കോൺഗ്രസ് പുനഃസംഘടന കീറാമുട്ടി

മുതിർന്ന നേതാക്കൾ പല തട്ടിൽ... ഹൈക്കമാന്റിനും മടുത്തു

അടുത്ത രണ്ടു വർഷങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് വർഷങ്ങളാണ്. ആദ്യം എത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ്. അതുകഴിഞ്ഞാൽ ഒരു വർഷത്തിനിടയിൽ നിയമസഭ തെരഞ്ഞെടുപ്പും വരും. കേരളത്തിലെ ഇടതു വലതു മുന്നണികളിലെ മുഖ്യ കക്ഷികൾ എല്ലാം തെരഞ്ഞെടുപ്പിന് പാർട്ടികളെ സജ്ജമാക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു. എന്നാൽ യുഡിഎഫിനെ നയിക്കുന്ന കേരളത്തിലെ പ്രബല രാഷ്ട്രീയപാർട്ടിയായ കോൺഗ്രസ് ഇപ്പോഴും ആശയക്കുഴപ്പത്തിൽ തുടരുകയാണ്. പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ പുനസംഘടന ആലോചന തുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി. ഓരോ കാരണങ്ങളുടെയും പേരിലും നേതാക്കന്മാർ തമ്മിലുള്ള സമ്മർദ്ദങ്ങളുടെ പേരിലും പുനസംഘടനയിലേക്ക് കൈവയ്ക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പ്രശ്നപരിഹാരത്തിന് പലതരത്തിലുള്ള ഫോർമുലകളുമായി പാർട്ടി പലതവണ ഇടപെടൽ നടത്തിയെങ്കിലും അതും ഫലം കണ്ടിട്ടില്ല.

പൊതുവായ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് തന്നെ ഉപതെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വയനാട് പാർലമെൻറ് സീറ്റിൽ ജയിച്ച രാഹുൽ ഗാന്ധി ആ മണ്ഡലം ഒഴിഞ്ഞ തോടുകൂടി അവിടെ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കണം. അതുപോലെതന്നെ പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ചേലക്കരയിൽ നിയമസഭ അംഗമായിരുന്ന രാധാകൃഷ്ണൻ ലോക്സഭയിൽ അംഗമായി പോയി. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലും എംപിയായി മാറി. ഇത് മൂലമാണ് ഈ മൂന്ന് ഉപകരഞ്ഞെടുപ്പുകൾ. ഒരു ലോകസഭ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കടന്നുവരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വം തന്നെയാണ് കോൺഗ്രസിനു മുന്നിലെ വലിയ വെല്ലുവിളി. ഓരോ മണ്ഡലങ്ങളിലും ഒരു ഡെസനിലധികം നേതാക്കളാണ് സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കുക എന്നത് തന്നെ നേതാക്കൾക്ക് വലിയ തലവേദനയായി മാറും.

ഇത്തരത്തിൽ മാറിമാറി വരുന്ന ഓരോ പ്രതിസന്ധികളും മൂലമാണ് കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ പുനസംഘടന പ്രവർത്തനം നീണ്ടുനീണ്ട് പോകുന്നത്. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് മാസത്തിനുള്ളിൽ കെപിസിസി പുനസംഘടന നടത്തുക എന്ന ലക്ഷ്യത്തോടുകൂടി പല നീക്കങ്ങളും നടന്നെങ്കിലും ഫലം കണ്ടിട്ടില്ല. നിലവിൽ 30 ഓളം കെപിസിസി ജനറൽ സെക്രട്ടറിമാരും 60 ലധികം സെക്രട്ടറിമാരും ഉണ്ട്. ഇത് വെട്ടിച്ചുരുക്കുക എന്നത് ഹൈക്കമാന്റിന്റെ തീരുമാനമാണ്. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാർ 20 ൽ താഴെ ആയിരിക്കണമെന്നും, ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന നിലയിൽ 50ൽ താഴെ സെക്രട്ടറിമാരും ഉണ്ടാവുക എന്ന നിബന്ധനയാണ് പുനസംഘടനാ കാര്യത്തിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചിട്ടുള്ളത്.

പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പുനസംഘടന നടത്തുന്നതിന് നിലവിലെ പ്രസിഡൻറ് സുധാകരൻ നീക്കങ്ങൾ നടത്തിയതോടുകൂടി പാർട്ടിയുടെ കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ വാളെടുത്ത് രംഗത്തുവരുന്ന സ്ഥിതി ഉണ്ടായി. ഇവരെല്ലാം നൽകിയിട്ടുള്ള ലിസ്റ്റുകൾ പ്രകാരം ഭാരവാഹികളുടെ എണ്ണം ഏതാണ്ട് 250 ൽ അധികമായി നീളുന്നു എന്നതാണ് വസ്തുത. ഓരോ നേതാവും നൽകിയ ലിസ്റ്റിൽ നിന്നും പ്രാധാന്യമുള്ളവരുടെ ചുരുക്കപ്പട്ടിക വീണ്ടും ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു വെട്ടിക്കുറവ് വരുത്തുന്നതിന് നേതാക്കന്മാർ തയ്യാറായിട്ടില്ല.

കെപിസിസി പ്രസിഡൻറ് പ്രതിപക്ഷ നേതാവ് മുൻപ്രതിപക്ഷ നേതാവ് രാഷ്ട്രീയകാര്യ സമിതിയിലെ മൂന്നു നേതാക്കൾ മഹിളാ കോൺഗ്രസ് യൂത്ത് കോൺഗ്രസ് െഎസ്‌യു പോഷക സംഘടനകളുടെ പ്രസിഡന്റുമാർ ഇവരിൽ നിന്നും പേരുകളുടെ പട്ടിക ഡിസിസി പ്രസിഡന്റുമാരുടെ അനുമതിയോടുകൂടി കൈമാറുക എന്ന ഒരു പുതിയ നിർദ്ദേശം മുന്നോട്ടു വെച്ചെങ്കിലുംഇതുവരെ ഇതും ഫലത്തിൽ വന്നിട്ടില്ല.

ഇതിനിടയിലാണ് നിലവിലെ പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും ഭാരവാഹികളുടെ കാര്യത്തിൽ കടുത്ത എതിർപ്പിൽ എത്തിനിൽക്കുന്നത്. മുൻപ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പിൻറെ ആളുമായിരുന്ന രമേശ് ചെന്നിത്തലക്ക് പാർട്ടി തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഫോറങ്ങളിൽ കാര്യമായ പരിഗണന നൽകുന്നില്ല എന്ന പരാതിയും ‘നിലനിൽക്കുന്നുണ്ട്.

അടുത്തു നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് അപ്രതീക്ഷിതമായ വലിയ വിജയമാണ് നേടുവാൻ കഴിഞ്ഞത്. ഈ വിജയത്തിന് പിന്നിൽ പാർട്ടിയുടെ പ്രവർത്തനശേഷി അല്ല മറിച്ച് നിലവിലെ ഇടതുപക്ഷ സർക്കാരിൻറെ ജനദ്രോഹ നയങ്ങൾ ജനങ്ങളിൽ വെറുപ്പ് ഉണ്ടാക്കിയതാണ് കാരണം എന്ന് പൊതുവേ എല്ലാവരും സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിൽ അവകാശം പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങിയെങ്കിലും അത് കാര്യമായി ആരും പരിഗണിച്ചിട്ടില്ല.സർക്കാരിനെതിരായ ഒരു വിധിയെഴുത്തായിട്ടാണ് പൊതുവേ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയിരിക്കുന്നത്.

ഏതായാലും ശരി തെരഞ്ഞെടുപ്പ് വർഷങ്ങൾ അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാർട്ടികളിൽ പെടുന്ന സിപിഎം സിപിഐ ബിജെപി തുടങ്ങിയ പാർട്ടികളുടെ നേതൃയോഗങ്ങൾ ചേർന്നുകൊണ്ട് തെരഞ്ഞെടുപ്പ് മുൻകൂട്ടിലുള്ള പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തു കഴിഞ്ഞിട്ടും കോൺഗ്രസ് പാർട്ടിക്ക് പുനഃസംഘടന വഴി ഒരു പുതിയ നേതൃത്വം ഊർജ്ജവും ഉണ്ടാക്കി തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. പാർട്ടിയെക്കാൾ വലുതാണെന്നും പാർട്ടി താല്പര്യങ്ങളേക്കാൾ ഗ്രൂപ്പ് താല്പര്യങ്ങൾക്കാണ് പ്രാധാന്യം എന്നും കരുതിയിരിക്കുന്ന കുറെ നേതാക്കന്മാരാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ശാപം. ഈ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ മനസ്സ് മടുത്താണ് പലപ്പോഴും പ്രവർത്തകർ മുന്നോട്ട് നീങ്ങുന്നത് ഇത്തരം അനുഭവങ്ങൾ തുടരുമ്പോൾ ആണ് കോൺഗ്രസ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് പരാജയങ്ങളെ ഏറ്റുവാങ്ങേണ്ടി വരുന്നത്.