ഒമാനിലേക്ക് ആരും വിമാനം കയറേണ്ട

പ്രവാസികൾക്ക് വിസ നിഷേധിച്ച് ഭരണകൂടം

 

മലയാളികളായ ആയിരക്കണക്കിന് ആൾക്കാർ തൊഴിൽ അന്വേഷിച്ചെത്തുന്ന സ്ഥലമാണ് ഗൾഫ് നാടുകളിൽ പെടുന്ന ഒമാൻ. ഭരണകൂടത്തിന്റെ പുതിയ തൊഴിൽ നിഷേധ നിയന്ത്രണ നിയമങ്ങൾ ഏറ്റവും കൂടുതൽ വിഷമത്തിൽ ആക്കിയിരിക്കുന്നത് മലയാളികളെയാണ്. സ്വദേശികളായ ആൾക്കാർക്ക് തൊഴിൽ സൗകര്യങ്ങൾ നീക്കിവെക്കുക എന്ന തീരുമാനപ്രകാരം അന്യ രാജ്യങ്ങളിൽ നിന്നും ജോലി തേടിയെത്തുന്നവർക്ക് വിസ നിഷേധിക്കുന്നതിനുള്ള ഒമാൻ ഭരണകൂടത്തിന്റെ തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ ഈ നിരോധനം നടപ്പിൽ വരുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് നാല് വർഷമായി കോവിഡ് വ്യാപനത്തിനുശേഷം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികൾ വലിയ തോതിലുള്ള തൊഴിൽ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തൊഴിൽ നഷ്ടപ്പെടൽ മാത്രമല്ല, തൊഴിൽ തുടരുന്നതിന് അവസരം ലഭിച്ച പ്രവാസി മലയാളികൾക്ക് പോലും ശമ്പളത്തിൽ പകുതിയിലധികം വെട്ടിക്കുറവ് വരുത്തിയ ഗൾഫ് രാജ്യങ്ങളിലെ പൊതുവായ തീരുമാനം ഇപ്പോഴും പിൻവലിക്കപ്പെട്ടിട്ടില്ല.  ജോലി ഉണ്ടായിട്ടും വരുമാനത്തിൽ വലിയ കുറവ് അനുഭവപ്പെട്ടതിനാൽ പ്രവാസി മലയാളികൾ ദുരിതത്തിൽ കഴിയുകയാണ്.

ഈ നില തുടരുന്നതിന് ഇടയിലാണ് ഇപ്പോൾ ഒമാൻ ഭരണകൂടം അന്യ രാജ്യങ്ങളിൽ നിന്നും തൊഴിൽ നിയമനങ്ങൾ നടത്തുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. മലയാളികൾ വലിയതോതിൽ ജോലി ചെയ്തു വരുന്ന നിർമ്മാണ മേഖലയും ശുചീകരണ രംഗവും വിലക്കല്‍പ്പെട്ടിരിക്കുകയാണ്. ഇതു കൂടാതെ ചുമട്ടുതൊഴിലാളികൾ, തയ്യിൽ തൊഴിലാളികൾ, ബാർബർമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, പെയിൻറർമാർ, പാചക തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടുന്ന 13 തൊഴിൽ മേഖലകളിൽ അന്യ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് വിസ നൽകുന്നത് വിലക്കിക്കൊണ്ടാണ് ഇപ്പോൾ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. മലയാളികളായ ആയിരക്കണക്കിന് ആൾക്കാർ ഈ രംഗത്ത് ജോലി തേടി എത്തുന്നത് പതിവാണ്.

ഒമാൻ ഭരണകൂടം ഓരോ ആറുമാസത്തിനിടയിലും രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ പരിശോധന നടത്തി ഭേദഗതികൾ നടപ്പിൽ വരുത്തുന്ന പതിവ് ഉണ്ട്. എന്നാൽ ഇത്തരത്തിൽ അന്യദേശ തൊഴിലാളികൾക്ക് പൂർണ്ണമായും വിസ ഒഴിവാക്കുന്ന തീരുമാനം ഇപ്പോൾ ആദ്യമായിയാണ് പുറത്തുവന്നിരിക്കുന്നത്. ഒമാൻ സ്വദേശികളായ ആൾക്കാർക്ക് രാജ്യത്ത് തന്നെ പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ തീരുമാനം നടപ്പിൽ വരുത്തുന്നത് എന്നാണ് ഒമാൻ ഭരണകൂടം വിശദീകരിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ ഏതാണ്ട് നൂറിലധികം തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികൾക്ക് ഒമാൻ ഭരണകൂടം വിലക്കും നിയന്ത്രണങ്ങളും നടപ്പിൽ വരുത്തിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് മലയാളികളെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തിന്റെ നീക്കങ്ങൾ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നയങ്ങളും തീരുമാനങ്ങളും തുടർന്നു പോവുകയാണെങ്കിൽ പത്ത് വർഷത്തിനിടയിൽ ഒമാൻ എന്ന രാജ്യത്ത് അന്യ രാജ്യ തൊഴിലാളികൾ ആരും ഉണ്ടാവില്ല എന്ന സ്ഥിതിയിലേക്ക് എത്തും എന്നാണ് മലയാളികളും മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളും ആശങ്കപ്പെടുന്നത്.