കേരളത്തിലെ പ്രശസ്തരും പ്രമുഖരുമായ പല നേതാക്കളും കൈകാര്യം ചെയ്തിട്ടുള്ള ഒരു വകുപ്പാണ് സംസ്ഥാന മന്ത്രിസഭയിലെ ധനകാര്യ വകുപ്പ്. ഏറ്റവും കൂടുതൽ കാലം ഈ വകുപ്പ് കൈകാര്യം ചെയ്ത കേരള കോൺഗ്രസ് നേതാവ് കെ എം ആണ്, ഇന്നും കേരളീയർ ഓർമ്മിയ്ക്കുന്ന ഒരു നേതാവ്. എന്നാൽ സ്വന്തം അനുഭവ ജ്ഞാനം കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ ബജറ്റുകൾ അവതരിപ്പിക്കുകയും, ധനകാര്യ മാനേജ്മെൻറ് വിദഗ്ധമായി നടത്തുകയും ചെയ്ത ആൾക്കാരുടെ കസേരയിൽ ഇപ്പോൾ ഇരിക്കുന്നത്, ബാലഗോപാൽ എന്ന സിപിഎം നേതാവാണ്. രണ്ടാം പിണറായി സർക്കാരിൻറെ കീഴിലാണ് ബാലഗോപാൽ ധന മന്ത്രി ആയത്. മന്ത്രിസഭയിലെ ഘടക കക്ഷികളിൽ പലതും പലതവണ ധനമന്ത്രിയുടെ പിടിപ്പുകേടിനെപ്പറ്റി പരാതി പറഞ്ഞിട്ടുള്ളതാണ്. ബാലഗോപാൽ മന്ത്രിയായ ശേഷമാണ് കേരള സംസ്ഥാനം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സ്ഥിതിയുണ്ടായത്. ഇപ്പോൾ ധനകാര്യ മന്ത്രിയുടെ കഴിവുകേടിന്റെ ഒടുവിലത്തെ തെളിവായി പുറത്തുവന്നിരിക്കുന്നത്, ക്രിസ്തുമസ് ബംബർ ലോട്ടറിയുടെ നടത്തിപ്പുകാര്യത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികളാണ്. ധനവകുപ്പിന്റെയും ലോട്ടറി വകുപ്പിന്റെയും കുത്തഴിഞ്ഞ പ്രവർത്തന രീതികളാണ്, ബംബർ ഭാഗ്യക്കുറിയുടെ പ്രതിസന്ധിക്ക് കാരണമെന്ന് ഏജൻറ്മാർ തന്നെ പറയുന്നുണ്ട്.
സാധാരണ, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഓരോ രണ്ട് മൂന്ന് മാസത്തിനിടയിലും ബംബർ ലോട്ടറി പുറത്തിറക്കുകയും, വലിയ തോതിൽ ഇത് വിൽപ്പന നടത്തുകയും ചെയ്യാറുള്ളതാണ്. ഒടുവിലായി ഇത്തരത്തിൽ നറുക്കെടുപ്പ് നടന്നത് പൂജ ബംബർ ലോട്ടറി ആയിരുന്നു. 12 കോടി രൂപയായിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. പതിവ് രീതികൾ വച്ചാണെങ്കിൽ പൂജാ ബംബറിന്റെ നറുക്കെടുപ്പ് ദിവസം തന്നെ ക്രിസ്തുമസ് ബംബർ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനവും നടക്കാറാണ് പതിവ്. എന്നാൽ പൂജാ ബമ്പറിന്റെ നറുക്കെടുപ്പ് നടന്ന അവസരത്തിൽ പോലും ക്രിസ്തുമസ് ബമ്പറിന്റെ സമ്മാനഘടനയുടെ കാര്യത്തിൽ ലോട്ടറി വകുപ്പും ധനവകുപ്പും തീരുമാനമെടുത്തിരുന്നില്ല. പിന്നീട് ലോട്ടറി വകുപ്പ് സ്വന്തമായിത്തന്നെ തീരുമാനങ്ങൾ എടുത്തുകൊണ്ട്, ക്രിസ്തുമസ് ബമ്പറിന്റെ ലോട്ടറി ടിക്കറ്റ്- സർക്കാർ പ്രസിലേക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ ക്രിസ്തുമസ് ബമ്പറിന്റെ 12 ലക്ഷത്തിലധികം ടിക്കറ്റുകൾ അച്ചടിച്ചു കഴിഞ്ഞപ്പോഴാണ്, ക്രിസ്മസ് ബംബർ സമ്മാനഘടനയുടെ കാര്യത്തിൽ ഏജൻറ് മാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇതോടുകൂടി അച്ചടി പൂർത്തിയാക്കിയ 12 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് വിടാതെ പിൻവലിച്ച ഗതികേട് ഉണ്ടായി.
പ്രതിസന്ധി രൂക്ഷമായപ്പോൾ അടിയന്തരയോഗങ്ങൾ ചേർന്ന്, ക്രിസ്തുമസ് ബമ്പറിന്റെ സമ്മാനഘടന മുൻ കൊല്ലത്തിലെ അതേ രീതിയിൽ ആക്കുന്നതിന് തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം എടുത്തപ്പോൾ ഏതാണ്ട് ടിക്കറ്റ് വിൽപ്പനയ്ക്കുള്ള രണ്ടാഴ്ച സമയം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഇപ്പോൾ പറയുന്ന കണക്കനുസരിച്ചാണെങ്കിൽ, ഫെബ്രുവരി 5നാണ് ക്രിസ്തുമസ് ബമ്പറിന്റെ നറുക്കെടുപ്പ് നടക്കേണ്ടത്. ബംബർ ടിക്കറ്റുകൾ വില്പനയ്ക്ക് കൂടുതൽ സമയം ഏജൻറ്മാർക്ക് അനുവദിക്കുകയാണ് ചെയ്യുക. എന്നാൽ 15 ദിവസം വിൽപ്പന തടസ്സപ്പെടുക എന്നത് ഏജൻറ്മാരെ സംബന്ധിച്ചും വലിയ നഷ്ടത്തിന് ഇടവരുത്തും. 20 കോടി രൂപയാണ് ക്രിസ്തുമസ് ബമ്പറിന്റെ ഒന്നാം സമ്മാനമായി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിനെ നിലനിർത്തി പോകുന്നത് യഥാർത്ഥത്തിൽ രണ്ട് വകുപ്പുകൾ വഴിയാണ്. ഒന്ന് ലോട്ടറി കച്ചവടവും മറ്റൊന്ന് മദ്യ കച്ചവടവും. ഈ രണ്ട് ഏർപ്പാടുകളും വഴി ഓരോ വർഷവും ഏതാണ്ട് 25000 കോടി രൂപ സംസ്ഥാന സർക്കാരിന് വരുമാനമായി ലഭിക്കുന്നുണ്ട്. ഇതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്, സംസ്ഥാന ഭാഗ്യക്കുറി. സർക്കാർ നേരിട്ട് നടത്തുന്നതായതുകൊണ്ട്, നിയമപരമായി സാധുത ഉണ്ടെങ്കിലും, പച്ചമലയാളത്തിൽ പറഞ്ഞാൽ സർക്കാർ വക ഒരു പറ്റിക്കൽ ഏർപ്പാടാണ് ഭാഗ്യക്കുറി എന്നത്, ആർക്കാണ് അറിയാത്തത്? ഓരോ തവണയും ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ, ഈ തവണയെങ്കിലും ഭാഗ്യദേവത അനുഗ്രഹിക്കും എന്ന് മോഹിച്ചു കൊണ്ടാണ് തൊഴിലാളികളും പാവങ്ങളും അടക്കമുള്ള ആൾക്കാർ ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്. കോടികളുടെ സമ്മാന വാഗ്ദാനങ്ങളിൽ പാവപ്പെട്ടവർ വീഴുന്നു എന്നതു തന്നെയാണ് ലോട്ടറി കച്ചവടത്തിലെ വിജയ രഹസ്യം. മറ്റൊരു കാര്യം കൂടി സർക്കാർ ഭാഗ്യക്കുറിയിലെ പറ്റിക്കലിൽ കാണുവാൻ കഴിയും, ഇപ്പോൾ നടക്കുവാൻ പോകുന്ന ക്രിസ്തുമസ് ബമ്പറിന്റെ ഒന്നാം സമ്മാനം, തുക 20 കോടി എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ 20 കോടി അടിക്കുന്ന ഭാഗ്യവാന് യഥാർത്ഥത്തിൽ കിട്ടുക 12 കോടിയോളം രൂപയായിരിക്കും. ബാക്കി തുകയെല്ലാം ആദായനികുതിയായും സെസ് ആയും സർക്കാർ തന്നെ തിരിച്ചുപിടിക്കുകയാണ്. ഇതും ഒരു പകൽകൊള്ള അല്ലേ? നികുതി പിരിച്ച് ബാക്കിയാണ് ഭാഗ്യവാന് കൊടുക്കുന്നത് എങ്കിൽ, ബംബർ സമ്മാനത്തിന് തുക തിരിച്ചുപിടിക്കുന്ന തുക കഴിഞ്ഞിട്ടുള്ളതായി കണക്കാക്കുകയല്ലേ വേണ്ടത് ? അങ്ങനെ വന്നാൽ ഒന്നാം സമ്മാനം 12 കോടിയായി ചുരുങ്ങും എന്നത് വസ്തുതയാണ്. അപ്പോൾ ഈ യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ട് 20 കോടിയുടെ വമ്പൻ തുക ബംബർ സമ്മാനം എന്ന് പരസ്യം നടത്തി അവിടെയും പറ്റിക്കൽ തന്നെയാണ് തുടരുന്നത്.
ഇതെല്ലാം ഒരു തടസവും ഇല്ലാതെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. 90 ലക്ഷത്തോളം ടിക്കറ്റുകളാണ് സാധാരണ ഓരോ ദിവസത്തെയും നറുക്കെടുപ്പിന് മുമ്പ് അച്ചടിക്കുന്നത്. ഇത്തരത്തിൽ 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പനയിലൂടെ പാവപ്പെട്ട 90 ലക്ഷം ആൾക്കാരുടെ മോഹങ്ങളെ സർക്കാർ മുതലെടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെ നടത്തുകയാണെങ്കിൽ പോലും ഈ പറ്റിക്കൽ തന്നെ കൃത്യമായി നടത്താൻ കഴിയാത്ത ഒരു ധനവകുപ്പും, ലോട്ടറി വകുപ്പും കേരളത്തിൽ നിലനിൽക്കുന്നു എന്ന് തെളിയിക്കുന്നതാണ്, ബംബർ ഭാഗ്യക്കുറിയുടെ കാര്യത്തിൽ ഉണ്ടായ പിഴവുകളുടെ സ്ഥിതി. ജനങ്ങളെ പറ്റിച്ച് ലോട്ടറിയിലൂടെ കോടികൾ വാരിക്കൂട്ടുന്ന ഏർപ്പാടാണെങ്കിലും അതെങ്കിലും ഒന്ന് കൃത്യമായി നടത്താൻ സംസ്ഥാന ധനകാര്യ മന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ, ആ കസേരയിൽ നിന്നും ഇറങ്ങി പോകുന്നതാണ് നല്ലത്.