തമ്മിലടി തറവാട്ടിലും എത്തി….

കെ പി സി സി ആസ്ഥാനത്തും അസ്വസ്ഥത......

   ഗ്രൂപ്പ് പോരുകളും തർക്കങ്ങളും ഇല്ലാത്ത കോൺഗ്രസ് പാർട്ടിയെ കേരളത്തിൽ കാണുക എന്നത് ചിന്തിക്കേണ്ട കാര്യമല്ല.പതിറ്റാണ്ടുകളായി ഗ്രൂപ്പ് പ്രവർത്തനവും അതിൻറെ പേരിൽ ഉള്ള തർക്കങ്ങളും ഇന്നും കോൺഗ്രസ് പാർട്ടിയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഏറ്റവും ഒടുവിൽ പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായിരുന്ന ടി യു രാധാകൃഷ്ണനെ മാറ്റി എം ലിജുവിനെ കൊണ്ടുവന്നതാണ് പുതിയ ചേരിതിരിവിന് വഴിയൊരുക്കിയിരിക്കുന്നത്. പലതരത്തിലുള്ള ആരോപണങ്ങളും വിവാദങ്ങളും ഉയർന്നതിന്റെ പേരിലാണ് ഓഫീസ് ചുമതലയുള്ള സെക്രട്ടറി സ്ഥാനത്തുനിന്ന് രാധാകൃഷ്ണനെ മാറ്റുന്നതിന് നീക്കം നടന്നത്. കെപിസിസി പ്രസിഡണ്ട് സുധാകരൻ തന്നെ മുൻകൈ എടുത്ത് ഹൈകമാൻഡിനെ കൊണ്ട് ലിജുവിനെ നിയമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ

കെ സുധാകരൻ കെപിസിസി പ്രസിഡൻറ് ആയ ശേഷം സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാനതലത്തിൽ പാർട്ടി ഫണ്ട് പിരിവ് നടത്തുകയും ഏതാണ്ട് 20 കോടിയോളം രൂപ പിരിച്ചെടുക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.ഇതിൽ ഫണ്ട് കളക്ഷനും യാത്ര ചെലവുകളും പരസ്യ ചെലവുകളും മറ്റും മാറ്റിയശേഷം 16 കോടിയോളം രൂപ മിച്ചം ഉണ്ടായിരുന്നു എന്ന് പറയുന്നു.കെപിസിസി ആയിരുന്നു ഫണ്ട് പിരിവിന് നിർദ്ദേശം നൽകിയത് എങ്കിലും ജില്ലാ കമ്മിറ്റികൾ ഫണ്ട് പിരിവ് നടത്തിയ ശേഷം കെപിസിസിക്ക് കൈമാറാതെ വന്നത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.ഇതിന്റെ പേരിൽ അന്തരിച്ച കെപിസിസി ട്രഷറർ പ്രതാപന്റെ അവിചാരിത മരണത്തിന്റെ പേരിൽ മക്കൾ വരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.പാർട്ടി ഫണ്ട് പിരിച്ചത് ചില ആൾക്കാർ തട്ടിയെടുത്തു എന്നും സ്വന്തം നിലയ്ക്ക് ഉപയോഗിച്ചു എന്നും ഒക്കെ കണ്ടെത്തിയതിനെ തുടർന്ന് ട്രഷറർ ആയിരുന്ന പ്രതാപൻ കണക്ക് പാർട്ടി ഭാരവാഹികൾക്കും മുമ്പിൽ അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതോടുകൂടിയാണ് പ്രതാപന് എതിരെ ചില നേതാക്കൾ രംഗത്ത് വന്നത്.ഈ പ്രതിഷേധങ്ങളുടെ മാനസിക ആഘാതം ആണ് പ്രതാപനെ മരണത്തിലേക്ക് എത്തിച്ചത് എന്നായിരുന്നു മക്കളുടെ പരാതി

ഇന്ദിരാ ഭവനിൽ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിച്ച രാധാകൃഷ്ണൻ പാർട്ടി ഫണ്ട്അടിച്ചു മാറ്റുക മാത്രമല്ല ഒരു വനിതാ നേതാവിനെ വഴിവിട്ട് വലിയ തുക സംഭാവനയായി നൽകി എന്നും ഒക്കെ നേതാക്കൾ തന്നെ പരാതി ഉയർത്തിയിരുന്നു. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ വാർത്തയായി മാധ്യമങ്ങളിൽ വന്നതോടുകൂടിയാണ് ഇന്ദിരാ ഭവനിനകത്ത് അതിരൂക്ഷമായ തർക്കങ്ങളും ഭിന്നതകളും ഉണ്ടായത്.ഈ ഭിന്നത അവസാനിക്കാതെ തുടരുകയും ചെയ്തതോടുകൂടി പാർട്ടി പരിപാടികൾ ഒന്നും നടത്താൻ കഴിയാത്ത ഗതികേടിലേക്ക് പ്രസിഡൻറ് ആയ സുധാകരൻ എത്തിച്ചേർന്നു.ഈ സാഹചര്യത്തിലാണ് ഇന്ദിരാഭവനിൽ അടിയന്തരമായി അഴിച്ചു പണി വേണമെന്ന് സുധാകരൻ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്.സുധാകരന്റെ നിർദ്ദേശപ്രകാരം വളരെ വൈകി ആണെങ്കിലും ഹൈക്കമാന്റ ലിജുവിനെ നിയമിക്കുകയും ചെയ്തതത്

ഇന്ന് ഇന്ദിരഭവനിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ലിജു എത്തിയതോടുകൂടി ആ പദവിയിൽ ഇരുന്ന ടി യു രാധാകൃഷ്ണന്റെയും മറ്റു ചില നേതാക്കളുടെയും നേതൃത്വത്തിൽ ലിജുവിനെ എതിരെ നീക്കം ആരംഭിച്ചിരിക്കുകയാണ്. ലിജുവിന്റെ നിയമനം പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാക്കളോട് ആലോചിക്കാതെ ആണ് നടത്തിയത് എന്നും പാർട്ടിയുടെ ഒരു വേദിയിലും ഈ വിഷയം പ്രസിഡൻറ് ചർച്ച ചെയ്തില്ല എന്നും ഈ സംഘം ആരോപിക്കുന്നുണ്ട്.

 

 

കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടും കോൺഗ്രസ് പാർട്ടിയിൽ ഒരുതരത്തിലും ഇതിനുള്ള നീക്കങ്ങൾ ഉണ്ടായിട്ടില്ല. കെപിസിസി ഭാരവാഹികളെ പുനസംഘടിപ്പിക്കുന്നതിലും ജില്ലാ കമ്മിറ്റികളും.ബ്ലോക്ക് കമ്മിറ്റികളും. മണ്ഡലം കമ്മിറ്റികളും പുനസംഘടിപ്പിക്കുന്നതിലും പലതവണ പ്രസിഡൻറ് ആയ സുധാകരൻ നീക്കങ്ങൾ നടത്തിയെങ്കിലും വർഷങ്ങൾ പലതു കഴിഞ്ഞിട്ടും നടപ്പിലാക്കൽ മാത്രം ഇതുവരെ നടന്നിട്ടില്ല.ഇത്തരത്തിലുള്ള പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നിലവിൽ പ്രവർത്തനം മരവിച്ചു കിടക്കുകയാണ്.ഈ സ്ഥിതി തുടർന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും തിരിച്ചടി ഉണ്ടാകും എന്ന് നേതാക്കൾ ആശങ്കപ്പെടുന്നുണ്ട്.മാത്രവുമല്ല കോൺഗ്രസ് നയിക്കുന്ന യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗിന് കോൺഗ്രസ് നേതാക്കളുടെ നിലവിലെ പോക്കിനോട് കടുത്ത അമർഷം ഉണ്ട്.ലോകസഭ തെരഞ്ഞെടുപ്പിൽ നേടിയെടുക്കാൻ കഴിഞ്ഞ വിജയം നിലനിർത്തി പോകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ട ഗതികേടിലേക്ക് യുഡിഎഫ് എത്തിച്ചേരും എന്ന് ലീഗ് നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.ഈ പ്രതിസന്ധി കോൺഗ്രസ് നേതാക്കളുമായി ലീഗ് നേതാക്കൾ പലതവണ ചർച്ച ചെയ്തിട്ടുള്ളതാണ്. ഓരോ ചർച്ചയിലും ഇപ്പോൾ പരിഹരിക്കും എന്ന പാർട്ടി പ്രസിഡൻറ് സുധാകരന്റെയും പ്രതിപക്ഷ നേതാവ് സതീശന്റെയും വാക്കുകൾ ഫലം കാണാത്തതിൽ ലീഗ് നേതാക്കൾക്ക് വലിയ നിരാശ ഉണ്ട്

ഏതായാലും കാലങ്ങളായി തുടരുന്ന ഗ്രൂപ്പ് വഴക്കുകൾക്ക് വീണ്ടും കേരളത്തിലെ കോൺഗ്രസിന്റെ തറവാട് ആയ ഇന്ദിരാഭവൻ മാറിയിരിക്കുകയാണ്. പുതിയ സംഘടന സെക്രട്ടറിയുടെ നിയമനം വരും നാളുകളിൽ നേതാക്കൾക്കിടയിൽ എന്തൊക്കെ തരത്തിലുള്ള പ്രതിസന്ധികൾ ആയിരിക്കും ഉണ്ടാക്കുക എന്നത് കണ്ടു തന്നെ അറിയണം