കേരളത്തിൽ പ്രതിപക്ഷക്കാർ ഉണ്ടോ.

ഭരണക്കാരെ കൊണ്ട് നാണംകെട്ട് മലയാളികൾ.

ക്യ കേരളം രൂപം കൊണ്ട ശേഷം പല രാഷ്ട്രീയ പാർട്ടികളും പല നേതാക്കളും അധികാരത്തിൽ വന്നിട്ടുണ്ട്.പല സർക്കാരുകൾക്കും എതിരെ വിമർശനങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടും ഉണ്ട്.എന്നാൽ ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്ന പിണറായി സർക്കാരിൻറെ നാണംകെട്ട ഒരു ഭരണകൂടം ഇതിനുമുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല.ഇ എം എസ്.കെ കരുണാകരൻ.ഉമ്മൻചാണ്ടി തുടങ്ങിയ പല മുൻ മുഖ്യമന്ത്രിമാരുടെയും പേരിൽ പലതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.എന്നാൽ ഇപ്പോഴത്തെ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയരുന്നത് ഒന്നും രണ്ടും പരാതികളും ആരോപണങ്ങളും അല്ല.മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിൻറെ ഓഫീസസിന് എതിരെയും നിരവധിയായ ആരോപണങ്ങളാണ് പുറത്തുവരുന്നത്.ഇത്തരത്തിൽ ആരോപണങ്ങളുമായി വരുന്നത് പ്രതിപക്ഷത്ത് ഉള്ള ഏതെങ്കിലും നേതാവ് അല്ല.മറിച്ച് സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിൽ പെട്ട നിയമസഭാംഗമാണ് നിരന്തരം ഇപ്പോൾ സർക്കാരിനെതിരായ ആക്ഷേപങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.യഥാർത്ഥത്തിൽ ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകളും മറ്റും കാണുന്ന മലയാളികൾ തലകുനിച്ച് നാണംകെട്ടിരിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഭരണകക്ഷിയെക്കാൾ യഥാർത്ഥത്തിൽ മലയാളിക്ക് നാണക്കേട് ഉണ്ടാക്കുന്നത് നിലവിലെ കേരളത്തിലെ പ്രതിപക്ഷമാണ്.ഇത്രയധികം ആക്ഷേപങ്ങൾ ഒരു ഭരണകൂടത്തിന് എതിരെ ഉയർന്നിട്ട് ഒരു ജനകീയ പ്രക്ഷോഭം അതിനെതിരായി ഉയർത്തിയെടുക്കാൻ കഴിയാത്ത കഴിവുകെട്ട പ്രതിപക്ഷമാണ് കേരളത്തിൽ ഉള്ളത്.വല്ലപ്പോഴും ഒരിക്കൽ കുറെ യൂത്തന്മാർ തെരുവിലിറങ്ങി അതും ഇതും ഒക്കെ കാണിച്ചു കൂട്ടും…. പോലീസിന്റെ വെള്ളം ചീറ്റിക്കൽ പരിപാടി വരുന്നതോടുകൂടി യൂത്തന്മാർ നനഞ്ഞ വേഷവും മിനുക്കി പിരിയുകയും ചെയ്യും. ഇവിടെ കഴിഞ്ഞ മൂന്നു കൊല്ലത്തോളം ആയി ഒരു പ്രതിപക്ഷ നേതാവ് വിലസി നടക്കുന്നുണ്ട്.ഇദ്ദേഹത്തിൻറെ പ്രതിപക്ഷ നേതാവ് എന്ന രീതിയിലുള്ള പ്രവർത്തനം വെറും വട്ടപ്പൂജ്യമാണ് എന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.സർക്കാരിൻറെ ഇത്രയും വലിയ കൊള്ളരുതായ്മകൾ ഉണ്ടായിട്ടും ഒരെണ്ണം പോലും കണ്ടുപിടിക്കാൻ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞിട്ടില്ല.ഭരണപക്ഷത്തു നിന്നോ അല്ലെങ്കിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നോ പുറത്തുവരുന്ന സർക്കാർ വിരുദ്ധ ആരോപണങ്ങൾ കേൾക്കുന്ന ഉടൻ പൗഡറും പൂശി മാധ്യമങ്ങൾക്ക് മുന്നിൽ എത്തി സർക്കാർ രാജിവയ്ക്കണം – ഇപ്പോൾ തന്നെ രാജിവെക്കണം എന്നൊക്കെ ഒരു നാണവും ഇല്ലാതെ വിളിച്ചു കൂവുന്ന പരിപാടി മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തിക്കൊണ്ടിരിക്കുന്നത്.

പിണറായി വിജയൻ നയിക്കുന്ന രണ്ടാം ഇടതുമുന്നണി സർക്കാരിൻറെ തുടക്കം മുതൽ തന്നെ പലതരത്തിലും ആരോപണങ്ങൾ ഉയർന്നുകൊണ്ടിരുന്നു.മുൻ സർക്കാരിൻറെ കാലത്ത് നടന്ന സ്വർണക്കടത്തും ഡോളർ കടത്തും അടക്കമുള്ള പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്ന് പറയുന്ന മാസപ്പടി കേസ അടക്കം നിരവധി ആരോപണങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവന്നു.ഏറ്റവും ഒടുവിൽ സിപിഎം നിയമസഭാംഗമായ അൻവർ ഓരോ ദിവസവും സർക്കാർ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിവരിച്ചു കൊണ്ടിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവിയുമായി ചേർന്നുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ.സ്വർണ്ണ കടത്ത്.റിയൽ എസ്റ്റേറ്റ് തട്ടിപ്പ്.കൊലപാതക ശ്രമം.തെളിവ് നശിപ്പിക്കൽ തുടങ്ങിയവയെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് തെളിവുകൾ ശേഖരിച്ച് പുറത്തു പറഞ്ഞുകൊണ്ടിരിക്കുകയാണ് അൻവർ.ഇത്രയധികം ക്രിമിനൽ കുറ്റങ്ങളും തട്ടിപ്പുകളും ഭരണകക്ഷി എംഎൽഎ കണ്ടുപിടിച്ചിട്ടും എന്തെങ്കിലും ഒരു സർക്കാർ തട്ടിപ്പ് അന്വേഷിച്ചു കണ്ടുപിടിക്കാൻ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞില്ല എങ്കിൽ അത് അദ്ദേഹത്തിൻറെ പിടിപ്പുകളുടെ തന്നെ ആണ്.

മലയാളികൾ ഒന്നടങ്കം ഇപ്പോൾ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യം ഉണ്ട്.പിണറായി സർക്കാരിൻറെ പേരിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന കുറ്റകരമായ നടപടികളുടെ വാർത്തകൾ ഒരു കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്തായിരുന്നെങ്കിൽ കേരളത്തിലെ സ്ഥിതി എന്തായിരിക്കും.ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം അടക്കം എല്ലാ പാർട്ടികളും ആഴ്ചതോറും ബന്ദുകളും ഹർത്താലുകളും പൊതു പണിമുടക്കുകളും അക്രമ സമരങ്ങളും കടയടപ്പിക്കൽ സമരവും വണ്ടി തടയലും വഴിതടയിലും അടക്കം കേരളത്തെ ഒരു കലാപഭൂമിയാക്കി മാറ്റുമായിരുന്നു.ഇത്തരത്തിൽ നടക്കുന്ന സമരങ്ങൾക്കിടയിൽ സർക്കാർ സ്തംഭിക്കുന്ന സാഹചര്യം പോലും ഉണ്ടാകുമായിരുന്നു.ഇവിടെ ഇടതുപക്ഷ സർക്കാർ എല്ലാ തോന്നിയവാസങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോൾ വെറും പ്രസ്താവന വീരന്മാരായി പൗഡറും പൂശി നടക്കുന്ന കോൺഗ്രസ് നേതാക്കളെയാണ് ജനം കണ്ടുകൊണ്ടിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ നിലവിലെ നിർഗുണാവസ്ഥയും പിടിപ്പു കേടും ആണ് പിണറായി വിജയനും ഇടത് സർക്കാരിനും എന്തും ചെയ്യാൻ ധൈര്യം കൊടുത്തു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം വിചാരിച്ചാൽ സർക്കാരിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ കഴിയില്ല എന്ന കാര്യം പിണറായി വിജയന് കൃത്യമായി അറിയാം.അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധ സ്വരങ്ങൾ പിണറായി വിജയൻ തള്ളിക്കളയുന്നത്ഏതായാലും കേരളത്തിലെ ജനങ്ങൾ നിലവിലെ ഇടതുപക്ഷ സർക്കാരിൻറെ കാര്യത്തിൽ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ കഴിയുകയാണ്.ഇതിനെ തടയിടാൻ കഴിയേണ്ടത് നിലവിലെ പ്രതിപക്ഷ പാർട്ടികൾക്കാണ്.കോൺഗ്രസും മുസ്ലിം ലീഗും കേരള കോൺഗ്രസുകളും പിന്നെ ചില ചെറു പാർട്ടികളും ഒക്കെ ഉണ്ടെങ്കിലും ഒരു ജനകീയ പ്രക്ഷോഭത്തിലേക്ക് കടന്നു വരുവാനും ജനങ്ങളെ അതിനായി സജ്ജമാക്കാനും പ്രതിപക്ഷത്തിന് ഇപ്പോഴും കഴിയുന്നില്ല. ഇത്രയ്ക്ക് പിടിപ്പു കെട്ട ഒരു പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ പാർട്ടികളെയും അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല എന്നതാണ് വാസ്തവം.ഈ ദുർഗതിയാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്നത്.