എൽഡിഎഫ് വിടാൻ സിപിഐ ഒരുങ്ങുന്നു.

ബിനോയ് വിശ്വത്തിന് വാഴപ്പിണ്ടിയുടെ നട്ടെല്ല് എന്ന പരിഹാസം.

മ്മ്യൂണിസ്റ്റ് കോൺഗ്രസ് ബന്ധം കേരളത്തിൽ പുതിയ രാഷ്ട്രീയ സംഭവവികാസം ഒന്നുമല്ല.കേരളത്തിലെ ഏറ്റവും നല്ല ഭരണമായി ഇന്നും എടുത്തുപറയുന്ന സർക്കാർ സിപിഐ നേതാവായിരുന്ന സി അച്യുതമേനോൻ മുഖ്യമന്ത്രിയായിട്ടുള്ള ഭരണമായിരുന്നു. കോൺഗ്രസിൻറെ മുതിർന്ന നേതാവ് കെ കരുണാകരൻ ആയിരുന്നു ആ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രി.സാധാരണ ഗതിയിൽ ഏതു സർക്കാരിനും അഞ്ചുവർഷ കാലാവധി ആയിരുന്നു എങ്കിൽ അച്യുതമേനോൻ സർക്കാർ അടിയന്തരാവസ്ഥയുടെ പേരിൽ ആറര കൊല്ലത്തിലധികം ഭരണത്തിൽ തുടരുന്ന സ്ഥിതി ഉണ്ടായി.അച്യുതമേനോൻ എന്ന മികച്ച ഭരണാധികാരിയുടെ മേൽനോട്ടത്തിൽ നടന്ന ആ സർക്കാര് ഒരു പൂർണ്ണമായ ജനകീയ സർക്കാർ എന്ന പേര് നേടിയെടുക്കുകയും ചെയ്തിരുന്നു.കുറച്ച് വിവാദങ്ങൾ ഉണ്ടാക്കിയത് അതിനുശേഷം ഉണ്ടായ രാജൻ സംഭവവും മറ്റും ആയിരുന്നു.ഈ പശ്ചാത്തലം ഇപ്പോൾ ആവർത്തിച്ചു കൊണ്ടാണ് എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ ഇടതുമുന്നണി വിടുന്നതിനും കോൺഗ്രസ് മുന്നണിയിലേക്ക് മാറുന്നതിനും ആലോചിച്ചു കൊണ്ടിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം നടന്നിട്ടുള്ള പല പ്രവർത്തനങ്ങളും സിപിഐക്ക് ക്ഷീണം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു.കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ സിപിഐയുടെ നാല് സ്ഥാനാർഥികളും തോൽവിയിൽ എത്തുകയാണ് ഉണ്ടായത്.ഇതിൽ ഏറ്റവും ശക്തനായ സ്ഥാനാർഥി ആയി തൃശ്ശൂരിൽ മത്സരിച്ച വലിയ ജനകീയ നേതാവായ സുനിൽകുമാർ പോലും വമ്പൻ തോൽവി ഏറ്റുവാങ്ങി. ഈ തോൽവിയുടെ പേരിൽ ഇപ്പോഴും പലവിധത്തിലുള്ള തർക്കങ്ങൾ തുടരുകയാണ്. ആഭ്യന്തരമന്ത്രിയായ പിണറായി വിജയൻറെ ഒപ്പം നിൽക്കുന്ന എം ആർ അജിത് കുമാർ എന്ന പോലീസ് മേധാവി മനപ്പൂർവ്വമായി തൃശ്ശൂർ പൂരം കലക്കിയത് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടിയായിരുന്നു എന്ന് വരെ ആക്ഷേപം ഉയരുകയുണ്ടായി.ഇപ്പോൾ പൂരം തടയപ്പെട്ടതിൽ അന്വേഷണം നടത്തി പോലീസ് മേധാവി നൽകിയ റിപ്പോർട്ട് പുറത്തുവന്നപ്പോൾ സിപിഐ നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്.പൂരം ആരും കലക്കിയതല്ല സ്വയം കലങ്ങിയതാണ് എന്നുള്ള റിപ്പോർട്ട് ആണ് പോലീസ് മേധാവി സർക്കാരിന് കൈമാറിയത്.ഈ റിപ്പോർട്ടിനെ തള്ളിക്കളയുകയും വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് സിപിഐ

സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മാത്രമല്ല പോലീസ് മേധാവികൾക്ക് എതിരെയും നിരവധിയായ ആരോപണങ്ങൾ ക്രിമിനൽ കുറ്റങ്ങൾ അടക്കം വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത് സിപിഎമ്മിന്റെ നിയമസഭാംഗമായ അൻവർ ആയിരുന്നു.അൻവർ അഴിച്ചുവിട്ട ആരോപണങ്ങൾ അന്വേഷിക്കണം എന്നും ആർ എസ് എസ് നേതാവിനെ രഹസ്യമായി കണ്ട പോലീസ് മേധാവിക്കെതിരെ നടപടിയെടുക്കണം എന്നും ഒക്കെ സിപിഐ സെക്രട്ടറി ബിനോയ് വിശ്വം അടക്കം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പുച്ഛത്തോടെ കൂടി ഇതെല്ലാം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായത്.മുന്നണിയുടെ യോഗത്തിൽ പങ്കെടുത്തു കൊണ്ട് രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി സർക്കാരിനെതിരെ ഉണ്ടായിരിക്കുന്ന ആരോപണങ്ങളെ പറ്റി ശക്തമായി പ്രതികരിച്ചു എങ്കിലും ഇതൊന്നും കാര്യമായി പരിഗണിക്കാതെയാണ് മുഖ്യമന്ത്രി മുന്നോട്ടു നീങ്ങിയത്.ഇതിനുപുറമെയാണ് അൻവർ പുറത്തുവിട്ട ആരോപണങ്ങൾ വലിയ ഗൗരവം ഉള്ളതാണ് എന്നും അന്വേഷണം വേണമെന്നും സിപിഐയുടെ മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രകാശ് ബാബു ആവശ്യപ്പെട്ടത്.ഇതും സിപിഎം ഗൗരവമായി കണ്ടില്ല. പ്രതിഷേധവുമായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും ഒരുതരത്തിലും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പരിഗണനയ്ക്ക് എടുത്തില്ല എന്നതാണ് നിലവിലെ സ്ഥിതി

വലിയ ആദർശവാദിയും യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന് ഇപ്പോഴും പറയപ്പെടുകയും ചെയ്യുന്ന പഴയ സിപിഐ സംസ്ഥാന സെക്രട്ടറി അന്തരിച്ച സി കെ ചന്ദ്രപ്പൻ ഒരിക്കൽ പുറത്തുപറഞ്ഞ ഒരു സത്യം ഇപ്പോൾ സിപിഐയുടെ മുതിർന്ന നേതാക്കൾ ഓർമിച്ചെടുക്കുന്നുണ്ട്.അന്ന് ചന്ദ്രപ്പൻ ഒരു പത്രലേഖകന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.സിപിഎം എന്ന പാർട്ടി തുടരുന്ന ജനവിരുദ്ധ നയങ്ങൾ ആ പാർട്ടിയെ തകർച്ചയിൽ എത്തിക്കും എന്നും അവരോടൊപ്പം ചേർന്ന് നീങ്ങുന്നതിനാൽ ഈ തകർച്ച സിപിഐയെയും ബാധിക്കും എന്നും സിപിഐക്കും തകർച്ചയുടെ ദുരന്തം നേരിടേണ്ടി വരും എന്നായിരുന്നു ചന്ദ്രപ്പന്റെ വാക്കുകൾ.ഇത് ഓർമിച്ചതുകൊണ്ടാണ് ഇടതുമുന്നണിയിൽ സിപിഐ തുടരുന്നതിലെ അനൗചിത്യം മുതിർന്ന നേതാക്കൾ പുറത്തു പറയുന്നത്യുന്നത്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആണ് ഇടതുപക്ഷ മുന്നണി ഏറ്റവും വലിയ തകർച്ച അനുഭവിച്ചത്.ഒരു സീറ്റിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞത്.മാത്രവുമല്ല തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വലിയ ഭൂരിപക്ഷം നേടിയത് സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുകയും ചെയ്തിരുന്നു.അത് മാത്രമല്ല സിപിഎമ്മിന്റെ കോട്ടയായ കണ്ണൂർ ജില്ലയിൽ അടക്കം പലയിടത്തും പാർട്ടി വോട്ടുകൾ ചോർന്ന സംഭവവും പുറത്തു വരികയുണ്ടായി ..രണ്ടാം പിണറായി സർക്കാരിനെതിരെ ഉണ്ടായ ഭരണവിരുദ്ധ വികാരമാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ മുഖ്യ കാരണം എന്ന ഇടതുമുന്നണിയിലെ ഘടകകക്ഷികളും അഭിപ്രായപ്പെടുന്ന സ്ഥിതി വന്നു.സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം സർക്കാർ തെറ്റുകൾ തിരുത്തണം എന്ന രീതിയിൽ പൊതു അഭിപ്രായം പറയുകയും ചെയ്തിരുന്നു

ഇത്തരത്തിൽ എല്ലാ മേഖലയിൽ നിന്നും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവും പരാതിയും ഉയർന്നുവരുന്ന അവസ്ഥയിലും പരാതിക്കാരായി മാറിയവരും പരാതിയിൽ പറയുന്ന പ്രതിസ്ഥാനത്തുള്ളവരും ഇപ്പോഴും അതേപോലെതന്നെ സ്വന്തം പദവികളിൽ തുടരുന്നത് മുഖ്യമന്ത്രി അവർക്ക് കൂട്ടുനിൽക്കുന്നത് കൊണ്ടാണ് എന്ന് പരാതിയാണ് ഇപ്പോൾ വലിയ തോതിൽ ഉയർന്നുവരുന്നത്.ഇത് തുടരുന്ന പക്ഷം തുടർഭരണം കിട്ടിയ രണ്ടാം പിണറായി സർക്കാർ കാലാവധി അവസാനിക്കുന്നതോടു കൂടി കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ അവസാനം ഉണ്ടാകും എന്ന രീതിയിലുള്ള വിലയിരുത്തലുകളും ഉയർന്നുവരികയാണ്. സിപിഎം മാത്രമല്ല ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കും സർക്കാരിൻറെ തെറ്റായ പ്രവർത്തന ശൈലി മൂലം എതിർപ്പുകൾ നേരിടേണ്ടി വരുകയാണ്.ജനങ്ങൾ ഈ സർക്കാരിന് എതിരാണെന്നും ജനകീയ പ്രശ്നങ്ങൾ അല്ല നിരന്തരം ഉയരുന്നതെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ ആരോപണങ്ങളാണ് നിരന്തരം വന്നുകുണ്ടിരിക്കുന്നതെന്നും ഉള്ള വിലയിരുത്തലും ഉണ്ട്ഇത്തരത്തിൽ എല്ലാ പ്രതിസന്ധികളും ഒരുമിച്ച് നിരന്ന് നിന്നിട്ടും അത് പരിഗണിക്കാനോ തെറ്റിയിട്ടുള്ള കാര്യങ്ങൾ തിരുത്തുവാനോ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും തയ്യാറാവാതെ വരുന്നതിലുള്ള വലിയ ആശങ്കയിലാണ് സിപിഐ നേതാക്കൾ.ഇന്നത്തെ അവസ്ഥയിൽ ഇടതുമുന്നണിയിൽ തുടർന്നാൽ സ്വന്തം പാർട്ടി തന്നെ ഇല്ലാതാവുന്ന സാഹചര്യമുണ്ടാകും എന്നും നേതാക്കൾ ഭയപ്പെടുന്നുണ്ട്

ഇതിനിടയിലാണ് സിപിഐയുടെ മുതിർന്ന ചില നേതാക്കൾ പരസ്പരം കൂടിയാലോചിച്ചുകൊണ്ട് പ്രത്യേകമായി നീങ്ങുന്നതിന് തയ്യാറായിരിക്കുന്നത്.പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവിയിൽ എത്തിയ ബിനോയ് വിശ്വം സ്വന്തം പദവിയുടെ വലിപ്പം പോലും മനസ്സിലാക്കാതെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു എന്ന പരാതിയാണ് ഈ മുതിർന്ന നേതാക്കൾ ഉയർത്തുന്നത്.പാർട്ടിക്കും മുന്നണിക്കും ക്ഷീണം ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രവർത്തനങ്ങളും പോലീസ് മേധാവിയുടെ ക്രിമിനൽ ഇടപെടലുകളും അതുപോലെതന്നെ മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളും ഇടതുമുന്നണിയെ തകർച്ചയിലേക്ക് എത്തിക്കും എന്ന് ഈ മുതിർന്ന നേതാക്കൾ ഒറ്റ സ്വരത്തിൽ പറയുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.ഇന്നത്തെ അവസ്ഥയിൽ ഇടതുമുന്നണിയിൽ സിപിഐ തുടരണമോ എന്ന കാര്യം ചർച്ച ചെയ്യണം എന്നും ഈ നിലയിൽ മുന്നോട്ടു പോയാൽ പാർട്ടി പൂർണമായും തകരുന്ന സ്ഥിതി ഉണ്ടാകുമെന്നും ഈ മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പഴയകാലത്ത് കേരളത്തിൽ ഉണ്ടായ കോൺഗ്രസ് സിപിഐ കൂട്ടുകെട്ട് ആവർത്തിച്ചാൽ അതിൽ തെറ്റൊന്നുമില്ല എന്ന് കൂടി ഈ മുതിർന്ന നേതാക്കൾ പറയുന്നുണ്ട്.ചില മുതിർന്ന നേതാക്കൾ കെപിസിസി പ്രസിഡണ്ടുമായിട്ടും ഈ കാര്യം സംസാരിച്ചു എന്നും അറിയുന്നുണ്ട്.ഏതായാലും ഒരു കാര്യം ഉറപ്പാണ്.കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ മുന്നണിയിൽ തുടരുന്നത് ഒട്ടും തൃപ്തിയോടെ അല്ല…. എപ്പോൾ വേണമെങ്കിലും ഒരു മാറിയ രാഷ്ട്രീയ സഖ്യത്തിന് പാർട്ടി തീരുമാനിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല എന്ന മാനസികാവസ്ഥയിലാണ് കേരളത്തിലെ സിപിഐ നേതാക്കൾ.ഇത്തരത്തിൽ ചിന്തിച്ചു കൊണ്ടിരിക്കുന്ന കേരള നേതാക്കളുടെ മാനസികാവസ്ഥയുമായി കേന്ദ്ര നേതാക്കളും യോജിക്കുന്നു എന്നാണ് അറിയുന്നത്.അതിന് ഒരു പ്രത്യേക കാരണവും ഉണ്ട്.ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടി നേതൃത്വം കൊടുക്കുന്ന ഇന്ത്യ സഖ്യത്തിൽ ഒപ്പം നിന്നുകൊണ്ടാണ് സിപിഐ പ്രവർത്തിച്ചുവരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയുമായി ഒരു ധാരണയോടെ ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ട്. മാത്രവുമല്ല ഇന്നത്തെ സാഹചര്യത്തിൽ സിപിഎമ്മുമായി ഒരുമിച്ച് നീങ്ങിയാൽ തകർച്ച അനുഭവിക്കേണ്ടി വരിക സിപിഐക്ക് ആയിരിക്കും എന്ന് ഒരു ചിന്തയും നേതാക്കൾക്ക് ഉണ്ട്