കേരളത്തിലെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കുന്ന ഏർപ്പാട് തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇത്തരത്തിൽ കുട്ടികൾക്കായി കഞ്ഞിയും കറിയും എല്ലാം തയ്യാറാക്കുന്നത്, സ്കൂളുകളിലെ പാചക തൊഴിലാളികളാണ്. സ്ത്രീകൾ മാത്രമാണ് ഈ രംഗത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം തൃശ്ശൂർ ജില്ലയിൽ ഉണ്ടായ ഒരു സംഭവം, എല്ലാ തരത്തിലും വലിയ ഉയരത്തിൽ നിൽക്കുന്ന ആൾക്കാരാണ് മലയാളികൾ എന്ന് വീമ്പ് പറയുന്ന നമ്മളെ നാണം കെടുത്തുന്ന ഒന്നായി മാറി. ഒരു സ്കൂളിൽ പാചക തൊഴിൽ ചെയ്യുന്ന സ്ത്രീ സ്വന്തം വീട്ടിൽ കുട്ടികൾക്ക് അരിഭക്ഷണം ഉണ്ടാക്കാൻ ഒരു മണി അരി പോലും ഇല്ലാതെ വന്നപ്പോൾ, സ്കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ നിന്നും നാഴി അരി അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയി. ഇത് തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ സ്ത്രീ തന്നെ, പാചക തൊഴിലാളി യൂണിയൻ നേതാവായ ആളിനെ വിളിച്ച്, കണ്ണീരൊഴുക്കി കരഞ്ഞുകൊണ്ട് പറഞ്ഞ വാചകമാണ് തുടക്കത്തിൽ പറഞ്ഞത്. ആയിരക്കണക്കിന് സ്കൂൾ കുട്ടികൾക്ക് വിശപ്പില്ലാതെ പഠനം നടത്തുവാൻ ഉച്ചക്കഞ്ഞി ഉണ്ടാക്കി വിളമ്പി കൊടുക്കുന്ന പാചക തൊഴിലാളികളുടെ കേരളത്തിലെ ഗതികേടാണ് ഈ കരച്ചിലിലൂടെ പുറത്തുവന്നത്.
ഈ പാചക തൊഴിലാളിയായ സ്ത്രീയുടെ ദുരിതം പുറത്തറിങ്ങിയപ്പോഴാണ്, ഈ രംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിന് വരുന്ന പാചക തൊഴിൽ സ്ത്രീകളുടെ ഇപ്പോഴത്തെ സ്ഥിതി എന്ത് എന്ന കാര്യം അന്വേഷണത്തിലേക്ക് വന്നത്. തുച്ഛമായ കൂലിയാണ് പാചക തൊഴിലാളികൾക്ക് സർക്കാർ നൽകുന്നത്. അതുപയോഗിച്ച്, ഒരു കണക്കിന് ജീവിതം കൊണ്ടു പോകാം എന്ന് കരുതുമ്പോഴും ഇവരെ നിരാശപ്പെടുത്തി, അത് കൃത്യമായി കൊടുക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാരിന് തോന്നുമ്പോൾ ഇവരുടെ കൂലി അനുവദിച്ചു കൊടുക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇപ്പോൾ തന്നെ പുറത്തുവരുന്ന വിവരം അനുസരിച്ച്, കഴിഞ്ഞ ഒക്ടോബർ നവംബർ മാസങ്ങളിലെ ഇവരുടെ ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. ഇത് മാത്രമല്ല, യാതൊരു മനുഷ്യത്വവും ഇല്ലാതെയാണ് സർക്കാരും മറ്റ് അധികാരികളും ഇവരോട് പെരുമാറുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഓണക്കാലമായിരുന്നു, അന്ന് ഓണത്തിന് സ്കൂളുകൾക്കെല്ലാം ഓണക്കാല അവധി പ്രഖ്യാപിച്ചതിന്റെ പേരിൽ, ആ മാസത്തിൽ 14 ദിവസത്തെ കൂലി മാത്രമാണ് പാചക തൊഴിലാളികൾക്ക് അനുവദിക്കപ്പെട്ടത്. അതിൽ തന്നെ കേന്ദ്ര വിഹിതം എന്ന രീതിയിൽ ആയിരം രൂപ തിരികെ പിടിച്ചു എന്നും പറയപ്പെടുന്നു.
സമൂഹത്തിലെ ഏറ്റവും ദുരിതാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ്, സ്കൂളുകളിൽ പാചക തൊഴിലാളികളായി പണിയെടുക്കുന്നത്. പല സ്ത്രീകളും കുടുംബത്തോടൊപ്പം വാടക വീടുകളിൽ കഴിയുന്നവരാണ്. അതുകൊണ്ടുതന്നെ വാടകയ്ക്കുള്ള തുക , സ്കൂളിലേക്ക് എത്തുന്നതിനുള്ള വണ്ടിക്കൂലി, കറണ്ട് ചാർജ്, ഇതെല്ലാം കൊടുക്കാൻ തന്നെ ഈ കിട്ടുന്ന വരുമാനത്തുക കൊണ്ട് ഒന്നും ആവില്ല. ഇതിൽതന്നെ വല്ലാത്ത വിഷമത്തിൽ കഴിയുമ്പോഴാണ്, മാസംതോറും കൊടുക്കേണ്ട ശമ്പളം പോലും സർക്കാർ മുടക്കുന്നത്.
മുൻകാലങ്ങളിലെ സർക്കാരുകൾ സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് ഓരോ വർഷത്തിലും 50 രൂപയുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാലു കൊല്ലമായി, ഒരു രൂപ പോലും സർക്കാർ ഈ പാവങ്ങൾക്ക് കൂട്ടി കൊടുക്കുന്നില്ല. എന്തുതന്നെ പരിമിതികളും ബുദ്ധിമുട്ടുകളും ഉണ്ടാവുമ്പോഴും, അതെല്ലാം സഹിച്ചുകൊണ്ട് ഈ സ്ത്രീകൾ ജോലിയെടുക്കുന്നത് സ്കൂളിൽ നിന്നും കിട്ടുന്ന സന്തോഷവും, ഒപ്പം കൂടുന്ന കുട്ടികളുടെ സ്നേഹവും ഒക്കെ കൊണ്ടായിരിക്കണം. കേരളത്തിൽ എല്ലായിടത്തുമായി ആയിരക്കണക്കിന് പാചക തൊഴിലാളികളാണ് ഇപ്പോൾ ഉള്ളത്. ഇത്തരത്തിലുള്ള തൊഴിലാളികളുടെ പേരിൽ, ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ കീഴിൽ തന്നെ ശക്തമായ തൊഴിലാളി സംഘടനയുണ്ട്. എന്നാൽ സർക്കാരിൻറെ, ഈ തൊഴിലാളികളോട് കാണിക്കുന്ന നീതികേട് തുറന്ന് പറയാൻ പാർട്ടി സഖാക്കളായ യൂണിയൻ നേതാക്കൾ പോലും മടിക്കുകയാണ്. ഏതായാലും നമ്മുടെ സമൂഹത്തിലെ ഒരു തൊഴിലാളി വിഭാഗവും അനുഭവിക്കാത്ത അത്ര ഗതികേടിലാണ് പാചക തൊഴിലാളികൾ. പല സ്കൂളുകളിലും പാവപ്പെട്ട ഈ തൊഴിലാളികളെ അധ്യാപക രക്ഷാകർതൃ സംഘടനകളും, ഇതൊന്നും ഇല്ലാത്ത സ്ഥലങ്ങളിൽ സ്കൂൾ പ്രിൻസിപ്പലും സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുത്ത്, ദുരിതത്തിലായ പല പാചക തൊഴിലാളി സ്ത്രീകളെയും സഹായിക്കുന്നുണ്ട് എന്ന കാര്യവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ, കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിൽ കിട്ടുന്ന സംതൃപ്തി മാത്രം കൊണ്ടാണ്, ഭൂരിഭാഗം പാചക തൊഴിലാളികളും ഈ തൊഴിലിൽ ഇപ്പോഴും നിലനിൽക്കുന്നത്. ഇവരുടെ ദുരിതം നോക്കിക്കാണാൻ അല്പമെങ്കിലും സർക്കാരും അധികൃതരും ദയ കാണിക്കണം എന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.