കോണ്‍ഗ്രസിന്റെ മീഡിയ വാട്സാപ് ഗ്രൂപ്പില്‍ നിന്നും ഒരു പുറത്താക്കല്‍ കൂടി
കോൺഗ്രസിന്റെ മീഡിയ വാട്സാപ് ഗ്രൂപ്പിൽ നിന്നും ഒരു പുറത്താക്കൽ കൂടി വിവാദമാകുന്നു. കെ.പി.സി.സി. അംഗം അഡ്വ.ജെഎസ് അഖിലിനെയാണ് അവസാനമായി പുറത്താക്കിയിരിക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ചാണ്ടി ഉമ്മൻ എംഎൽഎക്ക് അനുകൂലമായി ചാനൽ ചർച്ചയിൽ സംസാരിച്ചതിനാണ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. പാർട്ടി അനുമതി ഇല്ലാതെയാണ് അഖിൽ ചർച്ചയിൽ പങ്കെടുത്തതെന്ന് ചൂണ്ടികാട്ടിയാണ് മാധ്യമ വിഭാഗത്തിന്റെ ചുമതലയുളള അഡ്വ. ദീപ്തി മേരി വർഗീസ് നടപടിയെടുത്തിരിക്കുന്നത്.
കോൺഗ്രസ് പാർട്ടി ഒരു നടപടി എടുക്കുന്നത് ആലോചിക്കുക പോലും ചെയ്യുന്നതിന് മുമ്പാണ് ദീപ്തിയുടെ നടപടിയെടുക്കൽ. എന്നാൽ അഖിലിനെതിരെ സ്വീകരിച്ചത് പാർട്ടി നടപടിയല്ലെന്നാണ് സംഘടനാ ജനറൽ സെക്രട്ടറി എം ലിജു നൽകിയിരിക്കുന്ന വിശദീകരണം. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തി ദീപ്തി തന്നെ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് അഖിലിനെ നീക്കിയത്. അതിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് വിശദീകരണം. തനിക്ക് താല്‍പ്പര്യമില്ലാത്തവരെ പുറത്താക്കുകയാണ് ദീപ്തി ചെയ്യുന്നതെന്ന വിമർശനമാണ് ഉയരുന്നത്. നേരത്തെ ഷമ മുഹമ്മദിനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. കേരളത്തിലെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നില്ലെന്ന് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ദീപ്തി ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തത്. എന്നാൽ ഇക്കാര്യം വലിയ ചർച്ചയായി. ഷമ തന്നെ വിമർശനവുമായി രംഗത്തെത്തി. കേരളത്തിൽ നിന്നും അകറ്റി നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചതിന് പിന്നാലെ ഷമയെ വീണ്ടും ഗ്രൂപ്പിൽ ഉൾപ്പെടുത്തി. എന്നാൽ രണ്ടാഴ്ച മുമ്ബ് ഗ്രൂപ്പിൽ നിന്നും വീണ്ടും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന നേതാക്കളും കോൺഗ്രസുമായി ബന്ധമുള്ളവരുമാണ് ദീപ്തിയുടെ ഗ്രൂപ്പിലുളളത്. ചാനൽ ചർച്ചകളിലെ കോൺഗ്രസ് നിലപാട്, സർക്കാരിനെതിരായി ഉന്നയിക്കേണ്ട വിമർശനങ്ങൾ, ആരൊക്കെ ഏത് ചാനലിൽ ചർച്ചക്ക് പങ്കെടുക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ ഗ്രൂപ്പിൽ പങ്കുവച്ചിരുന്നത്. ദീപ്തിയെ കൂടാതെ കെപിസിസി ഓഫീസിലെ രണ്ട് ജീവനക്കാരുമായിരുന്നു ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിൻമാർ. കോൺഗ്രസ് രൂപീകരിച്ച ഗ്രൂപ്പ് അല്ലെങ്കിലും പാർട്ടുയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ആൾ രൂപീകരിച്ച് ഗ്രൂപ്പിന് ഔദ്യോഗിക സ്വഭാവമില്ലേ എന്നാണ് പുറത്താക്കപ്പെടുന്നവർ ചോദിക്കുന്നത്. ഒപ്പം പാർട്ടി ഒരു നടപടിയെ കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതിന് മുൻപ് നടപടിയെടുത്ത് ഒരു സൂപ്പർ പാർട്ടിയായി ദീപ്തി മാറുകയാണോ എന്നും ഇവർ ചോദിക്കുന്നുണ്ട്.