കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ആണ് ചരിത്രം തിരുത്തിക്കൊണ്ട് കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു സീറ്റ് ലഭ്യമായത്.തൃശൂർ മണ്ഡലത്തിൽ മത്സരിച്ച ചലച്ചിത്രതാരം സുരേഷ് ഗോപി മുഖ്യ എതിരാളികളെ അടിച്ചുമലർത്തി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നത്. ഈ ഫലപ്രഖ്യാപനം വന്നശേഷം കേരളത്തിലെ പ്രബല രാഷ്ട്രീയ മുന്നണികൾ ആയി നിൽക്കുന്ന എൽഡിഎഫും യുഡിഎഫും ആണെങ്കിലും മാറിയും മറിഞ്ഞും രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത് ബിജെപി എന്ന രാക്ഷ്ട്രീയ പാർട്ടി ആണ്.ഇതിനു മുഖ്യ കാരണം ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ ആ പാർട്ടി പോലും പ്രതീക്ഷിക്കാത്ത അളവിലുള്ള വോട്ടാണ് സ്ഥാനാർഥികൾക്ക് ലഭിച്ചത്.കമ്മ്യൂണിസ്റ്റ് ആധിപത്യം ഉള്ള മണ്ഡലങ്ങളിൽ പോലും ബിജെപി സ്ഥാനാർത്ഥികൾ മുന്നേറ്റം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റ് വോട്ടുകൾ പോലും ബിജെപി സ്ഥാനാർഥിയുടെ പോക്കറ്റിൽ വീണു എന്നാണ് പറയപ്പെടുന്നത്. ഇത്തരം തെരഞ്ഞെടുപ്പ് ഫലം ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ടാണ് ബിജെപിയെ കേന്ദ്രീകരിച്ച് ഇപ്പോൾ കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾ നിരന്തരം തുടർന്നുകൊണ്ടിരിക്കുന്നത്.
ബിജെപി,കോൺഗ്രസ്, സിപിഎം,മുസ്ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ചർച്ചകളാണ് തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം തുടർന്നുവരുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിന്റെയിടയിലാണ് പുതിയ ഒരു വെളിപ്പെടുത്തലുമായി ഒരു നേതാവ് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാക്കൾ മുസ്ലീം ലീഗ് പ്രസിഡൻറ്, പാണക്കാട് തങ്ങളുടെ വീട്ടിൽ എത്തി രഹസ്യചർച്ച നടത്തി എന്ന പ്രസ്താവനയാണ് ഇന്ത്യൻ നാഷണൽ ലീഗ് നേതാവ് പുറത്തുവിട്ടത്. മുസ്ലിംലീഗ് എന്ന പാർട്ടിയെ വല്ലാതെ ആശയക്കുഴപ്പത്തിൽ ആക്കിയ ഒരു പ്രസ്താവനയാണ് ഇത്.
ബിജെപിയുടെ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നാല് പാർട്ടി നേതാക്കൾ പാണക്കാട് തങ്ങളെ രഹസ്യമായി സന്ദർശിച്ചത്.ഒരു കാരണവശാലും ഈ വാർത്ത പുറത്തറിയരുത് എന്ന കർശനമായ നിർദ്ദേശം പാണക്കാട് തങ്ങൾ തന്നെ ലീഗ് നേതാക്കളായ ആൾക്കാർക്ക് നൽകിയിരുന്നതുമാണ്. ബിജെപി നേതാക്കളും ഈ രഹസ്യ സന്ദർശനം ഒരു കാരണവശാലും പുറത്തറിയരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കൃത്യമായ വിവരങ്ങൾ പറഞ്ഞുകൊണ്ടാണ് ഐ എൻ എൽ നേതാവ്,പാണക്കാട് തങ്ങളുടെ വീട്ടിൽ ബിജെപി നേതാക്കൾ രഹസ്യ സന്ദർശനം നടത്തിയ വിവരം പുറത്തുവിട്ടത്.ആർ എസ് എസ് നേതാക്കളെയും ബിജെപി നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവി വഴി കണ്ട് ചർച്ച നടത്തി എന്നുള്ള സിപിഎം നിയമസഭാ അംഗമായ പി വി അൻവറിന്റെ തുറന്നുപറച്ചിലിനെ തുടർന്നാണ് ബിജെപി ആർഎസ്എസ് -സി പി എം രഹസ്യബന്ധത്തിന്റെ കാര്യം പുറത്ത് അറിയുന്നത്. എഡിജിപി അജിത് കുമാർ ആർ എസ് എസ് നേതാവിനെ രഹസ്യ സന്ദർശനം നടത്തിയത് പിണറായി വിജയൻറെ നിർദ്ദേശപ്രകാരം ആയിരുന്നു എന്നും അൻവർ പുറത്തു പറഞ്ഞിരുന്നു. ഈ സംഭവം ഇപ്പോഴും വലിയ വിവാദമായി നിലനിൽക്കുകയാണ്. പോലീസ് മേധാവി എന്തിനാണ് ആർ എസ് എസ് നേതാക്കളെ രഹസ്യമായി കണ്ടത് എന്ന ചോദ്യത്തിന് മറുപടി പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ആർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ട് എന്ന് എ ഡിജിപി തുറന്ന സമ്മതിക്കുകയും ചെയ്തത് പ്രശ്നം സങ്കീർണ്ണം ആക്കുകയും ചെയ്തു .
ഏതായാലും ഇപ്പോൾ ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷിയായ ഐ എൻ എൽ പാർട്ടിയുടെ നേതാവ് ബിജെപി നേതാക്കൾ മുസ്ലിം ലീഗ് പ്രസിഡണ്ടിനെ വീട്ടിലെത്തി സന്ദർശിച്ചത് പുറത്തു പറഞ്ഞതോടുകൂടി പുതിയ വിവാദം മുസ്ലിം ലീഗിലും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ നേതാവ് മറ്റു ചില കാര്യങ്ങളും കൂടി തുറന്നു പറഞ്ഞിട്ടുണ്ട് ഉണ്ട്. ലീഗ് നേതൃത്വവും ബിജെപി നേതാക്കളും തമ്മിൽ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് രഹസ്യ അജണ്ട തയ്യാറാക്കി എന്നും മുസ്ലിം ലീഗ് പല മണ്ഡലങ്ങളിലും ഈ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ വോട്ട് മറിച്ചു എന്നും ആണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ചാവക്കാട് നിയമസഭാ മണ്ഡലത്തിലും ഗുരുവായൂർ മണ്ഡലത്തിലും മുസ്ലിം വോട്ടുകൾ സംഘടിതമായി ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിലേക്ക് വീണു എന്നാണ് ഈ നേതാവ് പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് ഇത്തരം തന്ത്രങ്ങൾ നടത്തിയിട്ടുണ്ട് എന്നും അത് ഒരു രണ്ടു പാർട്ടികളും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ആണ് എന്നും ഈ നേതാവ് പറയുന്നുണ്ട്. ഇത്തരത്തിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻറ് അടക്കം പാണക്കാട് തങ്ങളുടെ വീട്ടിലെത്തി വോട്ടുമറിക്കലിന് ധാരണ ഉണ്ടാക്കി എങ്കിൽ എന്തിനാണ് ഇപ്പോൾ ആർ എസ് എസ് ബന്ധം പറഞ്ഞുകൊണ്ട് പിണറായി വിജയനെ കുറ്റക്കാരൻ ആക്കുന്നത് എന്ന ചോദ്യവും ഈ നേതാവ് ഉയർത്തുന്നുണ്ട്.
മലപ്പുറം ജില്ല കേന്ദ്രീകരിച്ച് ഇടതുമുന്നണിയുടെ നിയമസഭാംഗമായ പി വി അൻവർ സർക്കാരിനും പിണറായി വിജയനും സിപിഎം പാർട്ടിക്കും എതിരായി നടത്തുന്ന നീക്കങ്ങളും തുടർ പ്രസ്താവനകളും അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിട്ടാണ് കാണുന്നത് .അൻവറിനെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കുന്ന സ്ഥിതി വന്നാൽ മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നു വരാൻ സാധ്യതയുണ്ട് എന്ന രീതിയിലുള്ള പ്രചരണങ്ങൾ വന്നതോടുകൂടി മുസ്ലിം ലീഗ് നേതൃത്വത്തിനിടയിൽ വലിയ തരത്തിലുള്ള ഭിന്നതകൾ ഉരുണ്ടുകൂടിയിട്ടുണ്ട്. അൻവറിനെ കൂട്ടണമെന്നും അടുപ്പിക്കരുത് എന്നും വാശിപിടിക്കുന്ന നേതാക്കൾ രണ്ടു തട്ടിലായി നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഈ പ്രതിസന്ധി വലിയതോതിൽ മുസ്ലിം ലീഗ് പാർട്ടിയെ ബാധിച്ചിട്ടുണ്ട്. അൻവറിന്റെ നീക്കങ്ങൾക്ക് പിന്തുണ എന്ന ലക്ഷ്യവുമായി ലീഗിൻറെ പ്രാദേശിക ഘടകങ്ങൾ നടത്താൻ ഉദ്ദേശിച്ച സമ്മേളനങ്ങൾ പോലും മാറ്റിവയ്ക്കേണ്ട സ്ഥിതി ഉണ്ടായി. ഇന്ത്യൻ നാഷണൽ ലീഗിൻറെ കേരളത്തിലെ നേതാവും മുൻമന്ത്രിയുമായ ആളാണ് ഇപ്പോൾ ബിജെപി നേതാക്കൾ പാണക്കാട് തങ്ങളെ കണ്ട് രഹസ്യധാരണ നടത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചത് എന്നാണ് പറഞ്ഞിരിക്കുന്നത്. വരുന്ന ദിവസങ്ങളിൽ ഈ പുതിയ ആരോപണം ലീഗ് നേതാക്കൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.