സിപിഎം – ബിജെപി അന്തർധാര തന്നെ ഇവിടെയും.

സിപിഎം - ബിജെപി അന്തർധാര തന്നെ ഇവിടെയും.

ദേശീയ ദിനപത്രം ആയ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖവും ആ അഭിമുഖത്തിന്റെ ഒപ്പം വന്ന മലപ്പുറത്തെ മതപരമായ വിഷയങ്ങളും വലിയ ചർച്ചയായി മാറിയതാണ് .വർഗീയ പരമായ പരാമർശം ഉണ്ടായത് മാത്രമല്ല മുഖ്യമന്ത്രിയുടെ പേരിൽ ഇത്തരത്തിൽ ഹിന്ദു പത്രത്തിലേക്ക് ഒരു അഭിമുഖം തയ്യാറാക്കുന്നതിന് ഇടനിലക്കാരായി മാറിയ പി ആർ ഏജൻസി എന്നിവർക്കും പിന്നീട് രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം ഉണ്ടാക്കുന്നതായി മാറി .ഇതിനിടയിലാണ് സംസ്ഥാന നിയമസഭ കൂടുന്ന സാഹചര്യവും കടന്നുവന്നത്. പലതരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും ആരോപണങ്ങളും നാലു വശത്തു നിന്നും ഒരുപോലെ കടന്നുവന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലും അനുഭവിക്കാത്ത വിധത്തിലുള്ള ദുരിതക്കയത്തിൽ വീഴുന്ന കാഴ്ചയും കേരളം കണ്ടു. ഹിന്ദു പത്രം അഭിമുഖം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുമെന്നും വിഷയം ഭരണകൂടത്തിന് വലിയ പ്രശ്നമായി മാറും എന്നും ഉള്ള വാർത്തകൾ നിറഞ്ഞിരുന്നു . അതിനിടയിലാണ് കേരള ഗവർണർ സർക്കാരിന് ഒരു നോട്ടീസ് നൽകിയത് .ഈ നോട്ടീസിൽ ഗവർണർ ആവശ്യപ്പെട്ടത് ഹിന്ദു പത്രത്തിൽ വന്ന അഭിമുഖത്തിൽ പിണറായി വിജയൻ മലപ്പുറം കേന്ദ്രീകരിച്ച് ചില സംഘടനകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട് എന്ന രീതിയിൽ ഉള്ളതായിരുന്നു. ഈ കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത് .മാത്രവുമല്ല വിഷയങ്ങളിൽ ചീഫ് സെക്രട്ടറിയും ബിജെപിയും ഗവർണർക്ക് മുന്നിൽ നേരിട്ട് എത്തി വിശദീകരണം നൽകണം എന്ന ആവശ്യവും ഗവർണർ നോട്ടീസിൽ ചേർക്കുകയുണ്ടായി. ഗവർണർ മുഖ്യമന്ത്രിക്കു നൽകിയ നോട്ടീസ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടുകൂടി ചർച്ചകൾ എല്ലാം പുതിയ തലങ്ങളിലേക്ക് വഴി മാറി. ഇത് വ്യക്തമാക്കുന്നത് ഇവിടെ വലിയ തോതിൽ ചർച്ചയായി മാറിയ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യമായി നടത്തിക്കൊണ്ടിരിക്കുന്ന ബാന്ധവത്തിന്റെ ഉൾകളികളിൽ ആണ്. ഗവർണർ മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയതോടുകൂടി പൊതുമണ്ഡലത്തിലെ ചർച്ചകൾ വഴിതിരിച്ചുവിടാൻ കഴിഞ്ഞു എന്നത് ഒരു വസ്തുതയാണ് .അതുകൊണ്ടുതന്നെയാണ് ഗവർണറുടെ ഇടപെടൽ ബിജെപി നേതാക്കളിൽ ചിലരുടെ താൽപര്യം കൂടി പരിഗണിച്ചാണ് എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവരുന്നത്. ഒരു കാര്യം വ്യക്തമാണ് മുഖ്യമന്ത്രി മാത്രമല്ല കേരളത്തിലെ സിപിഎം എന്ന പാർട്ടിയും ബിജെപി എന്ന പാർട്ടിയും തമ്മിൽ അഡ്ജസ്റ്റ് രാഷ്ട്രീയം തുടരുന്നു എന്നത് ഗവർണർ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നൽകിയതിലൂടെ ഈ ഇടപെടലുകൾ കൂടുതൽ പച്ചയായി പുറത്തുവരികയാണ്.

കേരള സർക്കാരിന്ന് നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന പാർട്ടിയിലെ ഒരു നിയമസഭാ അംഗമായ അൻവർ ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി നേതാക്കളുടെയും അതുപോലെതന്നെ പോലീസ് മേധാവികളുടെയും വഴിവിട്ട പ്രവർത്തനങ്ങൾ എല്ലാം തെളിവുകൾ സഹിതം പുറത്തുവിട്ടത് .മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിൻറെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ നേതൃത്വത്തിൽ ഗുണ്ടാ പ്രവർത്തനങ്ങൾ വരെ നടത്തുന്നു എന്നും. അതിന് എല്ലാം ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി കൂട്ടുനിൽക്കുന്നു എന്നും അൻവർ തെളിവുകളോടുകൂടി പരസ്യമായി പറഞ്ഞപ്പോൾ മുഖ്യമന്ത്രി മാത്രമല്ല സർക്കാരും അതിനു നേതൃത്വം കൊടുക്കുന്ന സിപിഎം പാർട്ടിയും വലിയ കുടുക്കിൽ പെടുന്ന സ്ഥിതി വന്നു.പലതരത്തിലുള്ള ന്യായീകരണ വാദങ്ങളുമായി സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും ഇടതുമുന്നണി കൺവീനർ രാമകൃഷ്ണനും ഒക്കെ രംഗത്ത് വന്നെങ്കിലും. ഒന്നിന് പിറകെ ഒന്ന് എന്ന രീതിയിൽ പിണറായി വിജയനും സർക്കാരിനും എതിരായ പല കഥകളും പുറത്തുവരുന്ന സ്ഥിതി വന്നതോടുകൂടി മുഖ്യമന്ത്രി ആകെ തളരുന്ന സ്ഥിതിയിലേക്ക് എത്തി.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആർ എസ് എസ് നേതാക്കൾ വഴി സിപിഎം വലിയതോതിലുള്ള അവിഹിതബന്ധങ്ങൾ രൂപപ്പെടുത്തി എന്നും തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചു കുത്തുന്ന അഡ്ജസ്റ്റ്-മെന്റ് രാഷ്ട്രീയം നടപ്പിൽ വരുത്തി എന്നും വ്യാപകമായി പ്രചരണം ഉണ്ടായി. അൻവർ എംഎൽഎ പുറത്തുവിട്ട രഹസ്യങ്ങൾ കൂടി പരസ്യമായതോടെ പ്രതിസന്ധി രൂക്ഷമായി. പോലീസ് മേധാവി അജിത് കുമാർ ആർ എസ് എസ് മേധാവികളെ രഹസ്യമായി പോയി കണ്ടത് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ആയിരുന്നു എന്നും ചില മണ്ഡലങ്ങളിൽ വോട്ട് മറിക്കുന്നതിനുള്ള ചർച്ചകൾ വരെ നടത്തി എന്നും പരാതി ഉയർന്നു. എന്നാൽ ഇതിനേക്കാൾ ഗൗരവതരമായ ചർച്ചകളായി മാറിയത് മുഖ്യമന്ത്രിക്കെതിരെ നിലവിൽ പുറത്തുവന്നിട്ടുള്ള അഴിമതി കേസുകളും, മകൾ വീണവിജയൻറെ പേരിൽ പുറത്തുവന്ന മാസപ്പടി കേസുകൾ തടഞ്ഞുവയ്ക്കുവാനും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ബിജെപി നേതാക്കളുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നതിന് പോലീസ് മേധാവി അജിത് കുമാർ ശ്രമം നടത്തി എന്ന അൻവറിന്റെ വെളിപ്പെടുത്തലുകൾ ആയിരുന്നു .ഓരോ ദിവസങ്ങളിലായി അൻവർ പരാതികളും പരിഭവങ്ങളും പുറത്തു പറഞ്ഞപ്പോൾ സിപിഎം എന്ന പാർട്ടിയുടെ നേതാക്കന്മാർക്ക് പ്രതികരിക്കാൻ പോലും കഴിയാത്ത ഗതികേട് ഉണ്ടായി .

ഇത്തരത്തിൽ മുഖ്യമന്ത്രിക്കുന്ന സ്വന്തം പാർട്ടിക്കും ഇടതുമുന്നണിക്ക് തന്നെയും വലിയ തലവേദനയായി മാറിയ അൻവറിന്റെ തുറന്നുപറച്ചിലുകളും മറ്റും നിലനിൽക്കുമ്പോൾ ആണ് സി പി എം നേതൃത്വം വീണ്ടും ഒരിക്കൽ കൂടി ബിജെപി നേതാക്കളുടെ സഹായം തേടിയത് എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കേരളത്തിലെ ബിജെപി നേതാക്കളും അതുപോലെതന്നെ പാർട്ടിയുടെ ദേശീയ നേതാക്കളിൽ ചിലരും കേരള ഗവർണറുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ മുൾമുനയിൽ നിർത്തുന്ന രാഷ്ട്രീയ വിവാദങ്ങൾ ശമിപ്പിക്കാൻ ഗവർണർ തന്നെ പിണറായി വിജയന് നോട്ടീസ് നൽകുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ആദ്യം ഗവർണർ നോട്ടീസ് നൽകിയപ്പോൾ അത് വാർത്ത രംഗത്ത് വലിയ ചർച്ചയായി. എന്നാൽ പിറ്റേദിവസം അതിന് മറുപടിയായി ഗവർണർ സർക്കാരിൻറെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിശദീകരണത്തിന് നേരിട്ടു വിളിക്കുന്നത് നിയമപരമായി നിലനിൽക്കുന്നതല്ല. അതുകൊണ്ട് ഗവർണറെ കാണാൻ അവർ പോകേണ്ടതില്ല എന്നും ഉള്ള മുഖ്യമന്ത്രിയുടെ മറുപടി ഗവർണർക്ക് കൈമാറിയത്. ഈ നോട്ടീസ് കൈപ്പറ്റിയ ഗവർണർ രണ്ടാമതും സർക്കാരിന് നോട്ടീസ് അയച്ചതോടുകൂടി വാർത്തകളിൽ ഈ വിഷയം നിറഞ്ഞുനിന്നു നിയമസഭയ്ക്ക് വലിയ പ്രക്ഷോഭം ഉയരുന്ന സാഹചര്യത്തിലും അവിടെയും മുഖ്യമന്ത്രി തളരുന്ന അവസ്ഥയിലും മാധ്യമ നിരകളിൽ നിന്നും മാറി നിൽക്കുന്നതിന് സഹായകരമായ വിധത്തിൽഉള്ള പ്രവർത്തനമാണ് നോട്ടീസ് അയക്കലുകളിലൂടെ ഗവർണർ നടത്തിയത് എന്നാണ് പുറത്തുവരെ അറിയാൻ കഴിയുന്നത്.

ഏതായാലും കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്ന സിപിഎം എന്ന പാർട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപി എന്ന പാർട്ടിയും തമ്മിൽ രഹസ്യബന്ധങ്ങളും അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയവും തുടരുന്നു എന്ന് വെളിപ്പെടുത്തുന്ന സംഭവമാണ് മുഖ്യമന്ത്രിക്കെതിരെ ഗവർണർ നടത്തിയ നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെ നാലു വശത്തു നിന്നും വരുന്ന ആക്ഷേപശരങ്ങളിൽ നിന്നും രക്ഷിക്കാനുള്ള തന്ത്രമാണ് ഗവർണർ നടത്തിയത് എന്ന വിലയിരുത്തുന്ന ആൾക്കാർ ഉണ്ട്. ഏതായാലും ഒരു കാരണവശാലും ഒരു ഗവർണറും മുൻകാലങ്ങളിൽ ചെയ്തിട്ടില്ലാത്ത ഒരു പ്രവർത്തിയാണ് ഇപ്പോഴത്തെ ഗവർണർ നടത്തിയത്. സർക്കാരിന്റെയോ അല്ലെങ്കിൽ മന്ത്രിസഭയുടെയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെയോ തെറ്റായ പ്രവർത്തനങ്ങൾ ഉണ്ടായാൽ സർക്കാരിനോടും മുഖ്യമന്ത്രിയോടും വിശദീകരണം ചോദിക്കുക പതിവാണ് .ആ പതിവ് രീതിയിൽ നിന്നും വഴിമാറി ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഹാജരാകൽ നോട്ടീസ് അയക്കുന്നത് പതിവ് രീതിയല്ല .ഈ പ്രവർത്തനത്തിലൂടെ വാർത്തയിൽ വഴിതെറ്റിക്കൽ നടത്തുവാനും മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കുവാനും ഉള്ള രഹസ്യ നീക്കത്തിന്റെ ഭാഗം തന്നെ ആയിവേണം ഗവർണറുടെ നടപടിയെ കാണുവാൻ.