നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ടാമതും ഭൂരിപക്ഷം നേടി തുടർഭരണത്തിന്റെ പുതിയ ചരിത്രം എഴുതിയ കേരളത്തിലെ ഏക നേതാവാണ് നിലവിലെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ആണ് . 2016 മെയ് മാസം 24 ആം തീയതി മുഖ്യമന്ത്രി പദത്തിൽ കയറി കഴിഞ്ഞപ്പോൾ പിണറായി വിജയൻ നടത്തിയ മാതൃകാപരമായ ഒരു പ്രസംഗം ഉണ്ടായിരുന്നു. ആ പ്രസംഗത്തിലെ ചില വാചകങ്ങൾ മലയാളികളെ ഒന്നടങ്കം സ്വാധീനിക്കുന്നതും ആയിരുന്നു. അന്ന് പിണറായി വിജയൻ പറഞ്ഞുവെച്ചത് ഇങ്ങനെയായിരുന്നു. എൻറെ പേരും പറഞ്ഞ് പലരും രംഗത്ത് വരും അത്തരം അവതാരങ്ങളെ നിങ്ങളും സൂക്ഷിക്കണം. ഇത്തരക്കാരെ സർക്കാരിൻറെ സ്വാധീന വലയത്തിൽ നിന്നും അകറ്റി നിർത്തുക എന്നത് ഞാൻ പ്രാധാന്യം കൊടുക്കുന്ന കാര്യമായിരിക്കും.
ഇത്തരത്തിൽ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ എവിടെയാണ് എത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ അദ്ദേഹം എങ്കിലും ഒരു പുനർ വിചാരണം നടത്തണം. ഏറ്റവും ഒടുവിൽ ഒരു പത്ര മാധ്യമവുമായി അഭിമുഖം നടത്തുവാൻ വരെ പി.ആർ ഏജൻസികൾ ഇടനിലക്കാരായി വന്ന സംഭവം വലിയ വിവാദമായി നിലനിൽക്കുകയാണ്. എന്തൊക്കെയാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്നത് എന്നോ ആരൊക്കെയാണ് ഇതിൽ ചുക്കാൻ പിടിക്കുന്നത് എന്നോ മുഖ്യമന്ത്രി അറിയാതെ പോകുന്നു എന്നത് ഖേദകരമാണ്. തെറ്റായ ആവശ്യങ്ങളുമായി മുഖ്യമന്ത്രി ഓഫീസിനകത്ത് കടന്നുവരുന്ന അവതാരങ്ങളെ പടിക്കു പുറത്താക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും ഇത്തരത്തിലുള്ള അവതാരങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പത്രങ്ങളും ചാനലുകളും പലതും തട്ടിക്കൂട്ടി ഉണ്ടാക്കുന്ന വാർത്തകളാണ് എന്ന രീതിയിൽ പല ആരോപണങ്ങളും മുഖ്യമന്ത്രിയും പാർട്ടിയും പറയുന്നുണ്ടടെങ്കിലും ജനങ്ങൾ ഇതിനെയെല്ലാം വിശ്വസിക്കുന്ന സ്ഥിതി ഇപ്പോൾ ഉണ്ടായിരിക്കുന്നത് . മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പമുള്ള നിയമസഭാ അംഗവും പാർട്ടിയുടെ ശക്തനായ നേതാവും ആയ പി വി അൻവർ എം എൽ എ ആണ് ഭൂകമ്പം ഉണ്ടാക്കുന്ന വമ്പൻ ആരോപണങ്ങൾ ഓരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അൻവർ തെളിവുകൾ നിരത്തി കൊണ്ടാണ് ഓരോ കുറ്റകൃത്യങ്ങളെയും വിശദീകരിച്ചത്. ഇതിനെല്ലാം സഹായിയായി നിന്നുകൊണ്ട് നേതൃത്വം കൊടുത്തവരെയും അൻവർ വെളിച്ചത്തു കൊണ്ടുവന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പാർട്ടിയുടെ നേതാവും ആയ പി ശശിക്കെതിരെ വരെ ക്രിമിനൽ കുറ്റമടക്കം അൻവർ എടുത്തു കാട്ടി. മാത്രവുമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിരവധി അവതാരങ്ങൾ അഴിമതിയും ക്രിമിനൽ കുറ്റങ്ങളും സ്ഥിരമായി നടത്തുന്നു എന്നും അൻവർ പറയുകയുണ്ടായി.
ഒന്നാം പിണറായി സർക്കാരിൻറെ അവസാന കാലത്താണ് വലിയ വിവാദത്തിലേക്ക് വളർന്ന സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തുവന്നത്. ഈ സ്വർണക്കടത്തിൽ പങ്കാളികളായ ആൾക്കാരുടെ പേരുകൾ പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ കേരള ജനത അന്തംവിട്ടു. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തനും ഐഎഎസ് ഉദ്യോഗസ്ഥനും പ്രിൻസിപ്പൽ സെക്രട്ടറിയും ആയ ശിവശങ്കരൻ എന്നയാളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സൗകര്യം ഉപയോഗിച്ചുകൊണ്ട് സ്വർണ്ണക്കടത്ത് നടത്തിയത് എന്ന ആരോപണമാണ് പുറത്തുവന്നത്. ഈ വിഷയം അന്വേഷണത്തിലേക്ക് കടന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ അറസ്റ്റ് ചെയ്യപ്പെടുകയും ആറുമാസത്തോളം ജയിലിൽ കഴിയുകയും ചെയ്തു. ഈ സ്വർണ്ണ കടത്ത് കഥ ഗൗരവമായി മാറിയപ്പോൾ മറ്റു പല അവതാരങ്ങളും രംഗത്തുവന്നു. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ ഇഷ്ടക്കാരിയായ സ്വപ്ന സുരേഷ് സ്വർണ്ണക്കടത്തിൽ പങ്കാളിത്തം വഹിച്ച ഷാജ് കിരൺ സരിത് സന്ദീപ് നായർ തുടങ്ങിയവരും പ്രതികളാകുന്ന കാഴ്ച കണ്ടു. ഈ തട്ടിപ്പ് ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിപിഎം നേതാവ് സി എം രവീന്ദ്രന്റെ പങ്കും പിന്നെ പുറത്തുവന്നു. ഇതോടുകൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സെക്രട്ടറിയേറ്റ് മൊത്തത്തിലും അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും ക്രിമിനൽ കുറ്റവാളികളുടെയും ആസ്ഥാനമായി മാറി എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായത്.
ഒന്നാം പിണറായി സർക്കാരിൻറെ കാലാവധി തീർന്നപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ കൂടി ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയൻ കൂടുതൽ കരുത്ത് നേടുന്നതായും ജനവിശ്വാസം ആർജിക്കുന്നതായും നമ്മൾ കണ്ടു. എന്നാൽ രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് അവതാരങ്ങൾ നിരങ്ങുന്ന ഒരു ഓഫീസ് ആയി മാറുന്ന വാർത്തകളാണ് പുറത്തുവന്നത്. പലതരത്തിലുള്ള വിവാദങ്ങളും ആരോപണങ്ങളും പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നു. സർക്കാർ നടത്തിയ ജനകീയ പദ്ധതികളിലും വികസന പ്രവർത്തനങ്ങളിലും എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിക്കും തട്ടിപ്പിനും ഉള്ള ഉപാധികൾ ആക്കി മാറ്റുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവന്നത്. പ്രതിപക്ഷം ഉയർത്തിയ സ്പ്രിങ്ക്ളർ ഇടപാടിലെ അഴിമതി കെ.ഫോൺ പദ്ധതിയിലെ തട്ടിപ്പ് ഐടി പാർക്ക് വസ്തു കൈമാറ്റ തട്ടിപ്പ് ലോക കേരള സഭ നടത്തിപ്പിലെ ധൂർത്ത് നവ കേരള സദസ്സ് നടത്തിയതിലെ പരാതികൾ ഇങ്ങനെ സർക്കാർ വിരുദ്ധമായ പല കാര്യങ്ങളും ഓരോ ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം തയ്യാറാക്കുവാൻ പി.ആർ ഏജൻസിക്ക് അവസരം നൽകിയെന്ന ആരോപണവും കത്തി പടരുകയാണ്. ഇതിനിടയിലാണ് പാർട്ടി എംഎൽഎ അൻവർ പുറത്തുവിട്ട പോലീസ് മേധാവി നടത്തിയ നിരവധിയായ ക്രമക്കേടുകളുടെയും ക്രിമിനൽ കുറ്റങ്ങളുടെയും പരാതികളും ചർച്ചയായി നിൽക്കുന്നത്. ഒരു പോലീസ് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടുകൂടി പലതരത്തിലുള്ള അഴിമതികളും തട്ടിപ്പുകളും നടത്തിയതായിട്ടാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ. എ ഡിജിപി പദവിയിലിരിക്കുന്ന ആൾ മാത്രമല്ല ഉയർന്ന പദവിയിലുള്ള മറ്റു പല പോലീസ് മേധാവികളും തട്ടിപ്പിന് കൂട്ടുനിന്നതായി പാർട്ടി എംഎൽഎ തന്നെ പറയുന്ന സ്ഥിതി വന്നു.
താൻ ഭരണത്തിൽ ഇരിക്കുന്ന കാലം അത്രയും മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രമല്ല ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനകത്ത് പോലും ഒരു അവതാരത്തെയും കയറ്റില്ല എന്ന് വലിയവായിൽ വിളിച്ചുപറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ സ്വന്തം പേരിലും ഓഫീസിൻറെ പേരിലും ആണ് നിരവധി പരാതികൾ ഉയർന്നുകൊണ്ടിരിക്കുന്നത്. കരിമണൽ കമ്പനി ഉടമകളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വിജയൻ കോടിക്കണക്കിന് രൂപയായി വാങ്ങി എന്നത് ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഏതായാലും കേരളത്തിലെ പൊതുസമൂഹം കാര്യകാരണ സഹിതം സംശയിക്കുന്ന ചില വസ്തുതകൾ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും കാര്യത്തിൽ ഉണ്ട് എന്നത് വസ്തുതയാണ്. മുഖ്യമന്ത്രി ആധികാരികതയോടെ പറഞ്ഞ അവതാരങ്ങളെ അകത്തുകയറ്റില്ല എന്ന വാഗ്ദാനം പാഴായിരിക്കുന്നു. മുഖ്യമന്ത്രിയുടെ പാർട്ടിയായ സിപിഎമ്മിന്റെ ആൾക്കാർ എന്ന പേരിലും മുഖ്യമന്ത്രിയുടെ സ്വന്തക്കാർ എന്ന പേരിലും ഇടതുമുന്നണിയുടെ നേതാക്കൾ എന്ന നിലയിലും നിരവധി അവതാരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റിലും മാത്രമല്ല സെക്രട്ടറിയേറ്റിന്റെ തന്നെ നാല് ഗേറ്റുകൾക്കുള്ളിലും തമ്പടിച്ചിരിക്കുന്നു എന്നത് നിഷേധിക്കേണ്ട കാര്യമല്ല. ഇനിയെങ്കിലും ഒരു തിരിഞ്ഞുനോട്ടത്തിലേക്ക് മുഖ്യമന്ത്രി മാറണം. സ്വന്തം സർക്കാരിൽ സ്വന്തം ഓഫീസിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ഇനിയെങ്കിലും ഗൗരവമായി പരിശോധിക്കണം. അതല്ല എങ്കിൽ മുഖ്യമന്ത്രിക്കു മാത്രമല്ല സ്വന്തം പാർട്ടിക്ക് തന്നെ വലിയ നഷ്ടങ്ങൾ ഉണ്ടാകുന്ന ഭാവിയായിരിക്കും കടന്നു വരിക.