കേരളത്തിലെ സിപിഎം എന്ന പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. സിപിഎം ദേശീയ പാർട്ടി ആണെങ്കിലും ഭരണം ഉള്ളത് കേരളത്തിൽ മാത്രമാണ്. സിപിഎം എന്ന പാർട്ടിയുടെ ശക്തി ദുർഗമായിരുന്ന പശ്ചിമബംഗാളിൽ ഇപ്പോൾ ഒരു കൊടി പോലും കാണാനില്ലാത്ത സ്ഥിതിയാണ്. മറ്റൊരു സംസ്ഥാനം ത്രിപുര ആയിരുന്നു. അവിടെയും പാർട്ടിക്ക് നിലനിൽപ്പ് ഇല്ലാതെയായിട്ട് ഏറെക്കാലം ആയി. ഇപ്പോൾ യഥാർത്ഥത്തിൽ കേരളം എന്ന സംസ്ഥാനം നോക്കിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പോകുന്നത്. അങ്ങനെയുള്ള സിപിഎമ്മിനകത്ത് ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് നിറഞ്ഞുനിൽക്കുന്നത്. മൂന്നുവർഷം മുൻപ് തുടർഭരണം എന്ന മഹാത്ഭുതം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി വിജയൻ അജയ്യനായി നിലനിന്നത്. ആ പിണറായി വിജയൻ ഇപ്പോൾ പാർട്ടിയിലും പൊതുവേദിയിലും ഒന്നുമല്ലാത്ത സ്ഥിതിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ വന്നശേഷം മുഖ്യമന്ത്രിയും സർക്കാരും കേൾക്കാത്ത ആരോപണങ്ങൾ ഒന്നുമില്ല. ഇതിന് പുറമേയാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിടേണ്ടി വന്ന വലിയ പരാജയം.
സിപിഎം എന്ന പാർട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ സിപിഎമ്മിന്റെ തന്നെ നിയമസഭാംഗമായ അൻവർ നടത്തിക്കൊണ്ടിരിക്കുന്ന പാരാക്രമം ഇപ്പോൾ വലിയ ചർച്ചയിൽ നിറഞ്ഞ നിൽക്കുകയാണ്. അൻവർ ഒന്നുമല്ല എന്നും പൊട്ടാത്ത പടക്കമാണ് എന്നും ഒക്കെ സിപിഎമ്മിന്റെ നേതാക്കൾ കളിയാക്കിയിരുന്നു. എങ്കിൽ ഇന്നലെ ആ കളിയാക്കലിന് അന്ദ്യം വന്നു എന്നതാണ് വാസ്തവം. പി വി അൻവർ എന്ന ഇടതുപക്ഷ നിയമസഭാംഗം ഇന്നലെ നിലമ്പൂരിൽ നടത്തിയ പൊതുസമ്മേളനവും അതിൽ ഒഴുകിയെത്തിയ ആയിരക്കണക്കിന് വരുന്ന ആൾക്കാരുടെ സാന്നിധ്യവും അക്ഷരാർത്ഥത്തിൽ സിപിഎം നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. മാത്രവുമല്ല ഏത് പ്രതിസന്ധിയെയും നിഷ്പ്രയാസം നേരിടുന്ന പിണറായി വിജയൻ എന്ന സഖാവ് ഇപ്പോൾ ശരശയ്യയിൽ കിടക്കുന്ന സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. അൻവർ തൊടുത്തുവിട്ട കൂരമ്പുകൾ ഉണ്ടാക്കിയ മുറിപാട് മാത്രമല്ല അതിനേക്കാൾ പിണറായിയെ നിസ്സഹായനും തളർന്നവനും ആക്കി മാറ്റുന്നത്. യഥാർത്ഥത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാർ സർക്കാരിനെതിരായ വികാരം പ്രകടിപ്പിക്കുകയും ഇടതുമുന്നണി വൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. ആ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇടതുമുന്നണിയിലെ സിപിഎം ഒഴികെയുള്ള പാർട്ടികൾ ഉള്ള നേതാക്കളും പിണറായിക്കെതിരെ തിരിയുന്ന സ്ഥിതി ഉണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതിസ്ഥാനത്തു നിൽക്കുന്ന നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നത്. മകളുടെ മാസപ്പടി കേസും ഒടുവിൽ അൻവർ പുറത്തുവിട്ട തെളിവുകളുള്ള പരാതികളും പിണറായിയെ പിടിച്ചു കുലുക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രമസമാധാന ചുമതലയുള്ള എ ഡിജിപി അജിത് കുമാറിനെതിരെ തെളിവുകളടക്കം നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിട്ടും ആ പോലീസു മേധാവിക്കെതിരെ ഒരു നടപടിയും മുഖ്യമന്ത്രി സ്വീകരിച്ചില്ല. പിന്നീടാണ് ഈ പോലീസ് മേധാവി ആർഎസ്എസ് നേതാക്കളുടെ അടുക്കൽ രഹസ്യമായി എത്തി ചർച്ച നടത്തിയ സംഭവം പുറത്തുവന്നത്. ഈ സംഭവം പുറത്തുവരികയും പോലീസ് മേധാവി ആർഎസ്എസുകാരുടെ അടുക്കൽ പോയ കാര്യം സമ്മതിക്കുകയും ചെയ്തിട്ടും അജിത് കുമാറിനെതിരെ ഒരു നടപടിയും എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകാതെ വന്നത് പാർട്ടിയിലും വലിയ വിമർശനം ഉയർന്നുവന്നു . എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി ഇത്രകണ്ട് സംരക്ഷിക്കുന്നത് എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം പാർട്ടി നേതൃയോഗങ്ങളിൽ ഉയർന്നത്.
സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും യോഗം ചേർന്നിരുന്നു. ദേശീയ രാഷ്ട്രീയവും മറ്റും ചർച്ച നടത്തിയെങ്കിലും അതിനിടയിൽ കേരളത്തിലെ പുതിയ പാർട്ടിയിൽ പ്രതിസന്ധികളും ചർച്ചയായി മാറി. സർക്കാരിന് എതിരെയും മുഖ്യമന്ത്രിക്ക് എതിരെയും മുഖ്യമന്ത്രി സംരക്ഷിക്കുന്ന പോലീസ് മേധാവിക്ക് എതിരെയും യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉണ്ടായി. സ്വന്തം മകളുടെ പേരിൽ ഉയർന്നുവന്ന മാസപ്പടി തട്ടിപ്പ് കേസിൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരക്ഷരവും മിണ്ടാതെ പിണറായി വിജയൻ മുന്നോട്ടുപോയത് സംശയങ്ങൾക്ക് ശക്തി പകർന്നു എന്ന വിലയിരുത്തലും ഉണ്ടായി. അതിന് പിന്നാലെ ആണ് അഴിമതിയും കൊലപാതകശ്രമവും അടക്കം വമ്പൻ കുറ്റങ്ങൾ തെളിവുസഹിതം പോലീസ് മേധാവിക്കെതിരെ അൻവർ എന്ന പാർട്ടി എംഎൽഎ പുറത്തുവിട്ടത്. ശക്തമായ ആരോപണങ്ങൾ തുടരെ തുടരെ പുറത്തുവന്നിട്ടും എ ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി സ്വീകരിച്ചത്. കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ പോലീസ് മേധാവിയെ പുറത്താക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി വഴങ്ങാതെ മുന്നോട്ടു പോയതിൽ കേന്ദ്ര കമ്മിറ്റി യോഗത്തിൽ വലിയ വിമർശനം ഉയർന്നു. കേരളത്തിൽ നിന്നും ഉള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിജയരാഘവൻ എം എ ബേബി തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രി പോലീസ് മേധാവിയെ അനാവശ്യമായി സംരക്ഷിക്കുന്നു എന്ന അഭിപ്രായം പറയുകയുണ്ടായി. ശക്തമായ എതിർപ്പുകൾ ആണ് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായത്. മാത്രവുമല്ല സിപിഎം എന്ന പാർട്ടിക്ക് ഭരണം ഉള്ളത് കേരളത്തിൽ മാത്രമാണ്. ആ സർക്കാരും തകർച്ചയിലേക്ക്നീങ്ങുന്ന സ്ഥിതി ഉണ്ടാക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് എന്ന് വിമർശനം നേതാക്കൾ ഉയർത്തി. ലോകസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്ക് ഉണ്ടായ വലിയ പരാജയം പാഠമായി കണ്ടുകൊണ്ട് പാർട്ടിയും സർക്കാരും തിരുത്തൽ നടപടിയിലേക്ക് നീങ്ങണം എന്ന് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചെങ്കിലും അതൊന്നും പരിഗണിക്കാതെ സ്വന്തം നിലപാടുകളും ആയി മുഖ്യമന്ത്രി മുന്നോട്ടു പോവുകയാണ് എന്നും ഇതാണ് സ്ഥിതിയെങ്കിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും ഇടതുമുന്നണി വലിയ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരും എന്നും നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു.
പാർട്ടിയുടെ എല്ലാ ഘടകങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻറെ ഇപ്പോഴുള്ള നിലപാടുകളെ വിമർശിക്കുകയാണ്. കേരളത്തിൽ പാർട്ടിയുടെ കമ്മറ്റികളിൽ എല്ലാം യോഗം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം യോഗങ്ങളിലും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷമായ വിമർശനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ പാർട്ടിയും മുന്നണിയിലെ മറ്റു പാർട്ടി നേതാക്കളും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ തള്ളിപ്പറയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പഴയ തൻറെ പ്രതാപം ഇപ്പോൾ ഇല്ല എന്നും എല്ലായിടത്തുനിന്നും എതിർപ്പുകളുടെ സ്വരങ്ങളാണ് ഉണ്ടാകുന്നത് എന്നും തിരിച്ചറിഞ്ഞ പിണറായി വിജയൻ എ ഡി ജി പി അജിത് കുമാറിനെ പുറത്താക്കുന്നതിനുള്ള തീരുമാനം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. മാത്രവുമല്ല കുറെയൊക്കെ പാർട്ടി നിർദേശങ്ങളെ അംഗീകരിക്കാനും നിലപാടുകളിൽ മാറ്റം വരുത്തുവാനും പിണറായി വിജയൻ തയ്യാറായി കഴിഞ്ഞു.
പാർട്ടിയിലും ഭരണത്തിലും അതിശക്തനായി നിന്നിരുന്ന പിണറായി വിജയൻ പൂർണ്ണമായും തളർന്ന അവസ്ഥയിൽ ഇപ്പോൾ എത്തിയതിന് പിന്നിൽ കണ്ണൂർ സിപിഎമ്മിന്റെ ചില നേതാക്കളുടെ രഹസ്യ നീക്കങ്ങളും ഉണ്ട്. കണ്ണൂരിലെ സിപിഎം എന്ന പാർട്ടി പിണറായി വിജയൻ എന്ന വ്യക്തിയിൽ കുടുങ്ങി നിന്നിരുന്ന കാലമായിരുന്നു കഴിഞ്ഞുപോയത്. ഇപ്പോൾ സ്വന്തം തട്ടകത്തിൽ തന്നെ തനിക്കെതിരെ ശക്തമായ രഹസ്യ നീക്കങ്ങൾ നടക്കുന്നതായും ആ നീക്കങ്ങൾ ഓരോ ദിവസം കഴിയുന്തോറും ശക്തി പ്രാപിച്ചു വരുന്നതായും പിണറായി വിജയൻ തിരിച്ചറിയുന്നുണ്ട്. മലപ്പുറം ജില്ലയിൽ സ്വന്തം എംഎൽഎ ആയ അൻവർ നടത്തുന്ന പിണറായി വിരുദ്ധ അക്രമങ്ങൾ അതിവേഗം വലിയതോതിലുള്ള ജന സ്വാധീനത്തിലേക്ക് വളരുന്നതും പിണറായി വിജയൻ തിരിച്ചറിയുന്നുണ്ട്. അൻവറിന്റെ ആദ്യകാല പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഉണ്ടായ പ്രതിസന്ധികൾ വരില്ലായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ അടക്കം ഉള്ള നേതാക്കൾക്ക് അഭിപ്രായമുണ്ട്. അൻവർ ഒരു ഒറ്റയാൻ പോരാട്ടക്കാരൻ ആണെന്നും അത് ശക്തി പ്രാപിച്ചു സർക്കാരിനും പാർട്ടിക്കും എതിരായി വളർന്നാൽ ഇപ്പോഴത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎമ്മിന് വീണ്ടും വീണ്ടും പരാജയങ്ങൾ ഏറ്റുവാങ്ങാൻ വിധത്തിലുള്ള ക്ഷീണം ഉണ്ടാക്കും എന്നും പാർട്ടി നേതാക്കൾ തിരിച്ചറിയുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് പിണറായി വിജയൻ പത്തി മടക്കി കീഴടങ്ങാൻ തയ്യാറായിരിക്കുന്നത് എന്നാണ് അറിയുന്നത്