ന്യൂഡല്‍ഹി: നിലവിലുള്ള രൂപത്തില്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് എൻ.ഡി.എ ഘടകകക്ഷികള്‍. ഇതേ സംബന്ധിച്ച് മുസ്ലിം സംഘടനകള്‍ക്ക് ഉറപ്പുനല്കിയതായിയും വാർത്തകൾ പുറത്തുവരുന്നു.
മൂന്നാം മോദി സർക്കാറിനെ താങ്ങിനിർത്തുന്ന പ്രമുഖ ഘടകകക്ഷികളായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ നിലവിലുള്ള ബില്ലിനെ എതിർക്കുമെന്ന് ഉറപ്പുനല്‍കിയതായി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ ഖാലിദ് സൈഫുല്ല റഹ്മാനി വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
എൻ.ഡി.എ ഘടകകക്ഷിയായ ലോക്ജൻശക്തി പാർട്ടി (രാം വിലാസ്) നേതാവ് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും മുസ്ലിം സമുദായത്തിന് എതിരായ നിലപാട് എടുക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതോടെ, നിലവില്‍ ജെ.പി.സിയുടെ പരിഗണനയിലുള്ള ബില്‍ അവിടെനിന്ന് വീണ്ടും പാർലമെന്റിലെത്തിയാലും പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ബുദ്ധിമുട്ടാകും.
എന്നാൽ, ഇസ്ലാമിനും മുസ്ലിംകള്ക്കും നേരെ കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർശദ് മദനി കുറ്റപ്പെടുത്തി. വഖഫ് സംരക്ഷിക്കുന്നതിന് പകരം അന്യാധീനപ്പെടുത്തുന്നതിനുള്ള പുതിയ ബില്ലിനെ അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അധ്യക്ഷൻ സആദതുല്ല ഹുസൈനി വ്യക്തമാക്കി. എസ്.ക്യൂ.ആർ ഇല്യാസും സംസാരിച്ചു.