സ്വതന്ത്രന്മാരെ ചുമന്ന് തകരുന്ന സിപിഎം. വിമതന്മാർ ഒരുമിച്ച് പുതിയ പാർട്ടി വരും. നേതാക്കളുടെ പ്രവർത്തനങ്ങളിൽ അണികളും എതിർപ്പിൽ.

സ്വതന്ത്രന്മാരെ ചുമന്ന് തകരുന്ന സിപിഎം. വിമതന്മാർ ഒരുമിച്ച് പുതിയ പാർട്ടി വരും. നേതാക്കളുടെ പ്രവർത്തനങ്ങളിൽ അണികളും എതിർപ്പിൽ.

1964 ൽ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎമ്മും സിപിഐ യും എന്ന രണ്ടു പാർട്ടികളായി പ്രവർത്തനം തുടങ്ങുന്നത്. പശ്ചിമബംഗാൾ ത്രിപുര കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കുറെയൊക്കെ സ്വാധീനം ഉണ്ടായിരുന്നത്. പാർട്ടി പിളർന്ന് രണ്ടായി മാറിയപ്പോൾ കൂടുതൽ ശക്തി ഉണ്ടായത് സിപിഎമ്മിന് ആയിരുന്നു. അതുകൊണ്ടുതന്നെ പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം പലതവണ അധികാരത്തിൽ വന്നു. കേരളത്തിൽ പിളർന്ന മാറിയ സിപിഎമ്മും സിപിഐയും ഒരു മുന്നണിയായി മാറി പ്രവർത്തിക്കുന്ന രീതിയാണ് ഉണ്ടായത്. ഇതിൽ കേരളത്തിൽ സിപിഎം എന്ന കേഡര്‍ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ആദ്യമായി തുടർഭരണം നേടിയെടുത്ത സിപിഎം പിണറായി മുഖ്യമന്ത്രിയായി രണ്ടാം സർക്കാർ അധികാരത്തിലേക്ക് വന്ന് ഭരണം തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇടതുമുന്നണി സർക്കാരിൻറെ തുടക്കം മുതൽ തന്നെ അപശകുനങ്ങളും അപസ്വരങ്ങളും ഉയർന്നുകൊണ്ടിരുന്നു. സർക്കാരിൽ മന്ത്രിമാരായി വന്ന പലരും കഴിവുകെട്ട വരാണെന്നും മുഖ്യമന്ത്രി അഴിമതിയുടെ പ്രതിക്കൂട്ടിൽ ഉൾപ്പെട്ടിരിക്കുന്നു എന്നും ഉള്ള വാർത്തകൾ കേരളമാകെ നിറഞ്ഞതോടുകൂടി യഥാർത്ഥത്തിൽ സിപിഎമ്മിന്റെ പ്രവർത്തകരായ സഖാക്കൾ മാനസികമായി തന്നെ പാർട്ടിയോട് അകലുന്ന സ്ഥിതിയിലാണ്.സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അഴിമതിയടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയത് പാർട്ടി തന്നെ വളർത്തിയെടുത്ത സ്വതന്ത്ര വേഷക്കാരനായ പി വി അൻവർ ആയിരുന്നു. സ്വന്തം പാർട്ടിയിലെ ഒരു നിയമസഭാംഗം തന്നെ സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉയർത്തിയപ്പോൾ പാർട്ടി നേതൃത്വവും ഉത്തരം മുട്ടുന്ന സ്ഥിതിയിൽ എത്തി ഈ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാവ് ബിജെപിയിലേക്ക് പോകുന്നതിന് ഒരുക്കം നടത്തി എന്ന വാർത്തയും പാർട്ടിയെ വിഷമത്തിൽ ആക്കി. അതിന് പിറകെയാണ് ഉന്നത പോലീസ് മേധാവി മുഖ്യമന്ത്രിയുടെ അറിവോടുകൂടി ബിജെപി നേതൃത്വത്തെ കണ്ട വാർത്തയും പുറത്തുവന്നത്. എല്ലാത്തരത്തിലും പ്രതിസന്ധിയിലായ സിപിഎം എന്ന പാർട്ടി ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ പ്രശ്നങ്ങളിലേക്ക് വീഴുകയാണ്. പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ യോഗങ്ങളിലും പ്രവർത്തകർ സർക്കാരിനെയും പാർട്ടിയെയും വിമർശിക്കുന്ന സ്ഥിതിയും വന്നിരിക്കുകയാണ്.

ഇതിനിടയിലാണ് സിപിഎം തോളിലേറ്റി കൊണ്ട് നടന്ന മറ്റു പാർട്ടികളിൽ നിന്നും കടന്നുവന്ന സ്വതന്ത്രന്മാർ ഉണ്ടാക്കുന്ന തലവേദനകൾ പാർട്ടിയെ വിഷമത്തിലാക്കിയത്. അൻവറിന് ഒപ്പം നിൽക്കുവാനും സർക്കാരിനെയും പാർട്ടിയെയും വിമർശിക്കുവാനും മറ്റൊരു എം.എൽ എ ആയ കെ ടി ജലീലും അതുപോലെതന്നെ പാർട്ടിയുടെ സ്വതന്ത്ര നേതാവായ കാരാട്ട് റസാക്കും ഒക്കെ രംഗത്ത് വന്നത് പുതിയ ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഇവർ മാത്രമല്ല പിണറായി വിജയന്റെയും ഇപ്പോഴത്തെ സംസ്ഥാന നേതാക്കളുടെയും പ്രവർത്തനങ്ങളോട് കടുത്ത എതിർപ്പുള്ള ജി സുധാകരൻ തോമസ് ഐസക്ക് എം എ ബേബി തുടങ്ങിയവരും പരസ്പരം കൂടിയാലോചനകൾ നടത്തുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. സിപിഎമ്മിനകത്ത് തന്നെ മറ്റൊരു ഗ്രൂപ്പായി നിന്നുകൊണ്ട് പാർട്ടിയെ ഇപ്പോഴുള്ള തകർച്ചയിൽ നിന്നും നേർവഴിയിൽ നടത്തിക്കാനുള്ള നീക്കം നടത്തുമെന്ന് പറയപ്പെടുന്നു. എന്തായാലും അൻവറും കാരാട്ട് റസാക്കുന്നു ജലീലും അടങ്ങുന്ന മൂന്നമൂന്നംഗ കുറുമുന്നണി സിപിഎമ്മിന് തലവേദന ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല അൻവറിന് പിന്തുണ പറഞ്ഞ കാരാട്ട് റസാക്ക് പാർട്ടി നേതാക്കളുടെ ഇന്നത്തെ പോക്കിൽ പരാതി പറഞ്ഞിട്ടുണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ താൻ മുന്നോട്ടുവെച്ച കാര്യങ്ങളിൽ പാർട്ടി ഇടപെട്ടില്ല എങ്കിൽ മറ്റു നീക്കങ്ങൾ ഉണ്ടാകും എന്ന് കാരാട്ട് റസാക്ക് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.ഒന്നാം പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം നേടിയെടുക്കാൻ കഴിഞ്ഞ ജനകീയ പിന്തുണ രണ്ടാം പിണറായി സർക്കാർ തകർത്തു കളഞ്ഞു എന്ന വിലയിരുത്തലാണ് വിമതനീക്കം നടത്തുന്ന നേതാക്കൾക്ക് ഉള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ തോൽവി ഏറ്റുവാങ്ങിയത് ജനങ്ങൾക്കുണ്ടായ ഭരണവിരുദ്ധ വികാരം കൊണ്ടാണ് എന്ന് ഈ നേതാക്കൾ തുറന്നുപറയുന്നുണ്ട്. ജനങ്ങളിൽ നിന്നും അകന്ന പാർട്ടിയായി സിപിഎം മാറിക്കഴിഞ്ഞു. പലതരത്തിലുള്ള എതിർപ്പുകളും ക്ഷണിച്ചുവരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രവർത്തന ശൈലിയും ജനങ്ങൾക്കിടയിൽ അമർഷത്തിന് വഴിയൊരുക്കി എന്നും ഈ വിമത നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.

ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമുള്ള മലപ്പുറം കോഴിക്കോട് ജില്ലകൾക്ക് കേന്ദ്രീകരിച്ചുള്ള നേതാക്കളുടെ വിമത പ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അൻവറും ജലീലും നിരന്തരം അസ്വസ്ഥതയോടെ കഴിയുന്ന സിപിഎം നേതാക്കളെ ബന്ധപ്പെടുന്നുണ്ട്. നിയമസഭാ അംഗത്വം ഒന്നും ഇല്ലാത്ത ജില്ലാതല നേതാക്കളെ നേരിൽ ബന്ധപ്പെട്ടു കൊണ്ട് സിപിഎം നേതൃത്വത്തിന്റെ വഴിവിട്ട പോക്കുകൾ തുറന്നുകാണിക്കാനും ജനകീയ വിരോധംം ചൂണ്ടിക്കാണിക്കാനും ഈ നേതാക്കൾ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആണ് ഇനി കടന്നുവരുന്നത്. ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നും മാറിവരുന്ന നേതാക്കന്മാരുടെ കൂട്ടായ്മയിൽ രൂപപ്പെടുന്ന പുതിയ പാർട്ടി മത്സര രംഗത്തേക്ക് കടക്കുക എന്ന രീതിയിലുള്ള അണിയറ നീക്കങ്ങളാണ് വിമത നേതാക്കൾ നടത്തുന്നത്. പ്രാദേശിക ഭരണസമിതികളിലേക്ക് തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ മത്സരിപ്പിക്കുകയും കുറെ പേരെ ജയിപ്പിക്കുകയും ചെയ്തു കഴിഞ്ഞാൽ ഇപ്പോൾ സിപിഎം എന്ന പാർട്ടിയിൽ തൃപ്തിയില്ലാതെ നിലനിൽക്കുന്ന സഖാക്കൾ തങ്ങളുടെ പാർട്ടിയിലേക്ക് ഒഴുകിവരും എന്ന ചിന്തയും ആലോചനയും വിമത നേതാക്കൾക്ക് ഉണ്ട്. പാർട്ടിയുടെ ശക്തമായ താഴെത്തട്ടിലെ പ്രവർത്തകരുടെ വികാരങ്ങൾ പരിഗണിച്ചുകൊണ്ട് അവരെ ഒപ്പം നിർത്താൻ കഴിയുന്ന പരിപാടികളുമായി മുന്നോട്ടുപോവുക എന്ന ആശയമാണ് അൻവർ കാരാട്ട് റസാക്ക് ജലീൽ തുടങ്ങിയ വിമത നേതാക്കൾ കൂട്ടായി ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ സിപിഎം കഴിഞ്ഞ കാലങ്ങളിൽ ഒരിക്കലും നേരിട്ടിട്ടി ല്ലാത്ത പ്രതിസന്ധിയെ ആയിരിക്കും വരും നാളുകളിൽ അഭിമുഖീകരിക്കേണ്ടി വരിക എന്നതാണ് ഈ നീക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്.