മലബാറിലെ മാപ്പിള സഖാക്കൾ ചുവടുമാറ്റുന്നു……

ലീഗിലേക്കോ അതോ കോൺഗ്രസിലേക്കോ......

മുസ്ലിംലീഗ് രാഷ്ട്രീയവും കോൺഗ്രസ് രാഷ്ട്രീയവും ഒക്കെ ഉപേക്ഷിച്ച് സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയിൽ അഭയം തേടിയ ചിലരാണ് ഇപ്പോൾ മുഖ്യമന്ത്രിയെ അടക്കം ഞെട്ടിച്ചുകൊണ്ട് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.കേരളത്തിലെ സിപിഎം എന്ന പാർട്ടി ആഭ്യന്തര കലഹങ്ങൾ മൂലം ദ്രവിച്ചിരിക്കുന്നു എന്നും ശക്തി ആർജ്ജിച്ചു മുന്നോട്ടു പോക്ക് എളുപ്പമല്ല എന്ന തിരിച്ചറിവാണ് മാപ്പിള സഖാക്കളായ നേതാക്കളെ മാറി ചിന്തിപ്പിക്കുന്നത്.ഏതായാലും ലീഗ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും ഉപേക്ഷിച്ച് സിപിഎം പാർട്ടിയുടെ സ്വതന്ത്ര വേഷം അണിഞ്ഞു കൊണ്ട് രംഗത്ത് വന്ന മാപ്പിള സഖാക്കൾ പലരും റെക്കോർഡ് സൃഷ്ടിച്ച വിജയങ്ങൾ നേടിയെടുക്കുകയുണ്ടായി.പാർട്ടി പിന്തുണച്ചതോടു കൂടി ഈ നേതാക്കൾ വിജയിച്ചു വന്നപ്പോൾ സിപിഎം അത് വലിയ നേട്ടമായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറിയിരിക്കുന്നു.മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാപ്പിള സഖാക്കളിൽ പലർക്കും സിപിഎം മടുത്ത അവസ്ഥയിലാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വമ്പൻ പരാജയവും അതിനെ തുടർന്ന് ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിനകത്ത് വിട്ടുമാറാതെ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന വിഷയങ്ങളും ആണ് ഈ നേതാക്കളെ സിപിഎം ബന്ധം ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.

മലപ്പുറം ജില്ല മുസ്ലിം ലീഗ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത രാഷ്ട്രീയ ശക്തിയായി നിൽക്കുന്ന പ്രദേശമാണ്. മലപ്പുറത്തുനിന്നാണ് മുസ്ലിംലീഗിന്റെ ശബ്ദമെല്ലാം ഉയരുന്നത്. അങ്ങനെ ഉയരുന്ന ശബ്ദങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യവും ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് മുന്നണി വന്നപ്പോൾ മുസ്ലിം ലീഗ് പാർട്ടി അതിൽ ചേർന്നു എങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. നാലു പതിറ്റാണ്ടിലധികമായി മുസ്ലിം ലീഗ് പാർട്ടി കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.മുസ്ലിം ലീഗ് പാർട്ടിയുടെ മലബാർ മേഖലയിലെ ഉറച്ച കോട്ടകൾ തകർക്കുന്നതിന് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ പല തന്ത്രങ്ങളും പയറ്റി എങ്കിലും മുസ്ലിംലീഗ് പാർട്ടിക്ക് ചെറിയ ക്ഷീണം പോലും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് സാഹചര്യത്തിലാണ് മുസ്ലിംലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗുമായി ഇടഞ്ഞ കെ ടി ജലീലിനെ സിപിഎം സ്വതന്ത്രനാക്കി മത്സരിപ്പിച്ച്. കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ വൻമരത്തെ വീഴിച്ചത് ജലീലിന്റെ ഈ നേട്ടത്തിൽ സിപിഎം നേതാക്കൾക്ക് വലിയ ആഹ്ലാദവും അഭിമാനവും ഉണ്ടായിരുന്നു. ഇതിനുശേഷമാണ് മറ്റു പാർട്ടികളിൽ ആശയപരമായി മറ്റും അകന്നു നിൽക്കുന്ന നേതാക്കളെ വലവീശി സ്വതന്ത്രരായി മത്സരിപ്പിക്കുന്നതിനുള്ള നീക്കം സിപിഎം എടുത്തത്. ഇതിൻറെ അണിയറ പ്രവർത്തനം നടത്തിയത് പിണറായി വിജയൻ തന്നെ ആയിരുന്നു. പിണറായിയുടെ വിശ്വസ്തർ വഴിയാണ് ഇത്തരത്തിലുള്ള വലവീശൽ പരിപാടി നടത്തിയത്. ഇപ്പോൾ പിണറായി സർക്കാരിൽ മന്ത്രി ആയിട്ടുള്ള അബ്ദുൽ റഹ്മാൻ കോഴിക്കോട് നിന്നുള്ള പി.ടി.എ റഹീം കാരാട്ട് റസാക്ക് തുടങ്ങിയവരെല്ലാം ഈ തരത്തിൽ പിണറായിയുടെ വലയിൽ വീണവരാണ്. മാപ്പിള സഖാക്കന്മാർ എന്ന രീതിയിലാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത് ആദ്യഘട്ടങ്ങളിൽ എല്ലാം സിപിഎം നേതാക്കൾ വലിയ ആദരവും സ്നേഹവും ഈ മാപ്പിള സഖാക്കൾക്ക് നൽകിയിരുന്നു ഇതിൻറെ ഒരു ഭാഗമായിരുന്നു ജലീലിന്റെ മന്ത്രി പദവി.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടുകൂടി രാഷ്ട്രീയത്തിലെ മുൻധാരണകൾ എല്ലാം തകിടംമറിയുന്ന സ്ഥിതിയാണ് ഉണ്ടായത്. സിപിഎം എന്ന ഇടതുമുന്നണിയെ നയിക്കുന്ന പാർട്ടി പല ജില്ലകളിലും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നു. വെറും തിരിച്ചടി എന്ന പറഞ്ഞ അവസാനിപ്പിക്കാൻ കഴിയുന്നതായിരുന്നില്ല അവരുടെ തോൽവി. ആലപ്പുഴ തൃശ്ശൂർ ആറ്റിങ്ങൽ പാലക്കാട് കണ്ണൂർ തുടങ്ങിയ ജില്ലകളിൽ സിപിഎം കോട്ടകളിൽ പോലും വോട്ടിന്റെ കാര്യത്തിൽ ചോർച്ച ഉണ്ടായി. ഈ പ്രദേശങ്ങളിൽ എല്ലാം സിപിഎമ്മിന്റെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ചെന്നുചേരുന്ന സാഹചര്യം ഉണ്ടായി എന്നാണ് സിപിഎം തന്നെ വിലയിരുത്തിയത്. പിണറായി വിജയൻറെ മണ്ഡലത്തിൽ പോലും വലിയ ഭൂരിപക്ഷത്തിൽ നിന്നിരുന്ന സിപിഎമ്മിന് അതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. മാത്രവുമല്ല അവിടെ പതിവുകൾ തെറ്റിച്ച് ബിജെപി സ്ഥാനാർഥി വലിയതോതിൽ വോട്ടുനേടുകയും ചെയ്തു.

ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എല്ലാ നേതാക്കളും ആത്മപരിശോധനയും വിലയിരുത്തലും ഒക്കെ തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെയും വിജയം ഉറപ്പിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തത് മുസ്ലിം അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളെ അമിതമായി ചുമന്നതാണ് തിരിച്ചടിക്ക് കാരണം എന്ന് പറയുന്നുണ്ട്. മതന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ അമിത ആവേശം പിണറായി അടക്കം കാണിച്ചപ്പോൾ ഹൈന്ദവ വോട്ടുകൾ പ്രതിഷേധത്തോടുകൂടി മറ്റ് എവിടെയെങ്കിലും രേഖപ്പെടുത്തുക എന്ന മാനസികാവസ്ഥയിലേക്ക് അവർ എത്തിച്ചേർന്നു. ഇതാണ് സിപിഎം കോട്ടകളിൽ പോലും വോട്ട് കുറയാൻ വഴിയൊരുക്കിയത് പിന്നോക്ക ഹൈന്ദവ സമുദായങ്ങൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തമായ അടിത്തറയായിരുന്നു ആ മതവിഭാഗങ്ങളെയാണ് ഇപ്പോൾ സിപിഎം എന്ന പാർട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്

ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യം വിശദമായി പഠിച്ചു കൊണ്ടാണ് മാപ്പിള സഖാക്കൾ എന്ന ഓമനപേരിൽ സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്ന ജലീൽ അൻവർ അബ്ദുൽ റഹ്മാൻ പിടിഎ റഹീം കാരാട്ട് റസാക്ക് തുടങ്ങിയവർ മാറി ചിന്തിക്കുന്നതിന് തയ്യാറായിരിക്കുന്നത് ഇതിന് മറ്റു ചില കാര്യങ്ങൾ കൂടി അവർ കാണുന്നുണ്ട് കേരളത്തിൽ സിപിഎമ്മിനെ ഉരുക്കു കോട്ട പോലെ വളർത്തി നിർത്തുന്നതിൽ പിണറായി വിജയൻ വിജയിച്ചിരുന്നു അസാധാരണമായ ചങ്കൂറ്റവും ആരെയും നിലയ്ക്കുനിർത്താനുള്ള കഴിവും ആയിരുന്നു അദ്ദേഹത്തിൻറെ സവിശേഷത എന്നാൽ ആ പിണറായി വിജയൻ ഇപ്പോൾ ഇല്ല എന്നാണ് വിലയിരുത്തപ്പെടുന്നത് തനിക്ക് ചുറ്റും കൂരമ്പു പോലെ എത്തുന്ന പലതരത്തിലുള്ള ആരോപണങ്ങളും അഴിമതി കഥകളും ക്രിമിനൽ കുറ്റങ്ങളും തടഞ്ഞു നടത്താൻ കഴിയാത്ത വിധത്തിൽ വ്യാപിച്ചതോടെയാണ് പിണറായി എന്ന കരുത്തൻ തളർച്ചയിൽ ആയത് മാപ്പിള സഖാക്കൾ മറ്റൊരു കാര്യം കൂടി ചിന്തിക്കുന്നുണ്ട് പിണറായി ഈ സർക്കാരിൻറെ കാലത്തോടെ രംഗം വിടും പിന്നെ ആരു വരും എന്നതാണ് സിപിഎമ്മിന് അകത്തുള്ള ഏറ്റവും വലിയ പ്രതിസന്ധി പിണറായി വിജയൻ എന്ന സിപിഎം നേതാവിനെ പത്തിലൊന്ന് ശക്തിയെങ്കിലും ഉള്ള ഒരു നേതാവും ആ പാർട്ടിയിൽ അവശേഷിക്കുന്നില്ല സിപിഎമ്മിന്റെ ബന്ധം ഉപേക്ഷിക്കുന്നതിന് മാപ്പിള സഖാക്കൾ നീ കണ്ണെടുത്തുന്നതിന്റെ മറ്റൊരു കാരണവും ഇതുതന്നെയാണ്