിക്കേണ്ടതാണ്.