മരുന്ന് തിന്ന് കൊടുക്കുന്ന മലയാളി.

ചികിത്സാ ചെലവിൽ മുന്നിൽ കേരളം.........

രു തുമ്മൽ വന്നാലും മെഡിക്കൽ കോളേജിലേക്ക് ഓടിപ്പോയി ചികിത്സ തേടുന്ന മലയാളിയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. മോഡേൺ രീതിയിൽ വിപണിയിൽ വരുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും വിലകൊടുത്തു വാങ്ങി രുചിയോടെ തീറ്റ നടത്തി സകലമാന രോഗങ്ങളും വിളിച്ചുവരുത്തുന്ന നമ്മുടെ നാട്ടുകാരുടെ മാറിയ ശീലങ്ങൾ വിവാദമായി നിലനിൽക്കുന്നുണ്ട്. ജനിതക രോഗങ്ങൾ അടക്കം ഏറ്റവും കൂടുതൽ എത്തിപ്പെടുന്നത് കേരളത്തിലാണ് എന്നാണ് പുറത്തുവന്ന ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. മരുന്നിനു വേണ്ടി ഏറ്റവും കൂടുതൽ തുക ചിലവാക്കുന്നത് മലയാളിയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾ എല്ലാം പിന്നിൽ നിൽക്കുമ്പോഴാണ് വലിയ പ്രബുദ്ധരായ മലയാളികൾ ദുശ്ശീലങ്ങളിലൂടെ ഈ മരുന്നുകൾ വാങ്ങി വിഴുങ്ങേണ്ട ഗതികേടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാഷണൽ ഹെൽത്ത് അക്കൗണ്ട് വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിലാണ് ചികിത്സ ചെലവിന്റെ കാര്യത്തിൽ കേരളീയർ രാജ്യത്ത് ഒന്നാമതായി നിൽക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

കേരളത്തിൽ ശരാശരി ഒരു വർഷം 48034 കോടി രൂപ ചികിത്സാ ചെലവിനായി വിനിയോഗിക്കുന്നുണ്ട്. ഇതിൽ തന്നെ ഒരു വ്യക്തിയുടെ ചികിത്സാ ചെലവ് കണക്ക് പരിശോധിച്ചാൽ 13343 രൂപയുടെ ചികിത്സയാണ് ഓരോ കേരളീയനും ഒരു വർഷത്തിൽ നടത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരിൻറെ ബജറ്റ് പ്രകാരം ആരോഗ്യ ചികിത്സയ്ക്കായി നീക്കിവെക്കുന്നത് ബജറ്റ് 10% തുകയാണ്. എന്നാൽ സർക്കാർ ഇത്രയും തുക ചികിത്സയ്ക്കായി വിനിയോഗിക്കുന്ന അവസരത്തിൽ തന്നെ ജനങ്ങൾ അധികമായി 8000 കോടി രൂപ ചികിത്സയ്ക്കായി ചെലവാക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വ്യക്തിഗത ചികിത്സാ ചെലവ് ദേശീയതലത്തിൽ ഒരാൾക്ക് 2600 രൂപയായി നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരാളുടെ ശരാശരി ചിലവ് 1889 രൂപയാണ് എന്ന് കണക്കിൽ പറയുന്നു. കേന്ദ്രസർക്കാർ രാജ്യത്ത് ജനങ്ങളുടെ ചികിത്സ കാര്യങ്ങളിലേക്ക് ചെലവാക്കുന്ന തുക 9 ലക്ഷം കോടി രൂപയാണ്. ദേശീയതലത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ ദേശീയ ആയുഷ്മാൻ ആരോഗ്യരക്ഷ പദ്ധതി രാജ്യത്ത് നിലവിൽ നടന്നു വരുന്നുണ്ട്. ഇതു കൂടാതെയും സൗജന്യ ചികിത്സകളും മറ്റും ലഭ്യമാക്കുന്ന മെഡിക്കൽ ക്ലെയിം പദ്ധതികളും പലതും ഉണ്ട്. ഇതെല്ലാം തുടർന്നു വരുമ്പോഴും പതിനായിരക്കണക്കിന് കോടി രൂപയുടെ ചികിത്സാ ചെലവ് ജനങ്ങൾ നേരിട്ട് വഹിക്കുന്നു എന്നതാണ് ദേശീയ തലത്തിലുള്ള കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആരോഗ്യ ചികിത്സ ചെലവിനായി മൊത്തത്തിൽ ഉപയോഗിക്കപ്പെടുന്നത് 48034 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരും വിവിധ പദ്ധതികൾ വഴിയും അതുപോലെതന്നെ മികച്ച സംവിധാനങ്ങൾ ഒരുക്കി മെഡിക്കൽ കോളേജുകൾ ജനറൽ ഹോസ്പിറ്റലുകൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ വലിയ ചികിത്സാ സൗകര്യങ്ങൾ നൽകിക്കൊണ്ടിരിക്കുമ്പോൾ ആണ് ഇതിലൊന്നും പെടാതെ വ്യക്തിഗതമായി വർഷത്തിൽ ഏതാണ്ട് 1889 കോടി രൂപ ചെലവാക്കിക്കൊണ്ടിരിക്കുന്നത്.

മലയാളികളെ സംബന്ധിച്ചിടത്തോളം ഭക്ഷണ ശീലത്തിൽ ഉണ്ടായിട്ടുള്ള വലിയ മാറ്റങ്ങളും അതുപോലെതന്നെ പുതിയ തലമുറ അധ്വാനം കൂടുതലുള്ള തൊഴിലുകൾ ഉപേക്ഷിച്ച് ഓഫീസ് ജോലികളിൽ താൽപര്യം കാണിച്ചു തുടങ്ങിയതും പലതരത്തിലുള്ള രോഗം കടന്നുവരുന്നതിന് വഴി ഉണ്ടാക്കുന്നുണ്ട്. മുൻകാലങ്ങളിൽ ചെറിയതോതിൽ എങ്കിലും ശാരീരിക അധ്വാനം നടത്തിയിരുന്ന മലയാളിയിലെ പുതിയ തലമുറ പൂർണമായും ഉദ്യോഗസ്ഥന്മാരുടെ പട്ടികയിലേക്ക് മാറിയതോടുകൂടിയാണ് ശരീരത്തിന് അത്യാവശ്യം വേണ്ട വ്യായാമം എന്നത് ഒട്ടും ഇല്ലാത്ത സ്ഥിതി ഉണ്ടാക്കിയത്. ഇതുകൊണ്ട് തന്നെ പലതരത്തിലുള്ള രോഗങ്ങളും മലയാളികൾക്കിടയിൽ കടന്നുവരികയാണ്. ഫാസ്റ്റ് ഫുഡ് സമ്പ്രദായത്തിൽ പുതിയ തലമുറ വീണതോടുകൂടി ഫാസ്റ്റ് ഫുഡ് വിപണന കേന്ദ്രങ്ങൾ കേരളത്തിൽ വ്യാപകമാവുകയും നല്ലൊരു വിധം ജനങ്ങൾ ഇതിലേക്ക് ആവേശപൂർവ്വം മാറുകയും ചെയ്തത് ജീവിതശൈലി രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് വഴിയൊരുക്കി. ഏതായാലും ഇപ്പോൾ പുറത്തുവന്നിട്ടുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളും തുറന്നുകാട്ടുന്നത് നിലവിലുള്ള മലയാളിയുടെ ജീവിത രീതികളിൽ കാര്യമായ മാറ്റം വരുത്തിയില്ല എങ്കിൽ രോഗ വ്യാപനം ഏറ്റവം കൂടുതൽ ഉണ്ടാകുന്ന സംസ്ഥാനം ആയി കേരളം മാറും. ഇപ്പോൾ തന്നെ ഷുഗർ പ്രഷർ ഹൃദ്രോഗങ്ങൾ ക്യാൻസർ കരൾ രോഗങ്ങൾ തുടങ്ങിയവയെല്ലാം മലയാളികൾക്കിടയിൽ അളവില്ലാത്ത വിധത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. കോവിഡ് മഹാവ്യാധിയെ മറികടന്നു എങ്കിലും കോവിഡ് ബാധിച്ച് പൂർണമായും രോഗബാധ മാറ്റിയ ആൾക്കാരിൽ പോലും തുടർ രോഗങ്ങളുടെ ബാധ ഇപ്പോഴും ഉണ്ടാവുന്നുണ്ട്. പലതരത്തിലുള്ള പനികളും അതുപോലെതന്നെ വിദേശരാജ്യങ്ങളിൽ ഉണ്ടാകുന്ന പകർച്ച വ്യാധികളും ഏറ്റവും ആദ്യം കടന്നു വരുന്നതും കേരളത്തിലാണ് എന്ന കാര്യവും ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്.