ഒരുപാട് ചിന്തിപ്പിക്കേണ്ട ഒരു മരണം.
പുഷ്പൻ 54 വയസ്സ്.
സ്വാശ്രയ കോളേജുകൾ അനുവദിക്കുന്നതിന് എതിരെ സമരം നടത്തി. ആ സമരത്തിൽ വെടിയേറ്റ് തന്റെ 24 -മത്തെ വയസ്സിൽ കിടപ്പിലായ ഒരു പാവം സഖാവാണ് പുഷ്പൻ.
പക്ഷേ ഏറ്റവും വല്യ ദുരന്തം എന്താണെന്ന് അറിയാമോ?
ഇതേ പാർട്ടി തന്നെ കേരളം അങ്ങോളമിങ്ങോളം അവരുടെ ഭരണത്തിന് കീഴിൽ സ്വാശ്രയ കോളേജുകൾ അനുവദിച്ചു.അതിലും ഉപരിയായി പാർട്ടി നേതാവും മന്ത്രിയും ആയ എം വി രാഘവൻ തന്നെ സ്വാശ്രയ കോളേജ് തുടങ്ങി.പിന്നീട് അതേ പാർട്ടി പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണം പിടിച്ചു
പോയപ്പോൾ ആർക്ക് പോയി? മുപ്പത് കൊല്ലം കട്ടിലിൽ കിടന്ന പുഷ്പൻ സഖാവിനും പുള്ളിയുടെ വീട്ടുകാർക്കും പോയി. തീർന്നിട്ടില്ല..
കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടി പ്രതിസ്ഥാനത്തു നിർത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്തതു കേരളം കണ്ടു. അദ്ദേഹത്തിന്റെ മകനു നിയമസഭാ സീറ്റും സമ്മാനിച്ചു.
പാർട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പൻ ആരായി? അയാളുടെ ജീവിതം എന്തായി?
ഇന്നും ഭൂരിഭാഗം പാർട്ടി നേതാക്കന്മാരുടെയും മന്ത്രിമാരുടെയും മക്കൾ പഠിക്കുന്നതും, പഠിച്ചതും സ്വാശ്രയ കോളേജുകളിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെടെ.അവർ പഠിച്ചത് എറണാകുളത്തെ സ്വാശ്രയ കോളേജ് ആയ അമൃത കോളജിലാണ്. അപ്പോൾ പാർട്ടിക്ക് വേണ്ടി സ്വാശ്രയ കോളേജിന് എതിരെ സമരം ചെയ്ത് ജീവിതം മുഴുവനും കട്ടിലിൽ ഹോമിച്ച പുഷ്പൻ ആരായി ?
എന്തിനാ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന് പറയുന്നതുപോലെ എന്തിനോ വേണ്ടി തിളക്കുന്ന ഒരു രക്തസാക്ഷി. പുഷ്പനെ മാതൃകയാക്കി യുവത തെറ്റിനെതിരെ പോരാടണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞത്. പൂർണമായും പരാജിതനായ ‘രക്തസാക്ഷി’ ആണ്- അങ്ങിനെ വിളിക്കാമോ എന്നറിയില്ല- പുഷ്പനെ . തന്റെ രക്തസാക്ഷിത്വത്തിന്റെ ആവശ്യകത സ്വന്തം നേതാവിനെ വരെ ബോധ്യപ്പെടുത്താൻ കഴിയാതെയാണ് അദ്ദേഹം യാത്രയായത്. ഏന്തിനെതിരെയുള്ള തന്റെ വിയോജിപ്പായിരുന്നോ തന്നെ മുപ്പതു വർഷകാലം കിടപ്പിലാക്കിയത്, അതെ അവസ്ഥയിലായിരിക്കുമ്പോൾ തന്നെ ആണ്, തന്റെ പ്രിയ നേതാവ് മകളെ അമൃത കോളേജിലും മകനെ ബെർമിംഗ്ഹാമിലും വിട്ടു പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ, പരാജയപ്പെട്ട പോരാളി ആയിട്ടാണ് പുഷ്പൻ യാത്രയാകുന്നത്. പുഷ്പന്റെ പോരാട്ടമോ ആരോഗ്യാവസ്ഥയോ തന്റെ നേതാവ് പോലും അംഗീകരിച്ചില്ല എന്ന് ഒരുപക്ഷെ പുഷ്പനുപോലും മനസ്സിലായിട്ടുണ്ടാവില്ല.
രക്തസാക്ഷി എന്ന വിശേണം പുഷ്പന് കൊടുക്കുമ്പോൾ തന്നെ, അതിനോട് നേതാക്കൾ എന്ത് നീതിയാണ് പുലർത്തിയിരുന്നത് എന്ന്, ചുറ്റും കൂടിയിരുന്നു ‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്ന് വിളിക്കുന്ന പാർട്ടിക്കാർ ഓർക്കുന്നത് നല്ലതാണു. ഗോവിന്ദൻ പറഞ്ഞാൽ കയ്യും കാലും വെട്ടി പുഴയിലൊഴുക്കും എന്ന ഫാസിസ്റ്റു മുദ്രാവാക്യങ്ങൾ, അറുപതു കഴിഞ്ഞ പൈല്സിന്റെയും ഷുഗറിന്റെയും അസ്കിതയുള്ള അമ്മായിമാർ കിതച്ചുകൊണ്ട് വിളിക്കുമ്പോഴും, അത് കേൾക്കേണ്ടുന്ന ഗോവിന്ദ…വിജയദൈവങ്ങൾ കുടുംബസമേതം യൂറോപ്പിലും ആസ്ട്രേലിയിലും ടൂറിലാണെന്ന കാര്യം മറന്നുപോകുന്നിടത്താണ് പുഷ്പന്റെ പരാജയത്തെയും നമ്മൾ വിലയിരുത്തേണ്ടത്. തന്റെ ജീവിതത്തിന്റെ സുവർണ്ണനാളുകൾ കിടപ്പിലായിരുന്ന പുഷ്പൻ തന്റെ നേതാക്കളുടെ വാക്കുകൾ കേട്ട് ചാടിപുറപ്പെട്ടതാണെങ്കിൽ, ഗോവിന്ദൻ പറഞ്ഞാൽ കയ്യും കാലും വെട്ടാൻ നടക്കുന്ന അടിമകളും, കൈകാൽ വെട്ടി ശിഷ്ടകാലം ജയിലിൽ കിടക്കുമ്പോൾ അയാൾ കൂടെ വന്നു കിടക്കാൻ ഉണ്ടാവില്ല എന്ന ബോധ്യത്തോടെ ആവണം. അത്തരം കാലഹരണപ്പെട്ട വിഷഛർദിലുകൾ പൊതുസമൂഹത്തിന്റെ മേൽ വിതറേണ്ടത്.
പുഷ്പനെ യുവത മാതൃകയാക്കണം എന്ന് പറയുന്ന മുഖ്യമന്ത്രി, അക്കാര്യം ആദ്യം പറയേണ്ടത് ദുബായിലും ബംഗളൂരും ഉള്ള മക്കളോടാണ്. സ്വന്തം മക്കളെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ കുടിയിരുത്തിയിട്ട് ബാക്കിയുള്ളവരോട് ‘പുഷ്പനാകണം’ എന്ന് ഉപദേശിക്കുന്നത് തികഞ്ഞ അശ്ലീലമാണ്; അവിവേകമാണ്. പകരം വീണയോ വിവേകോ ആകണമെന്ന് ഉപദേശിക്കാമായിരുന്നു. കാലം ഒരുപാടങ്ങു മാറിയിട്ടുണ്ട് സിഎമ്മേ; പുഷ്പനാകാൻ ഇനിയും ഇരകളെ കാത്തിരിക്കുന്ന അങ്ങയുടെ ആ പ്രാപിടയന്റെ മനസ്സുണ്ടല്ലോ, അത് തിരിച്ചറിയാനുള്ള ആർജവവും വിവേകവും പുതുതലമുറയ്ക്കുണ്ട്. ആ തലമുറയിൽ പെട്ട ഒന്നുപോലും കയ്യുംകാലും വെട്ടി പുഴയിലൊഴുക്കും എന്ന മുദ്രാവാക്യം വിളിക്കാൻ അവിടെ ഉണ്ടായിരുന്നില്ല എന്ന കാര്യം അങ്ങ് മനസ്സിലാക്കണം.അതുകൊണ്ടു, അമ്മാതിരി വർത്തമാനമൊന്നും ഇങ്ങോട്ടു വേണ്ടട്ടോ..