എൻ സി പി മന്ത്രി തർക്കം

ചാക്കോ - തോമസ് കളികൾ നടക്കില്ല

കെ രണ്ട് എം എൽ എ മാരും അതിൽ ഒരാൾ മന്ത്രിയും ആയി ഉള്ള പാർട്ടിയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന എൻ സി പി. കോൺഗ്രസുമായി പിണങ്ങി പോയി 25 കൊല്ലം മുമ്പ് ശരത്ത് പവാർ ഉണ്ടാക്കിയ പാർട്ടിയാണ്.

മഹാരാഷ്ട്രയിലാണ് ഈ പാർട്ടിക്ക് കുറെയൊക്കെ ശക്തമായ സാന്നിധ്യം ഉള്ളത്. എന്നാൽ അടുത്തിടയ്ക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, മഹാരാഷ്ട്രയിൽ എൻ സി പി കനത്ത തോൽവി ഏറ്റുവാങ്ങി. ഇതോടെ അവിടെയും പാർട്ടി വലിയ തകർച്ചയിലാണ്. കേരളത്തിൽ, ഇപ്പോൾ എൻസിപി യെ നയിക്കുന്നത് കോൺഗ്രസിൽ നിന്നും രാജിവെച്ചുവന്ന മുതിർന്ന നേതാവായ പി സി ചാക്കോ ആണ്. ചാക്കോ എൻസിപിയുടെ സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ ആദ്യ രണ്ടു വർഷക്കാലം, മന്ത്രിയായ ശശീന്ദ്രനുമായിട്ടായിരുന്നു അടുപ്പവും ബന്ധവും ഒക്കെ. ഈ കാലങ്ങളിലെല്ലാം എൻസിപിയുടെ രണ്ടാമത്തെ എംഎൽഎ ആയ, കുട്ടനാട് നിയമസഭാംഗം തോമസ് കെ. തോമസിനെ ചാക്കോ മുഖ്യ ശത്രുവായിട്ടാണ് കണ്ടിരുന്നത്. ചാക്കോയ്ക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തിയ ആളായിരുന്നു തോമസ്. എന്നാൽ ഇപ്പോൾ സ്ഥിതിയെല്ലാം മാറി. ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന്, ഒറ്റ ദിവസം കൊണ്ട് ചാക്കോ നിലപാട് മാറ്റി. തോമസിന് വേണ്ടി വലിയ അവകാശവാദങ്ങൾ ചാക്കോ ഉയർത്തുകയും ചെയ്തിരുന്നു. ഇടതുമുന്നണി യോഗത്തിലും ചാക്കോ ഈ പ്രശ്നം ഉന്നയിച്ചു. എന്നാൽ ചാക്കോയുടെ മന്ത്രിമാറ്റ നിർദ്ദേശം, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറിയും ഇടതുമുന്നണി കൺവീനറും മുഖവിലയ്ക്കെടുത്തില്ല, ചാക്കോയുടെ ആവശ്യം പരിഗണിക്കുകയും ചെയ്തില്ല. ഇതോടെ നിരാശനായ ചാക്കോ പലതരത്തിലുള്ള അടവുകൾ പയറ്റുവാൻ തുടങ്ങി. ഡൽഹിയിൽ എത്തി ഒരു പാർട്ടിയുടെ മന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടി പ്രസിഡന്റാണെന്നും, ആ അധികാരം പ്രയോഗിക്കാൻ അനുവാദം തരണമെന്നാല്ലാം, ചാക്കോ ദേശീയ പ്രസിഡണ്ടായ പവാറിനോട് ആവശ്യപ്പെട്ടു. പെട്ടെന്ന് ഒരു തീരുമാനം എടുക്കാതെ പാവാറും ഉരുണ്ടു കളിച്ചു. അങ്ങനെ പ്രശ്നം നീണ്ടു പോവുകയാണുണ്ടായത്.

ഇതിനിടയിലാണ് ചാക്കോയുടെ നോമിനിയായ തോമസ് മുഖ്യമന്ത്രിയെ കണ്ട് മന്ത്രി കസേരയുടെ അവകാശം ചോദിച്ചത്. എന്നാൽ ഈ വിഷയത്തിൽ തോമസിനെതിരെ പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചു എന്നാണ് പുറത്തുവന്ന വാർത്തകൾ. കാരണം, കുട്ടനാട് എം എൽ എ ആയ തോമസ്, തോമസ് മുന്നണിയിലെ ചില ചെറിയ പാർട്ടികളിലെ എംഎൽഎമാർ, എൻസിപിയുടെ ബിജെപി അനുകൂല ഘടകവുമായി സഹകരിക്കുന്നെങ്കിൽ, എം എൽ എ മാർക്ക് 50 കോടി വീതം കോഴ നൽകാം എന്നു പറഞ്ഞുകൊണ്ട്, തോമസ് ചിലരെ കണ്ടത് പരാതിയായി പിണറായിയുടെ മുന്നിൽ എത്തിയിരുന്നു. ഈ കോഴ വിഷയം മാത്രമല്ല, തോമസ് രാഷ്ട്രീയക്കാരനും എംഎൽഎയും ആയത്, ജ്യേഷ്ഠനായ തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ്. ജ്യേഷ്ഠനോടൊപ്പം ബിസിനസ് കാര്യത്തിൽ സഹകരിച്ചിരുന്ന തോമസ്, ജ്യേഷ്ഠന്റെ മരണശേഷം അദ്ദേഹത്തിൻറെ സ്വത്തുകൾ തട്ടിയെടുത്ത പരാതി ജ്യേഷ്ഠന്റെ ഭാര്യയും മക്കളും മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇത്തരത്തിൽ ഭൂലോക തട്ടിപ്പുമായി നടക്കുന്ന തോമസിനെ, മന്ത്രിയാക്കുന്ന കാര്യത്തിൽ പിണറായി വിജയന് ഒരു താൽപര്യവും ഇല്ല എന്നതാണ് വാസ്തവം. പ്രശ്നം വലിയ ചർച്ചയായപ്പോൾ, ഇടതുമുന്നണി യോഗത്തിൽ പിണറായി വിജയൻ സംഭവങ്ങൾ തുറന്നു പറഞ്ഞു. സിപിഎം സെക്രട്ടറിയോടും ഇടതുമുന്നണി കൺവീനറോടും തോമസിന്റെ തട്ടിപ്പ് കഥകൾ പിണറായി വിശദീകരിക്കുകയും ചെയ്തു.

അങ്ങനെ മുഖ്യമന്ത്രിയും, സർക്കാരിനെ നയിക്കുന്ന സിപിഎമ്മും, തോമസിനെ മന്ത്രിയാക്കുന്ന കാര്യത്തിൽ മടികാണിക്കാൻ തുടങ്ങിയതോടെ സഹികെട്ട എൻസിപി പ്രസിഡൻറ് ചാക്കോ ഡൽഹിയിലെത്തി, സിപിഎമ്മിന്റെ മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിഷയത്തിൽ ഇടപെടുവിച്ചു. കാരാട്ട് പവാറുമായി ഈ വിഷയത്തിൽ ദീർഘമായ ചർച്ച നടത്തി, സംസ്ഥാന ഗവൺമെന്റിൽ പുതിയ മന്ത്രിയെ നിശ്ചയിക്കുകയും, നിലവിലുള്ള ആളെ മാറ്റുകയും ചെയ്യുന്ന കാര്യത്തിൽ, അതിൻറെ പരമാധികാരം മുഖ്യമന്ത്രിക്ക് മാത്രമുള്ളതാണ് എന്ന് കാരാട്ട് അഭിപ്രായപ്പെടുകയും, അതുകൊണ്ട് പിണറായി വിജയനുമായി സംസാരിച്ചു നോക്കാം എന്നും പറഞ്ഞുകൊണ്ട്, ചർച്ച അവസാനിപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഏതായാലും എൻ സി പി യിലെ മന്ത്രിമാറ്റ വിഷയം ഒരുകാരണവശാലും നടക്കുന്ന ഒന്നല്ല എന്ന സ്ഥിതിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നിലവിലെ വനം വകുപ്പ് മന്ത്രിയായ ശശീന്ദ്രനെ മാറ്റുന്നത്, സർക്കാരിന് വെറും ഒന്നര വർഷം മാത്രം ശേഷിച്ചിരിക്കെ തെറ്റായ പ്രചരണങ്ങൾക്ക് വഴിയൊരുക്കും എന്നാണ്, മുഖ്യമന്ത്രിയും സിപിഎമ്മും കരുതുന്നത്. പാർട്ടി, മന്ത്രിമാറ്റം നിർബന്ധിച്ചാൽ അതിനനുസരിച്ച് നിലവിലെ മന്ത്രി ശശീന്ദ്രൻ രാജിവെക്കുകയാണെങ്കിൽ, ആ മന്ത്രി കസേര ഒഴിച്ചിടുക എന്ന തീരുമാനമായിരിക്കും മുഖ്യമന്ത്രി എടുക്കുകയെന്നാണ് അറിയുന്നത്. പകരം ആർക്കും മന്ത്രി പദവി ചെറിയ കാലത്തേക്ക് കൊടുക്കുന്നതിനോട് സിപിഎം നേതൃത്വത്തിനും താല്പര്യമില്ല. മാത്രവുമല്ല, മന്ത്രിസഭ അധികാരമേൽക്കുന്ന അവസരത്തിൽ, എൻസിപിയിലെ മന്ത്രിമാറ്റങ്ങളോ പങ്കുവെക്കലുകളോ ധാരണയായി ഉണ്ടായിരുന്നില്ലായെന്ന് കഴിഞ്ഞകാലം വരെ പറഞ്ഞുകൊണ്ടിരുന്നത്, പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ തന്നെയാണ്. ഇപ്പോൾ പാർട്ടിയിൽ ഉണ്ടായിട്ടുള്ള ആഭ്യന്തര കലഹങ്ങളുടെ പേരിൽ, ഒരു കാരണവുമില്ലാതെ നിലവിലെ മന്ത്രിയെ മാറ്റി മറ്റൊരാളെ നിയോഗിക്കുന്നതിൽ അപാകതയുള്ളതായി മുഖ്യമന്ത്രി കരുതുന്നു. മാത്രവുമല്ല മന്ത്രി ശശീന്ദ്രൻ പൊതുവേ രാഷ്ട്രീയവിശുദ്ധിയുള്ള ഒരു നേതാവാണ്. അദ്ദേഹത്തെ ഒഴിവാക്കി, പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി പറയപ്പെടുന്ന ഒരാളെ മന്ത്രിയാക്കുന്നത്, സർക്കാരിനു തന്നെ പേരുദോഷം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കരുതുന്നുണ്ട്. ഈ കാരണങ്ങളാൽ എൻസിപി പ്രസിഡണ്ട് ചാക്കോയുടെയും, മന്ത്രിമോഹക്കാരനായ തോമസ് കെ. തോമസിന്റെയും സ്വപ്നങ്ങൾ നടപ്പിൽ വരാൻ ഒരു സാധ്യതയുമില്ല എന്നാണ് അറിയുന്നത്.