കോൺഗ്രസ് പാർട്ടിയുടെ സംഘടന ചുമതലയുള്ള അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് മലയാളിയായ . ഡൽഹി രാഷ്ട്രീയത്തിലേക്ക് എംപി ആയശേഷം ചുവട് മാറ്റിയ വേണുഗോപാൽ, എങ്ങനെയോ സോണിയ കുടുംബത്തിൻറെ അടുപ്പക്കാരനായി മാറുകയായിരുന്നു. ഈ അടുപ്പം രാഹുൽ- പ്രിയങ്ക അടുപ്പമായിട്ടും വളർന്നുവന്നു. ഈ അടുപ്പമാണ് കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രാധാന്യവും ഇല്ലാതിരുന്ന വേണുഗോപാൽ എന്ന നേതാവിനെ, സംഘടനാ ചുമതലയുള്ള ഉന്നത പദവിയിലേക്ക് എത്തിച്ചത്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ നിയന്ത്രിക്കുന്നത് പോലും വേണുഗോപാൽ ആണെന്ന രീതിയിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. വേണുഗോപാലിന്റെ ഈ ശക്തിയും കരുത്തും, കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഒട്ടും രസിച്ചിട്ടില്ലായെന്നതും ഒരു വസ്തുതയാണ്. എന്നാൽ രാഹുൽ ഗാന്ധിയുമായി വേണുഗോപാലിന്റെ അടുപ്പവും ബന്ധവും തിരിച്ചറിഞ്ഞ കേരള നേതാക്കൾ, വേണുഗോപാലിനെതിരെ ഭയം കൊണ്ട് ശബ്ദമുയർത്താതെ സഹിച്ചു പോകുന്ന സ്ഥിതിയാണുണ്ടായത്. ഇപ്പോഴും ലോകസഭ അംഗമായി തുടരുന്ന വേണുഗോപാൽ, ജോയിൻറ് പാർലമെൻററി കമ്മിറ്റിയുടെ ചെയർമാൻ പദവി എന്ന ഉയർന്ന കസേരയും നേടിയെടുത്തിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയാണ് ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ഇന്ത്യ മുന്നണിയെ നയിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും കുറച്ചൊക്കെ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. എന്നാൽ പിന്നീട് നടന്ന നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ, ഒരു ചെറിയ സംസ്ഥാനത്തുമാത്രമാണ് കോൺഗ്രസിന് വിജയം നേടാനായത്. ബാക്കി എല്ലായിടത്തും കനത്ത തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഇതോടുകൂടി പ്രബല പാർട്ടികൾ കോൺഗ്രസിൽ നിന്നും അകലുന്ന സ്ഥിതിയുണ്ടായി. അതിപ്പോൾ രൂക്ഷമായിരിക്കുകയാണ്. മാത്രവുമല്ല ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ യാതൊരു പരിചയവുമില്ലാത്ത, ഉത്തരേന്ത്യൻ ഭാഷകൾ വശമില്ലാത്ത ഒരു നേതാവ്, ഇന്ത്യ മുന്നണിക്ക് വേണ്ടി കോൺഗ്രസിന്റെ നേതാവ് എന്ന നിലയിൽ പ്രവർത്തിക്കുന്നത്, മുന്നണിയുടെ മുന്നോട്ട് പോക്കിന് ഗുണം ചെയ്യില്ല എന്ന രീതിയിലുള്ള പരാതികളാണ്, ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികൾ കോൺഗ്രസ് പ്രസിഡൻറ് ഖാർഗെയ്ക്ക് മുന്നിൽ വച്ചിരിക്കുന്നത്. ഈ നേതാക്കൾ സോണിയാഗാന്ധിയെ കാണുവാനും തീരുമാനിച്ചിട്ടുണ്ടെന്നാണറിയുന്നത്. മുന്നണിയെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ, സംഘടനാചുമതലയുള്ള നേതാവ് മുൻകാലങ്ങളിലെ രീതിയിൽ ആണെങ്കിൽ, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിയിട്ടുള്ള ആരെങ്കിലും ആയിരിക്കും, വേണുഗോപാലിൻറെ ഈ നിയോഗം അത്തരത്തിലുള്ള ബന്ധങ്ങൾ ഇല്ലാതാക്കി എന്ന രീതിയിലുള്ള പരാതിയാണ്, ഇന്ത്യ മുന്നണി നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിൽ വെച്ചിരിക്കുന്നത്.
ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടുള്ള രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാർക്കിടയിൽ വേണുഗോപാലിനെതിരായ പരാതി ഉയരുന്നതിന് ഒരു പ്രത്യേക കാരണം കൂടി ഉണ്ടായി. ലോകസഭയിൽ കഴിഞ്ഞ ദിവസം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി നടപ്പിലാക്കുന്നതിന് വേണ്ടി ഭരണഘടനാഭേദഗതിക്കുള്ള ബില്ല് കേന്ദ്രസർക്കാർ കൊണ്ടുവരുന്നതിന് വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തിനൊടുവിൽ പ്രതിഷേധിച്ചുകൊണ്ട്, കോൺഗ്രസ് എംപിമാർ ഇറങ്ങി പോക്ക് നടത്തുകയും ചെയ്തു. ഈ പ്രതിഷേധ ഇറങ്ങിപ്പോക്കിൽ, കോൺഗ്രസിന്റെ എംപിമാർക്കൊപ്പം ഇന്ത്യ മുന്നണിയിലെ ഒരു പാർട്ടിയിലെയും എംപിമാർ സഭയിൽ നിന്നും ഇറങ്ങി പോകാതിരുന്നത്, രാഹുൽഗാന്ധിക്ക് വലിയ ക്ഷീണം ഉണ്ടാക്കി. ഇത്തരത്തിൽ ഗൗരവതരമായ ഒരു വിഷയത്തിൽ പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധി പ്രസംഗിക്കും എന്നും, ഒടുവിൽ വിഷയത്തിലുള്ള പ്രതിഷേധ സൂചകമായി ഇറങ്ങിപോക്ക് നടത്തുമെന്നും, ഒപ്പമുള്ള ഇന്ത്യ മുന്നണി കക്ഷികളുടെ നേതാക്കളെ ആരും അറിയിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങൾ അറിയിക്കുവാനും, മറ്റു ഇന്ത്യ മുന്നണിയെ കക്ഷി നേതാക്കളുമായി സഹകരണം അഭ്യർത്ഥിക്കാനുമുള്ള ചുമതല, കോൺഗ്രസിന്റെ സംഘടനാചുമതലയുള്ള സെക്രട്ടറി എന്ന നിലയിൽ വേണുഗോപാലിൻറെ ബാധ്യതയായിരുന്നു. ഇതറിയിക്കാതെ വന്നത് വലിയ വീഴ്ച ആയിട്ടാണ് എൻഡിഎ മുന്നണി ഘടകകക്ഷികൾ വിലയിരുത്തുന്നത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ്, പത്ത് വർഷക്കാലം ലോകസഭയിലോ രാജ്യസഭയിലോ കോൺഗ്രസിന് കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല. ഒരു പ്രതിപക്ഷ നേതാവ് പോലും അന്ന് ഇല്ലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ഒരു തിരിച്ചുവരവ് നടത്തിയത്. അതുകൊണ്ടുതന്നെ പാർലമെൻറിനകത്ത് മാത്രമല്ല, പുറത്തും കോൺഗ്രസിന്റെ ഇടപെടലുകൾക്ക് പ്രസക്തി ഉണ്ട്. എന്നാൽ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ പ്രാദേശിക പാർട്ടികളുടെ വലിയ നേതാക്കളൊന്നും, വേണുഗോപാലിനെ ഒരു പരിഗണനയോടുകൂടിയും കാണുന്നില്ല. ദേശീയ രാഷ്ട്രീയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ച പരിചയമൊന്നും അദ്ദേഹത്തിന് ഇല്ലാത്തതാണ് ഈ ഗതികേടിന് കാരണം. ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കളായ അഖിലേഷ് യാദവ്, മമതാ ബാനർജി, ശരത്ത് പവാർ, ലാലു പ്രസാദ് യാദവ് തുടങ്ങിയവർ ആരുംതന്നെ വേണുഗോപാലിന് ഒരു വിലയും കല്പിക്കുന്നില്ല എന്നതാണ് വാസ്തവം. മാത്രവുമല്ല നിത്യേന എന്നോണം കേന്ദ്രസർക്കാരിനെതിരെ വിഷയങ്ങൾ ഉയർന്നു വരുമ്പോൾ, ഇന്ത്യ മുന്നണിയിലെ മറ്റു നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് വേണുഗോപാലിന് കഴിയാറുമില്ല. അതുകൊണ്ടുതന്നെ, ഈ നേതാക്കളെല്ലാം സ്വന്തം പാർട്ടിയുടെ സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഏതായാലും കുറച്ചു കാലമായി, കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വലിയ ആധിപത്യം ഉറപ്പാക്കി നിന്ന കെ.സി. വേണുഗോപാൽ എന്ന മലയാളിയായ നേതാവ് എൻഡിഎ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ എതിർപ്പുമൂലം പുറത്തേക്ക് പോകുന്ന സാഹചര്യമാണ് വന്നിട്ടുള്ളത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബ ബന്ധത്തിൻറെ പേരിൽ വേണുഗോപാലിനെ ന്യായീകരിക്കാൻ മുന്നോട്ടു വരുമെങ്കിലും, ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പുള്ള നിലനിൽപ്പ് ആഗ്രഹിക്കുന്ന കോൺഗ്രസ് പ്രസിഡൻറ് ഖാർഗെ, ഇതിന് വഴങ്ങി കൊടുക്കാൻ സാധ്യതയില്ല. കോൺഗ്രസ് പാർട്ടിയുടെയും മുന്നണിയുടെയും ശക്തിപ്പെടലാണ് ഖാർഗെ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വേണുഗോപാലിന്റെ കാര്യത്തിൽ രാഹുൽഗാന്ധി അനുകൂല നിലപാട് എടുത്താലും, പാർട്ടിയിലെ മറ്റു മുതിർന്ന നേതാക്കൾ കൂടി ഖാർഗെക്ക് ഒപ്പം നിൽക്കുന്ന സ്ഥിതി ഉണ്ടാകുമെന്നാണ് അറിയുന്നത്. എഐസിസി നേതൃത്വത്തിലും വർക്കിംഗ് കമ്മിറ്റിയിലും ഉള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ, വേണുഗോപാലിൻറെ പ്രവർത്തന ശൈലിയിൽ സംതൃപ്തി കാണിക്കുന്നവരല്ല. ഉത്തരേന്ത്യയിലെ മുതിർന്ന നേതാക്കളാണ് ഇന്ദിരാഗാന്ധിയുടെ കാലം മുതൽ, സംഘടനയുടെ സുപ്രധാന പദവികളിൽ ഇരുന്ന് പാർട്ടിയെ സംഘടനാപരമായി നയിച്ചിട്ടുള്ളത്. അതെല്ലാം തകർത്തുകൊണ്ടാണ് കേരളീയനായ വേണുഗോപാൽ ഈ പദവിയിൽ എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ ഉത്തരേന്ത്യയിലെ മുതിർന്ന നേതാക്കളും വേണുഗോപാലിന് ഒപ്പം നിൽക്കുവാൻ തയ്യാറാകുമോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണുള്ളത്. നന്ദി..നമസ്കാരം