സിപിഎമ്മിലെ ഭിന്നതകൾ കൈരളിയിലും എത്തി
മമ്മൂട്ടി, ചാനൽ ചെയർമാൻ സ്ഥാനം ഒഴിയുന്നു
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്, നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന രാഷ്ട്രീയ പാർട്ടി കഴിഞ്ഞ കാലങ്ങളിൽ ഒരിക്കലും ഉണ്ടാവാത്ത ഉൾ പോരുകളുടെ പേരിൽ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. പാർട്ടി നേതാക്കൾക്കെതിരെയും, സർക്കാരിൻറെ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടിയിൽ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് തർക്കങ്ങളും വഴക്കുകളും നടക്കുകയാണ്. പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ, പാർട്ടിയുടെയും സർക്കാരിന്റെയും പേരിൽ പ്രവർത്തകർ തന്നെ വലിയ വിമർശനങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് സിപിഎം ഉടമസ്ഥതയിലുള്ള കൈരളി ചാനൽ മാനേജ്മെൻറിന് അകത്തും കടുത്ത ഭിന്നത ഉണ്ടായിരിക്കുന്നത്. യഥാർത്ഥത്തിൽ കൈരളി ചാനലിന്റെ വളർച്ചയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചാനലിന്റെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്തിട്ടുള്ളത് സൂപ്പർതാരമായ മമ്മൂട്ടി തന്നെയാണ്. കൈരളി ചാനലിന്റെ മാനേജ്മെൻറ് എന്ന് പറയുന്നത്, പൊതുജനങ്ങളിൽ നിന്നും ഷെയർ തുക പിരിച്ച് നടത്തുന്ന കമ്പനിയുടെ പേരിലാണ്. കൈരളി ചാനലിന്റെ ഉടമസ്ഥ കമ്പനിയുടെ ഷെയറുകളിൽ 75 ശതമാനവും മമ്മൂട്ടിയുടെ കൈകളിലാണെന്നാണ് പറയപ്പെടുന്നത്. ചാനലിന് മമ്മൂട്ടിയുടെ നേതൃത്വം ഉണ്ടായിരുന്നു എങ്കിലും, കമ്പനിയെ വിദഗ്ധമായി നയിച്ചു കൊണ്ടിരുന്നത് ജോൺ ബ്രിട്ടാസ് ആയിരുന്നു. ബ്രിട്ടാസുമായി മമ്മൂട്ടിക്ക് ഉണ്ടായിട്ടുള്ള ഭിന്നതയാണ് ഇപ്പോൾ കൈരളി ചാനലിന്റെ മുന്നോട്ടുള്ള പോക്കിനെപ്പോലും തടയുന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്.
രണ്ടുവർഷം മുൻപ്, കേരളത്തിൽ നിന്നും രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന അവസരത്തിൽ ആ പദവി മമ്മൂട്ടിക്ക് നൽകണമെന്ന് ആലോചനയും തീരുമാനവും സിപിഎമ്മിന്റെ നേതാക്കളിൽ ഉണ്ടായിരുന്നതാണ്. എന്നാൽ സംഭവിച്ചത് മറ്റൊരു വിധത്തിലായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പാർട്ടിക്ക് രണ്ടു സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു. ഇതിൽ ഒരു സീറ്റ് മമ്മൂട്ടിക്ക് നൽകുക എന്നതായിരുന്നു പാർട്ടി നേതാക്കളുടെ ആലോചന. എന്നാൽ ഇതെല്ലാം തട്ടിത്തെറിപ്പിച്ച് രാജ്യസഭാ സീറ്റ് ജോൺ ബ്രിട്ടാസ് കയ്യടക്കുകയാണ് ചെയ്തതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിൽ പ്രതിഷേധിച്ച് കൈരളി ചാനലിന്റെ നടത്തിപ്പുകാര്യങ്ങളിൽ നിന്നും അകലാൻ മമ്മൂട്ടി തീരുമാനിച്ചതാണ് പുറത്തുവരുന്ന വാർത്തകൾ.
രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ചുകൊണ്ടാണ്, ജോൺ ബ്രിട്ടാസ്പദവി തട്ടിയെടുത്തത്. ഇതിനടിസ്ഥാനമായി പുറത്തുവരുന്ന കാരണങ്ങൾ വലിയ ഗൗരവം നിറഞ്ഞതാണ്. രണ്ടാം പിണറായി സർക്കാർ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പലതരത്തിലുള്ള ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇതിനുപുറമെയാണ് പതിറ്റാണ്ട് മുൻപ് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ, പിണറായി വിജയൻ നടത്തിയ ലാവലിൻ അഴിമതി കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഡൽഹിയിൽ നിന്നുള്ള സ്വാധീനവും ഇടപെടലുകളും ഒഴിവാക്കാൻ കഴിയാത്തതാണെന്ന് അറിയാവുന്ന പിണറായി വിജയൻ, തനിക്ക് വേണ്ടി ഒപ്പം നിൽക്കുന്ന ഒരാളെ രാജ്യസഭാംഗമാക്കി ഡൽഹിയിലേക്ക് എത്തിക്കുക എന്ന തന്ത്രമാണ് ജോൺ ബ്രിട്ടാസ് വഴി നടപ്പിൽ വരുത്തിയത്. ഈ കഥകൾ എല്ലാം വളരെ വൈകിയായിരുന്നു സൂപ്പർതാരമായ മമ്മൂട്ടി അറിഞ്ഞത്.
മലയാളത്തിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന നായകനടനായ മമ്മൂട്ടിയെ, ഇടതുപക്ഷ അനുഭാവിയായിട്ടും സിപിഎമ്മിന്റെ സ്വന്തക്കാരൻ ആയിട്ടും ആണ് കേരളം കാണുന്നത്. അതുകൊണ്ടുതന്നെ പാർട്ടിക്ക് വേണ്ടി താൻ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള ഇടപെടലുകളുടെ ഫലമായി തനിക്ക് രാജ്യസഭാ സീറ്റ് അർഹതപ്പെട്ടതാണ് എന്ന് മമ്മൂട്ടി വിശ്വസിച്ചിരുന്നു. അത് പൂർണമായും തകരുകയും കൈരളി ചാനലിന്റെ കെയറോഫിൽ മറ്റൊരു ചാനൽ നടത്തിപ്പുകാരനായ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ എത്തിയത്, മമ്മൂട്ടിയെ തളർത്തുന്ന തീരുമാനം ആയിരുന്നു. ഇത്തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ ആണ്, തന്നെക്കാൾ വളരെ താഴെയുള്ള മറ്റൊരു ചലച്ചിത്രനടൻ സുരേഷ് ഗോപി ബിജെപി എന്ന പാർട്ടിയിലൂടെ ലോകസഭയിൽ എംപിയായി എത്തുകയും, കേന്ദ്രമന്ത്രിയായി മാറുകയും ചെയ്തത്. മമ്മൂട്ടിയെ പോലെ സീനിയറായ, മെഗാസ്റ്റാർ പദവിയിലിരിക്കുന്ന ആളിന്, സുരേഷ് ഗോപിയുടെ മന്ത്രി പദവിയും അംഗീകാരവും മാനസികമായി നിരാശയ്ക്കുള്ള വഴിയൊരുക്കി എന്നതും വാസ്തവമാണ്.
കൈരളി ചാനലിന്റെ ചെയർമാൻ പദവിയിൽ നിന്നും ഒഴിയുന്നതിനുള്ള തീരുമാനത്തിൽ എത്തിയാണ്, മമ്മൂട്ടി നീങ്ങുന്നത് എന്ന വാർത്തകൾ പുറത്തുവന്നതോടു കൂടി സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നേരിട്ട് തന്നെ, മമ്മൂട്ടിയുമായി അനുരഞ്ജന സംഭാഷണം നടത്തിയെങ്കിലും മമ്മൂട്ടി ഇതൊന്നും വിലയ്ക്ക് എടുത്തിട്ടില്ലായെന്നാണറിയുന്നത്. മമ്മൂട്ടി കൈരളി ചാനൽ ചെയർമാൻ പദവി ഒഴിയുന്ന പക്ഷം, ചാനലിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ആകുമെന്ന വിലയിരുത്തലുമുണ്ട്. ഏതായാലും സിപിഎം പാർട്ടിക്കകത്ത് വലിയതോതിൽ ആഭ്യന്തര കലഹങ്ങൾ തുടരുന്ന അവസ്ഥയിൽ, പാർട്ടി ചാനൽ ആയ കൈരളി ചാനലും പ്രതിസന്ധിയിലേക്ക് കടക്കുന്നത് വലിയ ക്ഷീണം പാർട്ടിയ്ക്കുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.