പരീക്ഷാ ചോദ്യപേപ്പറിലെ ചില ഭാഗങ്ങൾ യുട്യൂബ് ചാനലിൽ

രീക്ഷാ ചോദ്യപേപ്പറിലെ ചില ഭാഗങ്ങൾ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പി. യ്ക്കും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറ് അംഗ സമിതി രൂപീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മീനാംബിക, അഡീഷണൽ ഡയറക്ടർ (ജനറൽ) ഷിബു, പരീക്ഷാ ഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, ഹയർ സെക്കണ്ടറി അക്കാദമിക വിഭാഗം ജോയിന്റ് ഡയറക്ടർ ഷാജിദാ
ഡെപ്യൂട്ടി ഡയറക്ടർ ക്യു.ഐ.പി. ധന്യ എന്നിവരാണ് സമിതി അംഗങ്ങൾ. സമിതി അംഗങ്ങൾ ആഭ്യന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും. ചോദ്യപേപ്പർ വിതരണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒക്ടോബറിൽ നടത്തിയ യോഗത്തിൽ എസ്.സി.ഇ.ആർ.ടി. ഡയറക്ടർ സമർപ്പിച്ച രേഖകളിൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്ന് ശുപാർശ ചെയ്തിരുന്നു. ചോദ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.