അടിച്ചവർക്ക് രക്ഷ അടികൊണ്ട് അവർക്ക് ശിക്ഷ.

ഇതാണ് പിണറായി പോലീസിന്റെ തന്ത്രം..........

ണ്ടാം പിണറായി സർക്കാരിൻറെ നേട്ടങ്ങളെല്ലാം ജനങ്ങളിൽ എത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്ത് നടപ്പിലാക്കിയ ഒരു പരിപാടി ആയിരുന്നു നവ കേരള യാത്ര. ഒരു ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് കാസർഗോഡ് മുതൽ കന്യാകുമാരി വരെ സഞ്ചരിക്കുന്ന പരിപാടിയായിരുന്നു അത്. യാത്രയ്ക്കിടയിൽ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും വിശദീകരണയോഗങ്ങളും അന്ന് നടത്തിയിരുന്നു. ഈ യോഗങ്ങളിൾ മന്ത്രിസഭാ അംഗങ്ങളും മുഖ്യമന്ത്രിയും ജങ്ങളുടെ പരാതി സ്വീകരിക്കൽ യോഗങ്ങളും ഉണ്ടായിരുന്നു. ഈ പരാതി സ്വീകരിക്കൽ പരിപാടിക്ക് നേതൃത്വം കൊടുത്തത് ജില്ലാ ഭരണകൂടം ആയിരുന്നു. ഒന്നരലക്ഷത്തോളം പരാതികളാണ് ഈ യാത്രയിൽ മന്ത്രിസഭയ്ക്ക് ലഭിച്ചത്. ഇതിൽ എത്ര അപേക്ഷകൾ മേൽ നടപടികൾ വഴി പരിഹരിക്കപ്പെട്ടു എന്നത് ഇപ്പോഴും അറിയില്ല. മന്ത്രി സംഘത്തിൻറെ ഈ യാത്ര തുടങ്ങിയനാൾ മുതൽ പലതരത്തിലുള്ള വിവാദങ്ങൾ കൊണ്ട് നിറയുകയാണ് ഉണ്ടായത്. വലിയ തോതിലുള്ള പോലീസ് അകമ്പടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്. ആഡംബര യാത്ര എന്ന രീതിയിൽ യാത്ര വിശേഷിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്തുവരുന്ന സ്ഥിതി ഉണ്ടായി. നവ കേരള യാത്ര കടന്നുപോകുന്ന വഴികളിൽ പലയിടത്തും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി കടന്നുവന്നു. ഇത്തരത്തിൽ പ്രതിഷേധത്തിന് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആയ ഗൺമാൻമാർ നേരിട്ട് ഇറങ്ങി ക്രൂരമായി മർദ്ദിക്കുന്നതും ഹെൽമറ്റ് കൊണ്ട് തല തല്ലി തകർക്കുന്നതുമൊക്കെ ദൃശ്യമാധ്യമങ്ങൾ വഴി കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. ഈ സംഭവം വലിയ വിവാദം ആയപ്പോൾ പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വിശദീകരിച്ചത് നവ കേരള യാത്ര വാഹനങ്ങൾ കടന്നു പോയപ്പോൾ പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാർക്ക് വാഹനം ഇടിച്ച് പരിക്ക് ഉണ്ടാകാതിരിക്കാൻ രക്ഷാപ്രവർത്തനം നടത്തുകയാണ് പോലീസുകാർ ചെയ്തത് എന്നായിരുന്നു.

ഏതായാലും നവ കേരള യാത്ര അവസാനിക്കുന്നത് വരെ കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധം തുടരുകയും പലയിടത്തും പോലീസിന്റെ അതിക്രമം ഉണ്ടാവുകയും ഒക്കെ ചെയ്തു. ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ നേരിട്ടുതന്നെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്ന ദൃശ്യം ചാനലുകളാണ് പുറത്തുവിട്ടത്. എന്നാൽ ഇതിൻറെ പേരിൽ അക്രമിക്കപ്പെട്ട നേതാക്കൾ നൽകിയ പരാതികൾ എല്ലാം ഇപ്പോൾ തള്ളിക്കളഞ്ഞ സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ ആക്രമിച്ച പരാതി ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനാണ് അന്വേഷിച്ചത്. ഈ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ സർക്കാരിനെ കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഗൺമാൻ നിയമപരമായി ചെയ്യേണ്ട സുരക്ഷാ നടപടികൾ മാത്രമാണ് നടത്തിയത് എന്നും ഒരു പ്രതിഷേധക്കാരനെയും ആക്രമിച്ചിട്ടില്ല എന്നും ആണ് പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് സംബന്ധിച്ച പരാതി തെളിയിക്കുവാൻ കഴിയുന്ന വിധത്തിൽ വീഡിയോ ദൃശ്യം ലഭ്യമായിട്ടില്ല എന്നു കൂടിയാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ വേണ്ടി ഉള്ള ഇടപെടൽ മാത്രമാണ് സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കി കൊണ്ടാണ് അക്രമത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി പരാതി തള്ളിക്കളഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ മാർക്ക് ക്ലീൻ ചുറ്റ് നൽകുന്ന ഈ അന്വേഷണ റിപ്പോർട്ട് യഥാർത്ഥത്തിൽ അക്രമം നടത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനും അടികൊണ്ട് പ്രതിഷേധക്കാരെ ശിക്ഷിക്കുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒന്നാണ്. കാരണം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവ കേരള യാത്രയ്ക്കിടയിൽ എവിടെയൊക്കെ പ്രതിഷേധം ഉണ്ടായിട്ടുണ്ടോ അതിൻറെ എല്ലാം ദൃശ്യങ്ങൾ മലയാളത്തിലെ വാർത്താചാനലുകളിൽ ഇപ്പോഴും ഉണ്ടാകും. മാത്രവുമല്ല സർക്കാർ നടത്തുന്ന ചില കാര്യങ്ങളിലും കേരളത്തിലെ പോലീസ് നടത്തുന്ന പ്രവർത്തനങ്ങളിലും വാർത്തകൾ വരുമ്പോൾ ഇപ്പോഴും ചില ചാനലുകൾ നവ കേരള യാത്രയിലെ ദൃശ്യങ്ങൾ ജനങ്ങളെ കാണിക്കാറുമുണ്ട് . അതുകൊണ്ടുതന്നെ എല്ലാം കണ്ടിട്ടുള്ള കേരളത്തിലെ ജനങ്ങളെ വെറും വിഡ്ഢികളാക്കുന്ന രീതിയിലുള്ള ഒരു റിപ്പോർട്ട് ആണ് നവ കേരള യാത്രയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കടന്നുകയറ്റം സംബന്ധിച്ച പരാതിയിൽ ഇപ്പോൾ നൽകിയിരിക്കുന്നത്.