കാരുണ്യ ആരോഗ്യ പദ്ധതി അടച്ചുപൂട്ടുന്നു.
സ്വകാര്യ ആശുപത്രികൾ കുടിശ്ശികയുടെ പേരിൽ പദ്ധതി ഉപേക്ഷിച്ചു
കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ആരോഗ്യപരിപാലനത്തിനും ചികിത്സക്കും ഏറ്റവും വലിയ സഹായമായി പ്രവർത്തിച്ചിരുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പൂർണമായും നിർത്തലാക്കുന്ന സ്ഥിതിയിലേക്ക് വന്നിരിക്കുന്നു .സാമ്പത്തിക പ്രതിസന്ധി മൂലം വിഷമത്തിലായ സംസ്ഥാന സർക്കാർ ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രികൾക്കും മരുന്നും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനികൾക്കും വലിയ തുക കുടിശ്ശിക വന്നതിന്റെ പേരിലാണ് ഈ പദ്ധതി ഇപ്പോൾ സ്തംഭിക്കുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നത്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് രോഗ ചികിത്സയ്ക്ക് വലിയ ഒരു സഹായമായി നിലനിന്നിരുന്നതാണ് കാരുണ്യ ചികിത്സ പദ്ധതി. അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ ആവിഷ്കരിച്ചതാണ് കാരുണ്യ ചികിത്സ പദ്ധതി. അന്ന് മന്ത്രി ഇതിനുവേണ്ട പണം കണ്ടെത്തുന്നതിന് വേണ്ടി കേരള ഭാഗ്യക്കുറിയുടെ ഒരു ദിവസത്തെ നറുക്കെടുപ്പ് ലാഭം ഈ പദ്ധതിയിലേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഭാഗ്യക്കുറിയുടെ സർക്കാർ വിഹിതം ഇതിനായി ലഭിച്ചുകൊണ്ടിരുന്നതിനാൽ പദ്ധതി വിജയകരമായി നടത്തി പോകുവാനും കഴിഞ്ഞിരുന്നു.
കാരുണ്യ ചികിത്സാ പദ്ധതിയിൽ ചേർന്നുകൊണ്ട് ഈ പദ്ധതിക്കുള്ള പ്രീമിയം തുക അടച്ചവർക്കാണ് ചികിത്സാസൗകര്യം ലഭിച്ചിരുന്നത്. കേരളത്തിൽ ഈ പദ്ധതിയിൽ 42 ലക്ഷത്തോളം പാവപ്പെട്ടവർ അംഗങ്ങളായിട്ട് ചേർന്നിരുന്നു. സർക്കാർ ആശുപത്രികളെകാൾ സ്വകാര്യ ആശുപത്രികളെ ആണ് ഈ പദ്ധതിയിൽ കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നത്. പദ്ധതിയിൽ അംഗമായി ചേരുന്ന പാവപ്പെട്ട കുടുംബത്തിൻറെ പ്രീമിയം തുക ഒരു വർഷത്തിൽ 1050 രൂപ മാത്രമായിരുന്നു. ഈ പ്രീമിയം തുക അടച്ച് അംഗത്വം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി ലഭിക്കുമായിരുന്നു. അത്തരത്തിലുള്ള വലിയ സഹായകരമായ പദ്ധതിയാണ് ഇപ്പോൾ സ്തംഭിച്ച് കിടക്കുന്നത്.മരുന്ന് കമ്പനികൾ ചികിത്സ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ തുടങ്ങിയവയ്ക്കും വലിയ തുക കുടിശിക വരുത്തിയതാണ് പ്രശ്നം ഗുരുതരം ആക്കിയത് .പദ്ധതി പ്രതിസന്ധിയിൽ ആയപ്പോൾ കുടിശ്ശിക തീർക്കുന്നതിന് പണം ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് സർക്കാരിന് അപേക്ഷ സമർപ്പിച്ചെങ്കിലും, ധനകാര്യവകുപ്പ് അത് അംഗീകരിച്ചിട്ടില്ല .1300 കോടി രൂപ കുടിശ്ശികയുള്ളപ്പോൾ ആരോഗ്യവകുപ്പ് ഇടക്കാല സഹായം എന്ന നിലയിൽ നൂറുകോടി രൂപ കൊടുക്കുന്നതിനാണ് ഇപ്പോൾ ആലോചിച്ചിട്ടുള്ളത്. എന്നാൽ ഈ തുക ലഭിച്ചാലും പദ്ധതിയിൽ നിന്നും മാറിനിൽക്കുന്ന സ്വകാര്യ ആശുപത്രിഉടമകൾ പദ്ധതി ഏറ്റെടുത്തത് നടത്തിപ്പോകില്ല എന്നത് ഉറപ്പായ കാര്യമാണ്. സ്വകാര്യ ആശുപത്രികൾക്ക് മാത്രമായി 41 1 കോടി രൂപ സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.
എല്ലാത്തരത്തിലും സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ. പാവങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന ക്ഷേമ പെൻഷൻ അഞ്ചുമാസമായി കുടിശിക ആയി കിടക്കുകയാണ്. അതുപോലെതന്നെ വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികളുടെ പെൻഷൻ വിതരണവും ഒരു വർഷത്തിൽ അധികമായി മുടങ്ങി കിടക്കുകയാണ്. ഇതിനുപുറമേയാണ് മറ്റുതരത്തിലുള്ള പല സർക്കാരിൻറെ സഹായ പദ്ധതികളും സ്തംഭിച്ച് കിടക്കുന്നത് .സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുവരുന്ന പല കോർപ്പറേഷനുകളും പ്രവർത്തനം മരവിച്ചു കിടക്കുകയാണ്. സർക്കാർ എല്ലാ കാലത്തും നൽകിവരുന്ന സാമ്പത്തിക സഹായം മുടങ്ങിയതാണ് ഈ കോർപ്പറേഷനുകളുടെ പ്രവർത്തനം തകരാറിൽ ആക്കിയത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഓരോ മാസവും ശമ്പള പ്രതിസന്ധി ഉണ്ടാവുകയും ഹൈക്കോടതി ഇടപെടൽ വഴി ശമ്പളം നൽകേണ്ടിവരുന്ന സ്ഥിതി തുടരുകയും ആണ്.ഇലക്ട്രിസിറ്റി ബോർഡ് ,വാട്ടർ അതോറിറ്റി തുടങ്ങിയവയെല്ലാം വികസന പദ്ധതികൾ ഉപേക്ഷിച്ച സ്ഥിതിയിലാണ് .നിലവിലുള്ള കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനു പോലും സർക്കാരിൽ പണം ഇല്ലാത്ത സ്ഥിതിയാണ് തുടരുന്നത്. ഇതെല്ലാം വാർത്തകളായി വരുന്നുണ്ട് .എങ്കിലും എല്ലാ പ്രശ്നങ്ങളിലും കേന്ദ്രം സഹായിക്കുന്നില്ല എന്ന മറുപടിയുമായി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും മുന്നോട്ട് പോവുകയാണ്.
എന്തായാലും ശരി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തോളം വരുന്ന സാധാരണക്കാർക്ക് വലിയ അനുഗ്രഹമായിരുന്ന കാരുണ്യ ചികിത്സാ പദ്ധതി മുടക്കം വരുന്നത് ഈ ജനവിഭാഗത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ ചെലവ് 300 ശതമാനത്തിലധികം വർദ്ധിച്ചിട്ടുള്ളതായിട്ടാണ് കണക്കുകൾ പറയുന്നത് .ഇത്രയും ഭാരിച്ച തുക ചികിത്സയ്ക്കായി കണ്ടെത്തുക സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് .മാത്രവുമല്ല, ഹൃദയരോഗം, കരൾ രോഗം, കിഡ്നി രോഗം, ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് വരുന്ന ചികിത്സാ ചെലവ് ലക്ഷങ്ങളുടെ കണക്കിൽ വരുന്നതാണ്. ഇത്തരത്തിൽ ഉള്ള അസുഖങ്ങൾ ബാധിക്കപ്പെടുന്ന സാധാരണക്കാർ ചികിത്സിക്കാൻ വഴിയില്ലാതെ സ്വയം മരണത്തിലേക്ക് തള്ളപ്പെടുന്ന സ്ഥിതിയാകും ഇനി ഉണ്ടാവുക. അതുകൊണ്ടുതന്നെ ഈ ചികിത്സാസഹായ പദ്ധതിയുടെ കാര്യത്തിൽ ധനകാര്യ മന്ത്രിയും, സർക്കാരും അടിയന്തരമായി ഇടപെടുകയും പദ്ധതി തുടരുന്നതിന് വേണ്ട നടപടികൾ എടുക്കുകയും വേണം എന്ന് അഭ്യർത്ഥിക്കുകയാണ്.