എങ്ങിനെയും കേരളത്തിലെ അധികാരം പിടിച്ചെടുക്കണം എന്ന മോഹവുമായി കേരളത്തിലെ ബിജെപി നേതാക്കൾ നെട്ടോട്ടം ഓടുകയാണ്. അല്പം പ്രശസ്തിയുള്ള കലാകാരന്മാരും സാഹിത്യകാരന്മാരും അടക്കമുള്ളവരെ തെരഞ്ഞു പിടിക്കൽ ആയിരുന്നു ആദ്യഘട്ടത്തിൽ. പിന്നീട് അധികാര ഭരണത്തിന്റെ തലപ്പത്തിരുന്ന ചില പ്രമാണി ഉദ്യോഗസ്ഥന്മാർ റിട്ടയർ ചെയ്തപ്പോൾ അവരുടെ പുറകെ നടന്നു. ഇപ്പോഴും ഇതുപോലെയുള്ള കാലുപിടുത്തം നടത്തി കൊണ്ടാണ് കേരളത്തിലെ ബിജെപി നേതാക്കൾ പാർട്ടിയെ വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏതെങ്കിലും തരത്തിൽ ഇതു ഗുണം ചെയ്യുമോ എന്നത് ദൈവം തന്നെ കാണിച്ചു തരേണ്ടതാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ കേരളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ ഡിജിപി ബിജെപി എന്ന പാർട്ടിയിലേക്ക് അംഗത്വം എടുത്ത് കടന്നുചെന്നിരിക്കുകയാണ്. പത്തു വർഷത്തിലധികമായി പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്ന നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകളും ബിജെപി എന്ന പാർട്ടിയുടെ നയങ്ങളും തന്നെ ആകർഷിച്ചത് കൊണ്ടാണ് ബിജെപിയിൽ ചേരുന്നത് എന്ന് നേതാക്കളെ സാക്ഷി നിർത്തി ശ്രീലേഖ പരസ്യമായി പറഞ്ഞിട്ടും ഉണ്ട്. ഉന്നത ഉദ്യോഗസ്ഥരായി റിട്ടയർമെൻറ് കാലം വരെ സർക്കാർ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് സുഖമായി ജീവിച്ച ശേഷം വിരമിക്കൽ ഘട്ടത്തിൽ എത്തുമ്പോൾ രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുകയും അതിലൂടെ വാർദ്ധക്യകാലത്ത് പരമാവധി സുഖസൗകര്യങ്ങൾ സ്വന്തമാക്കുകയും ചെയ്യുക എന്ന ഒരു ഏർപ്പാട് കേരളത്തിലെ ഐഎഎസ് – ഐപിഎസ് തലപ്പത്തിരുന്നവർ തുടർന്നുവരുന്നുണ്ട്. ഇതിൽ അധികം പേരും എന്തുകൊണ്ടോ ബിജെപി എന്ന പാർട്ടിയിലേക്കാണ് ചേക്കേറുന്നത്. ഇതിൻറെ രഹസ്യം പൊതുജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ബിജെപി 10 വർഷമായി രാജ്യത്തിൻറെ ഭരണം നടത്തുന്നവരാണ്. മാത്രവുമല്ല ഉത്തരേന്ത്യയിൽ അടക്കം പല സംസ്ഥാനങ്ങളിലും കുറച്ചുകാലമായി ബിജെപി ഭരണം തുടരുകയും ആണ്. അങ്ങനെ അധികാര അവകാശം സ്വന്തമാക്കി നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പിറകെ പോവുക അത്യാവശ്യം ലാഭകരമായ ഒരു ബിസിനസ് ആണ്. അതുകൊണ്ടുതന്നെയാണ് ഈ ഉദ്യോഗസ്ഥർ പ്രമാണിമാർ സർവീസിനു ശേഷം രാഷ്ട്രീയപ്പാർട്ടികളോട് പ്രേമം കാണിച്ച് അടുത്തുകൂടുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ വലിയ രാഷ്ട്രീയ ബോധവും വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന ജനതയുമായ കേരളത്തിൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ആയിരുന്ന പലരും ബിജെപിയിലേക്ക് കടന്നു കയറിയത് കണ്ടിട്ടുള്ളതാണ്. ഇപ്പോൾ ബിജെപിയിലേക്ക് രംഗപ്രവേശം നടത്തിയ ആർ ശ്രീലേഖ എന്ന മുൻ ഡിജിപിബിജെപിയിലേക്ക് കടക്കുമ്പോൾ കേരളത്തിൽ റിട്ടയർമെൻറ് വിശേഷം ബിജെപിയിൽ ചേരുന്ന ഡിജിപി മാരുടെ എണ്ണം 3 ആയി ഉയരും. ശ്രീലേഖ ബിജെപിയിൽ ചേരുന്നതിന് മുൻപ് റിട്ടയേർഡ് ഡിജിപി മാരായ സെൻകുമാറും ജേക്കബ് തോമസും ബിജെപിയിൽ കടന്നുകയറിയ വരാണ്. ഇതിൽ ജേക്കബ് തോമസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എത്തുകയും 33,000 ത്തോളം വോട്ടുകൾ നേടിയെടുക്കുകയും ചെയ്തിരുന്നു. 2017 ലാണ് റിട്ടയർമെൻറ് നുശേഷം ഡിജിപി ആയിരുന്ന സെൻകുമാർ ബിജെപിയിൽ കടക്കുന്നത്. അദ്ദേഹം എന്തായാലും തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് അതല്ലെങ്കിൽ ബിജെപി ദാനമായി നീട്ടുന്ന ഏതെങ്കിലും സർക്കാർ പദുകളിലേക്കോ ഇതുവരെ കടന്നു വന്നിട്ടില്ല.
ഐപിഎസ് കാരുടെ അതേ അവസ്ഥ തന്നെയാണ് ഐഎഎസ് കാരും തുടരുന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ ബിജെപി പ്രേമം കൊണ്ട് ആ പാർട്ടിയിലേക്ക് കുടിയേറിയ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു അൽഫോൻസ് കണ്ണന്താനം. ഇദ്ദേഹത്തിൻറെ ബിജെപിയിലേക്കുള്ള യാത്രയ്ക്ക് മുൻപ് അദ്ദേഹം സിപിഎമ്മിൽ ചേർന്നിരുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നും നിയമസഭയിലേക്ക് അദ്ദേഹം ജയിച്ചു വരികയും ചെയ്തിരുന്നു. അതിനുശേഷം സിപിഎം കാര്യമായ പരിഗണന നൽകാതെ വന്ന അടിസ്ഥാനത്തിലാണ് പിന്നീട് ബിജെപിയിലേക്ക് കടക്കുകയും കേന്ദ്രമന്ത്രിയായി മാറുകയും ചെയ്തത്. അതുപോലെതന്നെ ഔദ്യോഗിക കാലാവധിക്ക് ശേഷം ബിജെപിയിലേക്ക് എത്തിച്ചേർന്ന ആളാണ് സി വി ആനന്ദബോസ്. കേരളത്തിൻറെ ചീഫ് സെക്രട്ടറി പദവിയിൽ വരെ ഇരുന്ന ആനന്ദബോസ് ഡൽഹിയിൽ ഉണ്ടാക്കിയെടുത്ത അടുപ്പവും ബന്ധവും ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വരെ അടുപ്പം ഉറപ്പാക്കിയെടുത്തു. ബിജെപി എന്ന പാർട്ടിയിൽ അദ്ദേഹം ചേർന്നശേഷം മാസങ്ങൾക്കുള്ളിൽ തന്നെ പശ്ചിമബംഗാളിലെ ഗവർണറായി നിയമനവും കിട്ടി. ഇപ്പോഴും ബംഗാൾ ഗവർണറായി ആനന്ദ ബോസ് പ്രവർത്തിക്കുകയാണ്. ബംഗാളിലെ മുഖ്യമന്ത്രിയായ മമതാ ബാനർജിയുമായി നിരന്തരം ഉടക്കിക്കൊണ്ട് ബിജെപിയോട് കൂറ് കാണിക്കുന്ന ഗവർണർ എന്ന പേരും അദ്ദേഹം ഇതിനകം സമ്പാദിച്ചു കഴിഞ്ഞു.
1982 മുതൽ ഇന്ത്യൻ പാർലമെൻറിൽ പങ്കാളിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. എന്നിരുന്നാലും രാജ്യത്തിൻറെ അധികാരം പിടിച്ചെടുക്കുക എന്ന വളർച്ചയിലേക്ക് ബിജെപി എത്തുന്നത് പത്ത് വർഷം മുൻപാണ്. രാജ്യം ഭരിക്കുന്ന പാർട്ടി എന്ന നിലയിലേക്ക് ബിജെപി ദേശീയ തലത്തിൽ വളർന്നപ്പോഴും കേരളത്തിൽ പച്ച തൊടാൻ കഴിയാത്ത ഗതികെട്ട പാർട്ടിയായി ബിജെപി നിലനിൽക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ വല്ല പഞ്ചായത്തുകളിലും മെമ്പർമാർ ഉണ്ടാകുന്നതല്ലാതെ ഗൗരവമായ ഒരു പദവിയിലേക്ക് ജയിച്ചു വരുവാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഈ പോരായ്മകൾ പരിഹരിക്കുന്ന സാഹചര്യം ഉണ്ടായത് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് കാലത്താണ്. തൃശ്ശൂർ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം കൂടി നടത്തിയ പ്രമുഖ സിനിമ നടൻ സുരേഷ് ഗോപി എന്നയാളെ സ്ഥാനാർത്ഥിയാക്കി ആ മണ്ഡലത്തിൽ വിജയം കണ്ടെത്താൻ കഴിഞ്ഞത് കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി മാറി. മാത്രവുമല്ല കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ വലിയ തോതിൽ വോട്ട് വർദ്ധിപ്പിക്കുവാനും ബിജെപിക്ക് കഴിഞ്ഞു. എന്നാൽ ഈ വളർച്ചയ്ക്ക് പിന്നിൽ പാർട്ടിയുടെ സ്വന്തം അടിത്തറയുടെ ബലമായിരുന്നില്ല എന്നും പല മണ്ഡലങ്ങളിലും രഹസ്യ നീക്കങ്ങളും അജണ്ടകളും വഴി തൽക്കാലത്തേക്ക് മറ്റു പാർട്ടികളിൽ നിന്നും വോട്ട് കച്ചവടം നടത്തി ലാഭം കൊയ്യാൻ ശ്രമിക്കുകയായിരുന്നു എന്നും ഒക്കെയുള്ള പരാതികൾ നിലനിൽക്കുന്നുണ്ട്.
2026 ൽ കേരളത്തിൽ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ വിധത്തിൽ വിജയം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഉള്ളത്. ഈ ലക്ഷ്യം നേടിയെടുക്കാൻ ബിജെപിയുടെ കേരള നേതാക്കൾ നടത്തുന്ന തന്ത്രങ്ങൾ പലതും ഫലത്തിൽ വരുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സ്വന്തം പാർട്ടിയുടെ വേരുകൾ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യമായി നേതാക്കൾ പോലും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് പലതരത്തിലുമുള്ള തന്ത്രങ്ങൾ പയറ്റി സംസ്ഥാന നിയമസഭയിൽ ഒരു ശക്തിയായി വളരാൻ ബിജെപിക്ക് കഴിയുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നത്. അതിൻറെ ഭാഗമായിട്ടാണ് ഉന്നത ഉദ്യോഗ പദവികളിൽ ഇരുന്ന ആൾക്കാരെ വലവീശി പാർട്ടിയിലേക്ക് അടുപ്പിക്കുന്നത്.എന്നാൽ ഇത്തരത്തിൽ ബ്യൂറോക്രാറ്റുകൾ ആയി അധികാരത്തിന്റെ ഉയരങ്ങളിൽ കഴിഞ്ഞ ആൾക്കാർ ജനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത തമ്പുരാക്കന്മാർ ആയിരുന്നു എന്ന കാര്യം ബിജെപി നേതാക്കൾ തിരിച്ചറിയുന്നില്ല. ഐഎഎസ് പദവിയിലും ഐപിഎസ് പദവിയിലും ഒക്കെ ഇരുന്ന് റിട്ടയർ ചെയ്യുന്ന പല പ്രമാണിമാർക്കും സ്വന്തം വീടിൻറെ അയൽക്കാരുമായി പോലും ഒരു അടുപ്പവും ഇല്ല എന്നതാണ് വാസ്തവം. സർവീസ് കാലത്ത് പോലീസ് അകമ്പടിയോടുകൂടി ജീവിച്ചിരുന്ന ഈ ആൾക്കാർക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനും ആരോടെങ്കിലും താഴ്ന്ന നിന്ന് ബന്ധപ്പെടുന്നതിന് ഒരു താല്പര്യവും അല്ല ആൾക്കാരുമല്ല. ഇപ്പോൾ ഏറ്റവും ഒടുവിൽ പാർട്ടിയിലേക്ക് കടന്നുവന്ന ആർ ശ്രീലേഖ ഡി.ജി.പി പദവിയിൽ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ആളാണ്. ഇവർക്ക് എത്ര വലിയ ജന സ്വാധീനമാണ് ഉള്ളത് എന്ന കാര്യം കണ്ടറിയേണ്ട ഒന്നാണ്.
രാഷ്ട്രീയം എന്നത് ഒരു വ്യക്തിയുടെ ചെറുപ്പകാലം മുതൽ ഇടപെട്ടു പ്രവർത്തിച്ച് മുന്നേറേണ്ട സംവിധാനമാണ്. രാഷ്ട്രീയ നേതാക്കൾ മികച്ച പ്രവർത്തനം നടത്തി മുന്നേറുവാൻ കഴിയുന്ന ആൾക്കാർ ഭൂരിഭാഗവും ഇത്തരത്തിൽ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യത്തിൽ വളർന്നവർ ആയിരിക്കണം. അത്തരം കഴിഞ്ഞ കാല ചരിത്രം ഇല്ലാത്ത ആരെങ്കിലുമൊക്കെ ഒരു സുപ്രഭാതത്തിൽ പാർട്ടിയുടെ പദവികളിൽ എത്തി ജനങ്ങൾക്ക് ഇടയിലേക്ക് വന്നാൽ അവർക്ക് ഒപ്പം നിൽക്കാൻ ആരും ഉണ്ടാവില്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഈ യാഥാർത്ഥ്യം കേരളത്തിലെ ബിജെപി നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഐ എ എസ് – ഐപിഎസ് തലവന്മാർ വിചാരിച്ചാൽ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലും പാർട്ടിയിലേക്ക് അല്ലെങ്കിൽ ഒപ്പം നിർത്താൻ പോലും കഴിയില്ല എന്നതാണ് അനുഭവങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ബിജെപിയുടെ പതിവു ശീലങ്ങളിൽ മാറ്റം വരുത്തി പാർട്ടിയെ ആർ എസ് എസ് സംഘപരിവാർ ശക്തികളുടെ നിയന്ത്രണ പരിധിയിൽ നിന്നും മാറ്റി ജനകീയ പ്രസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കാൻ ആണ് നേതാക്കൾ ശ്രമിക്കേണ്ടത്.ആർ ശ്രീലേഖയെപ്പോലെ ബിജെപിയിൽ കടന്നു വന്നിട്ടുള്ള ഏത് ഉദ്യോഗസ്ഥ പ്രമാണിയും മനസ്സിൽ പ്രതീക്ഷയായി നിലനിർത്തുന്നത് കേന്ദ്രസർക്കാരിൻറെ ദാനമായി കിട്ടുന്ന സ്ഥാനമാനങ്ങൾ തന്നെയാണ്. റിട്ടയർമെൻറ് ശേഷമുള്ള വിശ്രമകാല ജീവിതത്തിലും സർക്കാർ സംവിധാനങ്ങളുടെ സുഖസൗകര്യങ്ങൾ അനുഭവിക്കാൻ അവസരം ഒരുക്കുക എന്നതിൽ കവിഞ്ഞുള്ള ഒരു പാർട്ടി സ്നേഹവും ഇവർക്ക് ആർക്കും ഇല്ല എന്ന് തിരിച്ചറിയേണ്ടത് കേരളത്തിലെ ബിജെപി നേതാക്കൾ തന്നെ ആണ്.