കേരളത്തിലെ പത്രങ്ങളിലും ചാനലുകളിലും എല്ലാം നിറഞ്ഞുനിൽക്കുന്ന രണ്ട് മുഖങ്ങൾ ഉണ്ട്. ഒന്ന് രാഷ്ട്രീയക്കാരനായ പി വി അൻവർ എം എൽ എ യുടെ മുഖം, മറ്റൊന്ന് സിനിമ അഭിനേതാവായ സിദ്ദിഖിന്റെ മുഖം. ഒരാൾ പോലീസിനെ ചീത്ത വിളിക്കുമ്പോൾ മറ്റൊരാൾ പോലീസിനെ കാണാതെ മുങ്ങി നടക്കുന്നു. ഇവിടെ യഥാർത്ഥത്തിൽ വിഡ്ഢികളായി മാറിയിരിക്കുന്നത് കേരളീയരായ പൊതുജനങ്ങൾ ആണ്. രാഷ്ട്രീയക്കാരനായ അൻവർ സർക്കാരിനെയും സ്വന്തം പാർട്ടിയായ സിപിഎമ്മിനെയും പോലീസ് മേധാവിയെയും സ്ഥിരമായി ആക്രമിക്കുകയാണ്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനു നേരെയും അൻവർ ബോംബ് പൊട്ടിച്ചിട്ടുണ്ട്. ഇതൊക്കെ കേരളീയർ കണ്ടുകൊണ്ടിരിക്കുന്ന പതിവ് രാഷ്ട്രീയ കളികളാണ്. എന്നാൽ മറുവശത്ത് ഒരു മഹാസംഭവം ഏറെ നാളായി ഉയർന്നുവന്നത് ഇപ്പോഴും നിലനിൽക്കുകയാണ്. മലയാള സിനിമ രംഗത്തുള്ള നടികളായ സ്ത്രീകൾ ജീവിതത്തിൽ നേരിടേണ്ടി വന്ന പീഡനങ്ങൾ പറയാൻ തുടങ്ങിയപ്പോൾ പ്രതി പട്ടികയിൽ ഉള്ളവർ നീണ്ടുപോയി. പ്രമുഖരായ പലരും സിനിമയുടെ മറവിൽ സ്ത്രീകളെ ബലാൽക്കാരമായും അല്ലാതെയും ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചതിന്റെ തുറന്നുപറച്ചിലുകളും തെളിവു നിരത്തലുകളും വന്നതോടുകൂടി തിളങ്ങുന്ന താര മുഖങ്ങൾ ചെളിപുരണ്ടതായി മാറി. പീഡനത്തിന് ഇരയായ നടികൾ നൽകിയ പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ പ്രമുഖ നടൻ മുകേഷ് അറസ്റ്റിലായി. ജാമ്യത്തിൽ ഇറങ്ങി. മറ്റൊരു സിനിമ പ്രമാണി മൂന്ന് നാല് ദിവസമായി മുങ്ങി നടക്കുകയാണ്. ഇപ്പോൾ ഈ നടനെ കണ്ടുപിടിക്കുന്നതിനുവേണ്ടി കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസും പത്ര പരസ്യങ്ങളും ഒക്കെയായി രംഗത്ത് വന്നിരിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ സംസ്കാര സമ്പന്നരായ മലയാളികളെ കളിയാക്കുന്നതിന് തുല്യമാണ്. ഏതാണ്ട് നാല് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നായക വേഷത്തിലും സഹ നടന്റെ വേഷത്തിലും നിറഞ്ഞു നിന്നിരുന്ന ഒരു നടനെ കണ്ടുപിടിക്കാൻ പത്രത്തിൽ പടംം പ്രതിസന്ധികരിക്കേണ്ട കാര്യം ഉണ്ടോ എന്നത് രസകരമായ ഒരു ചോദ്യമാണ്. ഏതായാലും നാലുദിവസമായിട്ടും ജനങ്ങൾ മുഴുവൻ കണ്ടാൽ തിരിച്ചറിയുന്ന സിദ്ദിഖ് എന്ന സിനിമ നടനെ പിടികൂടാൻ കേരള പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു ഗതികേട് തന്നെയാണ്.
കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയെങ്കിലും കോടതി അപേക്ഷ തള്ളിയതോടുകൂടി ആണ് നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യും എന്ന വാർത്തകൾ ഉണ്ടായത്. കോടതിയിൽ കേസ് എത്തിയ ദിവസം മുഴുവൻ സമയവും സിദ്ദിഖ് സ്വന്തം വീട്ടിൽ ഉണ്ടായിരുന്നു. അവിടെ നിന്ന് മറ്റൊരു ഹോട്ടലിലേക്കും അവിടെനിന്ന് മറ്റുപല സ്ഥലങ്ങളിലേക്കും മാറുകയാണ് ഉണ്ടായത്. അത് മാത്രമല്ല ബുധനാഴ്ച സിദ്ദിഖിന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നത്.പിന്നീട് ഓണാക്കുകയും അത് കഴിഞ് നിലയ്ക്കുകയും ചെയ്തു. മൊബൈലിൽ ഓണായ വിവരം പോലീസ് തന്നെയാണ് പുറത്തുവിട്ടത്. ഇതൊക്കെ സംഭവിച്ചിട്ടും സിദ്ദിഖ് എന്ന നടനെ എന്തുകൊണ്ട് പോലീസ് പിടികൂടുന്നില്ല എന്ന ചോദ്യമാണ് കേരളത്തിൻറെ പൊതു അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നത്.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചു ഒരു യുവ നടിയെ ബലാൽക്കാരമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് സിദ്ദിഖിന്റെ പേരിൽ കേസ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നിഷേധിച്ചതോടുകൂടി നാല് ദിവസമായി സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള നീക്കങ്ങളുമായി സിദ്ദിഖ് മുന്നോട്ടു പോവുകയാണ്. തിങ്കളാഴ്ച ഒരുപക്ഷേ സുപ്രീംകോടതിയിൽ ജാമ്യ ഹർജി വന്നേക്കും. അതുവരെ സ്വസ്ഥമായി മുങ്ങി നടക്കാൻ സിദ്ദിഖിന്അവസരം ഒരുക്കുന്നത് ആരാണ്. ഒരു കാര്യം ഉറപ്പാണ്. കേരള പോലീസിന് സിദ്ധിക്കെന്ന നടനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതല്ല. ഇതിനേക്കാൾ പ്രധാനമായ കേസുകളിൽ മണിക്കൂറുകൾക്കുള്ളിൽ കുറ്റവാളിയെ പിടികൂടിയ ചരിത്രം നമ്മുടെ പോലീസിന് ഉണ്ട്. ഒരു മാസം മുൻപാണ് തിരുവനന്തപുരത്തു നിന്നും കാണാതായ ഒരു അന്യസംസ്ഥാന കാരിയായ കൊച്ചു പെൺകുട്ടിയെ ബാംഗ്ലൂരിൽ നിന്നും 24 മണിക്കൂറിനകം കണ്ടുപിടിച്ചത്.അതിനുശേഷം പോലീസണ് കേരളത്തിൽ എത്തിച്ചത്. ഇത് പോലീസിന്റെ മാത്രം അന്വേഷണ മികവിലൂടെ സംഭവിച്ചത് ആയിരുന്നു.
കേസിൽ പ്രതിയായ ശേഷം ഏതെങ്കിലും തരത്തിൽ ഒളിവിൽ കഴിയുന്ന ഒരു പ്രതി സൗകര്യം പോലെ മൊബൈൽ ഫോൺ ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഇവിടെ കുറ്റവാളിയായി മാറിയ നടൻ സിദ്ദിഖ് ഫോൺ ഓൺ ചെയ്യുകയും പിന്നീട് ഓഫ് ചെയ്യുകയും ചെയ്തത് പോലീസിൻറെ അറിവോടുകൂടി അല്ലാതെ ആകാൻ സാധ്യതയില്ല. അതല്ല എങ്കിൽ എവിടെയാണ് സിദ്ദിഖിന്റെ മൊബൈൽ ഫോൺ ഓൺ ആയത് എന്ന് കണ്ടുപിടിക്കാൻ എല്ലാ ആധുനിക സൗകര്യവും കേരള പോലീസിന് ഉണ്ട്. എന്നിട്ടും അന്വേഷിക്കുകയാണ് തിരയുകയാണ് ഇപ്പോൾ പിടിയിലാകും എന്നൊക്കെയുള്ള വാർത്തകൾ പ്രചരിപ്പിച്ച് സിദ്ദിഖ് എന്ന നടന് മുങ്ങി നടക്കാൻ അവസരം ഒരുക്കുന്നത് പോലീസ് തന്നെ ആണ് എന്ന കാര്യത്തിൽ സംശയമില്ല. പോലീസ് കാണിക്കുന്ന ഈ പ്രത്യേക സൗജന്യങ്ങൾ ആധികാരിക തലങ്ങളിൽ ഉള്ള ഉയർന്ന ആൾക്കാരുടെ നിർദ്ദേശപ്രകാരം ആയിരിക്കണം എന്ന് സംശയിച്ചാൽ അതിൽ തെറ്റില്ല. സ്വന്തം ഇഷ്ടപ്രകാരം കേരളത്തിൽ തന്നെ ഒളിച്ചു കഴിയാൻ സിദ്ദിഖിന് കഴിയുന്നത് ഒന്നുകിൽ അളവില്ലാത്ത വിധത്തിൽ പണം വാരിയെറിഞ്ഞത് കൊണ്ട് ആയിരിക്കാം. അതല്ലെങ്കിൽ സിനിമ മേഖലയിലെ സൂപ്പർതാര പദവിയിലുള്ള ചിലരുടെ ഇടപെടൽ സർക്കാരിലേക്ക് എത്തുകയും ഉന്നത പോലീസിനെ മേധാവികളിലേക്ക് ചില രഹസ്യ നിർദ്ദേശങ്ങൾ ചെല്ലുകയും ചെയ്തതുകൊണ്ട് ആയിരിക്കാം.
ഒരു കാര്യം ഉറപ്പാണ് സിനിമാ നടൻ സിദ്ദിഖ് നമ്മുടെയൊക്കെ വിളിപ്പാടകലെ എവിടെയോ സുഖമായി ഉണ്ട് ഉറങ്ങി കഴിയുന്നുണ്ട്. ഒരുപക്ഷേ പോലീസിന്റെ സുരക്ഷാ വലയത്തിൽ തന്നെ ആയിരിക്കാനും സാധ്യതയുണ്ട്. കാരണം നടൻ സിദ്ദിഖിന് അധികാരങ്ങളെ സ്വാധീനിക്കാനും എന്തു വില കൊടുത്തും പലതും വശത്താക്കുവാനും കഴിവുള്ള ആളാണ്. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. സിദ്ധിക്കെന്ന നടൻറെ സാമ്പത്തിക കളികൾ മനസ്സിലാക്കാൻ. മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിക്കഴിഞ്ഞശേഷം സുപ്രീംകോടതിയിലേക്ക് ചുവട് മാറ്റിയ സിദ്ദിഖ് കേസ് നടത്തിപ്പിനു വേണ്ടി ഒരു കോടിയോളം രൂപ ഇതിനകം തന്നെ ചിലവാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. സുപ്രീംകോടതിയിൽ അഭിഭാഷകരായി എത്തുന്ന രണ്ടു പേർ വലിയ പ്രമാണിമാരായ ആൾക്കാരാണ്. കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ഒരു വാദത്തിന് ഫീസ് ആയി വാങ്ങുന്ന അഭിഭാഷകരാണ് ഇവർ. കേരളത്തിൽ തന്നെ മുൻകൂർ ജാമ്യം തേടിക്കൊണ്ട് ഹൈക്കോടതിയിൽ സിദ്ധിക്കാനായി എത്തിയത് ഏറ്റവും വിലപിടിപ്പുള്ള ഒരു അഭിഭാഷകൻ തന്നെ ആയിരുന്നു.
കേരള ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയ ശേഷം നാലു ദിവസങ്ങൾ കഴിയുമ്പോഴും സിനിമ നടൻ സിദ്ദിഖ് കേരളത്തിൽ തന്നെ സ്വതന്ത്രനായി കഴിഞ്ഞു വരുന്നത് പോലീസിന്റെ പിടിപ്പുകൾ കൊണ്ടല്ല മറിച്ച് കുറ്റവാളിയെ കണ്ടെത്തുവാനും അറസ്റ്റ് ചെയ്യുവാനും ജയിലിൽ അടയ്ക്കുവാനും കഴിവും പ്രാപ്തിയും ഉള്ള പോലീസുകാർക്കും മേൽ ഉന്നതങ്ങളിൽ എവിടെയോ നിന്ന് വിലക്കുകളും നിയന്ത്രണങ്ങളും ഉണ്ടാകുന്നു എന്നതാണ് വാസ്തവം. ഈ നിയന്ത്രണങ്ങൾ കേരളത്തിൽ വ്യാപകമായി എത്തണമെങ്കിൽ ഒന്നുകിൽ നടൻ സിദ്ദിഖ് അത്രയും വലിയ തുക വാരി എറിഞ്ഞിരിക്കണം അതല്ലെങ്കിൽ കേരളത്തിലെ മുഴുവൻ പോലീസിനെയും വരച്ച വരയിൽ നിർത്താൻ കഴിയുന്ന അധികാര കേന്ദ്രം ഇടപെടൽ നടത്തിയിരിക്കണം.