നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന ജമ്മു കാശ്മീരിലും ഹരിയാനയിലും വലിയ തിരിച്ചടി ഉണ്ടാകും എന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ച തോടുകൂടി ബിജെപി വലിയ അങ്കലാപ്പിൽ ആണ്. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിൽ നിന്നും പുറത്താക്കുന്ന വിധത്തിലുള്ള തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ ആഘാതത്തിൽ നിൽക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ഭാവി രാഷ്ട്രീയം സംബന്ധിച്ചും വലിയ ആശങ്കയിൽ ആണ്. രണ്ടുമാസത്തിനുള്ളിൽ രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്ന ബിജെപിക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഉണ്ടാകും എന്ന തരത്തിലുള്ള അവലോകനങ്ങളും പ്രവചനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മാത്രവുമല്ല ബിജെപി എന്ന പാർട്ടിയിൽ നിന്നും ഓരോ ദിവസവും നേതാക്കൾ കൊഴിഞ്ഞു പോകുന്ന വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. നരേന്ദ്രമോദിയുടെ രണ്ടാംഭരണം അധികാരത്തിൽ വന്നപ്പോൾ വലിയ ആവേശത്തോടുകൂടി നരേന്ദ്രമോദിയുടെ ക്ഷേത്രം നിർമ്മിച്ച ബിജെപിയുടെ നിയമസഭാംഗമായിരുന്ന മയൂർ മുണ്ടെ പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നത് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ നേതാവിന്റെ രാജിക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും ബിജെപി നേതാവും ആയ ഹർഷവർദ്ധൻ പാർട്ടിവിട്ട് പവാറിനൊപ്പം കൂടിയത് ഏതായാലും മഹാരാഷ്ട്രയിലെ ബിജെപി കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭീഷണിയെ നേരിടുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉണ്ടാവില്ല എന്നും ഭരണ തുടർച്ചക്ക് സാധ്യതയില്ല എന്നും വ്യക്തമായതോടുകൂടിയാണ് പല നേതാക്കളും ബിജെപി വിട്ട് ശിവസേന എൻസിപി തുടങ്ങിയ പാർട്ടികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയും പവാറിന്റെ എൻസിപി പാർട്ടിയും ശിവസേനയിലെ ഒരു വിഭാഗവും ചേർന്ന് മഹാ വികാസ് അഗാഡി സഖ്യം അധികാരത്തിൽ വരും എന്ന വിധത്തിലുള്ള പ്രചരണം ആണ് മഹാരാഷ്ട്രയിൽ നടക്കുന്നത്.
കഴിഞ്ഞ രണ്ടുമാസം മുൻപ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര സംസ്ഥാനത്ത് ബിജെപി പാർട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. 48 ലോകസഭ സീറ്റുകൾ ഉള്ള മഹാരാഷ്ട്രയിൽ ബിജെപിക്ക് വെറും 17 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ശേഷിക്കുന്ന 31 സീറ്റിലും മഹാവികാസ് അഖാഡി ആണ് വിജയിച്ചത്.മഹാരാഷ്ട്ര നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള ബിജെപി നേതാക്കളുടെ ചർച്ചകൾ പോലും യോജിപ്പില്ലാത്ത കാരണത്താൽ തടസ്സപ്പെട്ടിരിക്കുകയാണ്. 288 നിയമസഭ സീറ്റുകളിലേക്കാണ് അവിടെ മത്സരം ഉണ്ടാവുക. ബിജെപിയുടെ സ്ഥാനാർഥികളായി നേതാക്കൾ ചില പേരുകൾ മുന്നോട്ടുവെച്ചപ്പോൾ അതിൽ പേര് വരാത്ത ബിജെപി നേതാക്കൾ പാർട്ടി വിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവിൽ ബിജെപിയുടെ എംഎൽഎമാർ ആയിട്ടുള്ളവർ പോലും പാർട്ടി വിടുന്ന സ്ഥിതിയുണ്ട് ആ കൂട്ടത്തിൽ ഒരാളായിരുന്നു ശിവാജി നഗറിൽ നരേന്ദ്രമോദിയുടെ ക്ഷേത്രം നിർമ്മിച്ചു പേരെടുത്ത ബിജെപിയുടെഎം എൽ എ ആയ മയൂർ മുണ്ടെ. ഇദ്ദേഹം ബിജെപി വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേരുകയാണ് ഉണ്ടായത്.ജമ്മുകാശ്മീർ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാവുകയും രണ്ടുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര അടക്കമുള്ള നാല് സംസ്ഥാനങ്ങളിൽ പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പ് വിജയം ലഭിക്കാതെ വരികയും ചെയ്താൽ ദേശീയ തലത്തിൽ തന്നെ ബിജെപി എന്ന വമ്പൻ പാർട്ടിയുടെ ശക്തി തകരുന്ന സ്ഥിതിയുണ്ടാവും. തുടർഭരണങ്ങളിലൂടെ പ്രധാനമന്ത്രി പദവിയിൽ തുടരുന്ന നരേന്ദ്രമോദി എന്ന അതിശക്തനായ നേതാവിന്റെയും തകർച്ച ആയിരിക്കും ഭാവിയിൽ രാജ്യത്ത് ഉണ്ടാവുക.