ലോക റെക്കാർഡുമായി കേരള കോൺഗ്രസ്.

60 വർഷത്തിനിടയിൽ 14 പിളർപ്പ്.

കേരളത്തിൽ മാത്രം കഴിഞ്ഞ ആറ് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ്. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടി എന്നാണ് കേരള കോൺഗ്രസിൻറെ സ്ഥാപക നേതാക്കളിൽ ഒരാളായ കെഎം മാണി പണ്ട് പറഞ്ഞുവെച്ചത്. ഏതായാലും മാണിയുടെ വാക്കുകൾ അർത്ഥവത്തായി. ഇപ്പോഴും കേരളത്തിലെ കേരള കോൺഗ്രസ് ആ പാർട്ടിയുടെ പിളരൻ പരിപാടി തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കേരള കോൺഗ്രസ് എന്ന പാർട്ടി ജന്മമെടുത്ത് 60 വയസ്സ് പൂർത്തിയാക്കുന്ന ആഘോഷങ്ങൾ കേരള കോൺഗ്രസുകളുടെ ആസ്ഥാനമായ കോട്ടയത്ത് നടക്കുകയുണ്ടായി. കേരള കോൺഗ്രസിൻറെ ജന്മവാർഷികം എന്ന് പറഞ്ഞ് പരിപാടിക്കെത്തിയത് ഏതാണ്ട് നാല് കേരള കോൺഗ്രസ് പാർട്ടികളുടെ നേതാക്കളാണ്. കേരളീയരെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന മഹാപ്രവചനങ്ങളാണ് ഈ വാർഷിക ആഘോഷ പരിപാടിയിൽ മുതിർന്ന നേതാക്കൾ നടത്തിയത്. കേരള കോൺഗ്രസ് പിളർപ്പ് തുടരുമ്പോഴും കേരളത്തിലെ രാഷ്ട്രീയ രംഗം നിയന്ത്രിക്കുന്നത് കേരള കോൺഗ്രസ് പാർട്ടിയാണ് എന്ന് പറയാൻ എല്ലാ നേതാക്കളും വാശി കാണിച്ചു. അതൊരു നല്ല കാര്യം തന്നെയാണ്. കാരണം ഇത്രയ്ക്ക് ശക്തി കേരള കോൺഗ്രസിന് ഇപ്പോഴും ഉള്ള അവസ്ഥയിൽ ഇനിയും പിളരുന്നതിന് സാധ്യത ഏറെ ഉണ്ട്.

കേരളത്തിലെ കേരള കോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടി ലോക ചരിത്രത്തിൽ തന്നെ അത്ഭുതം തന്നെയാണ്. ലോകത്ത് ഒരു പാർട്ടിയും 60 വർഷത്തിനിടയിൽ 14 തവണ പിളർന്ന് കാണില്ല. അങ്ങനെ ലോക റെക്കോർഡ് സ്ഥാപിച്ച പാർട്ടിയുടെ സ്ഥാപക ദിനാചരണം ആണ് നടന്നത്. സംസ്ഥാനത്തുള്ള കർഷകരും കർഷക തൊഴിലാളികളും പങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ള ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്. മറ്റു സമൂഹങ്ങൾ എത്ര വലിയ പ്രതിസന്ധിയെ നേരിട്ടാലും അതൊന്നും കേരള കോൺഗ്രസ് നേതാക്കൾ കാണാറില്ല. കർഷകരുടെ കാര്യം മാത്രമാണ് അവരുടെ മുഖ്യ വിഷയം. അതിൽ തന്നെ റബ്ബർ കർഷകർ എന്ന് പറഞ്ഞാൽ കേരള കോൺഗ്രസിൻറെ എല്ലാ നേതാക്കളും മുട്ടുമടക്കി വണങ്ങും. പാർട്ടിയുടെ നട്ടെല്ല് റബ്ബർ കർഷകർ തന്നെയാണ്.

1964ൽ ആണ് കേരള കോൺഗ്രസ് എന്ന പാർട്ടിക്ക് കോട്ടയത്തെ തിരുനക്കര മൈതാനത്ത് വച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുന്നത്. നായർ സമുദായ പരിഷ്കർത്താവായ മന്നത്തുപത്മനാഭൻ ആണ് യഥാർത്ഥത്തിൽ കേരള കോൺഗ്രസിൻറെ പാർട്ടി പ്രഖ്യാപനം നടത്തിയത്. തുടർന്ന് 1965 നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിക്കുകയും 25 സീറ്റിൽ വിജയം കാണുകയും ചെയ്തു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 40 സീറ്റും കോൺഗ്രസ് പാർട്ടിക്ക് 34 സീറ്റും ആണ് ലഭിച്ചത്. കേരള കോൺഗ്രസ് യഥാർത്ഥത്തിൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു ഉണ്ടാക്കിയ ഒരു രാഷ്ട്രീയ പാർട്ടി ആണ്. കോൺഗ്രസ് നേതാവായ ആർ ശങ്കർ മുഖ്യമന്ത്രിയായ സർക്കാരിന് എതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്ന ഭിന്നതകളുടെ പേരിൽ പി.ടി. ചാക്കോയും കെ എം ജോർജും മറ്റു 15 നിയമസഭാ അംഗങ്ങളും ശങ്കരനെതിരെ വോട്ട് ചെയ്തപ്പോൾ സർക്കാർ വീണു. ഇതിനുശേഷമാണ് വിമതരായ കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു കേരള കോൺഗ്രസ് രൂപീകരിച്ചത്. രൂപീകരണ അവസരത്തിൽ നേതൃനിരയിൽ കോൺഗ്രസിലെ തന്നെ പ്രമുഖർ ഉണ്ടായി. ആർ ബാലകൃഷ്ണപിള്ള പി.ടി.ചാക്കോ പി ജെ ജോസഫ് കെ എം ജോർജ്തുടങ്ങിയ നേതാക്കളാണ് അന്ന് പാർട്ടിയെ നയിച്ചത്. എന്നാൽ പിന്നീടുള്ള കേരള കോൺഗ്രസിൻറെ ചരിത്രം എന്ന് പറയുന്നത് പിളർപ്പുകളുടെ കാലമായിരുന്നു. പാർട്ടിയിലെ സ്ഥാനമാനങ്ങളുടെയും പാർട്ടി അധികാരത്തിൽ എത്തുന്ന അവസരത്തിൽ മന്ത്രി കസേരകളുടെയും മറ്റും പേരിൽ ആയിരുന്നു പാർട്ടിയിൽ തുടരൻ പിളർപ്പുകൾ അരങ്ങേറിയത്.

1976 ൽ ആയിരുന്നു കേരള കോൺഗ്രസ് പാർട്ടിയിലെ ആദ്യത്തെ പിളർപ്പ് അരങ്ങേറിയത്. നേതൃനിരയിൽ ഉണ്ടായിരുന്ന പി ജെ ജോസഫ് അടക്കമുള്ള അടക്കമുള്ള ആൾക്കാരുമായി തെറ്റിപ്പിരിഞ്ഞ് കെ എം മണി സ്വന്തം പാർട്ടി പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ ആയിരുന്ന കെ എം ജോർജ് മരിച്ചപ്പോൾ പാർട്ടിയുടെ തലപ്പത്തേക്ക് ആർ ബാലകൃഷ്ണപിള്ള കടന്നുവന്നു. പിന്നീട് 1979 ആയപ്പോഴേക്കും പാർട്ടി ചെയർമാൻ കെ എം മാണിയുമായി ഭിന്നതയിൽ എത്തിയ പി ജെ ജോസഫ് തെറ്റി പിരിഞ്ഞു. മറ്റൊരു കേരള കോൺഗ്രസ് പാർട്ടി ഉണ്ടാക്കി. അതിനുശേഷം മറ്റൊരു പിളർപ്പ് ഉണ്ടായത്. 1993 അന്ന് തൻറെ എല്ലാമായിരുന്ന കെഎം മാണിയോട് വിടപറഞ്ഞുകൊണ്ട് നേതാക്കളിൽ ഒരാളായ ടി എം ജേക്കബ് രാജിവച്ച് സ്വന്തം പാർട്ടി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന പല നേതാക്കളും സ്വന്തം മക്കളെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും നടത്തിയിരുന്നു. അങ്ങനെയാണ് 2003 ൽഒരു നേതാവിന്റെ മകനായ പി സി തോമസ് പാർട്ടി പിളർത്തിക്കൊണ്ട് സ്വന്തം കേരള കോൺഗ്രസ് ഉണ്ടാക്കിയത്. അതേ വർഷത്തിൽ തന്നെ പി.ജെ ജോസഫിന്റെ കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നിരുന്ന പിസി ജോർജ് പാർട്ടി നേതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് സ്വന്തം കേരള കോൺഗ്രസ് പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിൽ മാസങ്ങൾക്ക് മുൻപാണ് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ കോട്ടയം ജില്ല പ്രസിഡൻറ് ആയിരുന്ന സജി മഞ്ഞക്കടമ്പൻ പാർട്ടിവിട്ട് മറ്റൊരു കേരള കോൺഗ്രസ് ഉണ്ടാക്കിയത്.

ജനാധിപത്യം നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും രാഷ്ട്രീയപാർട്ടികൾക്കാണ് ജനങ്ങൾക്കിടയിൽ ഏറ്റവും വലിയ സ്വാധീനം ഉള്ളത്. അങ്ങനെ ലോകത്തെ ഒരു രാഷ്ട്രീയപ്പാർട്ടിക്കും നേടുവാൻ കഴിയാത്ത അത്ഭുത ചരിത്രമാണ് കേരളം എന്ന കൊച്ചു സംസ്ഥാനത്ത് മാത്രം പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് എന്ന പാർട്ടിക്ക് ഉള്ളത്. ഇപ്പോഴും ഏതാണ്ട് 6 കേരള കോൺഗ്രസുകൾ കേരളത്തിൽ പ്രവർത്തിച്ചുവരികയാണ്. ഈ പല പാർട്ടികളും മുൻകാല കേരള കോൺഗ്രസ് നേതാക്കളുടെ മക്കൾ സ്വന്തം പോക്കറ്റിൽ ഇട്ടുകൊണ്ട് നടക്കുന്ന പാർട്ടിയാണ് എന്നതാണ് രസകരമായ കാര്യം. ശക്തമായി പ്രവർത്തിച്ചുവരുന്ന രണ്ടു കേരള കോൺഗ്രസുകൾ കെഎം മാണിയുടെ മകൻ നയിക്കുന്ന മാണി ഗ്രൂപ്പ് കേരള കോൺഗ്രസും അതുപോലെതന്നെ പി.ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസും. ഇതുകൂടാതെ ആർ ബാലകൃഷ്ണപിള്ള കൊണ്ടുനടന്നിരുന്ന കേരള കോൺഗ്രസ് ഇപ്പോൾ നയിക്കുന്നത് മന്ത്രി പദവിയിലുള്ള ഗണേഷ് കുമാർ ആണ്. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ നേതാവായ പി ജെ ജോസഫ് പാർട്ടിയുടെ തലപ്പത്തേക്ക് സ്വന്തം മകനെ അടുത്തിടയ്ക്ക് പ്രതിഷ്ഠിച്ചത് തൻറെ കാലശേഷം മകനിൽ പാർട്ടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇങ്ങനെ പിളർന്നു പിളർന്ന മുന്നേറുന്ന ഒരു രാഷ്ട്രീയപ്പാർട്ടി ആണ് കേരള കോൺഗ്രസ്. ഇത് ഒരു വശത്തു നിൽക്കുമ്പോൾ പിളർന്നു വരുന്ന ഓരോ കേരള കോൺഗ്രസുകളുടെയും തലപ്പത്തേക്ക് നേതാക്കന്മാരുടെ മക്കൾ കടന്നുവരുന്നു എന്നതും ലോകത്ത് ഒരിടത്തും കാണാത്ത മഹാ അത്ഭുതമാണ്. അങ്ങനെ ലോക രാഷ്ട്രീയ ചരിത്രത്തിൽ എല്ലാ റെക്കോർഡുകളും തകർക്കപ്പെട്ട മഹാ അത്ഭുതമായിട്ടാണ് നമ്മുടെ സംസ്ഥാനത്തെ കേരള കോൺഗ്രസ് പാർട്ടികൾ പ്രവർത്തിച്ചുവരുന്നത്.

ചരിത്രവും പുരാണവും ഇതൊക്കെയാണെങ്കിലും കേരള കോൺഗ്രസ് പാർട്ടിയുടെ ഓരോ ജന്മദിന ആഘോഷങ്ങളും എല്ലാ പാർട്ടികളും ഒരു ദിവസം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ആഘോഷ പരിപാടികൾ ആവർത്തിക്കുമ്പോൾ അത് ഏറ്റെടുക്കുന്ന ഓരോ കേരള കോൺഗ്രസിന്റെയും നേതാക്കന്മാർ മന്ത്രം പറയുന്നതുപോലെ ആവർത്തിക്കുന്ന ഒരു വാചകവും ഉണ്ട്. കേരള കോൺഗ്രസുകൾ ഒന്നാകണം എന്നതാണ് ഈ വാചകം. എന്നാൽ ഇത്തരത്തിൽ പറയുന്ന നേതാക്കൾ പ്രസംഗത്തിനൊടുവിൽ മറക്കാതെ പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. എത്ര കേരള കോൺഗ്രസുകൾ പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലുംആ കേരള കോൺഗ്രസുകൾ എല്ലാം എനിക്ക് പിന്നാലെ അണിചേരണം എന്നതാണ് ഓരോ നേതാക്കളുടെയും ആഗ്രഹം. ഇത്തരത്തിൽ ഒരു ആഗ്രഹവുമായി ഓരോ നേതാക്കളും പോകുന്ന കാലത്തോളം കേരള കോൺഗ്രസ് പാർട്ടിയിൽ പിളർപ്പുകൾ അല്ലാതെ യോജിപ്പുകൾ ഉണ്ടാവില്ല എന്ന കാര്യം വിവരമുള്ള കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാം. കാരണം പിളർപ്പൽ പരിപാടി ഓരോ നേതാവും ഓരോ ഗ്രൂപ്പും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത് മന്ത്രി കസേരകൾക്കും മറ്റു പദവികൾക്കും കണ്ണുവെച്ചു കൊണ്ടാണ് എന്ന കാര്യവും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.